ധോണിയുടെ വീഡിയോ Candy Crush ന് ഗുണകരമായി; 3 മണിക്കൂര്‍ കൊണ്ട് ഡൗണ്‍ലോഡ് ചെയ്തത് 30 ലക്ഷം

  • ധോണി ക്യാന്‍ഡി ക്രഷ് ഗെയിം കളിക്കുന്ന ദൃശ്യങ്ങള്‍ ആരാധകര്‍ക്കിടയില്‍ കൗതുകമുണര്‍ത്തി
  • ക്യാന്‍ഡി ക്രഷിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജ് ധോണിക്ക് നന്ദി പറഞ്ഞു ട്വീറ്റ് ചെയ്തു
  • ധോണി നല്ലൊരു വീഡിയോ ഗെയിം കമ്പക്കാരന്‍ കൂടിയാണെന്നത് പലര്‍ക്കും അറിവില്ലാത്ത കാര്യമാണ്

Update: 2023-06-26 05:56 GMT

ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം എം.എസ്. ധോണി തന്റെ ടാബ്‌ലെറ്റില്‍ കാന്‍ഡി ക്രഷ് (Candy Crush) കളിക്കുന്ന വീഡിയോ വൈറലായിരിക്കുകയാണ്. ഇതാകട്ടെ, കാന്‍ഡി ക്രഷ് എന്ന മൊബൈല്‍ ഗെയ്മിംഗ് ആപ്പിന് ഗുണകരമായി മാറുകയും ചെയ്തു. വെറും മൂന്ന് മണിക്കൂര്‍ കൊണ്ട് കാന്‍ഡി ക്രഷിന്റെ 3.6 ദശലക്ഷം ആപ്പുകളാണ് ഇതേ തുടര്‍ന്ന് ഡൗണ്‍ലോഡ് ചെയ്തത്.

ഇന്‍ഡിഗോ എയര്‍ലൈനിലെ ഒരു എയര്‍ഹോസ്റ്റസ് യാത്ര ചെയ്യുന്ന ധോണിക്ക് ഒരു ട്രേയില്‍ ചോക്ലേറ്റ് നല്‍കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ചോക്ലേറ്റ് നല്‍കുമ്പോള്‍ ധോണിയുടെ കൈയ്യില്‍ ഒരു ടാബ്‌ലെറ്റ് ഇരിക്കുന്നതും കാണാം. ആ ടാബ്‌ലെറ്റിന്റെ ഡിസ്‌പ്ലേയില്‍ ക്യാന്‍ഡി ക്രഷ് ഗെയിമാണ് ദൃശ്യമാകുന്നത്.

ധോണി ക്യാന്‍ഡി ക്രഷ് ഗെയിം കളിക്കുന്ന ദൃശ്യങ്ങള്‍ ആരാധകര്‍ക്കിടയില്‍ കൗതുകമുണര്‍ത്തി. ട്വിറ്റര്‍ പ്ലാറ്റ്‌ഫോമില്‍ ക്യാന്‍ഡി ക്രഷ് ഹാഷ്ടാഗോടു കൂടി (#CandyCrush) വീഡിയോ പ്രചരിക്കുകയും ചെയ്തു.

നിരവധി പേര്‍ ട്രെന്‍ഡിംഗ് വീഡിയോയ്ക്ക് താഴെ രസകരമായ കമന്റുകളെഴുതി. ഗെയിമിനെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ ചിലര്‍ കുറിച്ചപ്പോള്‍ മറ്റു ചിലര്‍ ധോണിയുടെ ഹോബിയെ അഭിനന്ദിച്ചു.

എന്നാല്‍ ചിലര്‍ കുറിച്ചത് ധോണി കളിച്ചത് ക്യാന്‍ഡി ക്രഷ് അല്ല പകരം പെറ്റ് റെസ്‌ക്യു സാഗ (Pet Rescue Saga) യാണ് കളിച്ചത് എന്നാണ്.

ഏതായാലും ക്യാന്‍ഡി ക്രഷിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജ് ധോണിക്ക് നന്ദി പറഞ്ഞു കൊണ്ട് ട്വീറ്റ് ചെയ്യുകയും ചെയ്തു.

വലിയൊരു ആരാധകവൃന്ദത്തിന് ഉടമയാണ് ക്രിക്കറ്റ് താരം എം.എസ്. ധോണി. അദ്ദേഹം മികച്ചൊരു ക്രിക്കറ്റര്‍ മാത്രമല്ല, നല്ലൊരു വീഡിയോ ഗെയിം കമ്പക്കാരന്‍ കൂടിയാണെന്നത് പലര്‍ക്കും അറിവില്ലാത്ത കാര്യമാണ്.

കോള്‍ ഓഫ് ഡ്യൂട്ടി (Call of Duty), പബ്ജി (PUBG) എന്നീ വീഡിയോ ഗെയിമുകള്‍ വിശ്രമവേളയില്‍ കളിക്കാറുണ്ട്. ഒരിക്കല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമംഗവും ബൗളറുമായ ഇഷാന്ത് ശര്‍മ യുട്യൂബിലെ ' രണ്‍വീര്‍ ഷോ ' യില്‍ പറഞ്ഞത് മഹി ഭായ് കോള്‍ ഓഫ് ഡ്യൂട്ടി പോലെയുള്ള ഓണ്‍ലൈന്‍/ വീഡിയോ ഗെയിമുകള്‍ കളിക്കാന്‍ ഇഷ്ടപ്പെടുന്നുണ്ടെന്നാണ്. എവിടെ പോയാലും പ്ലേ സ്റ്റേഷനുകള്‍ കൊണ്ടു പോകുന്നത് പതിവാണെന്നും ഇഷാന്ത് പറഞ്ഞിരുന്നു.

ഇന്ത്യന്‍ കായികലോകത്തിന് സമാനതകളില്ലാത്ത നേട്ടങ്ങള്‍ സമ്മാനിച്ച കായികതാരമാണ് ധോണി. 2011-ല്‍ ലോകകപ്പ് ക്രിക്കറ്റ് കിരീടം ഇന്ത്യ സ്വന്തമാക്കിയത് ധോണിയുടെ നേതൃത്വത്തിലായിരുന്നു. 2007-ല്‍ ആദ്യ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പും ഇന്ത്യ സ്വന്തമാക്കിയപ്പോള്‍ ധോണിയായിരുന്നു ക്യാപ്റ്റന്‍.

ഐപിഎല്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീമിന്റെ നായകത്വം വഹിക്കുന്നത് ധോണിയാണ്. 2023 സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സാണ് കപ്പടിച്ചത്.

താന്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കുകയാണെന്ന് 2020-ല്‍ ഇന്‍സ്റ്റാഗ്രാമില്‍ ധോണി ഒരു പ്രഖ്യാപനം നടത്തിയിരുന്നു.

പദ്മഭൂഷണ്‍, പദ്മശ്രീ, ഐസിസി മെന്‍സ് ഏകദിന ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ (2008,2009), അവാര്‍ഡ് ഫോര്‍ സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് (2011) തുടങ്ങിയ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.

Tags:    

Similar News