ഡോജോ സൂപ്പര്‍ കംപ്യൂട്ടറിനായി $1 ബില്യണ്‍ നിക്ഷേപിക്കാനൊരുങ്ങി ടെസ്‍ല

  • സെല്‍ഫ് ഡ്രൈവിംഗ് വാഹനങ്ങളുടെ പരീക്ഷണത്തിന്‍റെ ഭാഗമാണിത്
  • ടെസ്‍ലയുടെ കൈവശമുള്ളത് വന്‍തോതിലുള്ള വിഡിയോ ഡാറ്റ
  • നിക്ഷേപ തീരുമാനത്തോട് നെഗറ്റിവായി പ്രതികരിച്ച് ഓഹരി വിപണി

Update: 2023-07-20 07:10 GMT

2024 അവസാനത്തോടെ പ്രോജക്റ്റ് ഡോജോയിൽ 100 കോടി (1 ബില്യണ്‍) ഡോളറിലധികം നിക്ഷേപം നടത്താന്‍ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടെസ്‌ല പദ്ധതിയിടുന്നു. സെൽഫ് ഡ്രൈവിംഗ് കാറുകൾക്കായുള്ള സോഫ്റ്റ്‌വെയർ വികസിപ്പിക്കുന്നതിന് വൻതോതിൽ ഡാറ്റ പ്രോസസ്സ് ചെയ്യാൻ സാധിക്കുന്ന  സൂപ്പർ കമ്പ്യൂട്ടറായാണ് ഡോജോ വിഭാവനം ചെയ്തിട്ടുള്ളത്.  'ഡോജോ ട്രെയിനിംഗ് കമ്പ്യൂട്ടറിന്റെ' നിർമ്മാണം ആരംഭിച്ചതായി അടുത്തിടെ തങ്ങളുടെ പ്രവര്‍ത്തന ഫലങ്ങള്‍ പ്രഖ്യാപിക്കുന്നതിനിടെ ടെസ്‌ല വ്യക്തമാക്കിയിട്ടുണ്ട്. 

ടെസ്‍ല കാറുകളില്‍ നിന്ന് വരുന്ന നിരവധിയായ വിഡിയോകളുടെ പരിശോധന ഉള്‍പ്പടെ ദ്രുതഗതിയില്‍ കൈകാര്യം ചെയ്യാന്‍ ഡോജോയ്ക്ക് സാധിക്കും. മാര്‍ക്കറ്റ് അനലിസ്റ്റുകളുമായി നടത്തിയ കോൺഫറൻസ് കോളിനിടെ ഡോജോയ്ക്കായി 1 ബില്യൺ ഡോളറിലധികം ചെലവഴിക്കുന്നതിനെക്കുറിച്ച് ടെസ്‍ല ചീഫ് ഇലോൺ മസ്‌ക് പ്രഖ്യാപിച്ചു. ഫുൾ സെൽഫ് ഡ്രൈവിംഗ് കാറുകളുടെയും അനുബന്ധ ഫീച്ചറുകളുടെയും പരീക്ഷണവുമായി ബന്ധപ്പെട്ട് വന്‍തോതിലുള്ള വിഡിയോ ഡാറ്റ ടെസ്‍ലയുടെ കൈവശമുണ്ടെന്നാണ് മസ്ക് അവകാശപ്പെടുന്നത്. തങ്ങളുടെ ക്യാമറ അധിഷ്ഠിത ഡ്രൈവിംഗ് അസിസ്റ്റന്‍റ് പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്ന നിരവധി ഉപഭോക്താക്കള്‍ക്ക് ഈ ഡാറ്റയുടെ പേരില്‍ നന്ദി പറയുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

എന്നാല്‍ സൂപ്പര്‍ കംപ്യൂട്ടറിനായുള്ള ടെസ്‍ലയുടെ നിക്ഷേപ തീരുമാനത്തെ പൊതുവില്‍ അത്ര ശുഭകരമായല്ല വിപണി ഏറ്റെടുത്തിട്ടുള്ളത്. 4 ശതമാനത്തോളം ഇടിവ് ടെസ്‍ലയുടെ ഓഹരികള്‍ക്ക് നേരിടേണ്ടി വന്നു.  പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള നിക്ഷേപം ഗവേഷണ-വികസനത്തിനും (ആര്‍ & ഡി) മൂലധന ചെലവുകൾക്കുമായി  വിഭജിക്കപ്പെടുന്നതാണെന്ന് ടെസ്‌ലയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ സക്കറി കിർഖോൺ വിശദീകരിച്ചു. മൂന്ന് വർഷത്തെ ചെലവിടല്‍ സംബന്ധിച്ച് കമ്പനി മുമ്പു തന്നെ പ്രഖ്യാപിച്ചിട്ടുള്ള കാഴ്ചപ്പാടില്‍ ഉള്‍പ്പെടുന്നതാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പൂര്‍ണമായും സ്വയം നിയന്ത്രിക്കുന്ന കാര്‍ ഈ വര്‍ഷം?

ഈ വര്‍ഷം അവസാനത്തോടെ തന്നെ തങ്ങളുടെ സ്വപ്ന വാഹനം നിരത്തിലിറക്കാനാകുമെന്ന പ്രതീക്ഷ അടുത്തിടെ ഇലോണ്‍ മസ്ക് പങ്കുവെച്ചിരുന്നു.  "മനുഷ്യന്റെ മേൽനോട്ടമില്ലാതെ, പൂർണ്ണമായും സ്വയം നിയന്ത്രിത ഡ്രൈവിംഗ് നടത്തുന്ന കാറുകള്‍ അവതരിപ്പിക്കുന്നതിന്‍റെ വളരെ അടുത്താണ് നമ്മളെന്നാണ് ടെസ്‌ലയുടെ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ പറയാനാകുക," ഷാങ്ഹായിൽ ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോൺഫറൻസിന്റെ ഉദ്ഘാടന ചടങ്ങിൽ വീഡിയോ സന്ദേശത്തിലൂടെ പങ്കെടുത്തുകൊണ്ട്  മസ്‌ക് പറഞ്ഞു.

" പൂര്‍ണമായും സ്വയം നിയന്ത്രിത വാഹനം എന്നതൊരു ഊഹാപോഹം മാത്രമായാണ് ഇപ്പോള്‍ കണക്കാക്കപ്പെടുന്നത്. പക്ഷേ നമ്മള്‍ പൂർണ്ണമായ സ്വയം ഡ്രൈവിംഗ് സാധ്യമാക്കുമെന്ന് ഞാൻ കരുതുന്നു. ഒരുപക്ഷേ നിങ്ങൾ ഇതിന് നാലോ അഞ്ചോ വര്‍ഷം വേണ്ടിവരുമെന്ന് പറയും. ഈ വർഷാവസാനം എന്നാണ് ഞാൻ കരുതുന്നത്," ഓട്ടോണോമസ് ഡ്രൈവിംഗ് സാങ്കേതികവിദ്യയുടെ ഏറ്റവും നൂതനമായ തലങ്ങളെ കുറിച്ചു വിവരിച്ചുകൊണ്ട് മസ്ക് പറഞ്ഞു. 

ഫുള്‍ ഓട്ടോണമസ് വാഹനത്തിനായി മുമ്പ് പ്രഖ്യാപിച്ചിരുന്ന സമയപരിധി പലവിധ തടസ്സങ്ങളെ തുടര്‍ന്ന് മസ്‌ക്കിന് പാലിക്കാനായിരുന്നില്ല. ടെസ്‌ലയുടെ ഡ്രൈവർ-അസിസ്റ്റൻസ് സാങ്കേതികവിദ്യ യുഎസിലെ റെഗുലേറ്ററി അതോറിറ്റികളുടെ വലിയ നിരീക്ഷണങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും വിധേയമായിട്ടുണ്ട്. മനുഷ്യ നിയന്ത്രണമില്ലാതെ നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ സ്വയം നിയന്ത്രിച്ച് ഓടുന്ന കാറുകള്‍ സുരക്ഷാ ഭീഷണി ഉയര്‍ത്തും എന്ന ആശങ്കളും വിവിധ കോണുകളില്‍ നിന് ഉയര്‍ന്നുവന്നിട്ടുണ്ട്. 

അതേസമയം, പലിശ നിരക്ക് ഇനിയും ഉയരുകയാണെങ്കിൽ  തങ്ങളുടെ വാഹനങ്ങളുടെ വില കുറയ്ക്കുന്നത് തുടരാൻ സാധ്യതയുണ്ടെന്നും മസ്‌ക് പറഞ്ഞു.  വില കുറയ്ക്കുന്നതിലൂടെ വില്‍പ്പന കൂട്ടുന്നതിനുള്ള ടെസ്‍ലയുടെ തന്ത്രം ഫലം കാണുന്നതായാണ് കമ്പനിയുടെ ഏപ്രില്‍- ജൂണ്‍  പാദത്തിലെ പ്രവര്‍ത്തന ഫലങ്ങള്‍ വ്യക്തമാക്കുന്നത്. 

Tags:    

Similar News