വയസ് 29, ഈ യൂട്യൂബറുടെ മാസ വരുമാനം 40 ലക്ഷം! ആസ്തി 16 കോടി

  • ഇന്‍സ്റ്റഗ്രാമില്‍ 7.5 ദശലക്ഷം ഫോളോവേഴ്സുണ്ട്
  • 2015 ലാണ് Mostlysane ആരംഭിക്കുന്നത്
  • ഫോര്‍ബ്സിന്റെ '30 അണ്ടര്‍ 30' പട്ടികയില്‍ ഇടംപിടിച്ചു

Update: 2023-04-06 05:44 GMT

യുട്യൂബിലൂടെ വരുമാനമുണ്ടാക്കുന്നവരുടെ എണ്ണം കൂടിവരുകയാണ്. എന്നാല്‍ ഒരുമാസം തന്നെ 40 ലക്ഷം രൂപയോളം വരുമാനമുണ്ടാക്കുന്ന യുട്യൂബര്‍ ഇന്ത്യയില്‍ ഒരാളേയുള്ളൂ. അതാണ് പ്രജക്ത കോലി. സാങ്കേതികവിദ്യയുടെ വളര്‍ച്ച യുവതി യുവാക്കള്‍ എങ്ങനെ ഉപയോഗപ്പെടുത്തണമെന്നതിന്റെ ഇന്ത്യയിലെ മികച്ച ഉദാഹരണങ്ങളിലൊന്നാണ് പ്രജക്ത കോലി.

രസകരമായ വീഡിയോ ഉള്ളടക്കത്തിലൂടെ പ്രജക്ത ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നു. 2015 ലാണ് ഈ 29കാരി തന്റെ യൂട്യൂബ് ചാനലായ 'Mostlysane' ആരംഭിക്കുന്നത്. നിലവില്‍ 6.85 മില്യണ്‍ സബ്സ്‌ക്രൈബര്‍മാര്‍ ഈ ചാനലിന് യൂട്യൂബിലുണ്ട്. വളരെ കുറഞ്ഞ സമയം കൊണ്ട് രാജ്യത്തെ ഏറ്റവും പ്രിയപ്പെട്ടതും അംഗീകരിക്കപ്പെട്ടതുമായ യൂട്യൂബര്‍മാരില്‍ ഒരാളായി പ്രജക്ത മാറി.

ആഗ്രഹിച്ചത് റേഡിയോ ജോക്കിയാകാന്‍

സ്‌കൂള്‍ നാളുകളില്‍ റേഡിയോ ജോക്കി ആകണമെന്നായിരുന്നു പ്രജക്തയുടെ ആഗ്രഹം. സ്വപ്നം പിന്തുടര്‍ന്ന കോലി മുംബൈ സര്‍വകലാശാലയുടെ മുളുണ്ടിലുള്ള വിജി വാസെ കോളേജ് ഓഫ് ആര്‍ട്സ്, സയന്‍സ് ആന്‍ഡ് കൊമേഴ്സില്‍ നിന്ന് ബാച്ചിലര്‍ ഓഫ് മാസ് മീഡിയ പഠിച്ചു.

ബിരുദ ശേഷം, മുംബൈയിലെ ഫീവര്‍ 104 എഫ്.എം റേഡിയോ സ്റ്റേഷനില്‍ ചേര്‍ന്നു. ഒരുവര്‍ഷത്തെ പരിശീലനത്തിന് ശേഷം സ്വന്തമായ ഒരു ഷോയ്ക്കു അരങ്ങൊരുങ്ങി. എന്നാല്‍ 'കോള്‍ സെന്റര്‍' എന്ന പരിപാടിക്കു വിപണിയില്‍ മികച്ച പ്രതികരണം നേടാനായില്ല. ഇതോടെ അവള്‍ ജോലി ഉപേക്ഷിച്ചു. തുടര്‍ന്നാണു യൂട്യൂബ് ചാനല്‍ ആരംഭിച്ചത്.

യുട്യൂബ് മോഹങ്ങള്‍

2015-2016 കാലഘട്ടം ഇന്ത്യയെ സംബന്ധിച്ച് യൂട്യൂബ് വളര്‍ച്ചയുടേതായിരുന്നു. തുടക്കത്തില്‍ തന്നെ കോമഡിയില്‍ അവള്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. നിരവധി ബോളിവുഡ് സെലിബ്രിറ്റികളുമായി സഹകരിക്കുകയും നിരവധി അഭിനേതാക്കളെ അഭിമുഖം നടത്തുകയും ചെയ്തു. ഇതോടെ ആരാധകരുടെ എണ്ണം വര്‍ധിച്ചു. 2019ല്‍ ഫോര്‍ബ്സിന്റെ '30 അണ്ടര്‍ 30' പട്ടികയില്‍ ഇടംപിടിച്ചു പ്രജക്ത കോലി. മറ്റു സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലും പ്രജക്ത ഇന്നു താരമാണ്. ഇന്‍സ്റ്റഗ്രാമില്‍ 7.5 ദശലക്ഷം ഫോളോവേഴ്സ് പ്രജക്ത കോലിക്കുണ്ട്.

യൂട്യൂബ് പിന്തുണയും പ്രശസ്തിയും അവളെ സിനിമയിലും എത്തിച്ചു. വരുണ്‍ ധവാന്‍, അനില്‍ കപൂര്‍, കിയാര അദ്വാനി, നീതു കപൂര്‍ തുടങ്ങിയ വന്‍ താരങ്ങള്‍ അണിനിരന്ന രാജ് മേത്തയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ 'Jugg jugg jiyo' എന്ന ചിത്രത്തിലാണ് പ്രജക്ത കോലി അവസാനം പ്രത്യക്ഷപ്പെട്ടത്. നെറ്റ്ഫ്ലിക്സിന്റെ 'Mismatched' എന്ന വെബ് സീരീസിലും അവള്‍ അഭിനയിക്കുന്നുണ്ട്.

ആസ്തി

2023ല്‍ പ്രജക്ത കോലിയുടെ ഏകദേശ ആസ്തി മൂല്യം 16 കോടി രൂപയാണ്. യുട്യൂബില്‍ നിന്നു പ്രതിമാസം ഏകദേശം 40 ലക്ഷം രൂപ ഇവര്‍ക്കു ലഭിക്കുന്നുണ്ടെന്നാണു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കണക്കുകള്‍ ശരിയെങ്കില്‍ 29കാരിയായ പ്രജക്തയുടെ വാര്‍ഷിക വരുമാനം 4 കോടി രൂപയിലധികമാണ്.

Tags:    

Similar News