വിപണിയിൽ മുന്നേറ്റത്തിനു സാധ്യത; ഏഷ്യന്‍ വ്യാപാരം മന്ദഗതിയില്‍

ഏഷ്യന്‍ വിപണികള്‍ ഇന്ന് രാവിലെ സമ്മിശ്രപ്രതികരണമാണ് നല്‍കുന്നത്. ഇന്നലെ പുറത്തു വന്ന ചൈനയിലേയും ജപ്പാനിലേയും ഫാക്ടറി ഉത്പാദന കണക്കുകള്‍ അങ്ങേയറ്റം നിരാശാജനകമായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഏഷ്യന്‍ വിപണികളില്‍ നിരാശ പടര്‍ന്ന് തുടങ്ങിയത്. സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി രാവിലെ 8.20ന് 0.08 ശതമാനം ലാഭം കാണിയ്ക്കുന്നു. ലാഭത്തിലുള്ള പല വിപണികളും നേരിയ മാര്‍ജിനിലാണ്. ജപ്പാനിലെ നിക്കി മാത്രമാണ് താരതമ്യേന ഉയര്‍ന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നത്. ഏഷ്യൻ-അമേരിക്കന്‍ വിപണികള്‍ ചൈനയിലെ കുറയുന്ന ഫാക്ടറി ഉത്പാദന നിരക്കും, ജപ്പാനിലെ നേരിയ വളര്‍ച്ചാ നിരക്കും […]

;

Update: 2022-07-31 22:35 GMT

ഏഷ്യന്‍ വിപണികള്‍ ഇന്ന് രാവിലെ സമ്മിശ്രപ്രതികരണമാണ് നല്‍കുന്നത്. ഇന്നലെ പുറത്തു വന്ന ചൈനയിലേയും ജപ്പാനിലേയും ഫാക്ടറി ഉത്പാദന കണക്കുകള്‍ അങ്ങേയറ്റം നിരാശാജനകമായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഏഷ്യന്‍ വിപണികളില്‍ നിരാശ പടര്‍ന്ന് തുടങ്ങിയത്. സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി രാവിലെ 8.20ന് 0.08 ശതമാനം ലാഭം കാണിയ്ക്കുന്നു. ലാഭത്തിലുള്ള പല വിപണികളും നേരിയ മാര്‍ജിനിലാണ്. ജപ്പാനിലെ നിക്കി മാത്രമാണ് താരതമ്യേന ഉയര്‍ന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നത്.

ഏഷ്യൻ-അമേരിക്കന്‍ വിപണികള്‍

ചൈനയിലെ കുറയുന്ന ഫാക്ടറി ഉത്പാദന നിരക്കും, ജപ്പാനിലെ നേരിയ വളര്‍ച്ചാ നിരക്കും ഏഷ്യന്‍ വിപണിയില്‍ ക്രൂഡ് ഓയിലിനും തിരിച്ചടിയായിട്ടുണ്ട്. രാവിലെ 8.30ന് ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്‌സ് 102 ഡോളറിന് അടുത്താണ് വ്യാപാരം നടക്കുന്നത്. ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ ഉപഭോഗം കുറയുമെന്നുള്ള ഭീതിയും ഇതിന് പിന്നിലുണ്ട്. ഈയാഴ്ച്ച നിര്‍ണ്ണായകമായ ഒപെക്ക്-റഷ്യ മീറ്റിംഗ് നടക്കുന്നുണ്ട്. ഉത്പാദന വര്‍ധനവിനെ സംബന്ധിച്ച് അവരുടെ തീരുമാനം ഈ യോഗത്തിലുണ്ടാകും. ആഗോള വിലയുടെ ഗതി തീരുമാനിക്കുന്നതില്‍ ഇത് ഏറെ നിര്‍ണ്ണായകമാണ്.

അമേരിക്കന്‍ ഓഹരി വിപണികള്‍ വെള്ളിയാഴ്ച്ച ലാഭത്തിലാണ് ക്ലോസ് ചെയ്തത്. ഇന്ത്യന്‍ വിപണികളും ഇന്ന് ഏറെക്കുറേ പോസിറ്റീവായി വ്യാപാരത്തില്‍ ഏര്‍പ്പെടാനാണ് സാധ്യത. ഏറ്റവും നിര്‍ണായകമായ പണനയം സംബന്ധിച്ച ആര്‍ബിഐ തീരുമാനം വ്യാഴാഴ്ച്ച പുറത്ത് വരും. കേന്ദ്ര ബാങ്ക് റിപ്പോ നിരക്കില്‍ വര്‍ധനവ് വരുത്തുമെന്ന് തീര്‍ച്ചയാണ്. ഇത് എത്ര ബേസിസ് പോയിന്റായിരിക്കും എന്നതില്‍ മാത്രമേ തര്‍ക്കമുള്ളൂ. വിപണി 30 ബിപിഎസ് മുതല്‍ 50 ബിപിഎസ് വരെ കണക്കിലെടുക്കുന്നുണ്ട്. ഇതിനെ മറികടന്നു പോയാല്‍ മാത്രമേ നെഗറ്റീവായ ചലനങ്ങള്‍ പ്രതീക്ഷിക്കേണ്ടതുള്ളൂ.

ആഭ്യന്തര വിപണി

പൊതുവില്‍, ഈ ദിവസങ്ങളില്‍ വിപണി ലാഭത്തിലേക്ക് നീങ്ങാനാണ് സാധ്യത. ഇതിനു കാരണം അമേരിക്കന്‍ ഫെഡറൽ റിസര്‍വിന്റെ നയതീരുമാനം വന്നു കഴിഞ്ഞതും, വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ജൂലൈയില്‍ അറ്റ നിക്ഷേപകരായി മാറിയതും, ഇതു വരെ പുറത്തു വന്ന മെച്ചപ്പെട്ട കമ്പനി ഫലങ്ങളുമാണ്. ആഗോളതലത്തിലെ അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമാകുന്നതോടെ ഇന്ത്യന്‍ വിപണിയും ഏറെക്കുറേ സ്ഥിരത കൈവരിക്കും. വിദേശ നിക്ഷേപകരുടെ കനത്ത ഓഹരി വില്‍പന ഏറെക്കുറേ അവസാനിച്ച മട്ടാണ്. അവർ ജൂലൈയില്‍ 5,000 കോടി രൂപ അറ്റ നിക്ഷേപം നടത്തി. ജൂണില്‍ അവർ 50,000 കോടി രൂപയുടെ അറ്റ വിൽപ്പനയാണ് നടത്തിയത്. ഇതിന് പ്രധാന കാരണം ഒന്നാം പാദ കമ്പനി ഫലങ്ങളാണ്. ഇത്രയും മികച്ച റിട്ടേണ്‍ വേറൊരു വിപണിയില്‍ നിന്നും ഈ സാഹചര്യത്തില്‍ ലഭിക്കുക പ്രയാസമാണ്. ഇത് തിരിച്ചറിഞ്ഞിട്ടാകണം വിദേശനിക്ഷേപകര്‍ ഓഹരി വാങ്ങലിലേക്ക് ചുവടുമാറ്റിയത്.

കേന്ദ്ര ബാങ്കിന്റെ തീരുമാനത്തോടൊപ്പം നിക്ഷേപകര്‍ കാത്തിരിക്കുന്ന സുപ്രധാനമായ മറ്റ് കണക്കുകള്‍ മാനുഫാക്ചറിംഗ് പിഎംഐ ഡാറ്റയും, സര്‍വീസസ് പിഎംഐ ഡാറ്റയുമാണ്. ഇത് കമ്പനികളുടെയും, മേഖലകളുടെയും ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഏകദേശ ചിത്രം ലഭിക്കാന്‍ നിക്ഷേപകരെ സഹായിക്കും. കൂടാതെ, ഈയാഴ്ച്ചയില്‍ ജൂലൈയിലെ വാഹന വില്‍പന കണക്കുകളും പുറത്ത് വരും. ഇവയെല്ലാം വിപണിയ്ക്ക് വളരെ നിര്‍ണായകമാണ്.

ഇന്ന് പുറത്ത് വരാനിരിക്കുന്ന പ്രധാന ഫലങ്ങള്‍: സൊമാറ്റോ, ഗുഡ് ഇയര്‍, എവറെഡി ഇന്‍ഡസ്ട്രീസ്, കാര്‍ബൊറാണ്ടം യൂണിവേഴ്‌സല്‍ ലിമിറ്റഡ്, ബാര്‍ബിക്യു നേഷന്‍ ഹോസ്പിറ്റാലിറ്റി, ബജാജ് കണ്‍സ്യൂമര്‍ കെയര്‍, അരവിന്ദ് ലിമിറ്റഡ് ഇവയാണ്.

കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4,720 രൂപ (ഓഗസ്റ്റ് 1 )
ഒരു ഡോളറിന് 79.31 രൂപ (ഓഗസ്റ്റ് 1, 09.00 am)
ബ്രെന്റ് ക്രൂഡ് ബാരലിന് 102.9 ഡോളര്‍ (ഓഗസ്റ്റ് 1, 9.00 am)
ഒരു ബിറ്റ് കൊയ്ന്റെ വില 23,349.97 ഡോളര്‍ (ഓഗസ്റ്റ് 1, 8.30 am, കോയിന്‍ മാര്‍ക്കറ്റ് ക്യാപ്)

Tags:    

Similar News