രൂപയുടെ തകര്‍ച്ച വിപണിയില്‍ ചലനങ്ങളുണ്ടാക്കും
നാലു ദിവസത്തെ തുടര്‍ച്ചയായ നഷ്ടത്തിന് ശേഷം ഇന്ത്യന്‍ വിപണിയില്‍ ഇന്ന് വ്യാപാരം ആരംഭിക്കുമ്പോള്‍ പ്രതീക്ഷയ്ക്ക് വകയില്ല. രൂപയുടെ സര്‍വ്വകാല റെക്കോര്‍ഡ് തകര്‍ച്ചയാണ് നിക്ഷേപകരെ അസ്വസ്ഥമാക്കുന്ന പ്രധാന ഘടകം. ഇന്നലെ വ്യാപാര സമയം കഴിഞ്ഞുള്ള 'ഓവര്‍ ദി കൗണ്ടര്‍' ഇടപാടുകളിലും, ഡെറിവേറ്റീവ് വിപണിയിലും 80.05 വരെ രൂപയുടെ മൂല്യം ഇടിഞ്ഞിരുന്നു. ഈ സാഹചര്യം വഷളാക്കുന്ന ഘടകങ്ങളാണ് ഇപ്പോള്‍ നിലനില്‍ക്കുന്നവയില്‍ ഏറെയും. ഇന്നലെ പുറത്തുവന്ന കണക്കുകള്‍ അനുസരിച്ച് ഇന്ത്യയുടെ കയറ്റുമതിയും, ഇറക്കുമതിയും ജൂണ്‍ മാസത്തില്‍ വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ ഇറക്കുമതിയിലാണ് ഏറെ […]
നാലു ദിവസത്തെ തുടര്‍ച്ചയായ നഷ്ടത്തിന് ശേഷം ഇന്ത്യന്‍ വിപണിയില്‍ ഇന്ന് വ്യാപാരം ആരംഭിക്കുമ്പോള്‍ പ്രതീക്ഷയ്ക്ക് വകയില്ല. രൂപയുടെ സര്‍വ്വകാല റെക്കോര്‍ഡ് തകര്‍ച്ചയാണ് നിക്ഷേപകരെ അസ്വസ്ഥമാക്കുന്ന പ്രധാന ഘടകം. ഇന്നലെ വ്യാപാര സമയം കഴിഞ്ഞുള്ള 'ഓവര്‍ ദി കൗണ്ടര്‍' ഇടപാടുകളിലും, ഡെറിവേറ്റീവ് വിപണിയിലും 80.05 വരെ രൂപയുടെ മൂല്യം ഇടിഞ്ഞിരുന്നു. ഈ സാഹചര്യം വഷളാക്കുന്ന ഘടകങ്ങളാണ് ഇപ്പോള്‍ നിലനില്‍ക്കുന്നവയില്‍ ഏറെയും.
ഇന്നലെ പുറത്തുവന്ന കണക്കുകള്‍ അനുസരിച്ച് ഇന്ത്യയുടെ കയറ്റുമതിയും, ഇറക്കുമതിയും ജൂണ്‍ മാസത്തില്‍ വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ ഇറക്കുമതിയിലാണ് ഏറെ വര്‍ധനവുണ്ടായത്. രാജ്യത്തിന്റെ ട്രേഡ് ബാലന്‍സ് കുറയുകയാണ്. -25.64 ബില്യണ്‍ ഡോളറായിരുന്നത് വീണ്ടും ചുരുങ്ങി -26.18 ബില്യണ്‍ ഡോളറായി. ഇത് രൂപയ്ക്ക് തിരിച്ചടിയാണ്. കൂടാതെ, ഏഷ്യന്‍ വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില നേരിയ തോതില്‍ ഉയരുകയാണ്. രാവിലെ 8.15 ന് 99.90 ഡോളറിനടുത്താണ് സെപ്റ്റംബര്‍ ഡെലിവെറി ഫ്യൂച്ചേഴ്‌സിന്റെ വില. ഉയരുന്ന എണ്ണ വിലയും രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്ക് ആക്കം കൂട്ടും.
ക്രൂഡ് ഓയില്‍
കടുത്ത നിരക്കുയര്‍ത്തല്‍ യുഎസ് ഫെഡില്‍ നിന്നും ഉണ്ടാവുകയില്ല എന്ന വിലയിരുത്തലിലാണ് എണ്ണ വിപണി. എന്നാല്‍ പുറത്തു വരുന്ന വാര്‍ത്തകള്‍ മാന്ദ്യ ഭീതി ശക്തിപ്പെടുത്തുന്നവയാണ്. ചൈനയിലെ രണ്ടാം പാദ സാമ്പത്തിക കണക്കുകള്‍ ഇന്നു രാവിലെ പുറത്ത് വന്നു. സാമ്പത്തിക വളര്‍ച്ച പ്രതീക്ഷിച്ചതിലും കുറവാണ്. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കടുത്ത പണ ദൗര്‍ലഭ്യം നിലനില്‍ക്കുന്നു. ഇതിനെല്ലാം പുറമെ, പുതുതായി ഏര്‍പ്പെടുത്തുന്ന കോവിഡ് നിയന്ത്രണങ്ങളും ചൈനയുടെ വളര്‍ച്ചയ്ക്ക് തടയിടുന്നു. ഈ സാഹചര്യത്തില്‍ എണ്ണ വില കൂടുതല്‍ ഉയരങ്ങളിലേയ്ക്ക് പോകുവാന്‍ സാധ്യതയില്ല.
ആഭ്യന്തര വിപണി
ആഭ്യന്തര വിപണിയില്‍ ഏറെ നിര്‍ണ്ണായകമായേക്കാവുന്ന ബാങ്ക് വായ്പാ-നിക്ഷേപ കണക്കുകള്‍ ഇന്നു പുറത്തുവരും. ഇത് ബാങ്കിംഗ് ഓഹരികളുടെ ചലനത്തെ സ്വാധീനിക്കും. ഇന്നലെ വരെ മികച്ച നിലയിലായിരുന്നു ബാങ്കിംഗ് ഓഹരികളുടെ പ്രകടനം. ഇന്നു പുറത്തുവരുന്ന കണക്കുകള്‍ അതിനെ ഏതു രീതിയില്‍ ബാധിക്കും എന്നത് വിപണിയില്‍ പ്രധാനമാണ്. കൂടാതെ, വിദേശ നാണ്യ ശേഖരത്തിന്റെ കണക്കുകളും ഇന്നു പുറത്തു വന്നേക്കും. രൂപയുടെ മൂല്യം നിലനിര്‍ത്തുന്നതില്‍ ഇതിനേറെ പങ്ക് വഹിക്കാനുണ്ട്.
വിദേശ നിക്ഷേപം
എന്‍എസ്ഇ പ്രൊവിഷണല്‍ ഡാറ്റ അനുസരിച്ച്, വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്നലെ ഓഹരികളില്‍ അറ്റ നിക്ഷേപകരായി മാറി. ഇത് വലിയൊരു മാറ്റമാണ്. 309 കോടി രൂപ വിലയുള്ള ഓഹരികളാണ് അവര്‍ അധികമായി വാങ്ങിയത്. എന്നാല്‍ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളാകട്ടെ പതിവിന് വിപരീതമായി അറ്റ വില്‍പ്പനക്കാരായി മാറി. 556 കോടി രൂപ വിലയുള്ള ഓഹരികളാണ് അവര്‍ അധികമായി വിറ്റത്. വിദേശ നിക്ഷേപകരുടെ പെട്ടെന്നുള്ള ചുവടുമാറ്റം എത്രകാലം നിലനില്‍ക്കും എന്നത് വിപണിയെ സംബന്ധിച്ച് ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു. പ്രത്യേകിച്ചും, യുഎസ് ഫെഡ് നിരക്കു വര്‍ധന അനിവാര്യമാണെന്ന് വിലയിരുത്തുന്ന സാഹചര്യത്തില്‍.
യുഎസ്-ഏഷ്യന്‍ വിപണികള്‍
എഷ്യന്‍ വിപണികളില്‍ ഇന്നു രാവിലെ സമ്മിശ്ര പ്രതികരണമാണ്. മാന്ദ്യ ഭീതിയാണ് ഏഷ്യന്‍ വിപണികളെ ഗ്രസിച്ചിരിക്കുന്നത്. ഹാങ്‌സെങ് ഒഴികെയുള്ള മറ്റെല്ലാ വിപണികളും നേരിയ ലാഭത്തിലാണ്. ചൈനീസ് സമ്പദ് വ്യവസ്ഥയെ പിന്നോട്ടടിക്കുന്ന ഘടകങ്ങളെല്ലാം സജീവമായി നിലനില്‍ക്കുന്നതും വിപണികളെ അസ്വസ്ഥമാക്കുന്നു. അമേരിക്കന്‍ വിപണിയും ഇന്നലെ സമ്മിശ്രമായിരുന്നു. നാസ്ഡാക്ക് നേരിയ നേട്ടത്തില്‍ അവസാനിച്ചപ്പോള്‍ എസ് ആന്‍ഡ് പി 500, ഡൗ ജോണ്‍സ് എന്നിവ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. അമേരിക്കയെ സംബന്ധിച്ച് ഏറെ നിര്‍ണ്ണായകമായ റീട്ടെയ്ല്‍ വില്‍പ്പന കണക്കുകള്‍ നാളെ പുറത്തുവരും. ഫെഡിന്റെ നിരക്ക് വര്‍ധനയുടെ അളവ് തീരുമാനിക്കുന്നതില്‍ ഇത് സ്വാധീനം ചെലുത്തിയേക്കാം.
കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4,660 രൂപ (ജൂലൈ 15)
ഒരു ഡോളറിന് 79.73 രൂപ (ജൂലൈ 15)
ബ്രെന്റ് ക്രൂഡ് ബാരലിന് 100.51 ഡോളര്‍ (ജൂലൈ 15, 8.19 am)
ഒരു ബിറ്റ് കൊയ്‌ന്റെ വില 16,87,388 രൂപ (ജൂലൈ 15, 8.19 am, വസീര്‍എക്‌സ്)