വാണിജ്യ മന്ത്രാലയ പുനഃക്രമീകരണം: റിപ്പോര്‍ട്ട് പഠിക്കുകയാണെന്ന് ഗോയല്‍

ഡെല്‍ഹി: കേന്ദ്ര വാണിജ്യ മന്ത്രാലയം അതിന്റെ പുനഃസംഘടനയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് കൂടുതല്‍ വിശദമായി പഠിക്കുന്ന പ്രക്രിയയിലാണെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍. വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക ബോഡി രൂപീകരിക്കാന്‍ ആലോചനയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2030ഓടെ രാജ്യത്തെ ചരക്കുകളുടെയും സേവനങ്ങളുടെയും കയറ്റുമതി 2 ട്രില്യണ്‍ ഡോളറിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് പുനഃസംഘടനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ മാസം ഡെല്‍ഹിയില്‍ 'ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കൊമേഴ്സ് റീസ്ട്രക്ചറിംഗ് ഡോസിയര്‍' റിപ്പോര്‍ട്ട് മന്ത്രി പുറത്തിറക്കിയിരുന്നു. 14 വാല്യങ്ങളുള്ള റിപ്പോര്‍ട്ടില്‍ വകുപ്പിനുള്ളിലെ ഓരോ വിഭാഗത്തിന്റെയും പ്രവര്‍ത്തനം […]

Update: 2022-09-11 03:14 GMT

ഡെല്‍ഹി: കേന്ദ്ര വാണിജ്യ മന്ത്രാലയം അതിന്റെ പുനഃസംഘടനയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് കൂടുതല്‍ വിശദമായി പഠിക്കുന്ന പ്രക്രിയയിലാണെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍.

വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക ബോഡി രൂപീകരിക്കാന്‍ ആലോചനയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2030ഓടെ രാജ്യത്തെ ചരക്കുകളുടെയും സേവനങ്ങളുടെയും കയറ്റുമതി 2 ട്രില്യണ്‍ ഡോളറിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് പുനഃസംഘടനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ മാസം ഡെല്‍ഹിയില്‍ 'ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കൊമേഴ്സ് റീസ്ട്രക്ചറിംഗ് ഡോസിയര്‍' റിപ്പോര്‍ട്ട് മന്ത്രി പുറത്തിറക്കിയിരുന്നു. 14 വാല്യങ്ങളുള്ള റിപ്പോര്‍ട്ടില്‍ വകുപ്പിനുള്ളിലെ ഓരോ വിഭാഗത്തിന്റെയും പ്രവര്‍ത്തനം വിശദീകരിക്കുകയും പ്രതീക്ഷിക്കുന്ന ഫലങ്ങളും പ്രധാന പ്രകടന സൂചകങ്ങളും വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

നിലവിലുള്ള പോളിസി (2015-20) സെപ്തംബര്‍ 30ന് അവസാനിക്കും. അതിനുമുമ്പ് പുതിയ നയം പുറത്തിറക്കുമെന്നാണ് കരുതുന്നത്.

നയത്തില്‍, ചരക്ക് സേവന കയറ്റുമതിക്കാരെ പിന്തുണയ്ക്കുന്ന ചുവടുവെപ്പുകള്‍ പ്രഖ്യാപിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു.

2022-23 ഏപ്രില്‍-ഓഗസ്റ്റ് കാലയളവില്‍ കയറ്റുമതി 17.12 ശതമാനം വര്‍ധിച്ച് 192.59 ബില്യണ്‍ ഡോളറായി. മന്ത്രാലയത്തിന്റെ പ്രാഥമിക കണക്കുകള്‍ പ്രകാരം ഈ സാമ്പത്തിക വര്‍ഷത്തിലെ അഞ്ച് മാസ കാലയളവിലെ ഇറക്കുമതി 45.64 ശതമാനം വര്‍ധിച്ച് 317.81 ബില്യണ്‍ ഡോളറായിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 53.78 ബില്യണ്‍ ഡോളറില്‍ നിന്ന് ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍-ഓഗസ്റ്റ് മാസങ്ങളില്‍ വ്യാപാര കമ്മി 125.22 ബില്യണ്‍ ഡോളറായി ഉയര്‍ന്നു.

Tags:    

Similar News