ചെക്കുകൾക്ക് ബാങ്കുകള്‍ ഈടാക്കുന്ന ഫീസിനും ഇനി ജിഎസ്ടി നൽകണം
ചണ്ഡീഗഡ്: ചെക്കുകൾക്ക് ബാങ്കുകള്‍ ഈടാക്കുന്ന ഫീസിന് 18 ശതമാനം ജിഎസ്ടി ചുമത്താന്‍ ജിഎസ്ടി കൗണ്‍സിലില്‍ തീരുമാനമായി. നിരവധി നികുതി നിരക്കുകളില്‍ മാറ്റം വരുത്താനും ചില നികുതി ഇളവുകള്‍ പിന്‍വലിക്കാനും ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ നേതൃത്വത്തില്‍ നടന്ന ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചു. ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന്റെ രണ്ടാമത്തെയും അവസാനത്തെയും ദിവസമായ ഇന്ന് കേരളവും, ഡല്‍ഹിയും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ ജിഎസ്ടി നഷ്ടപരിഹാരം ജൂണിനുശേഷവും നീട്ടണമെന്ന ആവശ്യവും, ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കും, കുതിരപ്പന്തയത്തിനും 28 ശതമാനം നികുതി ഈടാക്കാനുള്ള നിര്‍ദ്ദേശവും പരിശോധിക്കും. സോളാര്‍ […]
ചണ്ഡീഗഡ്: ചെക്കുകൾക്ക് ബാങ്കുകള്‍ ഈടാക്കുന്ന ഫീസിന് 18 ശതമാനം ജിഎസ്ടി ചുമത്താന്‍ ജിഎസ്ടി കൗണ്‍സിലില്‍ തീരുമാനമായി. നിരവധി നികുതി നിരക്കുകളില്‍ മാറ്റം വരുത്താനും ചില നികുതി ഇളവുകള്‍ പിന്‍വലിക്കാനും ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ നേതൃത്വത്തില്‍ നടന്ന ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചു.
ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന്റെ രണ്ടാമത്തെയും അവസാനത്തെയും ദിവസമായ ഇന്ന് കേരളവും, ഡല്‍ഹിയും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ ജിഎസ്ടി നഷ്ടപരിഹാരം ജൂണിനുശേഷവും നീട്ടണമെന്ന ആവശ്യവും, ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കും, കുതിരപ്പന്തയത്തിനും 28 ശതമാനം നികുതി ഈടാക്കാനുള്ള നിര്‍ദ്ദേശവും പരിശോധിക്കും.
സോളാര്‍ വാട്ടര്‍ ഹീറ്ററുകള്‍ക്കും, ഫിനിഷ്ഡ് ലെതറിനും 5 ശതമാനം മുതല്‍ 12 ശതമാനം വരെ നിരക്ക് വര്‍ധന പ്രതീക്ഷിക്കുന്നു. മാത്രമല്ല പ്രതിദിനം 1,000 രൂപയില്‍ താഴെയുള്ള ഹോട്ടല്‍ മുറികൾക്കും 12 ശതമാനം നികുതി ഈടാക്കും. പാക്ക് ചെയ്യാത്തതും ലേബല്‍ ചെയ്യാത്തതും ബ്രാന്‍ഡ് ചെയ്യാത്തതുമായ സാധനങ്ങള്‍ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കുന്നത് തുടരും.
മാംസം, മത്സ്യം, തൈര്, പനീര്‍, തേന്‍ തുടങ്ങിയ മുന്‍കൂട്ടി പായ്ക്ക് ചെയ്തതും ലേബല്‍ ചെയ്തതുമായ ഭക്ഷ്യവസ്തുക്കള്‍ക്ക് (ഫ്രോസണ്‍ ഒഴികെ) ഇനി 5 ശതമാനം ജിഎസ്ടി ഈടാക്കും. അതുപോലെ ബ്രാന്‍ഡ് ചെയ്യാത്ത വസ്തുക്കളായ മൈദ, അരി എന്നിവ മുന്‍കൂട്ടി പാക്കേജുചെയ്ത്, ലേബല്‍ ചെയ്താല്‍ 5 ശതമാനം ജിഎസ്ടി ഈടാക്കും. നിലവില്‍, ഈ ഇനങ്ങളുടെ ബ്രാന്‍ഡഡ് പതിപ്പുകള്‍ക്ക് മാത്രമേ 5 ശതമാനം ജിഎസ്ടി ബാധകമായിട്ടുള്ളു.
ഉണക്കിയ പയറുവര്‍ഗ്ഗ ഉത്പന്നങ്ങൾ, ഗോതമ്പ്, മറ്റ് ധാന്യങ്ങള്‍, ഗോതമ്പ് അല്ലെങ്കില്‍ മെസ്‌ലിന്‍ മാവ്, ശര്‍ക്കര, പഫ്ഡ് റൈസ് തുടങ്ങിയ എല്ലാ സാധനങ്ങള്‍ക്കും 5 ശതമാനം നികുതി ഈടാക്കും. കൂടാതെ, ജൈവ വളം, ചകിരിച്ചോറ് കമ്പോസ്റ്റ് എന്നിവയ്ക്കും 5 ശതമാനം നികുതി ഈടാക്കും.
പ്രിന്റിംഗ്, റൈറ്റിംഗ്, ഡ്രോയിംഗ് മഷി, ചിലതരം കത്തികള്‍, സ്പൂണുകള്‍, ടേബിള്‍വെയര്‍, ഡയറി മെഷിനറികള്‍, എല്‍ഇഡി ലാമ്പുകള്‍, ഡ്രോയിംഗ് ഉപകരണങ്ങള്‍ തുടങ്ങിയ ഇനങ്ങളുടെ ജിഎസ്ടി നിരക്ക് 12 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി ഉയര്‍ത്തും.