ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികള്‍ ആര്‍ബിഐ നടപടി നേരിടുന്നു
- ഒക്ടോബര്‍ 21 മുതല്‍ ക്രെഡിറ്റ് ഉല്‍പന്നങ്ങള്‍ ഓഫര്‍ ചെയ്യുന്നത് നിര്‍ത്താന്‍ ഈ കമ്പനികളോട് ആര്‍ബിഐ ആവശ്യപ്പെട്ടു
- ഫ്‌ലിപ്കാര്‍ട്ട് സഹസ്ഥാപകന്‍ സച്ചിന്‍ ബന്‍സലിന്റെ നവി ഫിന്‍സെര്‍വും നടപടി നേരിട്ടവയില്‍പെടുന്നു
രണ്ട് മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ (എംഎഫ്‌ഐകള്‍) ഉള്‍പ്പെടെ നാല് ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികള്‍ക്കെതിരെ (എന്‍ബിഎഫ്സി) റിസര്‍വ് ബാങ്ക് നടപടി. കടം വാങ്ങുന്നവരില്‍ നിന്ന് അമിത പലിശ ഈടാക്കുന്നതിന് വായ്പ അനുവദിക്കുന്നതില്‍ നിന്നും വിതരണം ചെയ്യുന്നതില്‍ നിന്നും ഇവരെ ആര്‍ബിഐ വിലക്കി.
ആശിര്‍വാദ് മൈക്രോഫിനാന്‍സ്, ആരോഹന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് , വ്യക്തിഗത, ഉപഭോഗം, മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് വായ്പ നല്‍കുന്ന ഡിഎംഐ ഫിനാന്‍സ്, ഫ്‌ലിപ്കാര്‍ട്ട് സഹസ്ഥാപകന്‍ സച്ചിന്‍ ബന്‍സലിന്റെ നവി ഫിന്‍സെര്‍വ് എന്നിവയാണ് ഈ നാല് സ്ഥാപനങ്ങള്‍. ഒക്ടോബര്‍ 21 മുതല്‍ ക്രെഡിറ്റ് ഉല്‍പന്നങ്ങള്‍ ഓഫര്‍ ചെയ്യുന്നത് നിര്‍ത്താന്‍ ഇവരോട് ആര്‍ബിഐ ആവശ്യപ്പെട്ടിട്ടുണ്ട്.
വളരെ ഉയര്‍ന്ന പലിശനിരക്കടക്കമുള്ള പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഉപഭോക്താക്കളില്‍ വായ്പ തിരിച്ചടക്കുന്നതില്‍ മോശം ചരിത്രമുള്ള സബ്-പ്രൈം വിഭാഗത്തിന് ഫിന്‍ടെക്കുകള്‍ സാധാരണയായി ഉയര്‍ന്ന പലിശ നിരക്ക് ഈടാക്കാറുണ്ട്. ഈ പ്രശ്‌നം ആര്‍ബിഐ ഉയര്‍ത്തുന്നതോടെ, പ്ലാറ്റ്ഫോമുകള്‍ പലിശ നിരക്കുകളില്‍ മാറ്റങ്ങള്‍ വരുത്തേണ്ടി വരും.
ഫിന്‍ടെക് മേഖലയില്‍ , വായ്പക്കാരന്റെ പ്രൊഫൈലിനെ ആശ്രയിച്ച് പലിശ നിരക്ക് പ്രതിവര്‍ഷം 35% മുതല്‍ 40% വരെ ഉയരും.
ആര്‍ ബി ഐയില്‍ നിന്ന് ലഭിച്ച നിര്‍ദ്ദേശങ്ങള്‍ കമ്പനി അവലോകനം ചെയ്യുകയാണെന്നും അവരുമായി സഹകരിച്ച് പ്രവര്‍ത്തിച്ച് ഉടനടി ഉന്നയിക്കുന്ന എല്ലാ ആശങ്കകളും പരിഹരിക്കുമെന്നും നവി വക്താവ് പറഞ്ഞു.
സുരക്ഷിതമല്ലാത്ത വായ്പാ വിപണിയിലെ നിയന്ത്രണങ്ങള്‍ ഉപഭോക്തൃ വായ്പാ മേഖലയെ സമ്മര്‍ദ്ദത്തിലാക്കിയ സമയത്താണ് ആര്‍ ബി ഐയുടെ ഇടപെടല്‍ എന്നത് ശ്രദ്ധേയമാണ്.
ഫിന്‍ടെക്കുകളുടെ ഒരു പ്രധാന ബിസിനസ് വളര്‍ച്ചാ ചാലകമാണ് കോ-ലെന്‍ഡിംഗ്. ആര്‍ബിഐ നടപടിക്ക് ശേഷം വലിയ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികള്‍ ഇത്തരം സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് പിന്മാറാന്‍ സാധ്യതയുണ്ട്. ഇത് ബിസിനസ്സിനെ വലിയ രീതിയില്‍ ബാധിക്കുമെന്നാണ് വിലയിരുത്തല്‍.