ടൂറിസം മാമാങ്കത്തിന് നാളെ കൊടി ഉയരും, രാജ്യാന്തര കൂട്ടായ്മയ്ക്ക് വേദിയൊരുക്കി കെടിഎം
കൊച്ചി: നാളെ കൊച്ചിയില്‍ ആരംഭിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ടൂറിസം മേളയായ കേരള ട്രാവല്‍ മാര്‍ട്ട് 2022 ലെ സെമിനാറുകളില്‍ രാജ്യത്തെയും വിദേശത്തെയും ടൂറിസം വിദഗ്ധര്‍, ഉദ്യോഗസ്ഥര്‍, വ്യവസായ പ്രമുഖര്‍ തുടങ്ങിയവര്‍ അനുഭവങ്ങളും കാഴ്ചപ്പാടുകളും പങ്കുവയ്ക്കും. മെയ് 5 ന് തുടങ്ങുന്ന ട്രാവല്‍ മാര്‍ട്ട് നാല് ദിവസം നീണ്ടു നില്‍ക്കും. കൊവിഡാനന്തര ടൂറിസം പുനരുജ്ജീവനത്തിന് ദിശാബോധം നല്‍കുന്ന വിഷയങ്ങളാണ് സെമിനാറില്‍ ചര്‍ച്ചചെയ്യുന്നത്. ടൂറിസം മേഖലയുടെ പുനരുജ്ജീവനത്തിന് അര്‍ഥവത്തായ ഇടപെടലുകളും അനുഭവങ്ങളുടെ പങ്കുവയ്പും പ്രധാനമാണെന്ന് കേരള ട്രാവല്‍ മാര്‍ട്ട്...
കൊച്ചി: നാളെ കൊച്ചിയില്‍ ആരംഭിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ടൂറിസം മേളയായ കേരള ട്രാവല്‍ മാര്‍ട്ട് 2022 ലെ സെമിനാറുകളില്‍ രാജ്യത്തെയും വിദേശത്തെയും ടൂറിസം വിദഗ്ധര്‍, ഉദ്യോഗസ്ഥര്‍, വ്യവസായ പ്രമുഖര്‍ തുടങ്ങിയവര്‍ അനുഭവങ്ങളും കാഴ്ചപ്പാടുകളും പങ്കുവയ്ക്കും. മെയ് 5 ന് തുടങ്ങുന്ന ട്രാവല്‍ മാര്‍ട്ട് നാല് ദിവസം നീണ്ടു നില്‍ക്കും. കൊവിഡാനന്തര ടൂറിസം പുനരുജ്ജീവനത്തിന് ദിശാബോധം നല്‍കുന്ന വിഷയങ്ങളാണ് സെമിനാറില്‍ ചര്‍ച്ചചെയ്യുന്നത്.
ടൂറിസം മേഖലയുടെ പുനരുജ്ജീവനത്തിന് അര്‍ഥവത്തായ ഇടപെടലുകളും അനുഭവങ്ങളുടെ പങ്കുവയ്പും പ്രധാനമാണെന്ന് കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റിയുടെ പ്രസിഡന്റ് ബേബി മാത്യു പറഞ്ഞു. സെമിനാറില്‍ പങ്കെടുക്കുന്ന പരിചയസമ്പന്നരായ നയരൂപകര്‍ത്താക്കള്‍ക്കും വ്യവസായ പ്രമുഖര്‍ക്കും മൂല്യവത്തായ ഉള്‍ക്കാഴ്ചകളും തന്ത്രങ്ങളും രൂപീകരിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മെയ് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന ട്രാവല്‍ മേളയില്‍ 69 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും. 55,000 വ്യാപാര കൂടിക്കാഴ്ചകള്‍ക്കും മേള വേദിയാകും.
കേരള ഗവ. അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ വേണു വി 'യാത്രകളിലെ മാറുന്ന പ്രവണതകള്‍' എന്ന വിഷയത്തില്‍ നടക്കുന്ന സെഷനില്‍ പങ്കെടുക്കും. ഐടിബി സിഎസ്ആര്‍ കമ്മീഷണര്‍ റിക്ക ജീന്‍ ഫ്രാങ്കോയിസ്, ന്യൂഡല്‍ഹിയിലെ അബര്‍ക്രോംബി ആന്റ് കെന്റ് വൈസ് പ്രസിഡന്റ് ഡോ അമിത് ശര്‍മ്മ, ഐടിസി ഫോര്‍ച്യൂണ്‍ ഹോട്ടല്‍സ് ആന്റ് വെല്‍ക്കം ഹെറിറ്റേജ് മാനേജിംഗ് ഡയറക്ടര്‍ സമീര്‍ എം സി എന്നിവര്‍ മെയ് 6 ലെ സെഷനില്‍ പങ്കെടുക്കും.
ഐഎംജി തിരുവനന്തപുരം ഡയറക്ടര്‍ കെ ജയകുമാര്‍, ഇന്‍ഡസ്ട്രീസ് ആന്‍ഡ് നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല, ന്യൂഡല്‍ഹിയിലെ ജേര്‍ണിമാര്‍ട്ട് ഡയറക്ടര്‍ സന്ദീപ് ദയാല്‍ എന്നിവര്‍ മെയ് 7 ന് നടക്കുന്ന 'ഗോഡ്‌സ് ഓണ്‍ കണ്‍ട്രി-വേര്‍ഷന്‍ 2.0' എന്ന സെമിനാറില്‍ ഭാഗമാകും. അതേ ദിവസം 'കേരളത്തിലെ ടൂറിസം സാധ്യതയുള്ള മേഖലകള്‍' എന്ന വിഷയത്തില്‍ നടക്കുന്ന സെഷനില്‍ മഡ്ഡി ബൂട്ട്‌സ് വെക്കേഷന്‍സ് സ്ഥാപകനും അഡ്വഞ്ചര്‍ ടൂര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ട്രഷററുമായ പ്രദീപ് മൂര്‍ത്തി, ആര്‍സിപി ഹോസ്പിറ്റാലിറ്റി ഡയറക്ടര്‍ ഡോ.സുരേഷ് പിള്ള, ആര്‍ടി മിഷന്‍ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ രൂപേഷ്‌കുമാര്‍ കെ എന്നിവര്‍ ചിന്തകള്‍ പങ്കുവയ്ക്കും.
തൃശൂര്‍ വൈദ്യരത്‌നം ആയുര്‍വേദ കോളേജ് സീനിയര്‍ പ്രൊഫസര്‍ ഡോ കെ എം ഇക്ബാല്‍, ടോപ്പ് ടൂര്‍സ് ഉക്രെയ്ന്‍ എംഡി ഐറിന ഗുരീവ, ന്യൂഡല്‍ഹി നാഷണല്‍ മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററി മുന്‍ ഡയറക്ടര്‍ ഡോ.ബി വേണുഗോപാല്‍, ജടായു എര്‍ത്ത്‌സ് സെന്റര്‍ ചെയര്‍മാന്‍ രാജീവ് അഞ്ചല്‍ എന്നിവര്‍ 'കേരളം-പ്രകൃതിക്കപ്പുറമുള്ള ആകര്‍ഷണങ്ങള്‍' എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ പങ്കെടുക്കും.
വിനോദസഞ്ചാര മേഖലയിലെ രാജ്യത്തെ ഏറ്റവും വിപുലമായ പ്രസ്ഥാനമാണ് 2000 ല്‍ രൂപീകൃതമായ കെടിഎം സൊസൈറ്റി. കൊവിഡിനു ശേഷം വ്യവസായത്തെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കാണ് കെടിഎം സൊസൈറ്റി ഊന്നല്‍ നല്‍കുന്നത്.