പോരുന്നോ, ചില്ലിംഗ് ബെംഗളൂരുവിലേക്ക്

  • ഡിസംബര്‍ കുളിരില്‍ കമ്പിളി പുതച്ച് ബെംഗളൂരു
  • ടെക് നഗരത്തില്‍ 14 വര്‍ഷത്തിലെ ഏറ്റവും താഴ്ന്ന താപനില
  • ന്യൂനമര്‍ദ്ദം മൂലമുണ്ടായ മഴയാണ് ബെംഗളുരുവിലെ കുറഞ്ഞ താപനിലക്ക് കാരണം

Update: 2024-12-17 08:49 GMT

പോരുന്നോ, ഡിസംബറിലെ കുളിരില്‍ ബെംഗളൂരു കാണാന്‍. താപനില താഴുന്നതോടെ വിനോദ സഞ്ചാരികളുടെ ഒഴുക്കും വര്‍ധിക്കും. ചുരുക്കത്തില്‍ ഡിസംബറിലെ കുളിരില്‍ കമ്പിളി പുതക്കാനൊരുങ്ങുകയാണ് ടെക് സിറ്റിയായ ബെംഗളൂരു.

ഈ ആഴ്ച ബംഗളൂരുവിലെ കാലാവസ്ഥാ പ്രവചനം സൂചിപ്പിക്കുന്നത്, രാത്രികാല താപനില 2010 ന് ശേഷമുള്ള ഡിസംബറിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തുമെന്നാണ്. ശരാശരി കുറഞ്ഞ താപനില സാധാരണയിലും താഴെയായിരിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

ചൊവ്വാഴ്ച രാത്രിയിലെ താപനില 12.4 ഡിഗ്രി സെല്‍ഷ്യസ് വരെ കുറയുമെന്നാണ് ഐഎംഡി പ്രവചിക്കുന്നത്. കഴിഞ്ഞ 14 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയേക്കാള്‍ കുറവായിരിക്കും ഇത്.

തണുത്ത കാലാവസ്ഥ നഗരത്തിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അനുഗ്രഹമാണ്. ക്രിസ്തുമസിനും പുതുവര്‍ഷാഘോഷത്തിനുമായി വന്‍ തിരക്കായിരിക്കും എല്ലാവര്‍ഷവും ബെംഗളൂരുവില്‍. അനുയോജ്യമായ കാലാവസ്ഥ ഇതിന് പ്രധാന കാരണമാണ്. ക്രിസ്തുമസ് അവധിക്കാലത്ത് നഗരം സന്ദര്‍ശിക്കാനെത്തുന്നവരും വളരെയേറെയാണ്.

ഡിസംബറില്‍ ബെംഗളൂരുവിലെ ശരാശരി കുറഞ്ഞ താപനില സാധാരണയായി 15.7 ഡിഗ്രി സെല്‍ഷ്യസാണ്. ഞായറാഴ്ച (ഡിസംബര്‍ 15) രേഖപ്പെടുത്തിയ കുറഞ്ഞ താപനില 15.5 ഡിഗ്രി സെല്‍ഷ്യസായിരുന്നു. എച്ച്എഎല്‍ എയര്‍പോര്‍ട്ട് മേഖലയില്‍ 14.7 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നപ്പോള്‍ ബെംഗളൂരു രാജ്യാന്തര വിമാനത്താവള മേഖലയില്‍ 14.5 ഡിഗ്രി സെല്‍ഷ്യസായി.

അടുത്ത 48 മണിക്കൂറിനുള്ള കാലാവസ്ഥാ പ്രവചനം മിക്കവാറും തെളിഞ്ഞ ആകാശത്തെ സൂചിപ്പിക്കുന്നു. ചില പ്രദേശങ്ങളില്‍ അതിരാവിലെ തന്നെ മൂടല്‍മഞ്ഞും ഉണ്ടാകാന്‍ സാധ്യതയുണ്ട്.

കഴിഞ്ഞ ആഴ്ച്ചകളില്‍ തീരത്ത് ന്യൂനമര്‍ദ്ദം മൂലമുണ്ടായ നിരന്തരമായ മഴയാണ് ബെംഗളുരുവിലെ ഡിസംബറിലെ തണുത്ത കാലാവസ്ഥയ്ക്ക് കാരണം.

ഐഎംഡിയുടെ ഡാറ്റ അനുസരിച്ച്, ബെംഗളൂരുവിലെ ഏറ്റവും കുറഞ്ഞ താപനില 1884 ജനുവരി 13 ന് 7.8 ഡിഗ്രി സെല്‍ഷ്യസായിരുന്നു. ഡിസംബറിലെ എക്കാലത്തെയും കുറഞ്ഞ താപനില 8.9 ഡിഗ്രി സെല്‍ഷ്യസാണ്, ഇത് ഡിസംബര്‍ 29, 1883 ന് രേഖപ്പെടുത്തി.

Tags:    

Similar News