40 ടൂറിസം പദ്ധതികള്‍ക്ക് കേന്ദ്ര അംഗീകാരം

  • തിരഞ്ഞെടുത്ത സ്ഥലങ്ങളില്‍ ചിലത് അത്ര അറിയപ്പെടാത്ത ടൂറിസ്റ്റ് സൈറ്റുകളാണ്
  • ജനപ്രിയമായ ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ തിരക്ക് കുറയ്ക്കുക എന്നതാണ് പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം
  • പദ്ധതിക്ക് 3,295 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു

Update: 2024-11-29 07:41 GMT

ടൂറിസം സൈറ്റുകളെ ഐക്കണിക് കേന്ദ്രങ്ങളാക്കി മാറ്റുന്നതിന് 3,295 കോടി രൂപയുടെ 40 പദ്ധതികള്‍ക്ക് കേന്ദ്രം അംഗീകാരം നല്‍കി. പരമ്പരാഗതവും ജനപ്രിയവുമായ ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ തിരക്ക് കുറയ്ക്കുക എന്നതാണ് പ്രാഥമിക ലക്ഷ്യം. സംസ്ഥാനങ്ങളുമായി വിശദമായ കൂടിയാലോചനകള്‍ നടത്തി ടൂറിസം മന്ത്രാലയം മാര്‍ഗനിര്‍ദേശങ്ങള്‍ രൂപീകരിച്ച ശേഷമാണ് പദ്ധതികള്‍ തിരഞ്ഞെടുത്തത്.

പശ്ചിമ ബംഗാള്‍ ഒഴികെയുള്ള എല്ലാ സംസ്ഥാന സര്‍ക്കാരുകളും ഈ പ്രക്രിയയില്‍ പങ്കെടുത്തു. ഏകദേശം 8,000 കോടി രൂപയുടെ 87 പദ്ധതി നിര്‍ദേശങ്ങള്‍ മന്ത്രാലയത്തിന് ലഭിച്ചിരുന്നു. തെരഞ്ഞെടുക്കപ്പെട്ട സൈറ്റുകളുടെ ഭാവി സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയും പ്രാദേശിക സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ഇതിന്റെ ലക്ഷ്യമാണ്. അതുവഴി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കാനും കഴിയും എന്നതാണ് വിലയിരുത്തല്‍.

മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ 40 പദ്ധതികള്‍ ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത് ധനമന്ത്രാലയത്തിന് സമര്‍പ്പിച്ചു. സ്‌കീമിന് കീഴില്‍, 50 വര്‍ഷത്തേക്ക് സംസ്ഥാനങ്ങള്‍ക്ക് ഒരു ദീര്‍ഘകാല വായ്പ നല്‍കും. എന്നാല്‍ ഇത് അവരുടെ കടമെടുക്കല്‍ ശേഷിയെ ബാധിക്കില്ല.

തിരഞ്ഞെടുത്ത സ്ഥലങ്ങളില്‍ ചിലത് അത്ര അറിയപ്പെടാത്ത ടൂറിസ്റ്റ് സൈറ്റുകളാണ്. അരുണാചലിലെ പാസിഘട്ട്, രംഗ് ഘറിന്റെ സൗന്ദര്യവല്‍ക്കരണം, ശിവസാഗര്‍ (ആസാം), മത്സ്യഗന്ധ തടാകത്തിന്റെ വികസനം, സഹര്‍സ (ബിഹാര്‍), നിര്‍ദ്ദിഷ്ട ടൗണ്‍ സ്‌ക്വയര്‍, പോര്‍വോറിം (ഗോവ), ഓര്‍ച്ച (മധ്യപ്രദേശ്), അണ്ടര്‍വാട്ടര്‍ മ്യൂസിയം, സിന്ധുദുര്‍ഗ് (മഹാരാഷ്ട്ര), മവ്ഖാനു, ഷില്ലോങ് (മേഘാലയ), ആഗ്ര, ബതേശ്വറിന്റെ വികസനം (ഉത്തര്‍പ്രദേശ്) ഇവ പട്ടികയില്‍പ്പെടുന്നു.

പദ്ധതികള്‍ക്കുള്ള ഭൂമി സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കും. നടപ്പാക്കലും അവരുടെ ഉത്തരവാദിത്തമായിരിക്കും. പദ്ധതികള്‍ പൂര്‍ത്തീകരിച്ചതിന് ശേഷം അടിസ്ഥാന സൗകര്യങ്ങളുടെ പ്രവര്‍ത്തനത്തിനും മാനേജ്‌മെന്റിനുമുള്ള ക്രമീകരണങ്ങള്‍ അവര്‍ നടത്തും. ടൂറിസം മന്ത്രാലയം പുരോഗതി നിരീക്ഷിക്കുംം.

അനുവദിച്ച വിഹിതത്തിന്റെ 66 ശതമാനം ആദ്യഗഡുവായി സംസ്ഥാനങ്ങള്‍ക്കുള്ള ചെലവ് വകുപ്പ് ഇതിനകം നല്‍കിയിട്ടുണ്ട്. ബാക്കിയുള്ള ഫണ്ട് 2026 മാര്‍ച്ചിന് മുമ്പ് അനുവദിക്കും. പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് രണ്ട് വര്‍ഷത്തെ സമയപരിധി നല്‍കിയിട്ടുണ്ട്.

Tags:    

Similar News