മഹാകുംഭമേളയ്ക്ക് തുടക്കമായി; പ്രയാഗ് രാജിലേക്ക് ഒഴുകുന്നത് ജനകോടികള്‍

  • ഉത്തര്‍പ്രദേശ് ലക്ഷ്യമിടുന്ന വരുമാനം രണ്ട് ലക്ഷം കോടിയിലധികം
  • മഹാകുംഭിനെത്തുമെന്ന് പ്രതീക്ഷിക്കുന്നത് 40-45 കോടിപേര്‍
  • മഹാമേള ഒരുങ്ങിയത് ഹൈടെക്കായി

Update: 2025-01-13 06:08 GMT

ആഗോളതലത്തില്‍ ജനങ്ങളുടെ ഏറ്റവും വലിയ ഒത്തുചേരലായി ആഘോഷിക്കപ്പെടുന്ന മഹാകുഭമേളയ്ക്ക് തിങ്കളാഴ്ച പുലര്‍ച്ചെ തുടക്കമായി. കര്‍ശനമായ സുരക്ഷാ നടപടികള്‍ക്കുകീഴില്‍ ജനകോടികള്‍ പുണ്യസ്‌നാനത്തിനായി പ്രയാഗ് രാജിലേക്ക് ഒഴുകിയെത്തുന്നു. ജനുവരി 14 (മകര സംക്രാന്തി), ജനുവരി 29 (മൗനി അമാവാസി), ഫെബ്രുവരി 3 (ബസന്ത് പഞ്ചമി) എന്നിവയില്‍ സുപ്രധാനമായ സ്‌നാന ചടങ്ങുകളോടെ മഹാകുംഭമേള ഫെബ്രുവരി 26 ന് സമാപിക്കും.

മഹാകുംഭ മേളയെ ആഗോള വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമങ്ങളും ഊര്‍ജിതമാണ്. നാളിതുവരെ കാണാത്ത ഒരുക്കങ്ങളും തയ്യാറെടുപ്പുകളുമാണ് ഇത്തവണ മഹാകുംഭിന് ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി മഹാകുംഭമേളയില്‍ 'ഇന്‍ക്രെഡിബിള്‍ ഇന്ത്യ' പവലിയന്‍ ടൂറിസം മന്ത്രാലയം സ്ഥാപിച്ചിട്ടുണ്ട്. ഇത് വിദേശ വിനോദസഞ്ചാരികള്‍, പണ്ഡിതര്‍ , ഗവേഷകര്‍, ഫോട്ടോഗ്രാഫര്‍മാര്‍, പത്രപ്രവര്‍ത്തകര്‍, വിദേശികള്‍ , ഇന്ത്യന്‍ പ്രവാസികള്‍ തുടങ്ങിയവര്‍ക്ക് സൗകര്യമൊരുക്കും.

മഹാകുംഭത്തില്‍ പങ്കെടുക്കുന്ന വിദേശ വിനോദസഞ്ചാരികള്‍, സമൂഹമാധ്യമങ്ങളില്‍ സ്വാധീനം ചെലുത്തുന്നവര്‍, പത്രപ്രവര്‍ത്തകര്‍, ഫോട്ടോഗ്രാഫര്‍മാര്‍ എന്നിവരുടെ പ്രത്യേക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി, ടൂറിസം മന്ത്രാലയം ഒരു പ്രത്യേക ടോള്‍ ഫ്രീ ടൂറിസ്റ്റ് ഇന്‍ഫോ ലൈനും സജ്ജമാക്കിയിട്ടുണ്ട്.

ഇംഗ്ലീഷിനും ഹിന്ദിക്കും പുറമെ പത്ത് അന്താരാഷ്ട്ര ഭാഷകളിലും ഇന്ത്യന്‍ പ്രാദേശിക ഭാഷകളിലും ടോള്‍ ഫ്രീ ഇന്‍ഫോലൈന്‍ ഇപ്പോള്‍ പ്രവര്‍ത്തന ക്ഷമമാണ്. മഹാ കുംഭമേളയെക്കുറിച്ചുള്ള പ്രചാരണത്തിനായി ഒരു പ്രധാന സമൂഹമാധ്യമ പ്രചാരണ പരിപാടിയും ആരംഭിച്ചിട്ടുണ്ട്.

#മഹാ കുംഭമേള2025, #സ്പിരിച്വല്‍ പ്രയാഗ്രാജ് തുടങ്ങിയ പ്രത്യേക ഹാഷ്ടാഗുകള്‍, ജനങ്ങള്‍ക്ക് കുംഭമേളയിലെ അവരുടെ അനുഭവങ്ങളും നിമിഷങ്ങളും പങ്കിടാന്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഉപയോഗിക്കുന്നു.

സമൂഹമാധ്യമ മത്സരങ്ങള്‍, ഐടിഡിസി, ഉത്തര്‍പ്രദേശ് വിനോദസഞ്ചാര വകുപ്പ്, മറ്റ് സംഘടനകള്‍ തുടങ്ങിവയുമായി സഹകരിച്ചുള്ള സമൂഹമാധ്യമ കുറിപ്പുകള്‍, പ്രചാരണ പരിപാടികള്‍ എന്നിവയിലൂടെ പരിപാടിയുടെ ദൃശ്യപരത വര്‍ധിപ്പിക്കുകയും ഈ ആത്മീയ ആഘോഷത്തിന് സാക്ഷ്യം വഹിക്കാന്‍ ആളുകളെ ക്ഷണിക്കുകയും ചെയ്യുന്നു.

ടൂറിസം മന്ത്രാലയം, ഉത്തര്‍പ്രദേശ് സംസ്ഥാന ടൂറിസം വികസന കോര്‍പ്പറേഷന്‍ (യുപിഎസ്ടിഡിസി), ഐആര്‍സിടിസി, ഐടിഡിസി തുടങ്ങിയ പ്രധാന ടൂറിസം പങ്കാളികളുമായി സഹകരിച്ച് വിവിധതരം ക്യൂറേറ്റഡ് ടൂര്‍ പാക്കേജുകളും ആഡംബര താമസ സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്നു. ഐടിഡിസി, പ്രയാഗ്രാജിലെ കൂടാര നഗരത്തില്‍ 80 ആഡംബര താമസ സൗകര്യങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. അതേസമയം തീര്‍ത്ഥാടകരുടെയും വിനോദസഞ്ചാരികളുടെയും സൗകര്യാര്‍ത്ഥം ഐആര്‍സിടിസിയും ആഡംബര കൂടാരങ്ങളും സജ്ജമാക്കിയിട്ടുണ്ട്.

മഹാ കുംഭമേളയില്‍ പങ്കെടുക്കുന്നവര്‍ക്ക് തടസ്സമില്ലാത്ത യാത്ര ഉറപ്പാക്കുന്നതിന്, ഇന്ത്യയിലുടനീളമുള്ള വിവിധ നഗരങ്ങളില്‍ നിന്നും പ്രയാഗ്രാജിലേക്കുള്ള വ്യോമയാന ബന്ധം വര്‍ധിപ്പിക്കുന്നതിന് ടൂറിസം മന്ത്രാലയം, അലയന്‍സ് എയറുമായി ധാരണയായി.

ഈ അപൂര്‍വ അവസരം പ്രയോജനപ്പെടുത്തുന്നതിനായി, ടൂറിസം മന്ത്രാലയം ഫോട്ടോഷൂട്ട്, വീഡിയോഗ്രാഫി എന്നിവ ഒരുക്കിയിട്ടുണ്ട്. മഹാ കുംഭമേളയുടെ ഗാംഭീര്യം പ്രദര്‍ശിപ്പിക്കുകയും ആത്മീയവും സാംസ്‌കാരികവുമായ കേന്ദ്രമെന്ന നിലയില്‍ പ്രയാഗ്രാജിന്റെ വിനോദസഞ്ചാര സാധ്യതകള്‍ എടുത്തുകാണിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ അന്താരാഷ്ട്ര, ദേശീയ മാധ്യമങ്ങളില്‍ വ്യാപകമായി പങ്കിടും.

മേളയുടെ ഭാഗമായി രണ്ട്‌ലക്ഷംകോടിയിലധികമുള്ള വരുമാനമാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്.കൂടാതെ പ്രയാഗ് രാജിലെ ജനങ്ങള്‍ക്കും സാമ്പത്തിക നേട്ടം സമ്മാനിക്കുന്നതാണ് മഹാമേള. 

Tags:    

Similar News