റിപ്പോ: ഭവന വായ്പാ ഇഎംഐ കൂടും, 30 ലക്ഷത്തിന് വരുന്ന മാസവര്‍ധന 4,440 രൂപ
ഇനിയും മറ്റൊരു പലിശ നിരക്ക് വര്‍ധന താങ്ങാനാകുമോ നിങ്ങള്‍ക്ക്? കഴിഞ്ഞ ഏഴ് മാസത്തിനിടെ നാല് തവണയായി 190 ബേസിസ് പോയിന്റ് (1.9 ശതമാനം) റിപ്പോ നിരക്ക് ഉയര്‍ത്തിയിരുന്നു ആര്‍ബിഐ. ഇപ്പോള്‍ മറ്റൊരു 35 ബിപിഎസ് വീണ്ടും ഉയര്‍ത്തിയിരിക്കുന്നു. അതായത് ഏഴ് മാസത്തിനിടെ വായ്പാ പലിശയില്‍ ഉണ്ടാകുന്ന വര്‍ധന 2.25 ശതമാനം. ആര്‍ബിഐ റിപ്പോ നിരക്ക് ഉയര്‍ത്തിയതോടെ മേയ് മുതലാണ് രണ്ട് വര്‍ഷമായി ചുരുങ്ങി വന്നിരുന്ന പലിശ നിരക്ക് സൈക്കിള്‍ തിരിച്ച് കറങ്ങാന്‍ തുടങ്ങിയത്. കഴിഞ്ഞ നാല് തവണയുണ്ടായ വര്‍ധനവിന്റെയും ഫലം ഇപ്പോള്‍ വായ്പകളില്‍ പ്രതിഫലിക്കുന്നുണ്ട്. അതായത് വായ്പ ഇഎം ഐ കൂടി. പൊതുവെ രാജ്യത്തെ ബാങ്കുകള്‍ റിപ്പോനിരക്ക് വര്‍ധനയെ തുടര്‍ന്ന് വായ്പാ പലിശയില്‍ രണ്ട് ശതമാനം വരെ പലിശയില്‍ വര്‍ധന വരുത്തിയിട്ടുണ്ട്.
പലിശ ഇനിയും കൂടും
പുതിയ നിരക്ക് വരുന്നതോടെ ഇത് ഇനിയും കൂടും. അതായത് പലിശ നിരക്കിലെ വര്‍ധന 2.25 ശതമാനം വരെ വരാം. ഇത് ഭവന വായ്പ അടക്കമുള്ളവയുടെ ഇ എം ഐയില്‍ വലിയ തോതില്‍ സമര്‍ദമുണ്ടാക്കും. ഈ സാഹചര്യത്തതില്‍ വായ്പ തിരിച്ചടവില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. പലിശ നിരക്കിലെ നേരിയ വര്‍ധന പോലും ഭവന-വാഹന വായ്പകളുടെ ഇഎംഐയില്‍ വലിയ തോതില്‍ ഉയര്‍ച്ചയുണ്ടാക്കും എന്ന കാര്യം കൂടി ഇവിടെ ഓര്‍ക്കാം. എങ്ങിനെയാകും റിപ്പോ നിരക്കിലെ മാറ്റം ഭവന വായ്പയടക്കമുള്ളവയുടെ ഇഎംഐയില്‍ പ്രതിഫലിക്കുക? അഥവാ നിങ്ങളുടെ ഇഎം ഐയില്‍ എത്ര രൂപ വര്‍ധന വരുത്തും ഇത്? താഴെ പറയുന്ന കണക്കുകള്‍ നോക്കാം.
ഇ എം ഐ യില്‍ 4,440 രൂപ കൂടും
ഇക്കഴിഞ്ഞ മേയ് വരെ 6.7-7 ശതമാനത്തിന് ഭവന വായ്പ ലഭിക്കുമായിരുന്നു. പൊതുമേഖലാ ബാങ്കുകളുടെ നിരക്കുകളുടെ ശരാശരി ഇതായിരുന്നു. വലിയ മാറ്റമില്ലാതെ വാഹന വായ്പകളും ലഭ്യമായിരുന്നു. എന്നാല്‍ ഇപ്പോള്‍ റിപ്പോ നിരക്കില്‍ അഞ്ച് തവണയായി ആര്‍ബി ഐ 2.25 ശതമാനമാണ് വര്‍ധന വരുത്തിയത്. മേയ് മാസത്തിന് മുമ്പ് 30 ലക്ഷം രൂപ വായപ എടുത്തയാള്‍ക്ക് പലിശ നിരക്കിലെ വ്യത്യാസവും തുടര്‍ന്ന് മാസ തിരിച്ചടവില്‍ വരുന്ന അധിക ബാധ്യതയും ഇതാണ്.
് 30 ലക്ഷം രൂപ 6.7 ശതമാനം പലിശ നിരക്കില്‍ 25 വര്‍ഷത്തേക്ക് എടുത്താല്‍ ഇഎംഐ മാസം 20,633 രൂപയാണ് അടയ്ക്കേണ്ടി വരിക. ആകെ അടയ്ക്കേണ്ട പലിശ തുക 31,89,819 രൂപയാണ്. ഇതേ വായ്പക്ക് പലിശ നിരക്ക് ( ആകെ റിപ്പോ വര്‍ധന 2.25 ശതമാനം) 8.95 ആയി ഉയര്‍ന്നാല്‍ ഇഎംഐ 25,073 രൂപയായി ഉയരും. ആകെ അടയ്ക്കേണ്ട പലിശ 45,21,978 രൂപയാണ്. മാസ തിരിച്ചടവില്‍ ഉള്ള അധികവ്യത്യാസം 4,440 രൂപ. അതായത് ഏഴ് മാസം കൊണ്ട് ഭവന വായ്പ തിരിച്ചടവ് ഇഎം ഐ ഇനത്തില്‍ മാത്രം നിങ്ങളുടെ പോക്കറ്റില്‍ നിന്ന് അധികമായി നല്‍കേണ്ടത് ഇത്ര വലിയ തുകയാണ്. ഇനി മൊത്തം വായ്പാ കാലയളവിലുള്ള പലിശ വ്യത്യാസം നോക്കാം. ഇത് 13,32,159 രൂപ വരും.
കാലാവധി കൂട്ടാം
പലിശ നിരക്ക് കൂടുമ്പോഴുള്ള ഈ വ്യത്യാസം മാസതിരിച്ചടവില്‍ പ്രതിഫലിപ്പിക്കുകയോ കാലാവധി കൂട്ടുകയോ ആണ് ബാങ്കുകള്‍ ചെയ്യുന്നത്. ഒന്നിലധികം വായ്പകള്‍ ഉള്ളവരാണ് ഇന്ന് ഇടത്തട്ടുകാരില്‍ ഏറെയും. ഭവന വായ്പകള്‍ക്ക് പുറമേ വാഹന വായ്പ, സ്വര്‍ണപ്പണയം, വ്യക്തിഗത വായ്പ തുടങ്ങിയ ബാധ്യതകളും അധികം പേര്‍ക്കുമുണ്ടാകും. എല്ലാ വായ്പകളിലും അധിക നിരക്ക് വര്‍ധന പ്രതിഫലിക്കും. അതുകൊണ്ട് വരുമാനത്തില്‍ പെട്ടെന്ന് വര്‍ധന പ്രതീക്ഷിക്കുന്നില്ലെങ്കില്‍ വായ്പ തിരിച്ചടവ് മുടങ്ങാതിരിക്കാന്‍ കാലാവധി കൂട്ടിയെടുക്കുകയാണ് ഒരു വഴി. അതായത് മുകളിലത്തെ ഉദാഹരണത്തില്‍ ബാങ്കുമായി ബന്ധപ്പെട്ട് 25 വര്‍ഷ തിരിച്ചടവ് എന്നത് രണ്ടോ അതിലധികമോ വര്‍ഷം കൂട്ടി വാങ്ങുക. ഇഎംഐ നിലവിലെ രീതിയില്‍ തുടരാനാവുന്നത്ര കാലാവധി ഇങ്ങനെ നീട്ടി വാങ്ങാം.