പഴയ പെന്‍ഷന്‍ പദ്ധതി നിലവിലുള്ള എന്‍പിഎസിനേക്കാള്‍ നാലര മടങ്ങ് ചെലവേറിയത്
ദേശീയ പെന്‍ഷന്‍ സംവിധാനത്തെ അപേക്ഷിച്ച് സര്‍ക്കാരിന് 4.5 മടങ്ങ് കൂടുതല്‍ സാമ്പത്തിക ബാധ്യത വരുത്തുമെന്നു ആർബിഐ പഠനം
പഴയ പെന്‍ഷന്‍ സ്‌കീമിലേക്ക് (ഒപിഎസ്) തിരിച്ചുവരുന്നതിനെതിരെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). ഈ വര്‍ഷം സെപ്റ്റംബര്‍ 18-നു പുറത്തിറക്കിയ ആര്‍ബിഐ പഠന റിപ്പോര്‍ട്ടില്‍ ഒപിഎസ് തിരിച്ചുവന്നാലുള്ള ദോഷങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നു.
ഒപിഎസ് നടപ്പിലാക്കുന്നത് നിലവിലുള്ള ദേശീയ പെന്‍ഷന്‍ സംവിധാനത്തെ (എന്‍പിഎസ്) അപേക്ഷിച്ച് സര്‍ക്കാരിന് 4.5 മടങ്ങ് കൂടുതല്‍ സാമ്പത്തിക ബാധ്യത വരുത്തുമെന്നും പഠനം പറയുന്നു.
ഇന്ത്യയിലെ ചില സംസ്ഥാനങ്ങള്‍ പഴയ പെന്‍ഷന്‍ പദ്ധതി പുനരുജ്ജീവിപ്പിക്കാന്‍ പോവുകയാണ്. ഇതിനെതിരേ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പഠനം മുന്നറിയിപ്പ് നല്‍കുന്നു. ഇത് ഇന്ത്യയുടെ ഭാവി തലമുറയുടെ താല്‍പര്യത്തെ ഹനിക്കുന്നതാണെന്നും പഠനം പറയുന്നു.
രണ്ടായിരത്തിന്‍റെ തുടക്കത്തിലാണ് ഇന്ത്യയില്‍ പെന്‍ഷന്‍ പരിഷ്‌കാരങ്ങള്‍ അവതരിപ്പിച്ചത്. ഇതേ തുടര്‍ന്നു മിക്ക സംസ്ഥാന സര്‍ക്കാരുകള്‍ക്കും പങ്കാളിത്ത രീതിയിലുള്ള എന്‍പിഎസ് നടപ്പിലാക്കേണ്ടതായി വന്നു.
എന്നാല്‍ രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, പഞ്ചാബ്, ഹിമാചല്‍ പ്രദേശ് തുടങ്ങി നിരവധി സംസ്ഥാനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ഒപിഎസിലേക്കു മടങ്ങുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. വിരമിച്ചശേഷം ജീവനക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ എന്‍പിഎസ് പരാജയമാണെന്നു ചൂണ്ടിക്കാണിച്ചാണ് ഈ സംസ്ഥാനങ്ങള്‍ പഴയ സ്‌കീമിലേക്ക് തിരിച്ചുപോകുന്നത്.
ഈ സംസ്ഥാനങ്ങള്‍ ഒപിഎസിലേക്ക് മടങ്ങുന്നത് മുന്‍കാല സാമ്പത്തിക പരിഷ്‌കാരങ്ങളുടെ നേട്ടങ്ങളെ തുരങ്കം വയ്ക്കുന്ന പിന്തിരിപ്പന്‍ നീക്കമാകുമെന്നു പഠനം മുന്നറിയിപ്പ് നല്‍കുന്നു.
പഴയ പെന്‍ഷന്‍ സമ്പ്രദായത്തിലേക്ക് മാറിയതിലൂടെ രാജസ്ഥാന് പുതിയ പദ്ധതിയെക്കാള്‍ 4.2 മടങ്ങ് അധിക ചെലവുണ്ടായതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ലോകത്തിലെ പല രാജ്യങ്ങളും നിശ്ചിത പെന്‍ഷന്‍ എന്ന ആശയം മാറ്റി പങ്കാളിത്ത പെന്‍ഷനിലേക്കു മാറിക്കൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഒപിഎസ്
പഴയ പെന്‍ഷന്‍ പദ്ധതി പ്രകാരം അവസാന ശമ്പളത്തിന്റെ നിശ്ചിത ശതമാനം തുക സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിരമിച്ച ശേഷം മാസം തോറും നല്‍കും.
എന്‍പിഎസ്
2004-ല്‍ എന്‍ഡിഎ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി കൊണ്ടുവന്നതാണ് നാഷണല്‍ പെന്‍ഷന്‍ സ്‌കീം അഥവാ എന്‍പിഎസ്. 2009-ല്‍ ഇത് വിപുലീകരിച്ചു. ഇപ്പോള്‍ സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും അസംഘടിത തൊഴിലാളികള്‍ക്കും ഉള്‍പ്പെടെ എല്ലാ പൗരന്മാര്‍ക്കും ഇതില്‍ ചേരാം.
ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് മാസം തോറും നിശ്ചിത തുക പെന്‍ഷന്‍ ഫണ്ടിലേക്കു മാറ്റും. ഈ ഫണ്ട് ഓഹരി വിപണി, കടപ്പത്രങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടായതിനാല്‍ വിരമിക്കുന്ന സമയത്തെ വിപണിയുടെ സ്ഥിതി അനുസരിച്ചായിരിക്കും പെന്‍ഷനും ആനുകൂല്യങ്ങളും നല്‍കുക.