ഇപിഎഫ് പദ്ധതിയിൽ സമഗ്രമാറ്റത്തിന് കേന്ദ്രം; പെന്‍ഷന്‍ വര്‍ധിപ്പിക്കും, വിരമിക്കുമ്പോള്‍ ഭാഗികമായി പിന്‍വലിക്കാം

Update: 2024-10-09 15:13 GMT

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇപിഎഫ്) പെന്‍ഷന്‍ പദ്ധതിയില്‍ സമഗ്രമായ മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. കുറഞ്ഞ പി.എഫ് പെന്‍ഷന്‍ വര്‍ധിപ്പിക്കല്‍, വിരമിക്കുമ്പോള്‍ പെന്‍ഷന്‍ ഫണ്ടില്‍ നിന്ന് ഭാഗികമായി തുക പിന്‍വലിക്കാന്‍ അനുമതിനല്‍കല്‍ തുടങ്ങിയ മാറ്റങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ പെന്‍ഷന്‍ ഫണ്ടിലേക്കുള്ള വിഹിതം കണക്കാക്കുന്നതിന് അടിസ്ഥാനമാക്കുന്ന ശമ്പളത്തിന്റെ മേല്‍പ്പരിധി 15,000 രൂപയാണ്. ഇത് വര്‍ധിപ്പിക്കാനും ആലോചനയുണ്ടെന്നാണ്  റിപ്പോര്‍ട്ടുകള്‍. മിനിമം പി.എഫ് പെന്‍ഷന്‍ ഇപ്പോഴത്തെ 1000 രൂപയില്‍ നിന്ന് ഉയര്‍ത്താനും നീക്കമുണ്ട്. പി.എഫില്‍ നിന്ന് തുക പിന്‍വലിക്കുന്നത് ലളിതമാക്കാനും തൊഴില്‍ മന്ത്രാലയം നടപടി തുടങ്ങി. വിവാഹം, കുട്ടികളുടെ വിദ്യാഭ്യാസം, ചികിത്സ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് തുക പിന്‍വലിക്കാനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കും. വലിയതരത്തിലുള്ള മാറ്റങ്ങളാണ് ഇ.പി.എഫില്‍ ലക്ഷ്യമിടുന്നതെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കുന്നു. 

ഇപിഎഫില്‍ നിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങള്‍

(1) ഇപിഎഫ് പെന്‍ഷന്‍ 10 വര്‍ഷം പൂര്‍ത്തീകരിച്ചാല്‍ ലഭ്യമാണ്.

(2) ഇപിഎഫില്‍ അംഗമായ തൊഴിലാളി മരണപ്പെട്ടാല്‍ ആശ്രിതര്‍ക്ക് കിട്ടുന്ന പെന്‍ഷന്‍ തൊഴിലാളി ജോലിയില്‍ പ്രവേശിച്ച അന്നുമുതല്‍ ബാധകമാണ്. തൊഴിലാളിയുടെ പ്രായം, നിലവിലുള്ള ശമ്പളം, തുടര്‍ന്നുള്ള സര്‍വ്വീസ് എന്നിവ കണക്കാക്കി ഒരു ടേബിള്‍ അനുസരിച്ചാണ് പെന്‍ഷന്‍ നിശ്ചയിച്ചിട്ടുള്ളത്.

(3) എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ്: ഇപിഎഫില്‍ അംഗമായി ഒരു വര്‍ഷം പൂര്‍ത്തീകരിച്ച് തൊഴിലാളി മരണപ്പെടുകയാണെങ്കില്‍ ആശ്രിതര്‍ക്ക് ലഭ്യമാകുന്ന സാമ്പത്തിക സഹായമാണിത്. പരമാവധി 7 ലക്ഷം വരെ ലഭ്യമാകും. എല്ലാ തരത്തിലുള്ള മരണത്തിനും ആനുകൂല്യം  ലഭ്യമാണ്.


Tags:    

Similar News