എന്‍പിഎസിലെ നിക്ഷേപം, പിന്‍വലിക്കല്‍, നികുതിയിളവ് എങ്ങനെയെന്നു നോക്കാം

  • ടയര്‍-1 അക്കൗണ്ടിലെ നിക്ഷേപത്തില്‍ നിന്നും ഒരു ഭാഗം ആന്വറ്റി വാങ്ങാന്‍ മാറ്റിവെയ്ക്കണം
  • 50,000 രൂപയുടെ അധിക നിക്ഷേപത്തിനും നികുതിയിളവ്
  • ടയര്‍-2 അക്കൗണ്ടിലെ പണം പിന്‍വലിക്കാന്‍ നിബന്ധനകളില്ല

Update: 2024-04-06 11:18 GMT

ദേശീയ പെന്‍ഷന്‍ പദ്ധതി (എന്‍പിഎസ്) രാജ്യത്തെ ജനപ്രിയ നിക്ഷേപ പദ്ധതിയായി മാറിക്കഴിഞ്ഞു. പ്രത്യേകിച്ച് റിട്ടയര്‍മെന്റ് കാലത്തേക്കുള്ള സമ്പാദ്യ ഓപ്ഷന്‍. കേന്ദ്ര സര്‍ക്കാര്‍ സാര്‍വത്രിക പെന്‍ഷന്‍ എന്ന ആശയത്തോടനുബന്ധിച്ച് അവതരിപ്പിച്ചിരിക്കുന്ന പദ്ധതിയാണിത്. രണ്ട് നിര അക്കൗണ്ട് ഘടന ഉപയോഗിച്ച് വാര്‍ധക്യ കാലത്ത് സ്ഥിര വരുമാനം നേടുന്നതിനൊപ്പം ആകര്‍ഷകമായ നിക്ഷേപ രീതി എന്നതും ഇതിന്റെ പ്രത്യേകതയാണ്. ടയര്‍ -1, ടയര്‍-2 അക്കൗണ്ടുകളിലെ നിക്ഷേപം, പിന്‍വലിക്കല്‍, പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റ് എന്നിവയെല്ലാം മനസിലാക്കി വേണം നിക്ഷേപകര്‍ എന്‍പിഎസിനെ സമീപിക്കേണ്ടത്.

അക്കൗണ്ടുകള്‍

ടയര്‍-1, ടയര്‍-2 എന്നിങ്ങനെ രണ്ട് അക്കൗണ്ട് ഘടനയുണ്ടെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നു. അച്ചടക്കത്തോടെയുള്ള നിക്ഷേപ സമീപനത്തിനായി നിര്‍ബന്ധമായും ആരംഭിക്കേണ്ട അക്കൗണ്ടാണ് ടയര്‍-1 അക്കൗണ്ട്. മ്യൂച്വല്‍ ഫണ്ട് നിക്ഷേപം അല്ലെങ്കില്‍ സേവിംഗ്‌സ് അക്കൗണ്ടിന് സമാനമാണ് ടയര്‍-2 അക്കൗണ്ട്.

ടയര്‍ -1 അക്കൗണ്ടിലെ നിക്ഷേപം ദീര്‍ഘകാല സാമ്പത്തിക സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണ്. അതിനാല്‍ ടയര്‍-1 അക്കൗണ്ടില്‍ നിന്നും പിന്‍വലിക്കുന്നതിന് നിയന്ത്രണമുണ്ട്. മാത്രവുമല്ല നിക്ഷേപത്തിന് നികുതിയിളവുമുണ്ട്. റിട്ടയര്‍മെന്റ് പ്രായം വരെ ലോക്ക് ചെയ്തിരിക്കുന്നത് ഇതിലെ നിക്ഷേപം ഗണ്യമായ വളര്‍ച്ചയ്ക്ക് സഹായിക്കും കൂടാതെ, ഇതിലെ നിക്ഷേപത്തിന്റെ ഒരു ഭാഗം പതിവായി പെന്‍ഷന്‍ ലഭിക്കാന്‍ ഒരു ആന്വറ്റി വാങ്ങാന്‍ ഉപയോഗിക്കണം.

ടയര്‍-2 അക്കൗണ്ടിലെ നിക്ഷേപം നിര്‍ബന്ധിതമല്ല. അധിക സമ്പാദ്യം ലക്ഷ്യമിടുന്നവര്‍ക്കാണിത്. കൂടാതെ, നിക്ഷേപം പിന്‍വലിക്കാന്‍ നിബന്ധനകളൊന്നുമില്ല. നിക്ഷേപം ഉപയോഗിച്ച് ആന്വയിറ്റി വാങ്ങണമെന്നൊന്നുമില്ല. ഹ്രസ്വ-മധ്യകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കായി ഇതിലെ നിക്ഷേപം പ്രയോജനപ്പെടുത്താം.

നിക്ഷേപം

എന്‍പിഎസിലെ ഒരു വര്‍ഷത്തെ കുറഞ്ഞ നിക്ഷേപം 500 രൂപയാണ്. പരമാവധി നിക്ഷേപം 1.5 ലക്ഷം രൂപയാണ്. നിക്ഷേപത്തിന് നികുതിയിളവ് ലഭ്യമാണ്. 1.5 ലക്ഷം രൂപയ്ക്ക് പുറമേ 50,000 രൂപയുടെ നിക്ഷേപത്തിനും നികുതിയിളവ് ലഭിക്കും. പ്രവാസികള്‍ക്കടക്കം നിക്ഷേപം നടത്താം. അക്കൗണ്ട് തുറക്കാനുള്ള പ്രായപരിധി 18 വയസുമുതല്‍ 70 വയസുവരെയാണ്. ബാങ്കുകള്‍, പോസ്‌റ്റോഫീസുകള്‍ എന്നിവിടങ്ങളില്‍ എന്‍പിഎസ് ആരംഭിക്കാം.

പോര്‍ട്ട്‌ഫോളിയോ മാനേജ്മന്റെ്

ഇക്വിറ്റി (ഇ), കോര്‍പ്പറേറ്റ് ബോണ്ടുകള്‍ (സി), ഗവണ്‍മെന്റ് സെക്യൂരിറ്റീസ് (ജി), ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടുകള്‍ (എ) എന്നിങ്ങനെ വിവിധ അസറ്റ് ക്ലാസുകളിലുടനീളം നിക്ഷേപങ്ങള്‍ വൈവിധ്യവത്കരിക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്ഥിരതയും വളര്‍ച്ചയും കൈവരിക്കുന്നതിനുള്ള ഒരു പ്രധാന തന്ത്രമാണ്. ഈ സമീപനം ഏതെങ്കിലും ഒരു വിഭാഗത്തിലെ മോശം പ്രകടനത്തിന്റെ ആഘാതം ലഘൂകരിക്കാന്‍ സഹായിക്കുന്നു.

പിന്‍വലിക്കല്‍

എന്‍പിഎസിലെ ടയര്‍ 1 അക്കൗണ്ടുകള്‍ റിട്ടയര്‍മെന്റ് ആസൂത്രണത്തിനായി പ്രത്യേകമായി രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. കോര്‍പ്പസിന്റെ കുറഞ്ഞത് 40 ശതമാനമെങ്കിലും ഉപയോഗിച്ച് ആന്വറ്റി  വാങ്ങുന്നത് നിര്‍ബന്ധമായും ഉള്ളതിനാല്‍ വിരമിക്കല്‍ വരെ പിന്‍വലിക്കലുകള്‍ പരിമിതപ്പെടുത്തിയിരിക്കുന്നു. എന്നിരുന്നാലും, ഗുരുതരമായ രോഗം, സ്ഥിരമായ വൈകല്യം അല്ലെങ്കില്‍ ചില നിര്‍ദ്ദിഷ്ട സാഹചര്യങ്ങള്‍ പോലുള്ള പ്രത്യേക സാഹചര്യങ്ങളില്‍ 60 വയസ്സിന് മുമ്പ് അകാല പിന്‍വലിക്കല്‍ അനുവദനീയമാണ്. അത്തരം സന്ദര്‍ഭങ്ങളില്‍, കോര്‍പ്പസിന്റെ 80 ശതമാനം ഒരു ആന്വറ്റിക്കായി നിയോഗിക്കണം, ബാക്കി 20 ശതമാനം ലംപ്‌സമായി പിന്‍വലിക്കാം.

ടയര്‍ 2 അക്കൗണ്ടിലെ നിക്ഷേപത്തില്‍ നിന്നും എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാം. ആന്വിറ്റി വാങ്ങുക തുടങ്ങിയ നിബന്ധനകളോ പരിമിതികളോ പിന്‍വലിക്കുന്നതിനുള്ള പ്രായ നിയന്ത്രണങ്ങളോ ഇതിനില്ല. നിക്ഷേപകരുടെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതാണിത്. ടയര്‍ 2 അക്കൗണ്ടുകള്‍ നിക്ഷേപകരെ അവരുടെ സാമ്പത്തിക മുന്‍ഗണനകളെ അടിസ്ഥാനമാക്കി മുഴുവന്‍ നിക്ഷേപവും കൈകാര്യം ചെയ്യാന്‍ അനുവദിക്കുന്നുണ്ട്.

Tags:    

Similar News