നടപ്പ് സാമ്പത്തിക വർഷം 79 ലക്ഷം പേർ കൂടി അടൽ പെൻഷൻ യോജനയ്ക്ക് (എപിവൈ) കീഴിൽ ചേർന്നതോടെ മൊത്തം എൻറോൾമെന്റ് 6 കോടിയിൽ അധികമായി രേഖപ്പെടുത്തി ധനമന്ത്രാലയം അറിയിച്ചു.
“സമൂഹത്തിലെ ഏറ്റവും ദുർബലരായ വിഭാഗങ്ങളെ പെൻഷന്റെ പരിധിയിൽ കൊണ്ടുവരിക എന്ന നേട്ടം എല്ലാ ബാങ്കുകളുടെയും പരിശ്രമത്തിലൂടെ സാധ്യമായിരിക്കുന്നു,” മന്ത്രാലയം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
ഒരു വാരികാരന് 60 വയസ്സ് മുതൽ 1000 - 5000 രൂപ വരെ ആജീവനാന്ത പ്രതിമാസ പെൻഷന്റെ ആനുകൂല്യമാണ് എപിവൈ നൽകുന്നത്. വരിക്കാരന്റെ ജീവിതപങ്കാളിക്ക് അയാളുടെ മരണശേഷം അതേ പെൻഷൻ നൽകുന്നത് തുടരും. കൂടാതെ വരിക്കാരന്റെയും ജീവിതപങ്കാളിയുടെയും മരണശേഷം, വരിക്കാരന്റെ 60 വയസ്സ് വരെ സ്വരൂപിച്ച പെൻഷൻ സമ്പത്ത് നോമിനിക്ക് തിരികെ നൽകും.
എന്താണ് അടൽ പെൻഷൻ യോജന
ഇന്ത്യൻ പൗരന്മാർക്ക് വാർദ്ധക്യ വരുമാന സുരക്ഷ നൽകുന്നതിനായി ആരംഭിച്ച പെൻഷൻ പദ്ധതിയായാണ് ഇത്. പ്രത്യേകിച്ച് ദരിദ്രർ, അധഃസ്ഥിതർ, അസംഘടിത മേഖലകളിലെ തൊഴിലാളികൾ എന്നിവർക്ക് ശ്രദ്ധ നൽകിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി 2015 മെയ് 9 ന് നിലവിൽ വരുത്തിയ ഒരു പ്രധാന സാമൂഹിക സുരക്ഷാ പദ്ധതിയാണ് അടൽ പെൻഷൻ യോജന.