ഇപിഎസ്-ല്‍ ഉയര്‍ന്ന പെന്‍ഷന് അപേക്ഷിക്കാന്‍ ഇന്ന് കൂടി അവസരം
- നേരത്തേ 3 തവണ സമയപരിധി നീട്ടിനല്‍കിയിരുന്നു
- പ്രതിമാസ വിഹിതം ഉയര്‍ത്തി പെന്‍ഷനും വര്‍ധിപ്പിക്കാം
- നടപടി 2022 നവംബർ 4ലെ സുപ്രീം കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍
എംപ്ലായീസ് പെന്‍ഷന്‍ സ്‍കീമിന് (ഇപിഎസ്) കീഴില്‍ ഉയർന്ന പെൻഷൻ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷകൾ സമർപ്പിക്കേണ്ട സമയപരിധി ഇന്ന് അവസാനിക്കുന്നു. നേരത്തേ ഇപിഎഫ്ഒ മൂന്ന് തവണ സമയപരിധി നീട്ടിയിരുന്നതിനാല്‍ ഇനി അവസരം നല്‍കാന്‍ സാധ്യതയില്ല. നേരത്തേ ജൂണ്‍ 26ന് സമയപരിധി അവസാനിക്കാനിരിക്കെയാണ് ജൂലൈ 11 ലേക്ക് സമയപരിധി നീട്ടിയതായുള്ള അറിയിപ്പ് വന്നത് . അർഹരായ പെൻഷൻകാർ/അംഗങ്ങൾ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് അവസാന അവസരം എന്ന നിലയിലാണ് 15 ദിവസം കൂടി നല്‍കുന്നതെന്ന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.
പെന്‍ഷന്‍ ഫണ്ടിലേയ്ക്ക് പ്രതിമാസം നല്‍കുന്ന വിഹിതം യഥാര്‍ത്ഥ ശമ്പളത്തിന്‍റെ അടിസ്ഥാനത്തിലേക്ക് മാറ്റി ഉയര്‍ന്ന പെന്‍ഷന്‍ നേടുന്നതിനുള്ള ഓപ്ഷന്‍ തെരഞ്ഞെടുക്കാന്‍ മാര്‍ച്ച് 3 വരെയായിരുന്നു ആദ്യം സമയം നല്‍കിയിരുന്നത്. പിന്നീട് ഇത് മേയ് 3ലേക്കും ജൂണ്‍ 26ലേക്കും നീട്ടുകയായിരുന്നു. ഉയര്‍ന്ന പെന്‍ഷനായി എത്ര തുക കൂടുതല്‍ നേടാനാകുമെന്ന് കണക്കാക്കുന്നതിന് സഹായിക്കുന്ന 'എക്‌സല്‍ യൂട്ടിലിറ്റി' അല്‍പ്പ ദിവസങ്ങള്‍ക്കു മുമ്പ് മാത്രമാണ് ഇപിഎഫ്ഒ പുറത്തിറക്കിയത്. ഇതു കൂടി കണക്കിലെടുത്താണ് നേരത്തേ കൂടുതല്‍ സമയം അനുവദിച്ചത്.
ഉയര്‍ന്ന ശമ്പളമുള്ള ജീവനക്കാര്‍ക്ക്, ഈ പെന്‍ഷന്‍ ഓപ്‌ഷൻ / ജോയിന്റ് ഓപ്‌ഷന്‍ തെരഞ്ഞെടുക്കുന്നത് സ്ഥിരീകരിച്ചുകൊണ്ട് ഓണ്‍ലൈനായി അപേക്ഷകൾ സമർപ്പിക്കാം. ഇതിന് നിങ്ങള്‍ https://unifiedportal-mem.epfindia.gov.in/memberinterface/ എന്ന വെബ്സൈറ്റ് സന്ദർശിക്കണം. നിങ്ങളുടെ യുഎഎൻ, പേര്, ജനനത്തീയതി, ആധാർ വിശദാംശങ്ങൾ എന്നിങ്ങനെ ആവശ്യമുള്ള എല്ലാ വിശദാംശങ്ങളും നല്‍കുക. നിങ്ങളുടെ ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈൽ നമ്പറിൽ ഒരു ഒറ്റത്തവണ പാസ്‌വേഡ് (OTP) ലഭിക്കും. ഇത് നല്‍കിക്കൊണ്ടാണ് നിങ്ങള്‍ സ്ഥിരീകരണം നല്‍കേണ്ടത്. വിശദാംശങ്ങൾ സ്ഥിരീകരിച്ചുകഴിഞ്ഞാൽ, ആപ്ലിക്കേഷന്റെ ഭാഗമായ ഒരു നിരാകരണ സന്ദേശം നിങ്ങൾ അംഗീകരിക്കണം. തുടർന്ന്, നിങ്ങള്‍ അപേക്ഷയുടെ അടുത്ത പേജിലേക്ക് നയിക്കപ്പെടും. അവിടെ നിങ്ങൾ പിഎഫ് അംഗത്വവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ നൽകേണ്ടതുണ്ട്.നിങ്ങളുടെ മുൻ സജീവ പ്രോവിഡന്റ് ഫണ്ട് (പെൻഷൻ) അക്കൗണ്ടുകൾ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ, പിഎഫ് വിഹിതങ്ങളുടെ വിശദാംശങ്ങൾ, മറ്റ് രേഖകൾ എന്നിവ ഇതില്‍ ഉൾപ്പെടുന്നു.
ഇപിഎഫ്ഒ പോർട്ടലിൽ, ഉയർന്ന പെന്‍ഷനുള്ള അപേക്ഷയുടെ നടപടിക്രമങ്ങൾ പൂർത്തിയായാല്‍ നിങ്ങൾക്ക് ഒരു അക്നോളജ്മെന്റ് രസീത് ലഭിക്കും. നിങ്ങൾ ഫോം സമർപ്പിച്ചതിന് ശേഷം ഈ അക്നോളജ്മെന്‍റ് രസീതുകളുടെ സഹായത്തോടെ നിങ്ങള്‍ക്ക് നിങ്ങളുടെ അപേക്ഷ ട്രാക്ക് ചെയ്യാനും സാധിക്കും. 2022 നവംബർ 4ലെ സുപ്രീം കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ അര്‍ഹരായ പെൻഷൻകാർക്ക്/അംഗങ്ങൾക്കാണ് ഉയര്‍ന്ന പെന്‍ഷന് അവസരമുള്ളത്.
രേഖകള്‍ കണ്ടെത്തി സമര്‍പ്പിക്കുന്നതിലെ ബുദ്ധിമുട്ടുകളും സാങ്കേതികമായ പ്രശ്നങ്ങളും കാരണം പലര്‍ക്കും അപേക്ഷ സമര്‍പ്പിക്കാനാകുന്നില്ലെന്ന് നേരത്തേ തൊഴിലാളി സംഘടനകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ജീവനക്കാര്‍ ജോയിന്‍റ് ഓപ്ഷനാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ തൊഴിലുടമ 1995 നവംബര്‍ മുതലുള്ള കണക്കുകളും വിശദാംശങ്ങളും നല്‍കണം. ഇത്രയും പഴക്കമുള്ള കണക്കുകള്‍ കണ്ടെത്തുന്നതില്‍ ബുദ്ധിമുട്ട് നേരിടുന്നുവെന്നും ഇത് ലഭ്യമാക്കുന്നതിന് ഇപിഎഫ്ഒ തന്നെ നടപടി സ്വീകരിക്കണമെന്നും തൊഴിലുടമകളും ആവശ്യപ്പെട്ടിട്ടുണ്ട്.
കെവൈസി അപ്‌ഡേറ്റിലെ എന്തെങ്കിലും പ്രശ്‌നം കാരണം, ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിൽ ബുദ്ധിമുട്ട് നേരിട്ടാല്‍ അര്‍ഹരായ ഏതൊരു പെൻഷൻകാർക്കും പരിഹാരത്തിനായി ഇതുസംബന്ധിച്ച പരാതികൾ ഉടൻ തന്നെ ഇപിഎഫ്ഐജിഎംഎസ്-ൽ സമർപ്പിക്കാവുന്നതാണ്. പരാതി വിഭാഗത്തില്‍ കാണുന്ന "ഹയര്‍ പെൻഷനറി ബെനിഫിറ്റ്സ് ഫോര്‍ ഹയര്‍ വേജസ് (ഉയർന്ന വേതനത്തിലുള്ള ഉയർന്ന പെൻഷനറി ആനുകൂല്യങ്ങൾ)" തെരഞ്ഞെടുത്ത് പരാതി സമർപ്പിക്കാവുന്നതാണ്. ഇത് പരാതിയുടെ ശരിയായ സമര്‍പ്പിക്കല്‍ ഉറപ്പാക്കുകയും തുടര്‍നടപടികള്‍ക്ക് സഹായകമാകുകയും ചെയ്യും.