നിക്ഷേപം വെറും 5,000 രൂപ; നേടാം 20,000 രൂപയുടെ പെന്‍ഷന്‍
- ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കുന്നവര്‍ക്ക് 10 ശതമാനത്തിലധികം നേട്ടം
- എന്‍പിഎസില്‍ പെന്‍ഷനായി നിക്ഷേപിക്കുമ്പോള്‍ ടയര്‍1 അക്കൗണ്ടിൽ നിക്ഷേപിക്കണം
- ആദായനികുതി നിയമത്തിന്റെ 80C പ്രകാരം നികുതി ഇളവ്
വിരമിക്കലിനു ശേഷമുള്ള സാമ്പത്തിക ഭദ്രത ഓരോരുത്തരെ സംബന്ധിച്ചും പ്രധാനമാണ്. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവരാണെങ്കില്‍ പ്രത്യേകിച്ചും. ഓരോരുത്തരുടെയും സാമ്പത്തിക ശേഷി അനുസരിച്ചും വിരമിക്കല്‍ കാലത്ത് വേണ്ട പെന്‍ഷന് അനുസരിച്ചും റിട്ടയര്‍മെന്റ് ഫണ്ട് തയ്യാറാക്കാന്‍ സാധിക്കുന്നൊരു നിക്ഷേപ മാര്‍ഗമാണ് നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം (എന്‍പിഎസ്).
നേരത്തെ തുടങ്ങിയാല്‍ വിരമിക്കല്‍ കാല ഫണ്ടിലേക്ക് നിക്ഷേപിക്കാന്‍ കൂടുതല്‍ കാലം ലഭിക്കുമെന്നതിനൊപ്പം ചെറിയ തുകയില്‍ നിന്ന് വലിയ സമ്പാദ്യമുണ്ടാക്കാനു സാധിക്കും. അതോടൊപ്പം, നികുതി അട്ക്കുന്ന വ്യക്തികളാണെങ്കില്‍ നികുതി 2 ലക്ഷം രൂപ വരെ നികുതി ഇളവും ലഭിക്കുന്നവയാണ് ഇവ. ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കുന്നവര്‍ക്ക് 10 ശതമാനത്തിലധികം നേട്ടം ലഭിക്കും.
ഉദാഹരണത്തിന് ചില പെന്‍ഷന്‍ ഫണ്ടുകളുടെ പ്രകടനം നോക്കാം. എസ്ബിഐ പെന്‍ഷന്‍ ഫണ്ട് 2009ല്‍ ആരംഭിച്ചത് മുതല്‍ 10.43% വാര്‍ഷിക വരുമാനം നേടിയിട്ടുണ്ട്. ഇത് ശ്രദ്ധേയമായ നേട്ടമാണ്. എച്ച്ഡിഎഫ്‌സി പെന്‍ഷന്‍ ഫണ്ട് 2013 ഓഗസ്റ്റ് മുതല്‍ നല്‍കിയ ഏറ്റവും ഉയര്‍ന്ന റിട്ടേണ്‍ ആയ 14.14% ആണ് അതേസമയം, LIC പെന്‍ഷന്‍ ഫണ്ട് ഇത് വരെ 12.24% വരുമാനം നേടി. മറ്റ് ഫണ്ടുകളായ യുടിഐ എസ്ആര്‍എല്‍, ഐസിഐസിഐ പെന്‍ഷന്‍ ഫണ്ട്, കൊട്ടക് പെന്‍ഷന്‍ ഫണ്ട്, ബിര്‍ള പെന്‍ഷന്‍ ഫണ്ട് എന്നിവയും ആരംഭിച്ചത് മുതല്‍ 11% വരുമാനം നല്‍കുന്നുണ്ട്.
എന്‍പിഎസ് നിക്ഷേപങ്ങള്‍ക്കും ദീര്‍ഘകാലാടിസ്ഥാനത്തില്‍ മികച്ച വരുമാനം സൃഷ്ടിക്കാനുള്ള കഴിവുണ്ട്. ശരാശരി 10% റിട്ടേണ്‍ ലഭിച്ചാല്‍ മാസത്തില്‍ 5,000 രൂപ വിവിധ കാലാവധിയില്‍ നിക്ഷേപിക്കുമ്പോഴുള്ള വരുമാനം നോക്കാം. 30ാം വയസില്‍ നിക്ഷേപിക്കുമ്പോള്‍ 30 വര്‍ഷം നിക്ഷേപിക്കാന്‍ ലഭിക്കും.
10 ശതമാനം റിട്ടേണ്‍ ലഭിക്കുമ്പോള്‍ 1.13 കോടി രൂപ നേടാം. 40% ആന്വിറ്റിയിലേക്ക് മാറ്റിയാല്‍ മാസം 22793 രൂപ പെന്‍ഷനും 45 ലക്ഷം രൂപ സമ്പാദ്യവും ലഭിക്കും. 5,000 രൂപ 25 വര്‍ഷത്തേക്ക് നിക്ഷേപിക്കുമ്പോള്‍ 66.8 ലക്ഷം രൂപ ലഭിക്കും. ഇതില്‍ നിന്ന് 13379 രൂപ മാസ പെന്‍ഷനും 26.75 ലക്ഷം സമ്പാദ്യവും ഫണ്ടാക്കിയെടുക്കാം. നിക്ഷേപം 10,000 രൂപയോ 15,000രൂപയോ ആക്കി ഉയര്‍ത്തി 35 വര്‍ഷ കാലയളവില്‍ നിക്ഷേപിച്ചാല്‍ യഥാക്രമം 3.8 കോടി രൂപയോ 5.69 കോടി രൂപയോ നേടാം.
എന്‍പിഎസില്‍ പെന്‍ഷനായി നിക്ഷേപിക്കുമ്പോള്‍ ടയര്‍1 അക്കൗണ്ടിലേക്കാണ് നിക്ഷേപിക്കേണ്ടത്. ടയര്‍1 അക്കൗണ്ടിലെ തുക റിട്ടയര്‍മെന്റിന് ശേഷം 60% എന്‍പിഎസ് വരിക്കാരന് സമ്പാദ്യമായി വാങ്ങാം. ബാക്കിയുള്ള 40% തുക നിര്‍ബന്ധമായും പ്രതിമാസ വരുമാനം നല്‍കുന്ന ഒരു ആന്വിറ്റി വാങ്ങാന്‍ ഉപയോഗിക്കണം.
വരിക്കാന്റെ താല്‍പര്യാര്‍ഥം 100 ശതമാനവും ആന്വിറ്റിയിലേക്ക് മാറ്റാം. ഇതുപ്രകാരം 2.5 കോടി രൂപ സമ്പാദ്യമായി സ്വരൂപിച്ചിട്ടുള്ളവര്‍ക്ക് ഓരോ മാസവും 50,000 രൂപ പെന്‍ഷന് അര്‍ഹതയുണ്ട്. വിരമിക്കാനുള്ള സമയമാകുമ്പോള്‍ ഈ പണത്തിന്റെ 60%, അല്ലെങ്കില്‍ 1.5 കോടി ഒറ്റയടിക്ക് പിന്‍വലിക്കാം,
എന്‍പിഎസ് ടയര്‍1 അക്കൗണ്ടില്‍ നിക്ഷേപിക്കുമ്പോള്‍ റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ക്കൊപ്പം നികുതി ഇളവ് ആനുകൂല്യങ്ങള്‍ ആകര്‍ഷകമാണ്. ആദായനികുതി നിയമത്തിന്റെ 80C പ്രകാരം 1.50 ലക്ഷം രൂപയും 80CCD (1B) പ്രകാരം 50,000 രൂപയുടെയും നികുതി ഇളവിന് എന്‍പിഎസില്‍ അര്‍ഹതയുണ്ട്. ആന്വിറ്റികളില്‍ നിന്നുള്ള വരുമാനം ആദായനികുതിക്ക് വിധേയമാണെങ്കിലും ടയര്‍1 അക്കൗണ്ടില്‍ നിന്ന് ഒറ്റത്തവണ പിന്‍വലിക്കുന്ന തുക നികുതി രഹിതമാണ്.