മുതിര്‍ന്ന പൗരന്മാരാണോ? 3 ലക്ഷം ഉടന്‍ 5 ലക്ഷമാകാന്‍ ഇതാണ് വഴി
- ഇന്‍ഷൂറന്‍സ് ഗ്യാരണ്ടി
- 9.6% പലിശ ലഭിക്കും
- 3 ലക്ഷം നിക്ഷേപിക്കാം
60 വയസ്സ് കഴിഞ്ഞാല്‍ പിന്നെ സമ്പാദ്യം വര്‍ധിപ്പിക്കാന്‍ ദീര്‍ഘകാല പദ്ധതികളേക്കാള്‍ ഹ്രസ്വകാല പ്ലാനുകളാണ്. ബാക്കിയുള്ള ജീവിതത്തില്‍ പണത്തിന്റെ ബുദ്ധിമുട്ടും ദുരിതവുമൊന്നുമില്ലാതെ ആനന്ദകരമായി നയിക്കാന്‍ സാധിക്കണം. അതുകൊണ്ട് തന്നെ സുരക്ഷിതമായതും ചെറിയ കാലയളവില്‍ മികച്ച ആദായം ഉറപ്പുതരുന്നതുമായ നിക്ഷേപ പദ്ധതികളെ പരിഗണിക്കാം. അത്തരത്തിലൊന്നാണ് ബാങ്കുകളുടെ സ്ഥിരനിക്ഷേപങ്ങള്‍.
നിലവിലെ പണപ്പെരുപ്പ സാഹചര്യത്തില്‍ മികച്ച പലിശ മുതിര്‍ന്ന പൗരന്മാരുടെ നിക്ഷേപങ്ങള്‍ പല ബാങ്കുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്‍ നിക്ഷേപിക്കുമ്പോള്‍ കുറച്ചുകൂടി മെച്ചപ്പെട്ട ആദായം ആര് തരുമെന്ന് നോക്കിയാണ് പണം നിക്ഷേപിക്കേണ്ടത്. അതേസമയം മറ്റൊരു കാര്യം കൂടി പരിഗണിക്കാന്‍ നിക്ഷേപകന്‍ മറക്കരുത്. ഒരു ബാങ്കില്‍ ആര്‍ബിഐയുടെ ഡപ്പോസിറ്റ് ഇന്‍ഷൂറന്‍സ് ആന്റ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്‍ നിയമം അനുസരിച്ച് സ്ഥിര നിക്ഷേപത്തുക (പലിശയും മുതലും അടക്കം)അഞ്ച് ലക്ഷം രൂപവരെയാണ് ഗ്യാരണ്ടി ലഭിക്കുകയുള്ളൂ.
അറുപതുകാരനായ നിങ്ങള്‍ക്ക് റിട്ടയര്‍മെന്റ് ആനുകൂല്യങ്ങളോ അല്ലാതെയോ കൈവശം ഒരു മൂന്ന് ലക്ഷം രൂപയുണ്ടെന്ന് വിചാരിക്കുക. 65 വയസ്സാകുമ്പോഴേക്കും ഈ തുക ഉപയോഗിച്ച് മികച്ച റിട്ടേണ്‍ നേടാന്‍ എന്തുചെയ്യണം? സ്ഥിര നിക്ഷേപ പദ്ധതി തന്നെയാണ് കൂടുതല്‍ നല്ലത്. അതുകൊണ്ട് സ്ഥിരനിക്ഷേപ പദ്ധതിക്ക് ഏറ്റവും കൂടുതല്‍ പലിശ നിരക്ക് ഉറപ്പ് നല്‍കുന്ന ബാങ്കുകള്‍ ഏതൊക്കെയാണെന്ന് ആദ്യം തന്നെ പരിശോധിക്കാം.
ഒരു വിധം എല്ലാ ബാങ്കുകളും ഒമ്പത് ശതമാനത്തോളം പലിശ മുതിര്‍ന്ന പൗരന്മാരുടെ നിക്ഷേപത്തിന് നല്‍കുന്നുണ്ട്. എന്നാല്‍ കുറച്ചുകൂടി അധികം പലിശ ഈ വിഭാഗത്തിലുള്ള നിക്ഷേപകര്‍ക്ക് നല്‍കുന്ന ബാങ്കാണ് സൂര്യോദയ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്. അഞ്ച് വര്‍ഷത്തേക്കുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സ്ഥിര നിക്ഷേപത്തിന് 9.6 ശതമാനമാണ് ഈ ബാങ്ക് പലിശ നല്‍കുന്നത്. അടുത്തിടെയാണ് ബാങ്ക് നിരക്ക് ഉയര്‍ത്തിയത്. എസ്എസ്എഫ്ബി ഫിക്‌സഡ് ഡപ്പോസിറ്റില്‍ മൂന്ന് ലക്ഷം രൂപ നിക്ഷേപിച്ചാല്‍ വെറും അഞ്ച് വര്‍ഷം കൊണ്ട് ആ തുക 4.82 ലക്ഷം രൂപയായി മടക്കികിട്ടും. ചെറിയ കാലയളവ് കൊണ്ട് മുതിര്‍ന്ന പൗരന്മാരെ സംബന്ധിച്ച് മികച്ച വരുമാനമാണിത്.
ഏതൊരു ബിസിനസിലും മൂന്ന് ലക്ഷം നിക്ഷേപിച്ചാലും ഇത്ര വരുമാനം ഉറപ്പുപറയാന്‍ സാധിച്ചേക്കില്ല. പണപ്പെരുപ്പ സാഹചര്യത്തില്‍ ബാങ്കുകളുടെ പലിശ നിരക്ക് കുറയാനുള്ള സാധ്യത കുറവായതിനാല്‍ ഈ റിട്ടേണ്‍ പ്രതീക്ഷിക്കാം. കൂടാതെ അഞ്ച് ലക്ഷം രൂപയുടെ താഴെയായതിനാല്‍ ഈ തുകയ്ക്ക് ഇന്‍വെസ്റ്റ്‌മെന്റ് ഇന്‍ഷൂറന്‍സിന്റെ പരിധിയില്‍ വരികയും ചെയ്യും.
ഈ പദ്ധതിയില്‍ ചെറിയ തുക നിക്ഷേപിക്കാനും സാധിക്കും. വെറും അരലക്ഷം രൂപ മാത്രമാണ് നിക്ഷേപിക്കാനായി കൈവശമുള്ളതെന്ന് വിചാരിക്കുക. ഇത് അഞ്ച് വര്‍ഷം കൊണ്ട് 80,347 രൂപയായി മടക്കിക്കിട്ടും. ഒരു ലക്ഷം നിക്ഷേപിക്കുന്ന ഒരാള്‍ക്ക് 1.6 ലക്ഷമായി കിട്ടാനും അഞ്ച് വര്‍ഷം കാത്തിരുന്നാല്‍ മതി. എന്നാല്‍ കുറച്ചധികം പണം നിക്ഷേപിക്കാന്‍ സാധിക്കുന്നയാളാണ് എങ്കില്‍ അഞ്ച് ലക്ഷം അഞ്ച് വര്‍ഷത്തേക്ക് നിക്ഷേപിക്കുക. അപ്പോള്‍ ആ തുകയിന്മേല്‍ 9.6 ശതമാനം പലിശനിരക്കില്‍ ഇത് എട്ട് ലക്ഷം രൂപയായി വളര്‍ന്നിട്ടുണ്ടാകും.