ഭവന വായ്പ ഭാരമാകരുത്; ഇതൊക്കെ ശ്രദ്ധിക്കൂ

  • പലിശ കുറവ് എവിടെയെന്ന് അറിയാം
  • ഡൗണ്‍പേയ്‌മെന്റിന് പണമുണ്ടാകണം
  • എമര്‍ജന്‍സി ഫണ്ടില്‍ ഇഎംഐ വേണം

Update: 2023-05-01 05:00 GMT

സ്വന്തം ഭവനം വാങ്ങാന്‍ ആലോചിക്കുന്നവര്‍ക്ക് മൊത്തം പണം സംഘടിപ്പിക്കുന്നത് വലിയ പ്രയാസമുള്ള കാര്യമാണ്. അതുകൊണ്ട് തന്നെ തങ്ങളുടെ ബജറ്റിന് താങ്ങാനാകുന്ന വീട് വെക്കുന്നതാണ് ഉചിതം. എന്നാല്‍ സമ്പാദ്യത്തിന് പുറമേ പണം വേണ്ടി വന്നാല്‍ ഭവന വായ്പ പരിഗണിക്കുന്നതില്‍ തെറ്റില്ല. അതേസമയം ഭവന വായ്പ വലിയ സാമ്പത്തിക ബാധ്യതയായി മാറാതെ നോക്കണം. ഒരു ഭവന വായ്പ എടുക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍ കുറച്ചുകാര്യങ്ങളില്‍ ആദ്യമേ ധാരണ വേണം. വായ്പക്ക് അപേക്ഷിക്കുമ്പോള്‍ സ്ഥാപനങ്ങള്‍ ഡൗണ്‍പേയ്‌മെന്റിനുള്ള കപ്പാസിറ്റിയും ക്രെഡിറ്റ് സ്‌കോറുമാണ് കാര്യമായി നോക്കുന്നത്.

ക്രെഡിറ്റ് സ്‌കോര്‍

ഏത് വായ്പ എടുക്കുകയാണെങ്കിലും കസ്റ്റമറുടെ ക്രെഡിറ്റ് സ്‌കോര്‍ മികച്ചതാണോ എന്നാണ് വായ്പാ നല്‍കുന്ന സ്ഥാപനങ്ങള്‍ നോക്കുന്നത് . ക്രെഡിറ്റ് ഹിസ്റ്ററി മനസിലാക്കുന്നതിലൂടെ ഉപഭോക്താവ് തിരിച്ചടവ് കൃത്യമായി നടത്തുമോ എന്ന് അറിയാനുമാണിത്. ക്രെഡിറ്റ് സ്‌കോര്‍ 750, അതിനേക്കാള്‍ കൂടുതലോ ആണെങ്കില്‍ അപേക്ഷകന്‍ സാമ്പത്തികമായി അച്ചടക്കമുള്ള ആളാണെന്ന് മനസിലാക്കാം. അതിനാല്‍ വായ്പ ലഭിക്കാനുള്ള സാധ്യതയും കൂടുതലാണ്. അതിനാല്‍ വായ്പ നല്‍കുന്നവര്‍ക്ക് ക്രെഡിറ്റ് റിസ്‌ക് കുറവാണ്. വായ്പ കൊടുക്കുന്നവരുടെ ക്രെഡിറ്റ് റിസ്‌ക് കുറയുമ്പോള്‍ പലിശ നിരക്കും കുറയും.

ഡൗണ്‍പേയ്‌മെന്റ്

ഭവന വായ്പ ദീര്‍ഘകാലത്തേക്കാണ്. അതുകൊണ്ട് തന്നെ ഇത് വലിയ സാമ്പത്തിക ഭാരമായി മാറാതിരിക്കാന്‍ ഇപ്പോള്‍ തന്നെ ശ്രദ്ധ വേണം. വീടിന്റെ നിര്‍മാണത്തിന് ആവശ്യമായി വരുന്ന ചെലവിന്റെ 75 % മുതല്‍ 90 %വരെ വായ്പയായി ലഭിക്കും. എന്നാല്‍ പരമാവധി തുക ഡൗണ്‍പേയ്‌മെന്റായി മാറ്റിവെക്കാനുണ്ടെങ്കില്‍ വായ്പാ തുക അത്രയും കുറയും. പലിശയിലും ഇളവുണ്ടാകും. ചെലവിന്റെ 10 മുതല്‍ 25 %വരെ ഡൗണ്‍ പേയ്‌മെന്റിനായി ഉണ്ടായിരിക്കണം.

പലിശയില്‍ വിലപേശാം

ഭവന വായ്പ എടുക്കും മുമ്പ് ഏതൊക്കെ ധനകാര്യസ്ഥാപനങ്ങള്‍ എത്ര ശതമാനം വീതം പലിശയില്‍ വായ്പ നല്‍കുമെന്ന് അറിഞ്ഞിരിക്കുക. ഏറ്റവും കുറഞ്ഞ പലിശ വാഗ്ദാനം ചെയ്യുന്നവരും പ്രൊസ്സസിങ് ചാര്‍ജ് കുറവുള്ളതും ഏത് സ്ഥാപനമാണെന്ന് തിരിച്ചറിയുക. ഇതിന് ശേഷം മാത്രം വായ്പക്ക് അപേക്ഷിക്കുക. നിലവില്‍ 30 ലക്ഷം രൂപയ്ക്ക ്താഴെയുള്ള ഭവന വായ്പകള്‍ക്ക് 7.60-10.25 ശതമാനമാണ്

എമര്‍ജന്‍സി ഫണ്ട് നിര്‍ബന്ധം

സാമ്പത്തിക ആസൂത്രണം ഉള്ളവര്‍ എപ്പോഴും അപ്രതീക്ഷിത ചെലവുകള്‍ക്കോ ബാധ്യതകള്‍ക്കോ വേണ്ടി എമര്‍ജന്‍സി ഫണ്ട് കരുതും. ഈ തുകയിലേക്ക് എപ്പോഴെങ്കിലും ഭവന വായ്പയുടെ ഇഎംഐ മുടങ്ങിയാല്‍ ഗഡുക്കള്‍ അടക്കാനുള്ളത് കൂടി വകയിരുത്തണം. ജോലി നഷ്ടമോ അപകടമോ പോലുള്ള സംഭവങ്ങളുണ്ടായാല്‍ ഭവന വായ്പയുടെ ഇഎംഐ മുടങ്ങാതിരിക്കാനാണിത്. തിരിച്ചടവില്‍ ഒരു വിധത്തിലുള്ള വീഴ്ചയും സംഭവിക്കരുത്. കാരണം കൂട്ടുപ്പലിശ നല്‍കേണ്ടി വന്നാല്‍ വലിയ സാമ്പത്തിക ബാധ്യതയായി മാറും.

Tags:    

Similar News