മഴക്കാലത്തിന് മുമ്പേ വീട് നന്നാക്കണ്ടേ? വായ്പ ലഭിക്കും

  • അറ്റുകുറ്റപ്പണികള്‍ക്ക് വായ്പ
  • ബാലന്‍സ് ട്രാന്‍സ്ഫര്‍
  • ടോപ് അപ്പ് ലോണ്‍

Update: 2023-05-23 11:00 GMT

വീടോ ഫ്‌ളാറ്റോ നിര്‍മിക്കാന്‍ വായ്പ ലഭിക്കുമെന്ന എല്ലാവര്‍ക്കും അറിയാം. ദീര്‍ഘകാലത്തേക്കുള്ള ഹോം ലോണുകള്‍ ഒരുവിധം എല്ലാ ധനകാര്യ സ്ഥാപനങ്ങളും അനുവദിക്കുന്നുണ്ട്. എന്നാല്‍ നിലവിലുള്ള വീട് പുതുക്കി പണിയാനും അറ്റകുറ്റപ്പണികള്‍ നടത്താനും പണം വേണ്ടി വരാറുണ്ട്.

പലരും അറ്റകുറ്റപ്പണികളൊക്കെ മുടക്കിയിടുന്നത് വിചാരിച്ച തുക കൈവശമില്ലാത്തത് കൊണ്ടാണ്. മഴക്കാലത്തിന് മുമ്പ് വീട് അറ്റകുറ്റപ്പണികള്‍ നടത്തുകയോ പഴയ വീട് പുതുക്കിപ്പണിയുകയോ വേണ്ടി വരും. ഇതൊന്നും പണത്തിന്റെ ബുദ്ധിമുട്ടു കൊണ്ട് മാറ്റിവെക്കരുത് . കാരണം വീട് ദീര്‍ഘകാലത്തേക്ക് വേണ്ടതാണ്. ഭവന വായ്പ പോലെ തന്നെ അറ്റകുറ്റപ്പണികള്‍ക്ക് വേണ്ടിയും വായ്പയെടുക്കാം.

സാധാരണ ഇത്തരം ജോലികള്‍ക്ക് വേണ്ട എസ്റ്റിമേറ്റ് തയ്യാറാക്കിയ ശേഷം അറ്റകുറ്റപ്പണികള്‍ക്കുള്ള വായ്പക്കായി അപേക്ഷിക്കാം. ഭവന വായ്പയെ അപേക്ഷിച്ച് ഇത് കുറഞ്ഞ കാലത്തേക്കുള്ള വായ്പയാണ്. ഇത്തരം വായ്പകള്‍ പല ധനകാര്യ സ്ഥാപനങ്ങളും അനുവദിക്കുന്നുണ്ട്. പിന്നെയുള്ള മറ്റൊരു ഓപ്ഷന്‍ ഹോം കണ്‍സ്ട്രക്ഷന്‍ ലോണ്‍ ആണ്. പിന്നെയുള്ളത് വീട് കുറച്ചുകൂടി വലുതാക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഉള്ള വായ്പയാണ്.

ഹോം എക്‌സ്റ്റന്‍ഷന്‍ ലോണ്‍ എന്നാണ് ഇതിന് പറയുന്നത്. നിലവിലുള്ള വീട് മുറികള്‍ വര്‍ധിപ്പിക്കുകയോ വലുപ്പം കൂട്ടുകയോ ചെയ്യുന്നതിന് വേണ്ടിയാണ് ഈ വായ്പ സ്ഥാപനങ്ങള്‍ അനുവദിക്കുന്നത്. ഈ തുക ഉപയോഗിച്ച് പുതിയ നിലകള്‍ പണിയുകയോ മുറിയെടുക്കുകയോ ഒക്കെ ചെയ്യാം. ഈ വായ്പയ്ക്കും എസ്റ്റിമേറ്റ് തയ്യാറാക്കി വേണം അപേക്ഷിക്കാം. ഏകദേശം എത്ര ചെലവ് വരുമെന്ന് എസ്റ്റിമേറ്റില്‍ കാണിച്ചിരിക്കണം. അത് അനുസരിച്ചാണ് ഫണ്ട് പാസാകുന്നത്. ഇതും ചുരുങ്ങിയ കാലത്തില്‍ അടച്ചുതീര്‍ക്കേണ്ട വായ്പയാണ്.

മൂന്നാമതൊരു ഓപ്ഷനുള്ളത് ബാലന്‍സ് ട്രാന്‍സ്ഫര്‍ ലോണ്‍ ആണ്. ഇത് വീട് പുതുക്കി പണിയാനോ മറ്റോ പണം ആവശ്യം വരുമ്പോള്‍ നിലവില്‍ ഭവന വായ്പയുണ്ടെങ്കിലും അത് മറ്റൊരു സ്ഥാപനത്തിലേക്ക് മാറ്റിവെക്കുകയാണ് ചെയ്യുക. കുറഞ്ഞ പലിശ നിരക്കിനായിരിക്കണം പുതിയ വായ്പ എടുക്കേണ്ടത്. പഴയ സ്ഥാപനത്തിലെ വായ്പ ക്ലോസ് ചെയ്യാനും അറ്റുകറ്റപ്പണികള്‍ നടത്താനുമുള്ള തുക ഈ പുതിയ വായ്പയിലുണ്ടായിരിക്കണം. ഇതിന് പുറമേ നിലവില്‍ ഭവന വായ്പയുള്ള സ്ഥാപനത്തില്‍ ടോപ്പ് അപ് ലോണുകളും എടുക്കാന്‍ സാധിക്കും. നിലവിലുള്ള വായ്പയുടെ മേല്‍ കുറച്ചുകൂടി പണം കൂട്ടിയെടുക്കുകയാണ് ചെയ്യുന്നത്.

ഭവന വായ്പയുടെ നിബന്ധനകളും വ്യവസ്ഥയും കൃത്യമായി മനസിലാക്കിയ ശേഷം വേണം ഇത്തരം വായ്പകള്‍ക്ക് അപേക്ഷിക്കാന്‍. വായ്പ നല്‍കുന്ന സ്ഥാപനങ്ങളുടെ ലോണ്‍ കാലാവധി,യോഗ്യത മാനദണ്ഡങ്ങള്‍ , പലിശ നിരക്ക് എന്നിവ അറിയണം. അതിനായി വ്യത്യസ്ത സ്ഥാപനങ്ങള്‍ തമ്മില്‍ താരതമ്യം ചെയ്ത് വേണം കാര്യങ്ങളില്‍ അന്തിമ തീരുമാനമെടുക്കാന്‍.

Similar News