പ്രവാസികള്‍ക്ക് ആഹ്ലാദിക്കാം: എഫ്‌സിഎന്‍ആര്‍ നിരക്ക് വര്‍ധിപ്പിച്ച് ബാങ്കുകള്‍
ഫോറിന്‍ കറന്‍സി നോണ്‍ റെസിഡന്റ് (എഫ്‌സിഎന്‍ആര്‍) നിക്ഷേപങ്ങള്‍ക്ക് മേലുള്ള പലിശ നിരക്ക് വര്‍ധിപ്പിച്ച് എസ്ബിഐ, ഐസിഐസിഐ, ഐഡിഎഫ്‌സി ഫസ്റ്റ് എന്നീ ബാങ്കുകള്‍. വിദേശത്ത് നിന്നുള്ള വ്യക്തിഗതവും അല്ലാത്തതുമായ നിക്ഷേപവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഉദാരവത്ക്കരിക്കാന്‍ ആര്‍ബിഐ കഴിഞ്ഞയാഴ്ച്ച തീരുമാനിച്ചിരുന്നു. എച്ച്ഡിഎഫ്‌സി ബാങ്കും എഫ്‌സിഎന്‍ആര്‍ നിക്ഷേപങ്ങളുടെ പലിശ വര്‍ധിപ്പിച്ചിട്ടുണ്ട്. വിവിധ കാലാവധിയുള്ള യുഎസ് ഡോളര്‍ നിക്ഷേപങ്ങളില്‍ പ്രതിവര്‍ഷം 2.85-3.25 ശതമാനം എന്ന പരിധിയില്‍ എഫ്സിഎന്‍ആര്‍ നിരക്കുകള്‍ എസ്ബിഐ പുതുക്കി നിശ്ചയിച്ചു. ഇത് ജൂലൈ 10 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും ബാങ്ക് […]
ഫോറിന്‍ കറന്‍സി നോണ്‍ റെസിഡന്റ് (എഫ്‌സിഎന്‍ആര്‍) നിക്ഷേപങ്ങള്‍ക്ക് മേലുള്ള പലിശ നിരക്ക് വര്‍ധിപ്പിച്ച് എസ്ബിഐ, ഐസിഐസിഐ, ഐഡിഎഫ്‌സി ഫസ്റ്റ് എന്നീ ബാങ്കുകള്‍. വിദേശത്ത് നിന്നുള്ള വ്യക്തിഗതവും അല്ലാത്തതുമായ നിക്ഷേപവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഉദാരവത്ക്കരിക്കാന്‍ ആര്‍ബിഐ കഴിഞ്ഞയാഴ്ച്ച തീരുമാനിച്ചിരുന്നു.
എച്ച്ഡിഎഫ്‌സി ബാങ്കും എഫ്‌സിഎന്‍ആര്‍ നിക്ഷേപങ്ങളുടെ പലിശ വര്‍ധിപ്പിച്ചിട്ടുണ്ട്. വിവിധ കാലാവധിയുള്ള യുഎസ് ഡോളര്‍ നിക്ഷേപങ്ങളില്‍ പ്രതിവര്‍ഷം 2.85-3.25 ശതമാനം എന്ന പരിധിയില്‍ എഫ്സിഎന്‍ആര്‍ നിരക്കുകള്‍ എസ്ബിഐ പുതുക്കി നിശ്ചയിച്ചു. ഇത് ജൂലൈ 10 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.
ഒരു വര്‍ഷക്കാലയളവിലേക്കുള്ള എഫ്‌സിഎന്‍ആര്‍ (യുഎസ് ഡോളര്‍) നിക്ഷേപങ്ങളുടെ പലിശ നിരക്ക് 1.80 ശതമാനത്തില്‍ നിന്ന് 2.85 ആയി എസ്ബിഐ ഉയര്‍ത്തി. 3 - 4 വര്‍ഷക്കാലയളവിലുള്ളതിന് 3.10 ശതമാനമായും, 5 വര്‍ഷത്തെ നിക്ഷേപങ്ങള്‍ക്കുള്ള നിരക്ക് 3.25 ശതമാനമായും നേരത്തെ ഉയര്‍ത്തിയിട്ടുണ്ട്. ഐസിഐസിഐ ബാങ്ക് ഒന്നു മുതല്‍ രണ്ട് വര്‍ഷം വരെ കാലാവധിയുള്ള 350,000 യുഎസ് ഡോളറിന് തുല്യമായ എഫ്‌സിഎന്‍ആര്‍ നിക്ഷേപങ്ങളുടെ പലിശ 0.15 ശതമാനം ഉയര്‍ത്തി 3.50 ശതമാനമാക്കി.
എച്ച്ഡിഎഫ്സി ബാങ്കും ഇതേകാലാവധിയുള്ള നിക്ഷേപങ്ങളുടെ എഫ്സിഎന്‍ആര്‍ 3.35 ശതമാനമായി പരിഷ്‌കരിച്ചു. ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് പത്തു ലക്ഷം ഡോളറിന് മുകളിലുള്ള എഫ്സിഎന്‍ആര്‍ നിക്ഷേപങ്ങളുടെ നിരക്കുകളാണ് പരിഷ്‌കരിച്ചത്. 1 വര്‍ഷം മുതല്‍ 5 വര്‍ഷത്തില്‍ താഴെ വരെയുള്ള നിക്ഷേപങ്ങളില്‍ ബാങ്ക് 3.50 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. 5 വര്‍ഷത്തെ നിക്ഷേപങ്ങള്‍ക്ക്, 2.50 ശതമാനം പലിശയാണ് ലഭിക്കുക.
ഇക്വിറ്റാസ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് നോണ്‍ റസിഡന്റ് എക്സ്റ്റേണല്‍ (എന്‍ആര്‍ഇ) അക്കൗണ്ടിന്റെ ഫിക്‌സ്ഡ്, റെക്കറിംഗ് നിക്ഷേപങ്ങളുടെ പലിശ നിരക്കുകള്‍ പരിഷ്‌കരിക്കുന്നതായി പ്രഖ്യാപിച്ചു. 888 ദിവസത്തേക്കുള്ള എന്‍ആര്‍ഇ എഫ്ഡിക്ക് 7.40 ശതമാനം വരെയും, 36 മാസത്തേക്ക് എന്‍ആര്‍ഇ ആര്‍ഡിക്ക് 7.30 ശതമാനം വരെയും പലിശ നിരക്ക് വര്‍ധിപ്പിച്ചു.
പ്രവാസികള്‍ക്ക് നേട്ടമെന്ന് വിദഗ്ധര്‍
ആഗോളതലത്തില്‍ പണപ്പെരുപ്പം കടുത്ത് നില്‍ക്കുന്ന സാഹചര്യത്തില്‍ തുല്യരായ രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയ്ക്ക് മികച്ച സാമ്പത്തിക മുന്നേറ്റമുണ്ടാക്കാന്‍ ആര്‍ബിഐ നീക്കം സഹായിക്കുമെന്നും, പ്രവാസികള്‍ ഇത് പരമാവധി പ്രയോജനപ്പെടുത്തണമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ആര്‍ബിഐയുടെ തീരുമാനപ്രകാരം ഫോറിന്‍ കറന്‍സി നോണ്‍ റെസിഡന്റ് ബാങ്ക് (എഫ്‌സിഎന്‍ആര്‍ (ബി)), എന്‍ആര്‍ഇ ഡെപ്പോസിറ്റുകക്ക് നല്‍കുന്ന പലിശ നിരക്ക് പരിധി നീക്കിയത് ഒക്ടോബര്‍ 31 വരെ പ്രാബല്യത്തിലുണ്ടാകും.
ഇതോടെ രാജ്യത്തെ ബാങ്കുകളിലേക്ക് പ്രവാസികളുടെ പണം മുന്‍പുള്ളതിനേക്കാള്‍ കൂടുതല്‍ അളവില്‍ എത്തുമെന്നാണ് പ്രതീക്ഷ. ഇതുവഴി കരുതല്‍ ധനത്തില്‍ വര്‍ധനയുണ്ടാകുമെന്നും കരുതുന്നു. എഫ്‌സിഎന്‍ആര്‍, എന്‍ആര്‍ഇ നിക്ഷേപങ്ങള്‍ കൂടുതലായി എത്തിക്കുന്നതിന് ബാങ്കുകള്‍ക്ക് ആവശ്യമായി വരുന്ന പിന്തുണയും ആര്‍ബിഐ നല്‍കും. ഇതിന്റെ ഭാഗമായിട്ടാണ് വ്യക്തിഗത വിദേശ നിക്ഷേപങ്ങള്‍ക്ക് മേലുള്ള ക്യാഷ് റിസര്‍വ് റേഷ്യോ (സിആര്‍ആര്‍), സ്റ്റാറ്റിയൂട്ടറി ലിക്വിഡിറ്റി റേഷ്യോ (എസ്എല്‍ആര്‍) എന്നിവ ഒക്ടോബര്‍ അവസാനം വരെ ഒഴിവാക്കിയത്.
ബാങ്കുകളില്‍ എത്തുന്ന നിക്ഷേപത്തില്‍ നിശ്ചിത ശതമാനം ആര്‍ബി ഐയില്‍ സൂക്ഷിക്കേണ്ടതുണ്ട്. ഇതാണ് സിആര്‍ആര്‍. നിലവില്‍ ഇത് 4.50 ശതമാനമാണ്. ഡിപ്പോസിറ്റിന്റെ നിശ്ചിത ശതമാനം ലിക്വിഡ് ആയി വാണിജ്യ ബാങ്കുകള്‍ സൂക്ഷിക്കേണ്ടതുണ്ട്. ഇതാണ് എസ്എല്‍ആര്‍ എന്നത്.