സൈബര്‍ തട്ടിപ്പുകളെക്കുറിച്ച് ജാഗ്രതവേണം: യുഎഇ പൊലിസ്
- ജാഗ്രതാ നിർദ്ദേശം നൽകിയത് അബുദാബി പോലീസ്
- ഓൺലൈൻ ഇടപാടുകളുടെ മറവിൽ തട്ടിപ്പുകൾ വ്യാപകം
- ഡെലിവറി സ്ഥാപനങ്ങളുടെ പേരിൽ വ്യാജ ഇമെയിൽ തട്ടിപ്പിന്റെ പുതിയ രൂപം
എഇയില്‍ സൈബര്‍ തട്ടിപ്പുകളെക്കുറിച്ച് ജാഗ്രത വേണമെന്ന് അധികൃതര്‍. ഇ-കൊമേഴ്‌സ്, ഓണ്‍ലൈന്‍ പര്‍ച്ചേസ് തുടങ്ങിയവയ്ക്ക് ലഭിക്കുന്ന വന്‍ സ്വീകാര്യതയുടെ പശ്ചാത്തലത്തില്‍ തട്ടിപ്പുകള്‍ വ്യാപകമാവാന്‍ സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത കാണിക്കണമെന്നും പൊലിസ് മുന്നറിയിപ്പ് നല്‍കി.
ഡെലിവറി സ്ഥാപനങ്ങളുടെ പേരില്‍ വ്യാജ ഇ-മെയില്‍ അയച്ചുകൊണ്ടാണ് പുതിയ തട്ടിപ്പ്. അബൂദബി പൊലിസാണ് ഇക്കാര്യത്തില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ബാങ്ക് ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങള്‍, എടിഎം പാസ്‌വേഡുകള്‍ ഉള്‍പ്പെടെയുള്ളവ ഒരു കാരണവശാലും സുരക്ഷിതമല്ലാതെ കൈകാര്യം ചെയ്യരുതെന്ന് പൊലിസ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.
യഥാര്‍ഥ ഇ-മെയില്‍ ഐഡിക്ക് സമാനമായ വ്യാജ ഐഡികള്‍, പേരുകള്‍ എന്നിവയെല്ലാം തട്ടിപ്പുകാര്‍ ഉപയോഗിക്കുന്നുണ്ട്. പ്രവാസികള്‍ ഉള്‍പ്പെടെ പലരും തട്ടിപ്പിന് ഇരയായ ശേഷമാണ് വഞ്ചിക്കപ്പെട്ടതിനെക്കുറിച്ച് ബോധവാന്‍മാരാകുന്നത്. ഇതിന് ഇട നല്‍കാതെ തുടക്കത്തില്‍ തന്നെ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നാണ് അഭ്യര്‍ഥന. എമിറേറ്റ്‌സ് പോസ്റ്റ് പോലുള്ള പ്രമുഖ ഡെലിവറി സ്ഥാപനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് കൃത്യമായ മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ട്.
സംശയാസ്പദമായ ഫോണ്‍ കോളുകളെക്കുറിച്ചും സന്ദേശങ്ങളെക്കുറിച്ചും വളരെ ജാഗ്രത കാണിക്കണമെന്നും അധികൃതര്‍ പറയുന്നു. കമ്പനികളുടെയും സ്ഥാപനങ്ങളുടെയും ഔദ്യോഗിക വെബ്‌സൈറ്റുകളാണോ എന്ന് ഉറപ്പ് വരുത്തി മാത്രമേ ഡൗണ്‍ലോഡ് ചെയ്യാന്‍ ശ്രമിക്കാവൂ. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോദിക്കുന്ന ഒരു സമ്മാന പദ്ധതിയിലും ചേരാന്‍ ശ്രമിക്കരുത്. സാമൂഹിക മാധ്യമങ്ങളില്‍ കാണുന്ന ഓഫര്‍ ലിങ്കുകള്‍ തുറക്കുമ്പോഴും ജാഗ്രത കാണിക്കണം. അബൂദബി പൊലിസിലെ 8002626 നമ്പറില്‍ വിളിച്ചോ 2828 ലേക്ക് മെസേജ് അയച്ചോ തട്ടിപ്പുകളെക്കുറിച്ച്‌പൊതുജനങ്ങള്‍ക്ക് വിവരം നല്‍കാം. aman@adpolice.gov.ae. എന്ന മെയില്‍ ഐഡിയിലും പരാതികള്‍ നല്‍കാം.