ഇന്ധന നിരക്ക് കുറയുമോ? ക്രൂഡ് വില 10 മാസത്തെ താഴ്ച്ചയില്‍
ബ്രെന്റ് ക്രൂഡോയില്‍ വില ജനുവരിക്കു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്കാണ് ഇന്നലെ എത്തിയത്. ബാരലിന് 2.6 ഡോളര്‍ അഥവാ മൂന്ന് ശതമാനത്തിലേക്ക് താഴ്ന്ന് 80.97 ഡോളറിലെത്തി.
ഡെല്‍ഹി: രാജ്യത്തെ ക്രൂഡോയില്‍ വില 10 മാസത്തെ താഴ്ച്ചയിലെത്തിയിരിക്കുകയാണ്. ക്രൂഡ് വിലയിലെ ഈ ഇടിവ് രാജ്യത്തെ ഇന്ധന വിലയില്‍ കുറവു വരുത്തിയേക്കാമെന്ന് പ്രതീക്ഷ ഉയര്‍ത്തുന്നുണ്ട്. പക്ഷേ, ഈ വിലയിടിവ് പെട്രോള്‍, ഡീസല്‍ എന്നിവയുടെ റീട്ടെയില്‍ വിതരണക്കാരിലൂടെ ഉപഭോക്താക്കളിലേക്ക് ഉടനെ എത്തില്ലെന്നാണ് പൊതുവേയുള്ള അഭിപ്രായം. നേരത്തെ രാജ്യത്തെ എണ്ണ കമ്പനികള്‍ക്കുണ്ടായ നഷ്ടം നികത്താന്‍ സമയമെടുക്കുമെന്നതിനാലണ് റീട്ടെയില്‍ ഇന്ധന നിരക്ക് ഉടന്‍ കുറയിലെന്നുള്ള അഭിപ്രായം ഉയരുന്നത്.
ബ്രെന്റ് ക്രൂഡോയില്‍ വില ജനുവരിക്കു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്കാണ് ഇന്നലെ എത്തിയത്. ബാരലിന് 2.6 ഡോളര്‍ അഥവാ മൂന്ന് ശതമാനത്തിലേക്ക് താഴ്ന്ന് 80.97 ഡോളറിലെത്തി. ഒപെക്+ ഗ്രൂപ്പിന്റെ മറ്റൊരു ഉത്പാദന വെട്ടിക്കുറയ്ക്കലും റഷ്യ ഉള്‍പ്പെടെയുള്ള എണ്ണ കയറ്റുമതിക്കാര്‍ക്കിടയില്‍ ആശങ്ക സൃഷ്ടിച്ചതും വിലയിടിവിനു കാരണമായി. ചൈനയില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കോവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്നത് ആഗോള തലത്തില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാക്കാന്‍ കാരണമായി ഇതും ബ്രെന്റ് ക്രൂഡോയില്‍ വിലയില്‍ ഇടിവുണ്ടാക്കി.
ഇന്ത്യയെ സംബന്ധിച്ച് ഒരു ബാരലിന് ഒരു ഡോളര്‍ കുറവ് വരുമ്പോള്‍ അത് രാജ്യത്തെ കറന്റ് അക്കൗണ്ടില്‍ ഒരു ബില്യണ്‍ ഡോളറിന്റെ സ്വാധീനമാണ് വരുത്തുന്നത്. രാജ്യത്തെ റീട്ടെയില്‍ വില്‍പ്പനക്കാര്‍ പെട്രോള്‍, ഡീസല്‍ വിലകള്‍ ദിവസേന പരിഷ്‌കരിക്കണം എന്നാണ്. എന്നാല്‍ ഈ വര്‍ഷം ഏപ്രില്‍ ആറ് മുതല്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചില്ലറ ഇന്ധന വ്യാപാരികള്‍ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല. സര്‍ക്കാര്‍ എക്സൈസ് തീരുവ കുറച്ചതിനെത്തുടര്‍ന്ന് മെയ് 22 ന് വില കുറച്ചതൊഴിച്ചാല്‍ നിരക്ക് മരവിപ്പിച്ചിരിക്കുകയാണ്. ഏപ്രില്‍ മാസത്തെ മരവിപ്പിക്കലിന് മുമ്പ് പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് 10 രൂപ വീതം വര്‍ധിച്ചിരുന്നു. ഇപ്പോള്‍ ഡെല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 96.72 രൂപയും ഡീസലിന് 89.62 രൂപയുമാണ് വില.
പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് ഡീസല്‍ വിലയില്‍ ലിറ്ററിന് 4 രൂപ വീതം നഷ്ടമുണ്ടാകുന്നുണ്ടെന്നും. അതേസമയം പെട്രോളിന്റെ കാര്യത്തില്‍ കമ്പനികളുടെ മാര്‍ജിന്‍ പോസിറ്റീവ് ആയെന്നും കേന്ദ്ര ഇന്ധന വകുപ്പ് മന്ത്രി ഹര്‍ദീപ് സിംഗ് പുരി ഈ മാസം ആദ്യം അഭിപ്രായപ്പെട്ടിരുന്നു. കൂടാതെ, ചില്ലറ വില്‍പ്പന വിലയും അന്താരാഷ്ട്ര നിരക്കും തമ്മിലുള്ള വ്യത്യാസം (അണ്ടര്‍ റിക്കവറി) നിലവില്‍ ഏകദേശം ഒരു ലിറ്റര്‍ ഡീസലിന് 27 രൂപയാണെന്നും. എന്നാല്‍ യഥാര്‍ത്ഥ പണനഷ്ടം (അസംസ്‌കൃത എണ്ണ സംഭരിച്ച് ഇന്ധനമാക്കി മാറ്റുന്നതിലെ യഥാര്‍ത്ഥ വിലയെ അടിസ്ഥാനമാക്കിയുള്ള നഷ്ടം) ലിറ്ററിന് ഏകദേശം 3-4 രൂപയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ ഇറക്കുമതി ചെയ്യുന്ന രാഷ്ട്രമാണ്. രാജ്യത്തെ എണ്ണ വിതരണ കമ്പനികളായ ഭാരത് പെട്രോളിയം കോര്‍പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ എന്നിവയ്ക്ക് സെപ്റ്റംബര്‍ പാദം അല്‍പ്പം ബുദ്ധിമുട്ടേറിയതായിരുന്നുവെന്നാണ് അവയുടെ പാദഫലങ്ങള്‍ സൂചിപ്പിക്കുന്നത്. കാരണം ഉയര്‍ന്ന അന്താരാഷ്ട്ര ക്രൂഡോയില്‍ വിലയും, ഗ്യാസ് വിലയും ഉയര്‍ന്ന റിഫൈനിംഗ് ചെലവുകളുമായിരുന്നു ഇതിനു കാരണം. പെട്രോളിയം പ്ലാനിംഗ് അനാലിസിസ് സെല്ലിന്റെ ഡാറ്റ പ്രകാരം ഒരു ബാരല്‍ ക്രൂഡോയില്‍ ഇറക്കുമതി ചെയ്യുന്നതിന്റെ ചെലവ് 116.01 ഡോളര്‍ എന്ന ഉയര്‍ന്ന നിരക്കില്‍ നിന്നും ജൂണില്‍ 24 ശതമാനം താഴ്ന്നുവെന്നാണ് കാണിക്കുന്നത്.