'ഓണ്‍ലൈന്‍ സാമ്പത്തിക ഉപദേശകര്‍'ക്ക് കടിഞ്ഞാണിടാന്‍ സെബി
സെബിയുടെ ലൈസന്‍സില്ലാതെയാണ് നിലവിലെ ഫിന്‍-ഇന്‍ഫ്ളുവേഴ്സ് എന്നറിയപ്പെടുന്ന ഈ ഉപദേശകര്‍ നിക്ഷേപകര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്.
ഡെല്‍ഹി: യൂട്യൂബ്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍, ഫേസ്ബുക്ക്, തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ഓഹരി നിക്ഷേപ ഉപദേശങ്ങളുമായി എത്തുന്നവര്‍ക്ക് കടിഞ്ഞാണിടാന്‍ സെബി. അധികം വൈകാതെ ഇത്തരം സാമ്പത്തിക ഉപദേശകര്‍ക്കായുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുമെന്നും സെബി ഇറക്കിയ അറിയിപ്പിലുണ്ട്. സെബിയുടെ ലൈസന്‍സില്ലാതെയാണ് നിലവിലെ ഫിന്‍-ഇന്‍ഫ്ളുവേഴ്സ് എന്നറിയപ്പെടുന്ന ഈ ഉപദേശകര്‍ നിക്ഷേപകര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്.
ഇത് നിക്ഷേപകരെ തെറ്റിധരിപ്പിക്കുകയും, അവരുടെ സമ്പത്ത് നഷ്ടപ്പെടാന്‍ കാരണമാകുന്ന സാഹചര്യം നിലനില്‍ക്കുന്നതിനാലാണ് സെബി ഇടപെടല്‍ നടത്തുന്നത്. വാട്സാപ്പ്, ടെലഗ്രാം തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെ ട്രേഡിംഗ് ഉപദേശങ്ങള്‍ നല്‍കിയിരുന്നവരെ സെബി അടുത്തിടെ വിലക്കിയിരുന്നു.
ഓപ്ഷന്‍സ്, ട്രേഡിംഗ്, മ്യൂച്വല്‍ ഫണ്ട് തുടങ്ങിയവയിലൂടെ ലക്ഷങ്ങള്‍ സമ്പാദിക്കുന്നതിന് പ്രാപ്തരാക്കാം എന്നാണ് ഇവര്‍ സമൂഹ മാധ്യമങ്ങളിലൂടെ വാഗ്ദാനം ചെയ്യുന്നത്. ഇത്തരം തട്ടിപ്പുകളില്‍ പെട്ട് പതിനായിരക്കണക്കിന് ആളുകള്‍ക്ക് വന്‍തുക നഷ്ടപ്പെട്ടുവെന്ന് പരാതികള്‍ വന്നിരുന്നു. ഇത്തരം തട്ടിപ്പുകള്‍ നടത്തുന്നവര്‍ എവിടെയിരുന്നാണ് ഇത് ചെയ്യുന്നതെന്ന് ട്രാക്ക് ചെയ്യാന്‍ പറ്റാത്തത് അന്വേഷണ ഉദ്യോഗസ്ഥരെ കുഴയ്ക്കുന്നുണ്ട്.
മാത്രമല്ല സമൂഹ മാധ്യമങ്ങളില്‍ വരുന്ന പോസ്റ്റുകള്‍ക്കും മറ്റ് തരത്തിലുള്ള അറിയിപ്പുകള്‍ക്കും പുറമേ എസ്എംഎസ് വഴിയും ഇത്തരം ആളുകള്‍ വാഗ്ദാനവുമായി വരുന്നുണ്ട്. ഓണ്‍ലൈനായി ഉപഭോക്താക്കളെ ചാക്കിലാക്കുക എന്ന തന്ത്രം വിജയിക്കാന്‍ ഓഹരി വിപണിയിലെ അംഗീകൃത കമ്പനികളുടെ വ്യാജ വെബ്‌സൈറ്റുകളും ഇത്തരത്തില്‍ സൃഷ്ടിക്കുന്നുവെന്നും (ഫിഷിംഗ്) റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.