'മറന്നുപോയ നിക്ഷേപങ്ങള്‍' തിരികെ നല്‍കാന്‍ മുന്നിട്ടിറങ്ങി റിസര്‍വ് ബാങ്ക്

  • കാമ്പെയിന്‍ ജൂണ്‍ ഒന്നുമുതല്‍ ആരംഭിക്കും
  • പൊതുമേഖലാ ബാങ്കുകളില്‍ അവകാശികള്‍ എത്താതെ 35,012 കോടിരൂപ
  • ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപം കൂടുതല്‍ എസ്ബിഐയില്‍

Update: 2023-05-13 07:00 GMT

രാജ്യത്തെ എല്ലാ ജില്ലയിലെയും എല്ലാ ബാങ്കുകളുടെയും ക്ലെയിം ചെയ്യപ്പെടാത്ത മുന്‍നിര 100 നിക്ഷേപങ്ങള്‍ 100 ദിവസത്തിനുള്ളില്‍ കണ്ടെത്തി തീര്‍പ്പാക്കാന്‍ ബാങ്കുകള്‍ക്കായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യപദ്ധതി പ്രഖ്യാപിച്ചു. '100 ദിവസം 100 പേയ്സ്' എന്ന പേരിലുള്ള കാമ്പെയിന്‍ ജൂണ്‍ ഒന്നുമുതല്‍ ആരംഭിക്കും.

ബാങ്കിംഗ് സംവിധാനത്തിലെ ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങളുടെ അളവ് കുറയ്ക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് പ്രത്യേക കാമ്പെയിന്‍ സംഘടിപ്പിക്കുന്നത്.

ഇത്തരം നിക്ഷേപങ്ങള്‍ അവരുടെ യഥാര്‍ത്ഥ ഉടമകള്‍ക്ക്/അവകാശവാദികള്‍ക്ക് തിരികെ നല്‍കുന്നതിനുള്ള റിസര്‍വ് ബാങ്കിന്റെ നിലവിലുള്ള ശ്രമങ്ങള്‍ക്ക് ശക്തി പകരുന്ന നടപടിയാണിത്.

പത്ത് വര്‍ഷമായി ഉപയോഗിക്കാത്ത സേവിംഗ്‌സ്, കറന്റ് അക്കൗണ്ടുകളിലും കാലാവധി പൂര്‍ത്തിയായശേഷം പത്തുവര്‍ഷമായി ക്ലെയിം ചെയ്യപ്പെടാതെ കിടക്കുന്ന ടേം ഡിപ്പോസിറ്റുകള്‍ എന്നിവയാണ് മറന്നുപോയ നിക്ഷേപങ്ങളുടെ ഗണത്തില്‍ ആര്‍ബിഐ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ഈ തുകകള്‍ ബാങ്കുകള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള 'ഡിപ്പോസിറ്റര്‍ എജ്യുക്കേഷന്‍ ആന്‍ഡ് അവയര്‍നെസ്'ഫണ്ടിലേക്കാണ് മാറ്റപ്പെടുന്നത്. ഇത്തരം നിക്ഷേപങ്ങള്‍ അവകാശികള്‍ക്ക് ക്ലെയിം ചെയ്യുന്നതിനായി നിരവധി ബോധവല്‍ക്കരണ പരിപാടികള്‍ റിസര്‍വ് ബാങ്ക് സംഘടിപ്പിക്കാറുണ്ട്.

ബന്ധപ്പെടേണ്ട ബാങ്കിനെ തിരിച്ചറിയാനും മറ്റും പൊതുജനങ്ങളെ ഈ ഇത്തരം കാമ്പെയിനുകള്‍ സഹായിക്കുന്നു.

ഒന്നിലധികം ബാങ്കുകളിലെ ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങള്‍ കണ്ടെത്തുന്നതിനായി പൊതുജനങ്ങള്‍ക്കുവേണ്ടി ഒരു കേന്ദ്രീകൃത വെബ് പോര്‍ട്ടല്‍ സ്ഥാപിക്കുമെന്ന് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചത് അടുത്തിടെയാണ്.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച്, 2023 ഫെബ്രുവരി അവസാനം വരെ 10 വര്‍ഷമായി പിന്‍വലിക്കപ്പെടാതെ അവകാശികള്‍ ഇല്ലാതെ കിടക്കുന്ന നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട് പൊതുമേഖലാ ബാങ്കുകള്‍ ആര്‍ബിഐയ്ക്ക് കണക്കുനല്‍കിയിരുന്നു. ഇതുപ്രകാരം 35,012 കോടിരൂപ അവകാശികള്‍ എത്താതെ കിടക്കുന്നത്.

2020 ഡിസംബറിലെ കണക്കനുസരിച്ച് 1,50,000 കോടി രൂപ വിവിധ ഇന്ത്യന്‍ ബാങ്കുകളിലും ഇന്‍ഷുറന്‍സ് കമ്പനികളിലും ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങളായി കിടപ്പുണ്ട്. രണ്ടുവര്‍ഷം മുമ്പുണ്ടായിരുന്ന 1,30,000 കോടിയേക്കാള്‍ ഗണ്യമായ വര്‍ദ്ധനവാണ് ഇവിടെ ഉണ്ടായിരിക്കുന്നത്.

കുറഞ്ഞത് 10 വര്‍ഷമെങ്കിലും ആ അക്കൗണ്ട് ഉപയോഗിച്ച് ഉപഭോക്താവ് ഒരു ഇടപാടും നടത്തുന്നില്ലെങ്കില്‍ അതില്‍ ഉള്ള നിക്ഷേപത്തെ ക്ലെയിം ചെയ്യപ്പെടാത്തതായി തരംതിരിക്കുന്നു. ഈ തുക ഓരോവര്‍ഷവും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ആര്‍ബിഐ കാമ്പെയിനുമായി എത്തുന്നത്.

ക്ലെയിം ചെയ്യപ്പെടാത്തത് 1,24,356 കോടി രൂപ

ബാങ്കുകളുടെ കണക്കെടുത്താല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലാണ് ക്ലെയിം ചെയ്യപ്പെടാതെയുള്ള ഏറ്റവും കൂടുതല്‍ തുകയുള്ളത്. ഇത് അവകാശികള്‍ എത്താതെ കിടക്കുന്ന മൊത്തം നിക്ഷേപത്തിന്റെ 15ശതമാനം വരും.

അവകാശികള്‍ എത്താതെ കിടക്കുന്ന തുകയും അക്കൗണ്ടുകളും പരിശോധിച്ചാല്‍ 2018നും 2020നും ഇടയില്‍ 1.7 മടങ്ങ് വര്‍ദ്ധിച്ചതായി കാണാം. 2020 ഡിസംബര്‍ വരെ, 8.13 കോടി അക്കൗണ്ടുകളിലായി ക്ലെയിം ചെയ്യപ്പെടാത്ത 1,24,356 കോടി രൂപയാണ് ഉണ്ടായിരുന്നത്. ഇത് ക്രമേണ ഉയര്‍ന്നു.

2020 ഡിസംബറിനും 2023 ഫെബ്രുവരിക്കും ഇടയില്‍ പൊതുമേഖലാ ബാങ്കുകളിലെ ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങള്‍ 70 ശതമാനത്തിലധികം വര്‍ധിച്ചു.

2019 ഡിസംബറിനും 2023 ഫെബ്രുവരിക്കും ഇടയില്‍ 133 ശതമാനത്തിലധികം വര്‍ധനവാണ് ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങളില്‍ ഉണ്ടായത്. അക്കൗണ്ട് ഉടമകളുടെ മരണം, അവരുടെ നിയമപരമായ അവകാശികള്‍ക്ക് അക്കൗണ്ടിനെക്കുറിച്ചുള്ള അറിവില്ലായ്മ തുടങ്ങിയ ഘടകങ്ങള്‍ കാരണമാണ് ക്ലെയിം ചെയ്യപ്പെടാത്ത തുകകളുടെ എണ്ണം വര്‍ദ്ധിക്കുന്നത്.

ഒരുവര്‍ഷത്തിലേറെയായി ഉപയോഗിക്കാതെ കിടക്കുന്ന അക്കൗണ്ടുകള്‍ സംബന്ധിച്ച് ബാങ്കുകള്‍ അവലോകനം നടത്തണമെന്ന്് ആര്‍ബിഐയുടെ മാസ്റ്റര്‍ സര്‍ക്കുലറില്‍ പറയുന്നുണ്ട്. ഇക്കാര്യം ഇടപാടുകാരെ അറിയിക്കണമെന്നും നിര്‍ദ്ദേശം ഉണ്ട്.

അവരുടെ അക്കൗണ്ടുകള്‍ ഉപയോഗിക്കാതെ കിടക്കുന്നുവെന്നും അതിനുള്ള കാരണങ്ങള്‍ കണ്ടെത്തണമെന്നും നിര്‍ദ്ദേശമുണ്ട്.

പ്രവര്‍ത്തനരഹിതമായ, അതായത് രണ്ട് വര്‍ഷത്തിനിടെ അക്കൗണ്ടില്‍ ഇടപാടുകളൊന്നും നടന്നിട്ടില്ലാത്ത അക്കൗണ്ടുകളുടെ കാര്യത്തില്‍ ഇടപാടുകാര്‍/നിയമപരമായ അവകാശികള്‍ എവിടെയാണെന്ന് കണ്ടെത്തുന്നതിന് ഒരു പ്രത്യേക കാമ്പെയിന്‍ ആരംഭിക്കുന്നത് പരിഗണിക്കാനും ബാങ്കുകളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൂടാതെ, പത്ത് വര്‍ഷമോ അതിലധികമോ വര്‍ഷത്തേക്കുള്ള ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങളുടെ/ പ്രവര്‍ത്തനരഹിതമായ അക്കൗണ്ടുകളുടെ ലിസ്റ്റ് അതാത് വെബ്സൈറ്റുകളില്‍ ബാങ്കുകള്‍ പ്രദര്‍ശിപ്പിക്കേണ്ടതുമുണ്ട്.

Tags:    

Similar News