ബിടെക്കുകാരിയുടെ ഓര്‍ക്കിഡ് സംരംഭം; മാസവരുമാനം 2 ലക്ഷം

  • ഉഷ്ണ മേഖലയില്‍ തഴച്ചുവളരുന്ന ഓര്‍ക്കിഡിന് കേരളത്തിന്റെ കാലാവസ്ഥ വളരെ അനുയോജ്യമാണ്

Update: 2023-03-21 09:30 GMT

ശാസ്താംകോട്ട സ്വദേശിയായ അജ്മി സുല്‍ത്താന ഒരു ഹോബിയായി തുടങ്ങിയ ഓര്‍ക്കിഡ് കൃഷി ഇന്ന് പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ഒരു വലിയ സംരംഭമാണ്. മാസത്തില്‍ രണ്ടുലക്ഷത്തോളം വരുമാനം നേടിക്കൊടുക്കുന്ന അജ്മിയുടെ ഓര്‍ക്കിഡിന്റെ വിസ്മയത്തിലേക്ക് ഒന്നെത്തിനോക്കാം.

ബിടെകില്‍ നിന്നും ഓര്‍ക്കിഡിലേക്ക്

ബിടെക് (ഇലക്ട്രോണിക്സ്) ബിരുദധാരിയായ അജ്മി 10 വര്‍ഷം മുമ്പാണ് ഓര്‍ക്കിഡിനെ സ്നേഹിച്ചു തുടങ്ങുന്നത്. ഹോബിയായി തുടങ്ങിയ ഓര്‍ക്കിഡ് കൃഷി വരുമാനം നേടിത്തരാന്‍ തുടങ്ങിയതോടെയാണ് ഇതൊരു ഫാമാക്കി മാറ്റാനുള്ള ചിന്തയിലേക്ക് എത്തുന്നത്. അങ്ങനെ 2019 ല്‍ സുലൂസ് ഓര്‍ക്കിഡ്സ് എന്ന പേരില്‍ ഫാമും ഓഫീസും അടങ്ങിയ അജ്മിയുടെ സംരംഭം ആരംഭിച്ചു. വിവിധതരത്തിലുള്ള ഓര്‍ക്കിഡ് തൈകളും വളര്‍ച്ചയെത്തിയ ചെടികളും ഈ സംരംഭത്തിലൂടെ ജനങ്ങളിലേക്കെത്തുന്നു.

മുതല്‍ മുടക്ക്

നാല് വര്‍ഷം മുമ്പ് തുടങ്ങിയ സംരംഭത്തിന് പല തവണകളിലായി പത്തുലക്ഷത്തിലേറെ മുതല്‍മുടക്ക് വന്നിട്ടുണ്ട്. സ്ത്രീകള്‍ക്ക് മികച്ച വരുമാനം നേടാന്‍ സാധിക്കുന്ന ഒന്നാണ് ഈ സംരംഭം എന്ന നിലയില്‍ ഈ തുക ഒരു പ്രശ്നമാകുന്നില്ല.

ഇറക്കുമതി ചെയ്യുന്ന തൈകള്‍

ഈ സംരംഭത്തിനായി തായ്ലന്‍ഡ്, തായ്വാന്‍, സിംഗപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുമാണ് ഓര്‍ക്കിഡ് തൈകള്‍ ഇറക്കുമതി ചെയ്യുന്നത്. നൂറോളം സ്പീഷിസുകളിലായി പതിനായിരത്തോളം ഓര്‍ക്കിഡ് തൈകള്‍ ഇവരുടെ ഫാമിലുണ്ട്. മരങ്ങളില്‍ പടര്‍ന്നുപിടിച്ചുവളരുന്ന എപ്പിഫൈറ്റിക് ഇനങ്ങളില്‍ പെട്ടവയാണ് ഇതില്‍ കൂടുതലും. കൂടാതെ ഡെന്‍ഡ്രോബിയം, ഫെലനോപ്സിസ്, മൊക്കാറ, വാന്‍ഡ, ഒന്‍സീഡിയം, കാറ്റ്ലിയ തുടങ്ങി വിവിധയിനങ്ങളില്‍ പെട്ട ഓര്‍ക്കിഡ് തൈകള്‍ ഇവിടെ ലഭ്യമാണ്.

മണ്ണില്ലാതെ കൃഷി

ഒട്ടുമിക്ക ഓര്‍ക്കിഡുകളും കൃഷിചെയ്യാന്‍ മണ്ണ് ആവശ്യമില്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇതിനായി തയ്യാറാക്കിയ വലിയ ദ്വാരങ്ങളുള്ള ഓര്‍ക്കിഡ് ചട്ടികളുണ്ട്. ഈ ചട്ടികളിലേക്ക് തൊണ്ടോ കരിയോ ഓടിന്‍ കഷണമോ നിറച്ച് ഇതില്‍ തൈകള്‍ നടാം.

ഉഷ്ണ മേഖലയില്‍ തഴച്ചുവളരുന്ന ഓര്‍ക്കിഡിന് കേരളത്തിന്റെ കാലാവസ്ഥ വളരെ അനുയോജ്യമാണ്. വേനല്‍ക്കാലത്ത് ജൈവവളവും മഴക്കാലത്ത് രാസവളവും നല്‍കിയാണ് ഓര്‍ക്കിഡിനെ പരിപാലിക്കുന്നത്. ശര്‍ക്കര, വേപ്പിന്‍ പിണ്ണാക്ക്, കടലപ്പിണ്ണാക്ക് തുടങ്ങിയവ കൊണ്ട് ഉണ്ടാക്കിയെടുക്കുന്ന ജൈവവളം ഓര്‍ക്കിഡിന് വളരെ അനുയോജ്യമാണെന്നാണ് അജ്മി പറയുന്നത്.

ആരോഗ്യത്തിനനുസരിച്ചാണ് ഓരോ ഓര്‍ക്കിഡ് ചെടികളിലും പൂക്കള്‍ വിരിയുന്നത്. ആരോഗ്യമുള്ള ചെടിയില്‍ ഒരു കുലയില്‍ 30 പൂക്കളോളം ഉണ്ടാകും. സ്വാഭാവിക തൈകള്‍ കുറവായതിനാല്‍ ടിഷ്യുകള്‍ച്ചര്‍ വഴിയാണ് ഓര്‍ക്കിഡ് തൈകള്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്.

ദീര്‍ഘകാലം വാടാതെ പൂക്കള്‍ നില്‍ക്കുമെന്നതും വിവിധതരത്തിലും നിറത്തിലുമുള്ള പൂക്കളായതിനാലും ഓര്‍ക്കിഡ് ജനങ്ങളിലേക്ക് ആകര്‍ഷിക്കുന്നുണ്ടെന്ന് ഇവര്‍ പറയുന്നു.

കേരളത്തിനു പുറത്തും ആവശ്യക്കാര്‍ ഏറെ

കേരളത്തിനകത്തും പുറത്തും നിരവധി ആവശ്യക്കാര്‍ ആണ് അജ്മിയുടെ ഓര്‍ക്കിഡിന് ഉള്ളത്. സാമൂഹ്യ മാധ്യമങ്ങള്‍ വഴിയും ഇവരുടെ തന്നെ വെബ്സൈറ്റ് വഴിയുമാണ് വില്‍പ്പന നടക്കുന്നത്. കൊറിയര്‍ മുഖേനയാണ് ആവശ്യക്കാര്‍ക്ക് തൈകള്‍ എത്തിച്ചു നല്‍കുന്നത്.

മാസവരുമാനം രണ്ടുലക്ഷം

ഓര്‍ക്കിഡിലൂടെ അജ്മിക്ക് മാസം എല്ലാ ചെലവും കഴിഞ്ഞ് രണ്ടുലക്ഷം രൂപയോളം വരുമാനം ലഭിക്കുന്നുണ്ട്. സ്വന്തമായി ഒരു സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് മികച്ച ഒരു സംരംഭമാണ് ഇതെന്നാണ് അജ്മി പറയുന്നത്.

സമയം പോകാന്‍ തുടങ്ങിയ ഓര്‍ക്കിഡ് കൃഷി മികച്ച ഒരു സംരംഭമാക്കി മാറ്റാന്‍ ഒരുപാട് പ്രയത്നങ്ങള്‍ അജ്മി ചെയ്തിട്ടുണ്ട്. ഇന്ന് ഈ സംരംഭത്തിനു കീഴില്‍ നാല് സ്ഥിരം തൊഴിലാളികളും മറ്റു തൊഴിലാളികളും പണിയെടുക്കുന്നുണ്ട്. കൂടാതെ സംരംഭത്തിനു എല്ലാ പിന്തുണയുമേകി ഭര്‍ത്താവ് നിസാമും, സഹോദരന്‍ മുഹമ്മദ് സഫീറും മകള്‍ ആയിഷ സുല്‍ത്താനയും അജ്മിക്ക് കൂട്ടായി ഉണ്ട്.

Tags:    

Similar News