ആക്രി പേപ്പര്‍ കൊണ്ട് കോടികള്‍ കൊയ്ത വനിതാ സംരംഭക
- ഡെല്‍ഹി സ്വദേശിനിയായ പൂനം ഗുപ്ത നേടിയത് 1000 കോടി രൂപയിലധികം ആസ്തിയുള്ള കമ്പനി
സംരംഭകയ്ക്ക് ആക്രിയും ആയുധം എന്ന് തെളിയിച്ചിരിക്കുകയാണ് ഡെല്‍ഹി സ്വദേശിനിയായ പൂനം ഗുപ്ത. നാം വലിച്ചെറിയുന്ന പാഴ് കടലാസുകള്‍ ഉപയോഗപ്പെടുത്തി പൂനം സമ്പാദിച്ചത് ശതകോടികളാണ്.
ചെറുപ്പത്തിലേ പഠനത്തില്‍ മിടുക്കിയായിരുന്നു പൂനം. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ ശേഷം ഇന്റര്‍നാഷണല്‍ ബിസിനസ് ആന്‍ഡ് മാര്‍ക്കറ്റിങ്ങില്‍ എംബിഎ സ്വന്തമാക്കി. തുടര്‍ന്ന് ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ ജോലി നോക്കാനിരിക്കെയാണ് വിവാഹാലോചനയെത്തുന്നതും സ്‌കോട്ട്ലന്‍ഡില്‍ സ്ഥിരതാമസമാക്കിയ പുനീത് ഗുപ്തയെ വിവാഹം കഴിക്കുന്നതും. എന്നാല്‍ വിവാഹത്തോടെ തന്റെ ആഗ്രഹങ്ങള്‍ മാറ്റിവയ്ക്കാന്‍ പൂനം തയാറല്ലായിരുന്നു. സ്വന്തം കാലില്‍ നില്‍ക്കണമെന്ന അവരുടെ ആഗ്രഹത്തിന് ഭര്‍ത്താവ് പിന്തുണ നല്‍കിയതോടെ പൂനം മള്‍ട്ടി നാഷണല്‍ കമ്പനികളിലേക്ക് ജോലിക്കുള്ള അപേക്ഷകള്‍ അയച്ചു.
ബിരുദവും കഴിവും ആത്മവിശ്വാസവും ഉണ്ടെങ്കിലും ജോലിയിലെ പരിചയക്കുറവ് വിലങ്ങുതടിയായി. അക്കാലത്താണ് ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി കമ്പനിയില്‍ കുറച്ചുവര്‍ഷം ശമ്പളമില്ലാതെ ജോലിയില്‍ പ്രവേശിച്ചത്. ഇതിനിടെയാണ് താന്‍ ജോലി ചെയ്യുന്ന ഓഫിസിന് സമീപത്തുള്ള ഒരു കമ്പനി നല്ല നിലവാരമുള്ള ലോഡ് കണക്കിന് പേപ്പറുകള്‍ ചവറായി ഒഴിവാക്കുന്നത് പൂനത്തിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. അത്രയും നിലവാരമുള്ള പേപ്പറുകളെ ശരിയായ രീതിയില്‍ ഉപയോഗപ്രദമാക്കിയെടുത്തുകൂടേ എന്ന് അവര്‍ ആലോചിച്ചു. ആ ചിന്ത അവരെ ഒരു സ്റ്റാര്‍ട്ടപ്പിലേക്ക് നയിച്ചു.
അങ്ങനെയാണ് 2003ല്‍ പൂനം ഒരു പേപ്പര്‍ കമ്പനി ആരംഭിക്കുന്നത്. പൂനം ഗുപ്തയുടെ ചുരുക്കപ്പേരായ പിജി പേപ്പര്‍ കമ്പനി എന്നു പേരിട്ടു. വേസ്റ്റായി കളയുന്ന പേപ്പറുകള്‍ പുനരുപയോഗിക്കാന്‍ അവര്‍ തീരുമാനിച്ചു. യൂറോപ്പില്‍ മികച്ച നിലവാരമുള്ള പേപ്പറുകളാണ് ഉപയോഗിക്കുന്നത്. ഇവ പുനരുപയോഗിക്കുന്നതിലെന്താണ് തടസമെന്ന് പൂനം സ്വയം ചോദിച്ചു. അങ്ങനെ ഒരു ഇറ്റാലിയന്‍ കമ്പനിയെ സമീപിച്ച് അവര്‍ക്ക് സ്ഥലം നഷ്ടമാക്കുന്ന പാഴായ കടലാസുകള്‍ ശേഖരിച്ചു. 40 ലക്ഷം രൂപയ്ക്കായിരുന്നു കരാര്‍. 2004ല്‍ സ്‌കോട്ട്ലന്‍ഡില്‍ പിജി പേപ്പര്‍ കമ്പനി ആരംഭിച്ചു. തുടര്‍ന്ന് ഇറ്റലി, ഫിന്‍ലന്‍ഡ്, യുഎസ് എന്നീ രാജ്യങ്ങളിലെ കമ്പനികളില്‍ നിന്നും പണം നല്‍കി വേസ്റ്റ് പേപ്പറുകള്‍ വാങ്ങി. അവ സംസ്‌കരിച്ച് പുതിയ കടലാസുകളുണ്ടാക്കി.
തുടക്കത്തില്‍ കമ്പനിക്കായി കൂടുതല്‍ യന്ത്രസാമഗ്രികള്‍ വാങ്ങാന്‍ മതിയായ പണമില്ലാതെ വന്നു. എന്നാല്‍ അച്ഛനില്‍ നിന്നോ കുടുംബാംഗങ്ങളില്‍ നിന്നോ സഹായം സ്വീകരിക്കാന്‍ പൂനം തയാറായില്ല. സ്‌കോട്ട്ലന്‍ഡിലെ സര്‍ക്കാര്‍ പദ്ധതിയിലൂടെ പൂനം ലോണെടുത്തു. പിന്നീട് അവര്‍ക്ക് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. കമ്പനിയുടെ പ്രാരംഭ ഘട്ടത്തില്‍ തനിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ഭര്‍ത്താവിനെ പൂനം ക്ഷണിച്ചെങ്കിലും തന്റെ വാര്‍ഷിക വരുമാനം 80 ലക്ഷം രൂപയാണെന്നറിയിച്ച് അദ്ദേഹം വിസമ്മതിച്ചു.
എന്നാല്‍ നിലവില്‍ ഒരു കോടി രൂപ ശമ്പളത്തില്‍ ഭര്‍ത്താവും പൂനത്തിനൊപ്പമുണ്ട്. കമ്പനിക്ക് ഇന്ത്യ, ചൈന, തുര്‍ക്കി, സ്വീഡന്‍ എന്നീ രാജ്യങ്ങളില്‍ ഓഫിസുകളുമുണ്ട്. ഇന്ന് ഒന്‍പത് കമ്പനികള്‍ പൂനത്തിനു കീഴിലുണ്ട്. 60 രാജ്യങ്ങളിലായി 1,000 കോടി രൂപയുടെ ബിസിനസ് നടത്തുന്നു. ഇനി ഫാബ്രിക് സ്‌ക്രാപ്പുകള്‍ കൂടി പുനരുപയോഗം നടത്താനാകുമോ എന്ന ആലോചനയിലാണ് താനെന്ന് പൂനം പറയുന്നു. എന്നാല്‍ താന്‍ നേടിയ വിജയത്തില്‍ പൂനം തൃപ്തയല്ല. ഗുപ്ത ചാരിറ്റബിള്‍ ട്രസ്റ്റ് മുഖാന്തരം ഇന്ത്യയിലെയും യുകെയിലും അനാഥരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പൂനം പ്രവര്‍ത്തിച്ചുവരുകയാണ്.