ശമ്പളം പറ്റുന്നവരാണോ, നികുതിയിളവ് നേടാന്‍ വഴികളിതാ

  • ആദായ നികുതി ബാധ്യതകൾ കുറക്കാനുള്ള വഴികൾ
  • അടിസ്ഥാന കിഴിവായ 50,000 രൂപ എല്ലാവര്ക്കും
  • ജീവനക്കാരന്റെ പ്രോവിഡന്റ് ഫണ്ടിലേക്കുള്ള പങ്ക് വകുപ്പ് 80ഇ പ്രകാരം ഉള്ള ഇളവ്

Update: 2023-06-02 07:46 GMT

കൃത്യമായി നികുതി അടക്കുന്ന ഒരു വിഭാഗമാണ് ശമ്പളക്കാര്‍. അതിനാല്‍ തന്നെ ആദായ നികുതി നിയമം അവര്‍ക്ക് ധാരാളം ഇളവുകളും അനുവദിച്ചു നല്‍കുന്നുണ്ട്. ഒരു ശമ്പളക്കാരന്റെ ആദായ നികുതി ബാധ്യതകള്‍ കുറക്കാന്‍ ഈ ഇളവുകള്‍ സഹായിക്കുന്നു. അതെന്തൊക്കെ ആണെന്ന് നമുക്ക് നോക്കാം.

1. അടിസ്ഥാന കിഴിവ്: ശമ്പളക്കാര്‍ക്ക് എല്ലാവര്‍ക്കും, ശമ്പളത്തിന്റെ വലിപ്പചെറുപ്പം നോക്കാതെ വകുപ്പ് 16(ia) പ്രകാരം അവകാശപ്പെടാന്‍ കഴിയുന്ന ഒന്നാണ് അടിസ്ഥാന കിഴിവായ 50,000 രൂപ.

2. വീട്ട് വാടക ബത്ത: നിങ്ങള്‍ക്ക് ശമ്പളത്തിന്റെ ഭാഗമായി വീട്ട് വാടക ബത്ത ലഭിക്കുകയും താങ്കള്‍ താമസിക്കുന്നത് ഒരു വാടക വീട്ടിലും ആണെങ്കില്‍, വകുപ്പ് 10(13A) പ്രകാരം ഈ കിഴിവിന് നിങ്ങള്‍ അര്‍ഹനാണ്. താഴെ പറയുന്ന മൂന്ന് തുകകളില്‍ ഏതാണോ കുറവ്, ആ തുക ആയിരിക്കും ഇളവ് ആയി ലഭിക്കുന്നത്.

a. വീട്ടു വാടക ബത്ത ലഭിച്ചത്

b. കൊടുത്ത വീട്ട് വാടകയില്‍ നിന്നും കിട്ടിയ ശമ്പളത്തിന്റെ 10% കുറച്ചത്.

c. മെട്രോ നഗരത്തില്‍ ആണ് ജീവിക്കുന്നതെങ്കില്‍ കിട്ടിയ ശമ്പളത്തിന്റെ 50%, അല്ലെങ്കില്‍ 40%

ചിലവ് സ്ഥിരീകരിക്കാന്‍ ആവശ്യമെങ്കില്‍ അതിനെ സാധൂകരിക്കുന്ന തെളിവുകള്‍ ഹാജരാക്കേണ്ടതാണ്.

3. അവധിക്കാല യാത്ര ബത്ത: ഇന്ത്യക്കുള്ളില്‍ അവധിക്കാല യാത്ര ചെയ്യുന്നതിന് തൊഴില്‍ ദാതാവില്‍ നിന്ന് ലഭിക്കുന്ന യാത്ര ബത്ത, 4 വര്‍ഷങ്ങള്‍ അടങ്ങിയ ഒരു ബ്ലോക് പീരീഡില്‍ 2 പ്രാവശ്യം ഇളവായി അവകാശപ്പെടാവുന്നതാണ്. ശരിക്കും യാത്രക്കായി ചിലവാക്കിയ തുകയേക്കാള്‍ കൂടുതല്‍ ഇളവായി അവകാശപ്പെടാന്‍ സാധിക്കില്ല. 22-23 സാമ്പത്തിക വര്‍ഷത്തേക്ക് ബാധകമായ ബ്ലോക്ക് പീരീഡ് 2018-2022 ആണ്. ചിലവ് സ്ഥിരീകരിക്കാന്‍ ആവശ്യമെങ്കില്‍ അതിനെ സാധൂകരിക്കുന്ന തെളിവുകള്‍ ഹാജരാക്കേണ്ടതാണ്. ചിലവുകള്‍ ചട്ടം 2B യില്‍ പറഞ്ഞിരിക്കുന്ന നിബന്ധനകള്‍ക്ക് വിധേയമാണ്.

4. ആരോഗ്യ പരിരക്ഷ ബത്ത: ഈ ബത്ത നികുതി വിധേയമാണ്. എന്നിരുന്നാലും ഒരു സാമ്പത്തിക വര്‍ഷത്തില്‍ ആരോഗ്യ പരിരക്ഷക്കായി ചിലവാക്കിയ തുക തൊഴില്‍ ദാതാവ് തിരികെ കൊടുക്കുകയാണെങ്കില്‍, അങ്ങിനെ തിരികെ കൊടുത്ത തുകയില്‍ നിന്നും 15,000 രൂപ വരെ കിഴിവായി അവകാശപ്പെടാവുന്നതാണ്.

5. കുട്ടികളുടെ വിദ്യാഭ്യാസ ബത്ത: ഒരു കുട്ടിക്ക് മാസം 100 രൂപ നിരക്കില്‍ രണ്ടു കുട്ടികള്‍ക്ക് വരെ കിട്ടിയിട്ടുള്ള വിദ്യാഭ്യാസ ബത്ത കിഴിവായി അവകാശപ്പെടാവുന്നതാണ്. ഇതിന് പുറമേ, ട്യൂഷന്‍ ഫീസ് ആയി ചിലവായ തുക 1.5 ലക്ഷം വരെ വകുപ്പ് 80C പ്രകാരമുള്ള കിഴിവിനായി പരിഗണിക്കാവുന്നതാണ്.

6. ഹോസ്റ്റല്‍ ബത്ത: ഹോസ്റ്റല്‍ ചിലവിലേക്കായി ഒരു കുട്ടിക്ക് 300 രൂപ നിരക്കില്‍ രണ്ടു കുട്ടികള്‍ക്ക് വരെ കിട്ടിയിട്ടുള്ള ഹോസ്റ്റല്‍ ബത്ത കിഴിവായി അവകാശപ്പെടാവുന്നതാണ്.

7. ഗ്രാറ്റുവിറ്റി: വിരമിക്കുന്ന സമയത്ത് അല്ലെങ്കില്‍ മരണ സമയത്ത് ലഭിക്കുന്ന ഗ്രാറ്റുവിറ്റി വകുപ്പ് 10(10) പ്രകാരം ഇളവുകള്‍ക്ക് യോഗ്യതയുണ്ട്. ലഭിക്കുന്ന ഇളവ്, ജീവനക്കാരന്‍ ഗ്രാറ്റുവിറ്റി നിയമ വിധേയനാണോ അല്ലയോ എന്നതിനെ ആശ്രയിച്ച് മാറും. താഴെ പറയുന്ന തുകകളില്‍ ഏതാണോ കുറവ്, ആ തുക ആയിരിക്കും ഇളവ് ആയി ലഭിക്കുന്നത്.

A. ഗ്രാറ്റുവിറ്റി നിയമ വിധേയനായിട്ടുള്ള ജീവനക്കാര്‍

a. ശരിക്കും ലഭിച്ച ഗ്രാറ്റുവിറ്റി

b. 20 ലക്ഷം രൂപ

c. അവസാന 15 ദിവസത്തെ ശമ്പളം x സേവനം അനുഷ്ടിച്ച വര്‍ഷങ്ങളുടെ എണ്ണം.

B. ഗ്രാറ്റുവിറ്റി നിയമ വിധേയമല്ലാത്ത ജീവനക്കാര്‍

a. ശരിക്കും ലഭിച്ച ഗ്രാറ്റുവിറ്റി

b. 20 ലക്ഷം രൂപ

c. അവസാന 10 മാസത്തെ ശരാശരി ശമ്പളത്തിന്റെ പകുതിx സേവനം അനുഷ്ടിച്ച വര്‍ഷങ്ങളുടെ എണ്ണം.

9. പ്രോവിഡന്റ് ഫണ്ടിലേക്കുള്ള പങ്ക്: ജീവനക്കാരന്റെ പ്രോവിഡന്റ് ഫണ്ടിലേക്കുള്ള പങ്ക് വകുപ്പ് 80C പ്രകാരം ഉള്ള ഉഇളവുകള്‍ക്ക് അര്‍ഹമാണ്. തൊഴില്‍ ദാതാവിന്റെ പങ്ക് 7.5 ലക്ഷം രൂപക്ക് മുകളില്‍ ആണെങ്കില്‍ ആ കൂടുതല്‍ ഉള്ള തുക നികുതി വിധേയമാണ്.

ഈ പറഞ്ഞതെല്ലാം ശമ്പളക്കാര്‍ക്ക് കിട്ടുന്ന പ്രത്യേക ആനുകൂല്യങ്ങള്‍ ആണ്. ഇത് കൂടാതെ മറ്റ് വ്യക്തികള്‍ക്ക് കിട്ടുന്ന മറ്റ് ആനുകൂല്യങ്ങളും ശമ്പളക്കാര്‍ക്ക് ലഭ്യമാണ്.

Tags:    

Similar News