യാത്രക്കാരനാണോ? ട്രാവല്‍ ഇന്‍ഷുറന്‍സ് പോളിസിയെടുത്തോളൂ..

  • ചില കമ്പനികള്‍ക്ക് സീനിയര്‍ സിറ്റിസണ്‍സിനായി പ്രത്യേകം പോളിസിയുണ്ട്
  • പോളിസിയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കിയ റിസ്കുകൾ അറിയണം
  • പോളിസികള്‍ താരതമ്യം ചെയ്യുന്നതും നന്നായിരിക്കും

Update: 2023-04-19 07:57 GMT

വിദേശയാത്രക്കിടയില്‍ അപ്രതീക്ഷിതമായി സംഭവിച്ചേക്കാവുന്ന അപകടങ്ങള്‍, അസുഖങ്ങള്‍, മുതലായ നിരവധി റിസ്‌കുകള്‍ കവര്‍ ചെയ്യുന്ന പോളിസിയാണ് ഓവര്‍സീസ് ട്രാവല്‍ ഇന്‍ഷുറന്‍സ് പോളിസി. ഇന്ത്യയില്‍ നിന്നും ഇന്‍ഷുര്‍ ചെയ്യുന്ന പോളിസി ഉടമയ്ക്ക്, വിദേശരാജ്യങ്ങളില്‍ വെച്ച് ക്ലെയിം ചെയ്യാവുന്നതും വിദേശ കറന്‍സിയില്‍ ഈ പോളിസിയിലൂടെ ക്ലെയിം ലഭ്യമാക്കാവുന്നതുമാണ്.

സാധാരണരീതിയില്‍ വ്യാപാരാവശ്യങ്ങള്‍ക്കോ, ഉപരിപഠനാര്‍ത്ഥം വിദേശ രാജ്യങ്ങളിലേക്കുള്ള യാത്രക്കോ ട്രാവല്‍ പോളിസി ലഭ്യമാണ്. ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ വ്യക്തികള്‍, കുടുംബാംഗങ്ങള്‍, സീനിയര്‍ സിറ്റിസണ്‍സ്, വിദ്യാര്‍ത്ഥികള്‍, കോര്‍പ്പറേറ്റ്, ഗ്രൂപ്പ് എന്നിങ്ങനെ വിവിധ വിഭാഗങ്ങള്‍ക്ക് ഇണങ്ങുന്ന രീതിയില്‍ അനുയോജ്യമായ പാക്കേജുകള്‍ ഇന്ന് നിലവിലുണ്ട്.

പോളിസികള്‍ ഇങ്ങനെ

സാധാരണയായി ഏറ്റവും ചുരുങ്ങിയത് നാല് ദിവസവും, ഏറ്റവും കൂടിയത് 180 ദിവസം വരെയുമാണ് പോളിസികളുടെ കാലാവധി. കാലാവധി നീട്ടുന്നതിനും ഇന്‍ഷുറന്‍സ് കമ്പനികളിലൂടെ സൗകര്യമുണ്ട്. വിദേശ രാജ്യങ്ങളെ പല രീതിയിലാണ് തരംതിരിച്ചിട്ടുള്ളത്. ഉദാഹരണമായി അമേരിക്കന്‍ ഐക്യനാടുകള്‍, കാനഡ, ഏഷ്യന്‍ രാജ്യങ്ങള്‍, ജപ്പാന്‍ എന്നിങ്ങനെ. പ്രായം കൂടുംതോറും അസുഖങ്ങള്‍ കൂടുമെന്നതിനാല്‍ ചില സാഹചര്യങ്ങളില്‍ വൈദ്യപരിശോധനാ റിപ്പോര്‍ട്ട് കൂടി നല്‍കേണ്ടതുണ്ട്.

ചില കമ്പനികള്‍ക്ക് സീനിയര്‍ സിറ്റിസണ്‍സിനായി പ്രത്യേകം പോളിസിയുണ്ട്. പ്രീമിയം അല്‍പ്പം കൂടുതലായിരിക്കും എന്നതാണ് പോളിസിയുടെ പ്രത്യേകത. ട്രാവല്‍ പോളിസിയില്‍ കവര്‍ ചെയ്യുന്നത് ഇപ്രകാരമാണ്. അപകടമരണം, അതില്‍തന്നെ സ്ഥിരവും പൂര്‍ണ്ണവുമായ അംഗവൈകല്യങ്ങളുള്ളവയും ഇതില്‍ കവര്‍ ചെയ്യുന്നുണ്ട്.

ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട റിസ്ക്  കവറേജ് ലഭിക്കുന്നത് മെഡിക്ലെയിം പോളിസിക്കാണ്. ഇതുകൂടാതെ ഡെന്റല്‍ ചികിത്സ കവര്‍ ചെയ്യുന്ന പോളിസികളും ഉണ്ട്.

കവര്‍ ചെയ്യുന്ന റിസ്‌കുകള്‍

പരിശോധന കഴിഞ്ഞ ബാഗേജിന് നഷ്ടം സംഭവിക്കുക, അയച്ചിരുന്ന ബാഗേജ് വൈകി എത്തുക, പാസ്പോർട്ട് നഷ്ടപ്പെടുക, വിമാനം തട്ടിക്കൊണ്ടുപോകുക, യാത്ര വൈകിയതുമൂലമോ മുടങ്ങിയതുമൂലമോ നഷ്ടം സംഭവിക്കുക, അപ്രതീക്ഷിതമായി വ്യക്തിപരമായ സാമ്പത്തിക ആവശ്യം വരിക, ട്രിപ്പ് വെട്ടിച്ചുരുക്കുക, വിദേശത്ത് താമസിക്കുന്ന വീട്ടിലെ സാധന സാമഗ്രികള്‍ കളവു പോവുക, ആശുപത്രിയില്‍ അഡ്മിറ്റ് ആകേണ്ടിവന്നാല്‍ പ്രതിദിന ബത്ത എന്നിങ്ങനെയാണ് ഇതിലൂടെ കവര്‍ ചെയ്യുന്ന റിസ്‌കുകള്‍.

പരിധിയില്‍ പെടില്ല

ആത്മഹത്യാ ശ്രമം, മാനസിക തകരാറുകള്‍, ആകാംക്ഷ, മാനസിക സമ്മര്‍ദ്ദം, ഗുഹ്യരോഗങ്ങള്‍, മദ്യപാനം, മയക്കുമരുന്ന്, എച്ച്.ഐ.വി. എന്നിവയ്ക്കുള്ള ചികിത്സ, പോളിസിയില്‍ നിലവിലില്ല. അപകടം കൂടുതലുള്ള തൊഴില്‍, നിയമ ലംഘനം, ക്രിമിനല്‍ നടപടികള്‍ എന്നിവയെയും, ഗര്‍ഭധാരണം, പ്രസവം, അബോര്‍ഷന്‍ എന്നിവയെയും പോളിസിയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍

പോളിസികള്‍ തിരഞ്ഞെടുക്കുന്നതിനു മുന്‍പ് ഏത് വിഭാഗത്തില്‍പെടുന്ന വ്യക്തി ആണെന്നും, (അതായത് വ്യക്തി, കുടുംബം, സീനിയര്‍ സിറ്റിസണ്‍, കോര്‍പ്പറേറ്റ്, വിദ്യാര്‍ത്ഥി, ബിസിനസ്) ആവശ്യങ്ങള്‍ എന്തൊക്കെയാണെന്നും, യാത്രയുടെ കാലാവധി, എത്തേണ്ട  സ്ഥലം,ക്ലെയിമിൽ  ഉള്‍പ്പെടുത്തേണ്ട റിസ്‌കുകള്‍, സര്‍വ്വീസ് സെന്ററുകള്‍, ടോള്‍ ഫ്രീ നമ്പറുകള്‍, പോളിസി നിബന്ധനകള്‍, പ്രീമിയം നിരക്ക് എന്നിവയും അറിഞ്ഞിരിക്കണം. പല കമ്പനികളുടെയും പോളിസികള്‍ താരതമ്യം ചെയ്യുന്നതും നന്നായിരിക്കും.

Tags:    

Similar News