ഒരു വര്‍ഷത്തിനിടെ മിന്നും നേട്ടവുമായി ലോകത്തെ ഏറ്റവും വലിയ കണ്ടക്ടര്‍ നിര്‍മാതാക്കള്‍
- 600 രൂപയില്‍നിന്ന് 2179 രൂപയിലേക്ക്
ഒരു വര്‍ഷത്തിനിടെ ഓഹരി വിപണിയില്‍ രണ്ട് മടങ്ങിലധികം നേട്ടം സമ്മാനിച്ച് ലോകത്തിലെ ഏറ്റവും വലിയ കണ്ടക്ടര്‍ നിര്‍മാതാക്കളായ അപാര്‍ ഇന്‍ഡസ്ട്രീസ്. ഒരു വര്‍ഷം കൊണ്ട് ഓഹരി വില 600 രൂപയില്‍നിന്ന് 2179 രൂപയിലേക്കാണ് കുതിച്ചുയര്‍ന്നത്. അതായത് 263 ശതമാനം നേട്ടം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ബെഞ്ച്മാര്‍ക്ക് സൂചിക സെന്‍സെക്സ് 4.35 ശതമാനം മാത്രം ഉയര്‍ന്നപ്പോഴാണ് അപാര്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഈ കുതിപ്പ്. ആറ് മാസത്തിനിടെ 87 ശതമാനത്തിന്റെയും ഒരു മാസത്തിനിടെ 20 ശതമാനത്തിന്റെയും നേട്ടവും ഈ കമ്പനി നിക്ഷേപകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്.
കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ മാത്രം 13 ശതമാനത്തിന്റെ ഉയര്‍ച്ചയാണ് ഗുജറാത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ കമ്പനിയുടെ ഓഹരി വിലയിലുണ്ടായത്. അതിനിടെ എക്കാലത്തെയും ഉയര്‍ന്ന ഓഹരി വിലയായ 2345 രൂപയിലും തൊട്ടു. 556 രൂപയാണ് ഈ ഓഹരിയുടെ 52 ആഴ്ചയിലെ താഴ്ന്ന നില. നിലവില്‍ 8,342 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം.
മികച്ച പാദഫലങ്ങള്‍
2022-23 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ മികച്ച പ്രവര്‍ത്തനഫലം നേടാനായതാണ് കഴിഞ്ഞദിവസങ്ങളില്‍ ഓഹരി വില ഉയരാനിടയാക്കിയത്. ഇക്കാലയളവില്‍ കമ്പനിയുടെ ഏകീകൃത വില്‍പ്പനയില്‍ 76.9 ശതമാനത്തിന്റെ വര്‍ധനവാണ് കമ്പനി രേഖപ്പെടുത്തിയത്. 3,942 കോടി രൂപ. എബിറ്റ്ഡയും 199 ശതമാനം വര്‍ധിച്ച് 349 കോടി രൂപയായി. കമ്പനിയുടെ പ്രധാന ഉത്പന്ന മേഖലകളായ കണ്ടക്ടര്‍, ട്രാന്‍സ്മിഷന്‍ കേബിള്‍, സ്പെഷാലിറ്റി ഓയില്‍ എന്നിവയില്‍ മികച്ച വളര്‍ച്ചയാണുണ്ടായത്.
കയറ്റുമതി 288 ശതമാനം വര്‍ധിച്ചതിനാല്‍ കണ്ടക്ടര്‍ വിഭാഗത്തില്‍ മാത്രം 103.3 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി 1,910 കോടി രൂപയായി. കയറ്റുമതിയിലും ഇലാസ്ട്രോമെറിക് ഉത്പന്നങ്ങളിലുമുള്ള ശക്തമായ വളര്‍ച്ച കാരണം കേബിള്‍ വിഭാഗം 89.5 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 920 കോടി രൂപയിലെത്തി. സ്പെഷ്യാലിറ്റി ഓയില്‍ സെഗ്മെന്റ് വരുമാനം 37.5 ശതമാനം വര്‍ധിച്ച് 1,180 കോടി രൂപയായി.
ലോകത്തിലെ ഏറ്റവും വലിയ അലുമിനിയം, അലോയ് കണ്ടക്ടര്‍ നിര്‍മ്മാതാവ് എന്നതിന് പുറമെ ലോകത്തിലെ മൂന്നാമത്തെ വലിയ ട്രാന്‍സ്ഫോര്‍മര്‍ ഓയില്‍ നിര്‍മ്മാതാവ് കൂടിയാണ് അപാര്‍ ഇന്‍ഡസ്ട്രീസ്. 1958ലാണ് അപാര്‍ ഇന്‍ഡസ്ട്രീസ് ഇന്ത്യയില്‍ ആരംഭിച്ചത്. 60 വര്‍ഷത്തിനിടെ ബിസിനസ് വൈവിധ്യവല്‍ക്കരിച്ച് ഇപ്പോള്‍ 140ലധികം രാജ്യങ്ങളിലേക്ക് ഈ കമ്പനി തങ്ങളുടെ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ട്.
നിലവില്‍ 1500 ലധികം തൊഴിലാളികളുള്ള കമ്പനിക്ക് 4000 ലധികം ഉപഭോക്താക്കളാണ് ലോകത്തുടനീളമായുള്ളത്. ഒന്‍പത് നിര്‍മാണ പ്ലാന്റുകളും കമ്പനിക്ക് സ്വന്തമായുണ്ട്.