അച്ഛന്‍ തോറ്റിടത്ത് വിജയക്കൊടി നാട്ടി എട്ടാംക്ലാസുകാരന്‍! മില്‍കി മിസ്റ്റ് കമ്പനിയുടെ വിജയ കഥ
- 1992ല്‍ എട്ടാം ക്ലാസ് പഠനം ഉപേക്ഷിച്ച് ബിസിനസിലേക്കിറങ്ങി
- ലോകത്തെല്ലായിടത്തും ഉപയോഗിക്കാന്‍ സാധിക്കുന്ന പേരെന്ന നിലയിൽ മില്‍ക്കി മിസ്റ്റ് എന്ന പേര്
- രാജ്യത്തെ ഏറ്റവും വലിയ പനീര്‍ നിര്‍മാതാക്കളാണ്
ദക്ഷിണേന്ത്യയില്‍ ക്ഷീരരംഗത്ത് പേരെടുത്ത ബ്രാന്‍ഡാണ് മില്‍ക്കി മിസ്റ്റ്. അച്ഛന്റെ പാല്‍ ബിസിനസ് പൂട്ടാനൊരുങ്ങുമ്പോള്‍ എട്ടാം ക്ലാസില്‍...
ദക്ഷിണേന്ത്യയില്‍ ക്ഷീരരംഗത്ത് പേരെടുത്ത ബ്രാന്‍ഡാണ് മില്‍ക്കി മിസ്റ്റ്. അച്ഛന്റെ പാല്‍ ബിസിനസ് പൂട്ടാനൊരുങ്ങുമ്പോള്‍ എട്ടാം ക്ലാസില്‍ പഠനം നിര്‍ത്തി ബിസിനസ് ഏറ്റെടുത്ത് വളര്‍ത്തി വിജയത്തിലെത്തിച്ച മകന്റെ കഥയാണ് ഇതിനു പിന്നിലുള്ളത്.
തമിഴ്‌നാട്ടിലെ ഈറോഡില്‍ കര്‍ഷക കുടുംബത്തിലാണ് സതീഷ് കുമാര്‍ ജനിക്കുന്നത്. 1992ല്‍ എട്ടാം ക്ലാസ് പഠനം ഉപേക്ഷിച്ച് ബിസിനസിലേക്കിറങ്ങി വിജയിച്ച സംരംഭകനായി മാറുകയായിരുന്നു. കുടുംബപരമായി ആരംഭിച്ച ബിസിനസ് അവസാന ഘട്ടത്തിലാണ് സതീഷ് ഏറ്റെടുക്കുന്നത്.
പൂട്ടിപ്പോകാറായ പാല്‍ ബിസിനസ് അവസാന ശ്രമമെന്ന നിലയ്ക്കാണ് സതീഷിനെ കുടുംബം ഏല്‍പ്പിക്കുന്നത്. ഇതിന് മുമ്പ് 1983ല്‍ സതീഷിന്റെ സഹോദരങ്ങള്‍ പവര്‍ലൂം യൂണിറ്റ് ആരംഭിച്ചിരുന്നു. ബിസിനസ് ക്ലച്ച് പിടിക്കാതായതോടെ മൂന്ന് വര്‍ഷത്തിന് ശേഷം അവര്‍ പാല്‍ ബിസിനസിലേക്ക് കടക്കുകയായിരുന്നു.
വില്‍പനക്കാരില്‍ നിന്ന് പാല്‍ ശേഖരിച്ച് തണുപ്പിച്ച് കാനുകളില്‍ ബംഗളൂരുവിലേക്ക് അയക്കുന്നതാണ് ബിസിനസ്. പ്രതിദിനം 3,000 ലിറ്ററോളം ഇത്തരത്തില്‍ വിറ്റഴിച്ചെങ്കിലും ബിസിനസ് പ്രതീക്ഷിച്ച വിജയം കണ്ടില്ല. ഇതോടെ 1992ഓടെ പിതാവ് ബിസിനസ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. ഈ സമയത്താണ് സതീഷ് ഭാഗ്യം പരീക്ഷിക്കാന്‍ തീരുമാനിക്കുന്നത്. അങ്ങനെ ഈറോഡിലെ ഹിന്ദു കല്‍വി നിലയത്തിലെ എട്ടാം ക്ലാസുകാരന്‍ സംരംഭകന്റെ കുപ്പായമണിഞ്ഞു.
പാലിനു പകരം പനീര്‍
പാല്‍ കയറ്റിയയക്കുന്നത് മെച്ചമല്ലെന്ന പിതാവിന്റെ അനുഭവം കാരണം പുതിയ മേഖലയിലേക്ക് കടക്കാനാണ് സതീഷ് ആദ്യം തന്നെ ശ്രമിച്ചത്. പാല്‍ വാങ്ങുന്ന ബംഗളൂരുവിലെ ഉപഭോക്താവിന്റെ പനീര്‍ ബിസിനസിലാണ് സതീഷിന് കണ്ണുടക്കിയത്. പാലില്‍ നിന്ന് പനീറുണ്ടാക്കി നല്ല വിലയ്ക്ക് ഹോട്ടലുകളിലേക്ക് വില്‍പന നടത്തുന്നത് വഴിയുണ്ടാകുന്ന നല്ല ലാഭവും സതീഷിനെ ആകര്‍ഷിച്ചു. പിന്നീട് പനീറുണ്ടാക്കാനുള്ള പരീക്ഷണങ്ങള്‍ തുടങ്ങി.
1993ല്‍ സതീഷ് 10 കിലോ പനീറിന്റെ ആദ്യ ബാച്ച് ബംഗളൂരുവിലേക്ക് അയച്ചു. ബ്രാന്‍ഡ് നെയിം ഇല്ലാതിരുന്നിട്ടും 1995ല്‍ പ്രതിദിനം 50-100 കിലോ പനീര്‍ വില്‍പന നടത്താന്‍ സാധിച്ചു. ഇതോടെ പാല്‍ കയറ്റിയയച്ചുള്ള ബിസിനസ് അവസാനിപ്പിക്കുകയും സംഭരിച്ച പാല്‍ പൂര്‍ണമായും പനീര്‍ ബിസിനസിലേക്ക് മാറ്റുകയുമായിരുന്നു.
മില്‍കി മിസ്റ്റ്
പനീര്‍ വില്‍പന കൂടിയതോടെ റീട്ടെയില്‍ വിപണിയിലേക്ക് കടക്കുന്ന സമയത്താണ് മില്‍ക്കി മിസ്റ്റ് എന്ന ബ്രാന്‍ഡിലേക്ക് എത്തുന്നത്. എളുപ്പത്തില്‍ പറയാന്‍ സാധിക്കുന്നതും ഓര്‍മയില്‍ നില്‍ക്കുന്നതുമായ പേരായിരുന്നു അന്വേഷണത്തിലുണ്ടായിരുന്നത്. ലോകത്തെല്ലായിടത്തും ഉപയോഗിക്കാന്‍ സാധിക്കുന്ന പേരെന്ന നിലയിലാണ് മില്‍ക്കി മിസ്റ്റ് എന്ന പേര് തിരഞ്ഞെടുത്തതെന്ന് സതീഷ്.
റീട്ടെയില്‍ വിപണിയിലേക്ക് ഇറങ്ങിയതോടെ ആവശ്യമായ മെഷിനറികള്‍ക്കായി 5 ലക്ഷം രൂപയാണ് ആദ്യം നിക്ഷേപിച്ചത്. പിന്നീട് 1998ല്‍ 10 ലക്ഷം ബാങ്ക് വായ്പയെടുത്താണ് സെമി ഓട്ടോമേറ്റഡ് പനീര്‍ പ്ലാന്റ് സ്ഥാപിച്ചത്. 1990ഓടെ മില്‍ക്കി മിസ്റ്റ് പനീര്‍ ചെന്നൈ, ബംഗളൂരു, കോയമ്പത്തൂര്‍ വിപണികളിലേക്കും എത്തി.
തുടക്കത്തില്‍ നിര്‍ത്തിയ പാല്‍ ബിസിനസ് വീണ്ടും ആരംഭിച്ചെങ്കിലും മില്‍ക്കി മിസ്റ്റിന് പനീര്‍ നിര്‍മിക്കാനാവശ്യമായ പാലിന്റെ ലഭ്യതയില്‍ കുറവ് വന്നു.
ബിസിനസ് വിപുലമാക്കുന്നു
2005ല്‍ പാല്‍ വിതരണം നിര്‍ത്തിയ കമ്പനി നെയ്യ് നിര്‍മാണത്തിലേക്ക് കടന്നു. പനീര്‍, ബട്ടര്‍, നെയ്യ്, ചീസ്, തൈര്, ഐസ്‌ക്രീം തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ ഇന്ന് മില്‍ക്കി മീസ്റ്റ് വിപണിയിലെത്തിക്കുന്നു. ഇന്ന് രാജ്യത്തെ ഏറ്റവും വലിയ പനീര്‍ നിര്‍മാതാക്കളാണ് മില്‍ക്കി മിസ്റ്റ്.
2015ല്‍ പ്രതിദിനം 1.7 ലക്ഷം ലിറ്റര്‍ പാല്‍ സംഭരിച്ചിരുന്ന മില്‍കി മിസ്റ്റ് 2019ഓടെ 6.5 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയിലെത്തി. ഈറോഡ്, സേലം, തിരുപ്പൂര്‍, കോയമ്പത്തൂര്‍, നാമക്കല്‍, ഡിണ്ടിഗല്‍, ധര്‍മപുരി, ജോലാര്‍പേട്ട്, കൃഷ്ണഗിരി, ട്രിച്ചി എന്നീ ജില്ലകളിലായി 55,000ത്തിലധികം കര്‍ഷകരില്‍ നിന്ന് കമ്പനി നേരിട്ട് പാല്‍ ശേഖരിക്കുന്നുണ്ട്.
വരുമാനം 928.3 കോടി
2020 സാമ്പത്തിക വര്‍ഷത്തില്‍ 723.8 കോടി രൂപയായിരുന്നു വരുമാനം. ഇത് 2021 സാമ്പത്തിക വര്‍ഷം 928.3 കോടി രൂപയായി. ബാങ്ക് നിക്ഷേപങ്ങളില്‍ നിന്നടക്കം 1.17 കോടി രൂപ കമ്പനി നേടി. ഇതടക്കം 2021 സാമ്പത്തിക വര്‍ഷത്തിലെ മൊത്തം വരുമാനം 929.5 കോടി രൂപയാണ്