എംഎ യൂസുഫലിയുടെ ജീവിത കഥ

  • ഒരു കാലത്ത് ഇന്ത്യയെ അടിച്ചമര്‍ത്തി കൊള്ളയടിച്ച ബ്രിട്ടനിലെ ഈസ്റ്റിന്ത്യ കമ്പനിയുടെ 10 ശതമാനം ഓഹരികള്‍ യൂസുഫലിയുടെ കൈവശമാണ്

Update: 2023-03-27 06:15 GMT

1973 ഡിസംബര്‍ 26. ബോംബെ തുറമുഖത്തുനിന്ന് ദുംറ എന്ന പേരിലുള്ള ഒരു കപ്പല്‍ ദുബായിലേക്ക് പുറപ്പെട്ടു. ഒരാഴ്ചത്തെ യാത്രയ്ക്കൊടുവില്‍ ഡിസംബര്‍ 31ന് കപ്പല്‍ ദുബായ് തുറമുഖത്തെത്തി. തൊഴില്‍ തേടി മരുഭൂമിയിലെത്തുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരായിരുന്നു ആ കപ്പലിലുണ്ടായിരുന്നത്. അതില്‍ പലരും ഇന്നും അറേബ്യന്‍ മരുഭൂമിയില്‍ ജീവിതം ഹോമിച്ചു കഴിയുകയാണെങ്കിലും ഒരാള്‍ ഇന്ന് ആയിരങ്ങള്‍ക്ക് തൊഴില്‍ നല്‍കി കേരളത്തിന്റെ അഭിമാനമായി നിറഞ്ഞുനില്‍ക്കുകയാണ്. തൃശൂര്‍ സ്വദേശിയായ മുസ്്ല്യാംവീട്ടില്‍ അബ്ദുല്‍ ഖാദറിന്റെ മകന്‍ യൂസുഫലി. ലുലു ഗ്രൂപ്പ് ഇന്റര്‍നാഷനല്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എംഎ യൂസുഫലി.

18ാം വയസില്‍

1955 നവംബര്‍ 15ന് നാട്ടികയിലെ ഒരു വ്യാപാരി കുടുംബത്തിലാണ് യൂസുഫലിയുടെ ജനനം. ചെറുപ്പത്തില്‍ വളര്‍ന്നത് വല്യുപ്പയുടെ കൂടെയാണ്. പിതാവും പിതൃസഹോദരന്മാരും പലചരക്ക് വ്യാപാരികളായിരുന്നു. തൃശൂര്‍ നാട്ടികയിലെ സ്‌കൂളില്‍ പ്രാഥമിക പഠനം പൂര്‍ത്തിയാക്കിയ യൂസുഫലിക്ക് ഗുജറാത്തിലെ അഹമ്മദാബാദില്‍ കച്ചവടം ചെയ്യുന്ന പിതാവിനെ സഹായിക്കാനായി പോകുമ്പോള്‍ പ്രായം 18.

പലചടക്കുകടയില്‍ സഹായിയായി ജോലി ചെയ്യുന്നതിനിടെ വായിക്കുകയും പഠിക്കുകയും ചെയ്തു ആ യുവാവ്. അന്നത്തെ ജീവിതമാണ് തന്നെ ബിസിനസ് ചെയ്യാന്‍ പഠിപ്പിച്ചതെന്ന് ഇന്നും യൂസുഫലി പറയാറുണ്ട്. അതിനിടെ ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ഡിപ്ലോമയും സമ്പാദിച്ചു.

കടല്‍ കടക്കുന്നു

1973 ഡിസംബര്‍ 31ന് ദുബായ് തുറമുഖത്തെത്തുമ്പോള്‍ അവിടെ പിതാവിന്റെ അനുജന്‍ എംകെ അബ്ദുല്ല ഉണ്ടായിരുന്നു. അദ്ദേഹത്തെ പലചരക്കുകടയില്‍ സഹായിക്കുന്നതിനിടെ ബിസിനസ് വിപുലീകരിക്കുന്നതിനെ കുറിച്ചായിരുന്നു യൂസുഫലിയുടെ ചിന്ത.

അന്ന് ഗള്‍ഫില്‍ വലിയ കെട്ടിടങ്ങളോ സൗകര്യങ്ങളോ ഇല്ല. നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന മരുഭൂമി മാത്രം. കൊച്ചാപ്പയുടെ കടയിലേക്കു വരുന്ന ചരക്കുകള്‍ ചുമക്കുകയും വില്‍പന നടത്തുകയും ചെയ്ത് യൂസുഫലി അവിടെ കഴിഞ്ഞു. കഠിനമായ ചൂടായിരുന്നു. ഇന്നത്തെ പോലെ എയര്‍കണ്ടീഷനറുകള്‍ ഗള്‍ഫില്‍ ഇല്ലാത്ത കാലമാണ്. 50 ഡിഗ്രി ചൂടില്‍ വരെ ആ 18കാരന്‍ ജോലി ചെയ്തു. ക്ഷീണം കൊണ്ട് രാത്രി ഭക്ഷണം കഴിക്കാതെ ഉറങ്ങിപ്പോകുന്ന ദിവസങ്ങളും ഉണ്ടായിരുന്നു. തനിക്കു കിട്ടുന്ന ശമ്പളത്തിലെ ഒരു ഭാഗം നാട്ടിലേക്ക് വരാനുള്ള തുകയ്ക്കായി അദ്ദേഹം മാറ്റിവച്ചു.

ജീവിതം മാറ്റിമറിച്ച നിപ്പിള്‍ ബോട്ടില്‍

അന്ന് നിപ്പിള്‍ ബോട്ടിലുകളാണ് കടയില്‍ കൂടുതല്‍ വിറ്റുപോയിരുന്നത്. കുഞ്ഞുങ്ങള്‍ക്ക് പാല്‍ കൊടുക്കുന്ന കുപ്പി. ഇതുപോലെ നല്ല വില്‍പനയുള്ള സാധനങ്ങള്‍ എവിടെനിന്നു വരുന്നുവെന്ന് യൂസുഫലി ചിന്തിച്ചു. ഇറക്കുമതിക്കാരില്‍ നിന്ന് ഇടനിലക്കാരിലൂടെയാണിവ കടയിലെത്തുന്നത്. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നവയാണ് കടയിലെത്തുന്നതെന്ന് അദ്ദേഹം മനസ്സിലാക്കി. ഉത്പാദകരില്‍ നിന്ന് അവ നേരിട്ടു വാങ്ങിയാല്‍ ലാഭം കൂടില്ലേ എന്ന് യൂസുഫലി ആലോചിച്ചു. അങ്ങനെ ഇതേക്കുറിച്ച് മനസ്സിലാക്കാനായി അദ്ദേഹം 1980ല്‍ ഓസ്േ്രടലിയയിലും സിംഗപ്പൂരിലും എത്തി. അവിടെ സാധനങ്ങള്‍ വാങ്ങാന്‍ പല കടകളില്‍ പോകുന്നതിനു പകരം ഒറ്റ കടയില്‍ എല്ലാം ലഭിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റ് സംവിധാനം ഉണ്ടായിരുന്നു. ഇത് എന്തുകൊണ്ട് യുഎഇയിലും പരീക്ഷിച്ചുകൂടാ എന്ന് അദ്ദേഹത്തിനു തോന്നി.

ആദ്യ സൂപ്പര്‍ മാര്‍ക്കറ്റ്

അങ്ങനെ 1989ല്‍ അബുദബിയില്‍ ആദ്യ സൂപ്പര്‍ മാര്‍ക്കറ്റ് തുറന്നു. അപ്പോള്‍ യൂസുഫലിയുടെ പ്രായം 34 മാത്രം. വന്‍ വിജയമായി ആ സംരംഭം. ആളുകള്‍ കൂട്ടമായെത്തി. എല്ലാ സാധനങ്ങളും ഒരു കുടക്കീഴില്‍ ലഭിക്കുമെന്നതിനാല്‍ വലിയ സ്വീകാര്യതയുണ്ടായി. അതോടെ ഇത്തരത്തിലുള്ള വലിയ ഒരു സ്റ്റോര്‍ തുറക്കുന്നതിലായി ചിന്ത. പിന്നീട് 1990-91ല്‍ തന്റെ എല്ലാ സമ്പാദ്യവും കൂട്ടി അബൂദബി എയര്‍പോര്‍ട്ട് റോഡില്‍ വലിയ ഹൈപര്‍ മാര്‍ക്കറ്റ് തുറന്നു.

ഗള്‍ഫ് യുദ്ധ കാലം

അപ്പോഴതാ സ്വപ്നങ്ങളില്‍ കരിനിഴല്‍ വീഴ്ത്തി ഗള്‍ഫ് യുദ്ധമെത്തുന്നു. സദ്ദാം ഹുസൈന്റെ ഇറാഖും അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേനയും തമ്മിലുള്ള യുദ്ധം ഗള്‍ഫില്‍ അരക്ഷിതാവസ്ഥ വിതച്ചു. സംരംഭകരെല്ലാം നാടുപേക്ഷിച്ച് പോകാന്‍ തുടങ്ങി. പക്ഷേ യൂസുഫലി പിന്മാറിയില്ല. ഈ രാജ്യത്തെ എനിക്ക് വിശ്വാസമുണ്ടെന്ന് യൂസുഫലി പ്രഖ്യാപിച്ചു. ആ മുദ്രാവാക്യം ഒരു ടാഗ് ലൈനായി സ്വീകരിച്ചു. യുഎഇ ഭരണാധികാരികള്‍ ഇതറിഞ്ഞു. വിദേശ നിക്ഷേപകരും ബിസിനസുകാരും രാജ്യം വിടാന്‍ മത്സരിക്കുമ്പോള്‍ മാറിച്ചിന്തിക്കുന്ന ഒരു ഇന്ത്യക്കാരന്‍. അവര്‍ക്ക് യൂസുഫലിയെ ഇഷ്ടമായി. യുഎഇ ഭരണാധികാരി ശൈഖ് സായിദ് ആല്‍ നഹ്യാന്‍ യൂസുഫലിയെ കൊട്ടാരത്തിലേക്ക് വിളിപ്പിച്ചു. അവരോട് വിനയപൂര്‍വം യൂസുഫലി പറഞ്ഞു, ഈ രാജ്യമാണ് എനിക്കെല്ലാം തന്നത്. രാജകുടുംബത്തിന് അതിഷ്ടമായി. അവരുമായി അദ്ദേഹത്തിനു മികച്ച ബന്ധമുണ്ടായി. യുദ്ധം തീര്‍ന്നശേഷവും ആ ബന്ധം വളര്‍ന്നു. എന്നാല്‍ ബന്ധം ഒരിക്കലും അദ്ദേഹം ബിസിനസിന് ഉപയോഗിച്ചില്ല. പകരം ഇന്ത്യക്കും കേരളത്തിനുമായി അത് ഉപയോഗിച്ചു. അതോടെ യൂസുഫലി നേതൃശേഷിയുള്ള ഒരു മധ്യസ്ഥന്‍ കൂടിയായി വളരുകയായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ അധികാരികള്‍ ചെവിക്കൊള്ളുന്ന അവസ്ഥയുണ്ടായി.

ലുലു ഗ്രൂപ്പ് തുടങ്ങുന്നു

സൂപ്പര്‍ മാര്‍ക്കറ്റുകള്‍ വിജയിച്ചതോടെ 2000ത്തിലാണ് യൂസുഫലി ലുലു ഗ്രൂപ്പ് ഇന്റര്‍നാഷനല്‍ സ്ഥാപിക്കുന്നത്. ലുലു ഗ്രൂപ്പ് ഹൈപ്പര്‍ മാര്‍ക്കറ്റുകളുമായി യുഎഇക്കു പുറത്തേക്കും വളര്‍ന്നു. 30 വര്‍ഷം കൊണ്ടാണ് ഇന്നത്തെ വളര്‍ച്ച നേടിയത്. 43,644 കോടി രൂപ (530 കോടി ഡോളര്‍) ആസ്തിയുമായി ഫോര്‍ബ്സ് പട്ടികയില്‍ യൂസുഫലി ഇടംനേടി.

ലുലു ഗ്രൂപ്പ് 23 രാജ്യങ്ങളില്‍ ഇന്ന് പ്രവര്‍ത്തിക്കുന്നു. 742 കോടി ഡോളര്‍ വിറ്റുവരവുള്ള ബിസിനസ് സാമ്രാജ്യത്തിന്റെ സുല്‍ത്താനായി യൂസുഫലി മാറി. 28,000 മലയാളികളുള്‍പ്പെടെ 60,000ത്തിലേറെ ജീവനക്കാര്‍ ലുലു ഗ്രൂപ്പിന്റെ 248 റീട്ടെയില്‍ സ്റ്റോറുകളിലായി ജോലിചെയ്യുന്നു. ഇന്ത്യക്കു പുറത്ത് ഇന്ത്യക്കാര്‍ക്ക് ഏറ്റവും കൂടുതല്‍ തൊഴില്‍ നല്‍കിയ വ്യവസായിയായി അദ്ദേഹം മാറി. 180ലേറെ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ ഇന്ന് ലുലു ഗ്രൂപ്പിനു കീഴിലുണ്ട്.

കൂടുതല്‍ മേഖലകളിലേക്ക്

റീട്ടെയില്‍ വ്യാപാര രംഗത്തെ അതികായരായ ലുലു ഗ്രൂപ്പ് ഇപ്പോള്‍ കൂടുതല്‍ മേഖലകളിലേക്ക് കടന്നുവരുകയാണ്. ടൂറിസം, ഹോസ്പിറ്റാലിറ്റി, ഇകൊമേഴ്സ്, റിയല്‍ എസ്റ്റേറ്റ്, മാനുഫാക്ചറിങ് ആന്‍ഡ് പ്രോസസിങ്, വിതരണ മേഖലകളിലും ലുലു ഗ്രൂപ്പ് സാന്നിധ്യം ഉറപ്പിച്ചുകഴിഞ്ഞു.

കൊച്ചി വിമാനത്താവളത്തില്‍ 10 ശതമാനം നിക്ഷേപമുണ്ട്. സൗദി അരാംകോയുടെ 12 മാര്‍ക്കറ്റുകള്‍, സൗദി ദേശീയ സുരക്ഷാവിഭാഗം നാഷനല്‍ ഗാര്‍ഡിന്റെ 9 ഷോപ്പിങ് മാള്‍ എന്നിവയുടെ നടത്തിപ്പു ചുമതലയും ലുലു ഗ്രൂപ്പിനാണ്.

ഈസ്റ്റിന്ത്യ കമ്പനിയും വീണു

2016ലാണ് യൂസുഫലി ലണ്ടനിലെ സ്‌കോട്ട്ലാന്‍ഡ് യാര്‍ഡ് ബില്‍ഡിങ് സ്വന്തമാക്കിയത്. ഒരു കാലത്ത് ഇന്ത്യയെ അടിച്ചമര്‍ത്തി കൊള്ളയടിച്ച ബ്രിട്ടനിലെ ഈസ്റ്റിന്ത്യ കമ്പനിയുടെ 10 ശതമാനം ഓഹരികള്‍ യൂസുഫലിയുടെ കൈവശമാണ്. ഇതിന്റെ ഭക്ഷ്യവിഭാഗത്തില്‍ 40 ശതമാനം ഓഹരിയും ഇദ്ദേഹത്തിന്റെ പക്കലാണ്.

വിശ്വപൗരന്‍

വിദേശത്ത്, വിശേഷിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ ഏറെ സ്വാധീനമുള്ള ഇന്ത്യക്കാരനായി യൂസുഫലി മാറിയിട്ടുണ്ട്. സൗദിയില്‍ സല്‍മാന്‍ രാജാവ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വിരുന്നൊരുക്കിയപ്പോള്‍ വിശിഷ്ടാതിഥി യൂസുഫലിയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഗള്‍ഫിലെത്തുമ്പോഴും സ്വീകരിക്കാന്‍ രാജാക്കന്മാര്‍ക്കൊപ്പം യൂസുഫലി ഉണ്ടായിരുന്നു. ലോകപൗരനായുള്ള യൂസുഫലിയുടെ ഈ സ്വീകാര്യത പലപ്പോഴും ഇന്ത്യക്കാര്‍ക്ക് തുണയായിട്ടുണ്ട്. വിദേശത്ത് വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരെയും തടവിലടക്കപ്പെട്ടവരെയും രക്ഷിച്ച് നാട്ടിലെത്തിക്കാന്‍ അദ്ദേഹം മുന്‍കൈയെടുത്തു.

കൊവിഡിനെ ചെറുക്കാന്‍ 46.5 കോടി രൂപ

കൊവിഡ് കാലത്ത് 46.5 കോടി രൂപയാണ് ഇന്ത്യയുടെ ആതുരസേവനത്തിന് യൂസുഫലി സംഭാവന നല്‍കിയത്. കേരളത്തിന് 10 കോടിയും നല്‍കി. പ്രളയകാലത്ത് കേരളത്തിന് കൈത്താങ്ങായി അഞ്ച് കോടി രൂപ നല്‍കി. അദ്ദേഹത്തിന്റെ സഹജീവിസ്നേഹം അനേകര്‍ക്ക് തണലായി. നേതൃപാടവം ഭരണാധികാരികള്‍ക്ക് കരുത്തായി. ഇന്ത്യയിലും വിദേശത്തും നാനാജാതി വിഭാഗത്തിലുള്ളവരുടെ സ്നേഹത്തിന് അദ്ദേഹം പാത്രമായി.

രാഷ്ട്ര നേതാക്കളുടെ ആദരവും യൂസുഫലിക്കു ലഭിച്ചു. ചാള്‍സ് രാജാവ്, യുഎസ് മുന്‍ പ്രസിഡന്റ് ബരാക് ഒബാമ, എലിസബത്ത് രാജ്ഞി, ജോര്‍ദാന്‍ രാജാവ്, ഈജിപ്ത് പ്രസിഡന്റ് തുടങ്ങി വിവിധ രാജ്യങ്ങളുടെ ഭരണാധികാരികളുമായി ഉറ്റബന്ധം സ്ഥാപിക്കാന്‍ യൂസുഫലിക്കായി. ഇത് ഇന്ത്യക്കും കേരളത്തിനും പലപ്പോഴും പ്രയോജനം ചെയ്തു.

നാടിനെ മറക്കാത്ത ബിസിനസുകാരന്‍

ബിസിനസ് അബുദബി കേന്ദ്രീകരിച്ചാണെങ്കിലും ഇന്ത്യയിലും കേരളത്തിലും നിക്ഷേപമിറക്കുന്നതില്‍ മുമ്പിലാണ് യൂസുഫലി. കൊച്ചി വിമാനത്താവള ഡയരക്ടറായ അദ്ദേഹം കണ്ണൂര്‍ വിമാനത്താവളം ബോര്‍ഡ് അംഗവും നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാനുമാണ്.

ബോള്‍ഗാട്ടി ദ്വീപിലെ ലുലു ബോള്‍ഗാട്ടി ഇന്റര്‍നാഷനല്‍ കണ്‍വന്‍ഷന്‍ സെന്റര്‍ ദക്ഷിണേഷ്യയിലെ തന്നെ വലിയ കണ്‍വന്‍ഷന്‍ സെന്ററുകളിലൊന്നാണ്. കൊച്ചി ഇന്‍ഫോപാര്‍ക്കിലെ ലുലു സൈബര്‍ ടവറില്‍ 20ലേറെ ആഗോള കോര്‍പറേറ്റ് കമ്പനികളുടെ ഓഫിസ് പ്രവര്‍ത്തിക്കുന്നു. 2019ല്‍ രണ്ടാമത്തെ ഷോപ്പിങ് മാള്‍ തൃശൂരിലെ തൃപ്രയാറില്‍ തുറന്നു. ഇന്ത്യയിലെ ലുലു ഗ്രൂപ്പിന്റെ മൂന്നാമത്തെ ഷോപ്പിങ് മാള്‍ ആയ ഗ്ലോബല്‍ മാള്‍ ബംഗളൂരുവിലെ രാജാജി നഗറിലാണ്. തിരുവനന്തപുരത്താണ് നാലാമത്തെ ഷോപ്പിങ് മാള്‍. കോഴിക്കോട്ടെ ലുലു മാള്‍ ഈവര്‍ഷം അവസാനത്തോടെ തുറക്കാനിരിക്കുകയാണ്.

2006ല്‍ ജന്മനാടായ തൃശൂരില്‍ ലുലു കണ്‍വെന്‍ഷന്‍ സെന്റര്‍ സ്ഥാപിച്ചു. തൃശൂര്‍ കേന്ദ്രമായ കാത്തലിക് സിറിയന്‍ ബാങ്കില്‍ 4.99 ശതമാനവും ധനലക്ഷ്മി ബാങ്കില്‍ അഞ്ച് ശതമാനവും ഫെഡറല്‍ ബാങ്കില്‍ അഞ്ച് ശതമാനവും സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ രണ്ട് ശതമാനവും ഓഹരിനിക്ഷേപമുണ്ട്.

പുരസ്‌കാരങ്ങള്‍

2021ല്‍ യുഎഇയുടെ സമുന്നത സിവിലിയന്‍ പുരസ്‌കാരം കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ് യാന്‍ യൂസുഫലിക്ക് സമ്മാനിച്ചു. 2005ല്‍ മികച്ച പ്രവാസി വ്യവസായിക്കുള്ള പ്രവാസി ഭാരതീയ സമ്മാന്‍ അന്നത്തെ രാഷ്ട്രപതി എപിജെ അബ്ദുല്‍ കലാമില്‍ നിന്ന് യൂസുഫലി ഏറ്റുവാങ്ങി. വാണിജ്യവ്യവസായ രംഗത്തെ സംഭാവനക്ക് 2008ല്‍ പത്മശ്രീ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. മഹാത്മഗാന്ധി സര്‍വകലാശാല, അലിഗഡ് മുസ്്ലിം സര്‍വലാശാല, ബ്രിട്ടനിലെ സര്‍വകലാശാല എന്നിവ ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ചു. അബൂദബി ചേംബര്‍ ഓഫ് കൊമേഴ്സില്‍ മൂന്നുതവണയും ഇടംനേടിയ അപൂര്‍വ സൗഭാഗ്യത്തിനുടമ കൂടിയാണ് യൂസുഫലി.

ബഹ്റൈന്‍ രാജാവിന്റെ പുരസ്‌കാരം(2014), ഫോര്‍ബ്സ് മാഗസിന്റെ ഏറ്റവും സ്വാധീനം ചെലുത്തിയ ഏഷ്യന്‍ ബിസിനസുകാരനുള്ള മെന പുരസ്‌കാരം(2012), ബ്രിട്ടിഷ് രാജ്ഞിയുടെ പുരസ്‌കാരം(2017), ദുബായ് ക്വാളിറ്റി അവാര്‍ഡ് തുടങ്ങി യൂസുഫലിയെ തേടിയെത്താത്ത ബഹുമതികളില്ല.

യുഎഇയില്‍ സ്ഥിരതാമസമാക്കിയ യൂസുഫലിയുടെ ഭാര്യ ഷാബിറ യൂസുഫലി ആണ്. മകള്‍ സബീനയുടെ ഭര്‍ത്താവ് കോടീശ്വരനായ ബിസിനസുകാരന്‍ ഷംസീര്‍ വയലിലാണ്. മറ്റൊരു മകളായ ഷഫീനയുടെ ഭര്‍ത്താവ് അദീബ് അഹമ്മദ് ലുലു ഇന്റര്‍നാഷനല്‍ എക്സ്ചേഞ്ച് സിഇഒയാണ്. മൂന്നാമത്തെ മകള്‍ ഷിഫയുടെ ഭര്‍ത്താവ് ഷെറൂണ്‍ ഷംസുദ്ദീന്‍ ഐടി സ്ഥാപനമായ ഐഎസ്‌വൈഎക്സ് ടെക്നോളജീസ് സിഇഒയാണ്.

ബിസിനസിലും ജീവിതത്തിലും വിജയിക്കാന്‍ താഴെ പറയുന്ന കാര്യങ്ങള്‍ നിര്‍ബന്ധമാണെന്ന് യൂസുഫലി പറയുന്നു:




Tags:    

Similar News