ചാറ്റ് ജിപിടിയുടെ ബോസ്, ഇന്ത്യന്‍ വേരുകളുള്ള മീരാ മുരാട്ടി

  • സാങ്കേതിക ലോകത്തെ പുതിയ അത്ഭുതത്തിനു പിന്നില്‍ പെണ്‍ബുദ്ധി

Update: 2023-02-22 08:15 GMT

സാങ്കേതിക ലോകത്തെ പുതിയ ചര്‍ച്ചാവിഷയമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) പവര്‍ ചാറ്റ്ബോട്ട് ചാറ്റ് ജിപിടിയുടെ പിന്നിലെ കമ്പനി, ഓപ്പണ്‍ എഐയുടെ ചീഫ് ടെക്നോളജി ഓഫീസര്‍ (സിടിഒ) ആരാണെന്നറിയാമോ, അതെ, ഒരു പെണ്‍ബുദ്ധിയാണ് ആ പദവി വഹിക്കുന്നത്. പേര്, മീരാ മുരാട്ടി.

35 കാരിയായ മീരാ മുരാട്ടി ജനിച്ചതും വളര്‍ന്നതുമെല്ലാം അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്‌കോയിലാണെങ്കിലും അവരുടെ വേരുകള്‍ അന്വേഷിച്ചാല്‍ ചെന്നെത്തുക ഇന്ത്യയിലേക്കാണ്. അഥവാ മീരാ മുരാട്ടിയുടെ മാതാപിതാക്കള്‍ ഇന്ത്യന്‍ വംശജരാണ്.

ഡാര്‍ട്ട്മൗത്തിലെ തായര്‍ സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങ്ങില്‍ നിന്നാണ് മീരാ മുരാട്ടി എഞ്ചിനീയറിംഗ് ബിരുദം പൂര്‍ത്തിയാക്കിയത്. 2018 ജൂണില്‍ അപ്ലൈഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് പാര്‍ട്ണര്‍ഷിപ്പില്‍ വൈസ് പ്രസിഡന്റായി ജോയിന്‍ ചെയ്ത മുരാട്ടി, നിലവില്‍ ചാറ്റ്ജിപിടിയുടെ ഡവലപ്മെന്റ് പ്രവര്‍ത്തനങ്ങള്‍ക്കായി കാലിഫോര്‍ണിയ ആസ്ഥാനമായുള്ള ഗവേഷണപ്രസിദ്ധീകരണ കമ്പനിയായ ഓപ്പണ്‍ എഐയുടെ CTO ആണ്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഗവേഷണം നടത്തുന്ന സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാനമായുള്ള ഓപ്പണ്‍ എഐ എന്ന സ്റ്റാര്‍ട്ടപ്പാണ് എഐ വന്‍മാറ്റങ്ങള്‍ക്ക് നാഴികക്കല്ലായേക്കാവുന്ന ചാറ്റ്ബോട്ട് ചാറ്റ് ജിപിടിയെ സൃഷ്ടിച്ചത്.

2022 നവംബര്‍ മുതലാണ് ചാറ്റ് ജിപിടി ലഭ്യമായിത്തുടങ്ങിയത്. ചരിത്രം മുതല്‍ തത്ത്വചിന്ത വരെയുള്ള എന്തിനെക്കുറിച്ചും സംസാരിക്കാനും കവിതയുടെ വരികള്‍ പോലും എഴുതാനും കമ്പ്യൂട്ടര്‍ പ്രോഗ്രാം കോഡില്‍ മാറ്റങ്ങള്‍ വരുത്താന്‍ വരെ ചാറ്റ് ജിപിടിക്കാവും.

നിലവില്‍ ചാറ്റ് ജിപിടി ലോകമെമ്പാടും വളരെ ജനപ്രിയമായിത്തീര്‍ന്നിരിക്കുകയാണ്. എന്നാല്‍ സാങ്കേതിക ലോകത്തെ വിദഗ്ധരടക്കം ചാറ്റ്ജിപിടി സോഫ്റ്റ്വെയറുമായി ബന്ധപ്പെട്ട അപകടങ്ങളെക്കുറിച്ച് വലിയ ആശങ്കകള്‍ ഉന്നയിക്കുന്നുണ്ട്. ചാറ്റ് ബോട്ടിനെക്കുറിച്ചുള്ള ആശങ്കകള്‍ മിരാ മുരാട്ടിയും അടുത്തിടെ പങ്കുവച്ചിരുന്നു. ഇതിനെ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയാണ് അവരും പ്രകടിപ്പിക്കുന്നത്.

ജിപിടി എന്നാല്‍?

Generative Prterained Transformer എന്നതിന്റെ ചുരുക്കമാണ് ജിപിടി. ഓപ്പണ്‍ എഐ (OpenAI) എന്ന ആള്‍ട്ട്മാന്‍, ഇലോണ്‍ മസ്‌ക് പോലുള്ള സിലിക്കണ്‍ വാലി കേന്ദ്രമായുള്ള നിക്ഷേപകര്‍ ചേര്‍ന്നുണ്ടാക്കിയ നോണ്‍ പ്രോഫിറ്റ് എഐ ഗവേഷണ സ്ഥാപനമാണ് ചാറ്റ് ജിപിടിക്ക് പിന്നില്‍. പരസ്പരം സംസാരിച്ച് വിവരങ്ങള്‍ കൈമാറുന്ന രീതിയിലാണ് ചാറ്റ് ജിപിടി സംവിധാനിച്ചിരിക്കുന്നത്.

കമ്പ്യൂട്ടര്‍ നല്‍കുന്നപോലെയല്ല, മനുഷ്യന്‍ നല്‍കുന്നപോലെയുള്ള ഉത്തരമാണ് ചാറ്റ് ജിപിടി നല്‍കുന്നതെന്നതാണ് വലിയ പ്രത്യേകത. അതു തന്നെ ഉപയോഗിക്കുന്നവരുടെ ആവശ്യംപോലെയിരിക്കും. കുട്ടി പറയുന്നപോലെ പറഞ്ഞുതരൂ എന്നാവശ്യപ്പെട്ടാല്‍, കുട്ടികളുടെ ഭാഷ ഉപയോഗിക്കാനും ചാറ്റ് ജിപിടിക്ക് മടിയില്ല. വളരെ പ്രൊഫഷണലായ രീതിയിലും മറുപടി നല്‍കും. എങ്ങനെ ചോദിക്കുന്നു എന്നതിന്റെ അടിസ്ഥാനമാക്കിയാണ് ഉത്തരം വരുന്നതും. അതായത് നമ്മളെപ്പോലെ സംസാരിക്കുമ്പോഴാണല്ലോ, സംഭാഷണം അതിന്റെ പൂര്‍ണതയിലെത്തുന്നത്.

ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതോടൊപ്പം, ഉത്തരം പോര എന്നുണ്ടെങ്കില്‍ ഫീഡ്ബാക്ക് നല്‍കാനും ചാറ്റ് ജിപിടി അവസരം നല്‍കുന്നു. ഒരു ചോദ്യത്തില്‍ അവസാനിക്കുന്നില്ല, സംഭാഷണം. ഉപചോദ്യങ്ങളും തുടര്‍ സംഭാഷങ്ങളുമായി ചോദ്യോത്തരം എത്രയും തുടരാം.

പിന്നിലെ ടെക്നിക്

Reinforcement Learning from Human Feedback (RLHF) എന്ന ട്രെയ്നിംഗ് മെത്തേഡ് ഉപയോഗിച്ചാണ് ചാറ്റ് ജിപിടി പ്രവര്‍ത്തിക്കുന്നത്. എഐയെ പരിശീലിപ്പിക്കാനായി റിവാര്‍ഡ് അല്ലെങ്കില്‍ പണിഷ്മെന്റ് സിസ്റ്റമാണ് ഞഘഒഎ ഉപയോഗിക്കുന്നത്. ഇതിലൂടെ വേണ്ടതും വേണ്ടാത്തതും എന്ന രീതിയില്‍ വേര്‍തിരിക്കുകയും മനുഷ്യനെപ്പോലെ വേര്‍തിരിച്ച് പഠിക്കുകയും തെറ്റുകള്‍ തിരുത്തുകയും ചെയ്യും. ആദ്യഘട്ടത്തില്‍ എഐ പരിശീലകരെ വെച്ച് യൂസര്‍മാരായും എഐ അസിസ്റ്റന്റായും ഉത്തരം നല്‍കി പരിശീലിപ്പിച്ചാണ് ചാറ്റ് ജിപിടിയെ ഈയൊരു ഘട്ടത്തിലേക്ക് എത്തിച്ചിരിക്കുന്നത്. 

Tags:    

Similar News