പ്രിയപ്പെട്ടവര്‍ക്കായി കരുതിവയ്ക്കാം ടേം ഇന്‍ഷുറന്‍സ്

  • റൊരു പ്രത്യേകത എന്തെന്നാല്‍ സെക്ഷന്‍ 8ഡി പ്രകാരം പെട്ടെന്നു മരണം സംഭവിച്ചു കഴിഞ്ഞാല്‍ നോമിനിക്ക് കിട്ടുന്ന തുകയ്ക്ക് ടാക്സ് അടയ്ക്കേണ്ടതില്ല.

Update: 2023-02-28 08:45 GMT

നമുക്ക് തണലായി ഉണ്ടായിരുന്നവര്‍ പെട്ടെന്നൊരു ദിവസം മരണത്തിനു കീഴടങ്ങിയാല്‍ മാനസികമായി മാത്രമല്ല സാമ്പത്തികമായും നമ്മള്‍ തളര്‍ന്നുപോകും. പ്രിയപ്പെട്ടവര്‍ക്കായി എന്തെങ്കിലുമൊക്കെ കരുതിവയ്ക്കണമെന്നും താന്‍ ഇല്ലാതായാലും കുടുംബം നല്ലരീതിയില്‍ മുന്നോട്ടു പോകണമെന്നുമാണ് നമ്മള്‍ ഓരോരുത്തരും ചിന്തിക്കുന്നത്. പലരും അതിനുവേണ്ടി പലതരത്തിലുള്ള സേവിങ്സും മറ്റുകാര്യങ്ങളും ചെയ്തുവയ്ക്കുന്നവരുമാണ്. അങ്ങനെ ഉള്ളവര്‍ക്കായുള്ള മികച്ച ഒരു ഗിഫ്റ്റാണ് ടേം ഇന്‍ഷുറന്‍സ്.

എന്താണ് ടേം ഇന്‍ഷുറന്‍സ്?

ഒരു പോളിസി കാലയളവിനുള്ളില്‍ പോളിസി എടുത്തയാള്‍ക്ക് മരണം സംഭവിക്കുകയാണെങ്കില്‍ അവര്‍ നോമിനിയായി കൊടുത്തിട്ടുള്ള വ്യക്തിക്ക് വലിയൊരു തുക ലഭ്യമാകുന്ന പോളിസികളെയാണ് ടേം ഇന്‍ഷുറന്‍സ് എന്നുപറയുന്നത്. ഏതുതരത്തിലുള്ള മരണമാണെങ്കിലും ഇന്‍ഷുറന്‍സ് ലഭിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. കുറഞ്ഞ പ്രീമിയത്തില്‍ പരമാവധി ലൈഫ് കവറേജ് ഉറപ്പാക്കുന്ന ഇന്‍ഷുറന്‍സ് പോളിസി ആയതുകൊണ്ടുതന്നെ കുറഞ്ഞ ചെലവില്‍ വലിയ തരത്തിലുള്ള സാമ്പത്തിക പരിരക്ഷ ലഭിക്കുന്നു. അതുകൊണ്ടുതന്നെ 35 വയസിനു താഴെയുള്ള എല്ലാവരും എടുക്കേണ്ട അടിസ്ഥാന ലൈഫ് ഇന്‍ഷുറന്‍സാണ് ഇത്. വേറൊരു പ്രത്യേകത എന്തെന്നാല്‍ സെക്ഷന്‍ 8ഡി പ്രകാരം പെട്ടെന്നു മരണം സംഭവിച്ചു കഴിഞ്ഞാല്‍ നോമിനിക്ക് കിട്ടുന്ന തുകയ്ക്ക് ടാക്സ് അടയ്ക്കേണ്ടതില്ല.

35 വയസുള്ള ഒരു വ്യക്തിക്ക് 75 വയസുവരെ പോളിസി എടുക്കുകയാണെങ്കില്‍ 1 കോടി രൂപയുടെ കവറേജിന് മാസത്തില്‍ അടയ്ക്കേണ്ട തുക എന്നത് 2000ല്‍ താഴെയാണ്. അപ്പോള്‍ ചെറുപ്പത്തില്‍ തന്നെ പോളിസി എടുത്തുവയ്ക്കുകയാണെങ്കില്‍ കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ സാധിക്കും.

ടേം ഇന്‍ഷുറന്‍സ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോലെ നിര്‍ബന്ധമായും എടുത്തുവയ്ക്കേണ്ട ഒന്നാണ് ടേം ഇന്‍ഷുറന്‍സ്. ഹെല്‍ത്ത് ഇന്‍ഷുറന്‍സും ടേം ഇന്‍ഷുറന്‍സും തമ്മിലുള്ള പ്രധാന വ്യത്യാസം എന്തെന്നാല്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സിന് പലപ്പോഴും ക്ലെയിം വരും. ആവശ്യങ്ങള്‍ക്കനുസരിച്ച് ഹെല്‍ത്ത് ഇന്‍ഷുറന്‍സില്‍ നിന്നും നമുക്ക് ക്ലെയിം ചെയ്യാന്‍ വേണ്ടി സാധിക്കും. ടേം ഇന്‍ഷുറന്‍സിന്റെ കാര്യം അങ്ങനെയല്ല. മരിച്ചാല്‍ മാത്രമേ നമുക്ക് തുക ലഭിക്കുകയുള്ളു. മാത്രമല്ല ടേം ഇന്‍ഷുറന്‍സില്‍ ലൈഫ് ടൈം ഫിക്സ്ഡ് പ്രീമിയം ആണ്. ചെറുപ്രായത്തില്‍ ഇന്‍ഷുറന്‍സ് എടുത്തുകഴിഞ്ഞാല്‍ വര്‍ഷങ്ങളോളം അടച്ചുപോകാന്‍ സാധിക്കും. എന്നാല്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സില്‍ വയസുമാറുന്നതിനനുസരിച്ച് മാറ്റം സംഭവിക്കും.

* ടേം ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ ആദ്യം ശ്രദ്ധിക്കേണ്ട കാര്യം എന്നത് അതിന്റെ കാലപരിധിയാണ്. എത്ര വര്‍ഷത്തേക്കാണ് ടേം ഇന്‍ഷുറന്‍സ് എടുക്കേണ്ടത് എന്നത് ശ്രദ്ധാപൂര്‍വ്വം തെരഞ്ഞടുക്കണം. നമ്മള്‍ നോക്കുകയാണെങ്കില്‍ രണ്ടുതരത്തിലുള്ള ഇന്‍ഷുറന്‍സ് പ്ലാനുകള്‍ കാണാന്‍ വേണ്ടി സാധിക്കും. ടേം ഇന്‍ഷുറന്‍സ് പ്ലാന്‍സും, ഹോള്‍ ലൈഫ് ഇന്‍ഷുറന്‍സ് പ്ലാന്‍സും. ഹോള്‍ ലൈഫ് ഇന്‍ഷുറന്‍സിന്റെ പ്രത്യേകത എന്തെന്നാല്‍ 100 വയസുവരെ ഇന്‍ഷുറന്‍സ് എടുത്തുവയ്ക്കാന്‍ വേണ്ടി സാധിക്കും. ടേം ഇന്‍ഷുറന്‍സിലാകട്ടെ ഒരു നിശ്ചിത കാലയളവിലാണ് ഇന്‍ഷുറന്‍സ് നിലകൊള്ളുന്നത്.

ഹോള്‍ ലൈഫ് ഇന്‍ഷുറന്‍സിന്റെ ഗുണം എന്തെന്നാല്‍, നമ്മള്‍ 100 വയസുവരെയാണ് കാലയളവ് കൊടുത്തിരിക്കുന്നത്. എന്നാല്‍ അത്രവരെ ജീവിച്ചിരിക്കുക എന്നത് അപൂര്‍വ്വമാണ്. അതുകൊണ്ടുതന്നെ അടയ്ക്കുന്ന തുക തിരിച്ചുകിട്ടാനുള്ള ചാന്‍സും വളരെ കൂടുതലായിരിക്കും. സമയപരിധി കൂടുതലായതിനാല്‍ തന്നെ നോമിനിയെ ചേഞ്ച് ചെയ്യാനും മറ്റും സാധിക്കും. എന്നാല്‍ ഇതെടുക്കുന്ന സമയത്ത് നല്ലൊരു തുക മാസം അടവ് വന്നേക്കാം.

ടേം ഇന്‍ഷുറന്‍സില്‍ ഒരു കാലയളവ് കണക്കാക്കുന്നുണ്ട്. 60 വയസോ അതിനു മുകളിലോ നമ്മുടെ സൗകര്യത്തിനനുസരിച്ച് ഒരു കാലയളവ് നല്‍കുകയാണ് ചെയ്യുന്നത്.

* രണ്ടാമതായി എത്ര കവറേജ് വേണമെന്നാണ് ശ്രദ്ധിക്കേണ്ടത്. സാധാരണയായി വാര്‍ഷിക വരുമാനത്തിന്റെ 25 ഇരട്ടിയാണ് എടുക്കാന്‍ സാധിക്കുക. നമ്മുടെ വരുമാനവും മറ്റും അറിഞ്ഞു വച്ചുകൊണ്ട് ഒരു തുക നിശ്ചയിക്കുക.

* വരുമാനത്തിന് ആശ്രയിച്ചാണ് ടേം ഇന്‍ഷുറന്‍സ് ഒരാള്‍ക്ക് ലഭിക്കുക. അതുകൊണ്ടുതന്നെ ഇത് ലഭിക്കുക അത്ര എളുപ്പമല്ല. പല കമ്പനികളും ടേം ഇന്‍ഷുറന്‍സ് കൊടുക്കുന്നത് മിനിമം അഞ്ച് ലക്ഷമെങ്കിലും വാര്‍ഷിക വരുമാനം ഉള്ളവര്‍ക്കാണ്.

* കമ്പനികളുടെ ക്ലെയിം സെറ്റില്‍മെന്റ് റേഷ്യോ നമ്മള്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ്. ഇത് കൂടുതലുള്ള കമ്പനിയെ വേണം നമ്മള്‍ ഇന്‍ഷുറന്‍സ് എടുക്കാനായി തെരഞ്ഞെടുക്കേണ്ടത്.

* ക്ലെയിം സെറ്റില്‍മെന്റ് പോലെ നാം നോക്കേണ്ട മറ്റൊന്നാണ് തുക സെറ്റില്‍മെന്റ് എന്നതും.

* ക്ലെയിം റിജെക്ഷന്‍ റേഷ്യോയും ഇന്‍ഷുറന്‍സ് എടുക്കുന്നതിനു മുമ്പെ ശ്രദ്ധിക്കേണ്ടതാണ്. റിജെക്ഷന്‍ ഏറ്റവും കുറഞ്ഞ കമ്പനി വേണം തെരഞ്ഞെടുക്കാന്‍.

* പലതരത്തില്‍ ടേം ഇന്‍ഷുറന്‍സ് അടയ്ക്കാന്‍ വേണ്ടി സാധിക്കും. നമ്മുടെ സൗകര്യത്തിനനുസരിച്ച് ഏതാണോ നമുക്ക് അനുയോജ്യം എന്നുകണ്ടെത്തി റെഗുലര്‍ പെയ്മെന്റായോ വണ്‍ടൈ പേയ്മന്റായോ ഒരു കാലാവധി നിര്‍ണയിച്ചോ നമുക്ക് തുക അടയ്ക്കാവുന്നതാണ്.

* ഇന്‍ഷുറന്‍സ് എടുക്കുന്നതിനു മുമ്പേ മെഡിക്കല്‍ ചെക്കപ്പ് നടത്തുക എന്നതാണ് മറ്റൊരു കാര്യം.

ടേം ഇന്‍ഷുറന്‍സ് ലഭിക്കുക എന്നത് പ്രയാസമുള്ള കാര്യമാണ്. എന്നാല്‍ ആരോഗ്യമുള്ള കാലത്ത് ഇങ്ങനെയൊരു ഇന്‍ഷുറന്‍സ് എടുത്തുവച്ചാല്‍ പിന്നീട് കുടുംബത്തിന് ഒരു സാമ്പത്തിക ഭദ്രത നേടികൊടുക്കാന്‍ സാധിക്കും.

Tags:    

Similar News