സംസ്ഥാനത്തിന്റെ വരുമാനം കുറച്ചത് നികുതി വെട്ടിപ്പ്
- സ്വര്‍ണം, കെട്ടിട നിര്‍മാണ സാമഗ്രികള്‍, വിവിധ സേവനങ്ങള്‍ എന്നീ മേഖലകളിലെല്ലാം വ്യാപകമായ നികുതി വെട്ടിപ്പ് നടക്കുന്നതായി ഉന്നത ഉദ്യോഗസ്ഥര്‍ തുറന്നു സമ്മതിക്കുന്നു
നികുതി കുടിശ്ശിക പിരിക്കുന്നതിലെ വീഴ്ചയ്ക്കു പുറമെ നികുതിവെട്ടിപ്പും സംസ്ഥാനത്ത് നികുതി വരുമാനം കുറയാനിടയാക്കിയെന്ന് നികുതി വിഭാഗം ഉദ്യോഗസ്ഥര്‍. വാഹന വില്‍പന, ഫാര്‍മസ്യൂട്ടിക്കല്‍സ് ഒഴികെയുള്ള മേഖലകളിലൊന്നും വിലക്കയറ്റത്തിന്റെ തോതനുസരിച്ച് നികുതി വരുമാന വളര്‍ച്ചയുണ്ടായില്ല. സ്വര്‍ണം, കെട്ടിട നിര്‍മാണ സാമഗ്രികള്‍, വിവിധ സേവനങ്ങള്‍ എന്നീ മേഖലകളിലെല്ലാം വ്യാപകമായ നികുതി വെട്ടിപ്പ് നടക്കുന്നതായി ഉന്നത ഉദ്യോഗസ്ഥര്‍ തുറന്നു സമ്മതിക്കുന്നു.
ബിവറേജസ് ടേണ്‍ഓവര്‍ ടാക്സ് കുറഞ്ഞു
ജിഎസ്ടി നിലവില്‍വന്ന 2017-18ല്‍ വാറ്റ് ഒഴികെയുള്ള നികുതി വരുമാനം 16,997.87 കോടിയായിരുന്നു. ഇത് 2022-23ല്‍ 17,708.41 കോടിയായി നാമമാത്ര വര്‍ധനയേ ഉണ്ടായുള്ളൂ. എണ്ണക്കമ്പനികളില്‍ നിന്നുള്ള നികുതി വരുമാനം ആറുവര്‍ഷം മുമ്പ് 7,442.89 കോടിയായിരുന്നത് 7,269.94 കോടിയായി കുറഞ്ഞിരിക്കുകയാണ്.
ബിവറേജസ് കോര്‍പറേഷന്‍ കലക്ട് ചെയ്ത വില്‍പന നികുതി ആറുവര്‍ഷം മുമ്പ് 8,658.65 കോടിയായിരുന്നത് 10348.69 കോടി ആയാണ് ഉയര്‍ന്നത്. മദ്യവില്‍പന അനേകമിരട്ടി വര്‍ധിച്ചിരിക്കെയാണിത്. ഇതിലെ ടേണ്‍ഓവര്‍ ടാക്സ് 896.33 കോടിയായിരുന്നത് 89.78 കോടിയായി കുറയുകയും ചെയ്തു.
ആര്‍ടിഒ രജിസ്ട്രേഷന്‍ നിര്‍ബന്ധമായതിനാല്‍ നികുതി വെട്ടിപ്പിന് അവസരമില്ലാത്തതാണ് വാഹന വില്‍പന മേഖലയിലെ നികുതി വരുമാനം ഉയരാനിടയാക്കിയത്. കൊവിഡ് സൃഷ്ടിച്ച ആരോഗ്യ പ്രശ്നങ്ങളും പഴയ വാറ്റ് നിയമത്തില്‍ ഉത്പാദകര്‍ക്ക് മേല്‍ മാത്രമേ നികുതി ചുമത്തിയിരുന്നുള്ളൂ എന്നതും ഫാര്‍മസ്യൂട്ടിക്കല്‍സല്‍ മേഖലയും നികുതി വര്‍ധനവുള്ളതാക്കി.
കെട്ടിട നിര്‍മാണ സാമഗ്രി വിപണനം വര്‍ധിച്ചു
ഹെവി വാഹനങ്ങള്‍, ടോറസ് ലോറികള്‍, ജെസിബി, മറ്റ് മണ്ണുമാന്തി യന്ത്രങ്ങള്‍, കോണ്‍ക്രീറ്റ് മിക്സര്‍ മെഷീനുകള്‍, അത്യന്താധുനിക നിര്‍മാണ സാമഗ്രികള്‍ എന്നിവയുടെ വിപണനം പൊടിപൊടിക്കുന്നുണ്ടെങ്കിലും കെട്ടിട നിര്‍മാണ സാമഗ്രികളില്‍ നിന്നുള്ള നികുതിവരുമാനം പാടേ കുറഞ്ഞു. സിമന്റ്, കമ്പി, മെറ്റല്‍, പാറ, എം-സാന്റ് എന്നിവ യഥേഷ്ടം നികുതി വെട്ടിച്ച് ദിനംപ്രതി വിപണനം നടത്തുന്നു. ഇതിനായി വാഹനങ്ങള്‍ വാങ്ങുന്നവരെ നിരീക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ല. പാറമട ലോബിയുമായി സര്‍ക്കാരും നികുതി വകുപ്പും ഒത്തുകളിച്ചു.
സര്‍ക്കാര്‍ നിരീക്ഷണം ശക്തമാക്കണം
സ്‌ക്രാപ്പില്‍ നിന്നും ഇരുമ്പ് കമ്പികള്‍ ഉത്പാദിപ്പിക്കുന്ന ധാരാളം കമ്പനികള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇവയിലേക്കുള്ള സാധനങ്ങളുടെ വരവും വിപണനവും നിരീക്ഷിച്ചില്ല. സിമന്റിന്റെ ബില്ലില്ലാതെയുള്ള കച്ചവടവും നിയന്ത്രിച്ചില്ല. ഇതെല്ലാം നികുതി വരുമാനം കുറയാനിടയാക്കി.
സേവന മേഖലയിലെ നികുതി പിരിവ് കാര്യക്ഷമമാക്കാനായി 2019ല്‍ ഐആര്‍എസ് കേഡറിലുള്ള ഒരു ഉദ്യോഗസ്ഥനെ ഡെപ്യൂട്ടഷന്‍ വ്യവസ്ഥയില്‍ നിയമിച്ചിരുന്നു. എന്നാല്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 2021 മുതല്‍ ഇദ്ദേഹത്തിന് ലോട്ടറി വകുപ്പിന്റെ അധിക ചുമതല കൂടി നല്‍കി. ഇത് നികുതിപിരിവു സംവിധാനത്തെ സാരമായി ബാധിച്ചു.
മുകളില്‍ നിന്നുള്ള ഉത്തരവിന് കാതോര്‍ത്ത്
താഴെക്കിടയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് വിവേചനാധികാരം ഉപയോഗിച്ച് കാര്യങ്ങള്‍ തീര്‍പ്പാക്കാന്‍ അനുവാദമില്ലാത്തതും പ്രശ്‌നമായി. അഴിമതി ഇല്ലാതാക്കാനെന്ന പേരിലാണെങ്കിലും എന്തിനും ഏതിനും മുകളില്‍ നിന്നുള്ള ഉത്തരവിനായി കാത്തിരിക്കണമെന്നത് ജിഎസ്ടി വകുപ്പിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ പിന്നോട്ടുവലിച്ചു.
ആംനസ്റ്റി സ്‌കീമുകള്‍
കാലഹരണപ്പെട്ട നിയമങ്ങളിലെ നികുതി കുടിശ്ശിക പിരിച്ചെടുക്കാന്‍ യാതൊന്നും ചെയ്തില്ല. തന്‍മൂലം 2018ല്‍ കൊണ്ടുവന്ന കുടിശ്ശിക നിവാരണ പദ്ധതി-ആംനസ്റ്റി സ്‌കീമുകള്‍ പരാജയപ്പെട്ടു. അടുത്ത വര്‍ഷത്തേക്ക് ആ പദ്ധതി ഉപേക്ഷിച്ച് മറ്റ് ചില മാറ്റങ്ങള്‍ കൊണ്ടുവരാന്‍ നിര്‍ബന്ധിതമായി. ആംനസ്റ്റി സ്‌കീമുകള്‍ പ്രകാരം പലിശയും പിഴയും പൂര്‍ണമായി ഒഴിവാക്കുകയും മുതലില്‍ 30-40 ശതമാനം ഇളവു നല്‍കുകയും ചെയ്തിരുന്നു.