ആശുപത്രിയില്‍ കീശയിലുള്ള കാശെടുത്ത് കൊടുക്കുന്നത് നിര്‍ത്തൂ; ഈ പോളിസികള്‍ നിങ്ങളെ സഹായിക്കും
- സാമ്പത്തിക ഭദ്രത പാടേ തകര്‍ത്തുകളയാന്‍ അപ്രതീക്ഷിതമായ ആശുപത്രി ബില്ല് മതിയാവും
- ആശുപത്രി ബില്ലുകള്‍ ക്ലെയിം ചെയ്യാന്‍ നിരവധി മെഡിക്കല്‍ ഇന്‍ഷുറന്‍സുകള്‍ നിലവിലുണ്ട്
- ഏതൊക്കെ രീതിയിലുള്ള പോളിസികള്‍? എന്തൊക്കെ അസുഖങ്ങള്‍ക്ക് ക്ലെയിം കിട്ടും?- അറിയാം വിശദമായി
വിശ്വനാഥന്‍ ഒടാട്ട്
എംഡി, എയിംസ് ഇൻഷുറൻസ് ബ്രോക്കിംഗ് പ്രൈവറ്റ് ലിമിറ്റഡ്
സ്വരുക്കൂട്ടി വെക്കുന്നതും സമ്പാദിക്കുന്നതും സമ്പാദിക്കാനിരിക്കുന്നതുമെല്ലാം കാര്‍ന്നു തിന്നാന്‍ ആശുപത്രി ബില്ലുകള്‍ മതിയാവും. സ്വന്തം കീശയില്‍ നിന്നോ കടം വാങ്ങിയോ ആശുപത്രി ബില്ലുകള്‍ നല്‍കുന്നതിലൂടെ സാമ്പത്തിക ഭദ്രതയും സന്തോഷവുമാണ് ഇല്ലാതാവുന്നത്. 10 ശതമാനം നിരക്കില്‍ വരുമാനം ലഭിക്കുന്നതിലേക്കായി ഒരു ലക്ഷം രൂപ നിക്ഷേപിച്ച് നിങ്ങള്‍ വര്‍ഷങ്ങളോളം കാത്തിരുന്ന് കിട്ടുന്ന തുകയൊക്കെ ഇല്ലാതാപ്പോകാന്‍ കുറഞ്ഞ ദിവസത്തെ ആശുപത്രിക്കാലം മതിയാവും.
സൗകര്യങ്ങള്‍ കൂടിയ ആശുപത്രികള്‍ വ്യാപകമായതോടെ, ആശുപത്രി ചെലവുകളുടെ കാര്യത്തില്‍ കുത്തനെ വര്‍ധനവുണ്ടായിട്ടുണ്ട്. മരുന്നുകള്‍ക്കൊപ്പം, ആശുപത്രി വാസത്തിനുള്ള മുറികളുടെ നിരക്ക് വര്‍ധന, ഡോക്ടര്‍മാരുടെ ഫീസ് വര്‍ധന, മറ്റു സൗകര്യങ്ങളുടെ നിരക്ക് വര്‍ധനയെല്ലാം സമ്പത്തിനെ അടിമുടി കാര്‍ന്നുതിന്നുന്ന കാര്യങ്ങളാണ്. ഈ തലവേദന എങ്ങനെ ഒഴിവാക്കാമെന്നതിന് ഒറ്റവാക്കിലുള്ള ഉത്തരമാണ് മെഡിക്ലെയിം ഇന്‍ഷുറന്‍സ്.
ഇന്‍ഷുറന്‍സ് പരിധിയില്‍ എന്തൊക്കെ?
ആശുപത്രിയില്‍ അഡ്മിറ്റ് ആയി ചികിത്സ തേടേണ്ടി വരുമ്പോള്‍ അനുബന്ധമായിവരുന്ന മുറി വാടക, ഐ.സി.യു ചാര്‍ജ്ജ്, ഡോക്ടര്‍ അഥവാ സര്‍ജ്ജന്റെ ഫീസ്, ഓപ്പറേഷന്‍ തിയേറ്റര്‍ ചാര്‍ജ്ജ്, എക്സറെ, സ്‌കാനിങ്ങ്, എംആര്‍ഐ, അവയവം മാറ്റിവെക്കേണ്ടിവരിക തുടങ്ങിയ ആശുപത്രി ചെലവുകള്‍, മരുന്നുകള്‍ തുടങ്ങിയവ മെഡിക്ലെയിം പോളിസി പ്രകാരം ഉപഭോക്താവിന് തിരികെ ലഭിക്കുന്നു. സാധാരണഗതിയില്‍ കുറഞ്ഞത് ഒരു ദിവസമെങ്കിലും ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത് ചികിത്സിക്കേണ്ടി വരുമ്പോള്‍ ഉണ്ടാകുന്ന ചിലവുകള്‍ ഉപഭോക്താവിന് തിരികെ ലഭിക്കാന്‍ അര്‍ഹതപ്പെട്ടതാണ്. എന്നാല്‍, ഡെ-കെയര്‍ ചികിത്സാ രീതികള്‍ക്ക് 24 മണിക്കൂര്‍ നേരം ആശുപത്രിയില്‍ അഡ്മിറ്റ് ആയില്ലെങ്കിലും ക്ലെയിം ലഭിക്കും.
ഇന്‍-പേഷ്യന്റായി അഡ്മിറ്റ് ആയ ശേഷം എല്ലാ ചികിത്സയും കഴിഞ്ഞ്, ഡിസ്ചാര്‍ജ് കാര്‍ഡോടുകൂടി അനുബന്ധ രേഖകള്‍ എല്ലാം നല്‍കിയാല്‍ മതി. അസുഖം ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് 30/60 ദിവസം മുമ്പും, ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത് 60/90 ദിവസത്തിനുള്ളിലും വരുന്ന ചികിത്സാ ചെലവുകളും ഇന്‍ഷുര്‍ ചെയ്ത രോഗിക്ക് തിരികെ ലഭിക്കാന്‍ അര്‍ഹതയുണ്ട്.
നിബന്ധനങ്ങള്‍ ഇങ്ങനെ
* പോളിസി എടുത്ത് 30 ദിവസത്തിനുള്ളില്‍ ഉണ്ടാകുന്ന രോഗങ്ങള്‍ പോളിസിയില്‍ ഉള്‍പ്പെടില്ല
* ചില കമ്പനികള്‍ മാത്രമേ വിദേശത്തെ ആശുപത്രി ചെലവുകള്‍ അനുവദിക്കുകയുള്ളൂ. അല്ലാത്തവ ഇന്ത്യയിലെ ചെലവുകള്‍ മാത്രമേ നല്‍കുകയുള്ളൂ
* അലോപ്പതി അല്ലെങ്കില്‍ ആയുഷ് ചികിത്സകള്‍ക്ക് മാത്രമേ ക്ലെയിം ലഭിക്കുകയുള്ളൂ
* സാധാരണ ഗതിയില്‍ ഗര്‍ഭം-പ്രസവ സംബന്ധമായ ആശുപത്രി ചെലവുകള്‍ക്ക് ക്ലെയിം നല്‍കുന്നില്ല. ചില പ്രത്യേക ഗ്രൂപ്പ്/ഫാമിലി പോളിസികളില്‍ ലഭ്യമായേക്കാം
* കണ്ണട, കോണ്ടാക്ട് ലെന്‍സ്, ശ്രവണസഹായികളുടെ ചെലവുകള്‍ക്ക് ക്ലെയിം ലഭിക്കില്ല
* എയ്ഡ്സ് സംബന്ധമായ രോഗങ്ങള്‍ പരിധിയില്‍ വരില്ല
* ആക്ടീവ് ലൈന്‍ ഓഫ് ട്രീറ്റ്മെന്റ് ഉണ്ടെങ്കില്‍ മാത്രമേ ആനൂകൂല്യം ലഭിക്കുകയുള്ളൂ. അതായത്, രോഗം ഉണ്ടെന്ന് സംശയിച്ചു നടത്തുന്ന പരിശോധനാ ചെലവുകള്‍ പെടില്ല
* തിമിരം, പ്രോസ്റ്റേറ്റ് അസുഖങ്ങള്‍, കുടലിറക്കം, ഗര്‍ഭപാത്രം നീക്കം ചെയ്യല്‍, ഗര്‍ഭപാത്ര സംബന്ധമായ അസുഖങ്ങള്‍, വൃഷ്ണവീക്കം, പൈല്‍സ്, ജന്മനാ ഉള്ള ആന്തരിക അസുഖങ്ങള്‍, ഫിസ്റ്റുല, സൈനസൈറ്റിസ് എന്നിവയ്ക്ക് പോളിസി എടുത്തതിന് ശേഷം ഒരു വര്‍ഷത്തേക്ക് ക്ലെയിം അര്‍ഹതയില്ല.
* രോഗാനന്തരമുള്ള വിശ്രമം, പൊതുവായുള്ള അനാരോഗ്യം, രഹസ്യ രോഗങ്ങള്‍, അംഗവൈകല്യം, മയക്കുമരുന്നിന്റെ ഉപയോഗം മൂലമുണ്ടാകുന്ന രോഗങ്ങള്‍ എന്നിവയുടെ ചികിത്സയ്ക്കും ക്ലെയിം ലഭിക്കില്ല.
വിവിധ പോളിസികള്‍
ഇന്‍ഡിവിജ്വല്‍ പോളിസി: ഒരു വ്യക്തിയെ മാത്രം കവര്‍ ചെയ്യുന്നതും അല്ലെങ്കില്‍ ഒരു കുടുംബത്തിലെ ഒന്നിലധികം വ്യക്തികളെ (ഓരോരുത്തരേയും നിശ്ചിത തുകക്ക്) കവര്‍ ചെയ്യുന്ന ഇന്‍ഷുറന്‍സ് പോളിസിയാണിത്.
ഫാമിലി ഫ്ളോട്ടര്‍ പോളിസി: ഒരു നിശ്ചിത തുകക്ക് ഒരു കുടുംബത്തിലെ മുഴുവന്‍ അംഗങ്ങളെയും ഇന്‍ഷുര്‍ ചെയ്യുന്ന പോളിസിയാണിത്. അതായത് ഒരു കുടുംബത്തിലെ നാല് അംഗങ്ങള്‍ അ ഞ്ചു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് എടുത്താല്‍ പോളിസി കാലാവധിക്കുള്ളില്‍ ആര്‍ക്കും അഞ്ചു ലക്ഷം രൂപ വരെയുള്ള ചികിത്സ ഇത്തരം പോളിസി വഴി ലഭ്യമാവുന്നതാണ്. ഇപ്പോള്‍ നിലവില്‍ ഏറ്റവും പ്രചാരത്തിലുള്ള പോളിസിയാണിത്.
ക്രിറ്റിക്കല്‍ ഇല്‍നസ് പോളിസി: മാരകരോഗങ്ങള്‍ പിടിപെട്ടാല്‍ പലപ്പോഴും രോഗം രോഗിയെ മാത്രമല്ല, രോഗിയുടെ കുടുംബത്തേയും മാനസികമായും സാമ്പത്തികമായും തകര്‍ക്കുന്ന അവസരങ്ങള്‍ അനവധിയാണ്.
മാരകരോഗങ്ങള്‍ക്കുള്ള സംരക്ഷണം നല്‍കുന്ന ക്രിറ്റിക്കല്‍ ഇല്‍നസ് പോളിസി ശ്രദ്ധേയമായ ഒന്നാണ്. സാധാരണ മെഡിക്ലെയിം പോളിസിയില്‍ ചേര്‍ന്നാല്‍ ചികിത്സക്കുള്ള ചിലവുകള്‍ ലഭ്യമാകുമ്പോള്‍ മേല്‍പ്പറഞ്ഞ പോളിസിയില്‍ അസുഖം (മാരകരോഗങ്ങള്‍) കണ്ടുപിടിച്ചാല്‍ ഇന്‍ഷുര്‍ ചെയ്ത തുക മുഴുവനായും തന്നെ മുന്‍കൂറായി കമ്പനി നല്‍കുന്നു. രോഗിക്കും കുടുംബത്തിനും ഇതൊരു അടിയന്തിര സഹായമായി മാറുന്നു.
ഹോസ്പിറ്റല്‍ ക്യാഷ് പോളിസി: ആശുപത്രിയില്‍ അസുഖം മൂലമോ, അപകടം മൂലമോ അഡ്മിറ്റ് ചെയ്യേണ്ടിവന്നാല്‍ പ്രതിദിന ബത്ത (ഹോസ്പിറ്റല്‍ അലവന്‍സ്) ലഭിക്കുന്ന പോളിസികള്‍ ഇന്ന് നിലവിലുണ്ട്.
ഇത് അടിസ്ഥാന പോളിസിയോട് ചേര്‍ത്താണ് സാധാരണ കൊടുക്കുന്നത്. ഓരോ വ്യക്തിക്കും ഇഷ്ടമുള്ള പ്രതിദിന ബത്ത തിരഞ്ഞെടുക്കാം. (ഉദാ: 500/1000/2000/5000 എന്നീ തുകകള്‍ക്ക്). പോളിസിയില്‍ പറഞ്ഞ പ്രകാരം ആശുപത്രിയില്‍ അഡ്മിറ്റ് ആയാല്‍ ഇന്‍ഷുര്‍ ചെയ്ത പ്രകാരമുള്ള അലവന്‍സ് ലഭിക്കും. ഇത് പരമാവധി ഒരു മാസം മുതല്‍ രണ്ടു മാസം വരെ ആയിരിക്കും.
ആക്സിഡന്റ മെഡിക്ലെയിം പോളിസി: അപകടം പറ്റിയാല്‍ മാത്രം ആശുപത്രി ചിലവുകള്‍ ലഭ്യമാവുന്ന ആക്സിഡന്റ് മെഡിക്ലെയിം പോളിസികള്‍ ഇന്ന് സുപരിചിതമാണ്. ചുരുങ്ങിയ ചിലവില്‍ കൂടുതല്‍ തുകക്കുള്ള കവറേജാണ് ഇതില്‍ ലഭ്യമാവുക. ഇതിനുപുറമേ ആംബുലന്‍സ് വാടക, എല്ലുകള്‍ക്ക് പൊട്ടലുണ്ടായാലുള്ള നഷ്ടപരിഹാരം, അപകടം മൂലം ജോലി നഷ്ടപ്പെട്ടാലുള്ള നഷ്ടപരിഹാരം, റോഡപകടങ്ങള്‍ മാത്രമായുള്ള നഷ്ടപരിഹാരം എന്നിവയും ലഭ്യമാണ്.
ടോപ് അപ് പോളിസി: ചെറിയ തുകയ്ക്ക് ഇതിനകം ഇന്‍ഷുര്‍ ചെയ്ത പോളിസി ഉടമകള്‍ പിന്നീട് ഉയര്‍ന്ന തുകയ്ക്ക് ഇന്‍ഷുറന്‍സ് പുതുക്കാന്‍ താല്‍പ്പര്യപ്പെടുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍, ടോപ്പ് അപ്പ് പോളിസിയുടെ പ്രീമിയം സാധാരണ പോളിസിയേക്കാള്‍ കുറവാണ്. ചില ക്ലെയിമുകള്‍ ഇതിലൂടെ ലഭ്യമല്ല എന്നതാണ് ഇതിന് പ്രധാന കാരണം. അതിനായി നിശ്ചിത തുകയ്ക്ക് സ്റ്റാന്‍ഡേര്‍ഡ് മെഡിക്ലെയിം എടുത്താല്‍ സംരക്ഷണത്തിന്റെ പൂര്‍ണ്ണ ആനുകൂല്യം ലഭിക്കുന്നതാണ്.
സ്റ്റുഡന്റ് പോളിസി: വിദ്യാര്‍ത്ഥികള്‍ ഏതു തരം വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിക്കുന്നവ രായാലും അവര്‍ക്ക് പല തരത്തിലുള്ള റിസ്‌കുകളെ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. അതില്‍ അപകട മരണം, തീപിടുത്തം, വെള്ളപ്പൊക്കം, പാമ്പുകടി മൂലമുള്ള മരണം, വാഹനാപകടങ്ങള്‍, സ്പോര്‍ട്സ്, ഗെയിംസ്, മുതലായവ മൂലമുള്ള പരുക്കുകള്‍, പ്രകൃതി ദുരന്തങ്ങള്‍, മുങ്ങി മരണം, ഭക്ഷ്യ വിഷബാധ, ആക്രമണങ്ങള്‍, മുതലായവയാണ്. മാതാപിതാക്കള്‍ക്ക് അത്യാഹിതം സംഭവിച്ചാല്‍ കുട്ടികളുടെ വിദ്യാഭ്യാസ ചിലവ് വരെ നല്‍കുന്ന പോളിസികള്‍ ഇന്ന് നിലവിലുണ്ട്. പ്രൊഫഷണല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ മുഴുവന്‍ ഫീസിനും സംരക്ഷണം ലഭിക്കുന്ന പോളിസിയും ഇന്ന് നിലവിലുണ്ട്.