ആസ്തി 3,020 കോടി രൂപ; ഷാര്‍ക്ക് ഷോയിലെ ബിസിനസ് താരം

  • 2021 ഡിസംബര്‍ മുതല്‍ 2022 ഫെബ്രുവരി വരെ നടന്ന ഷാര്‍ക്ക് ടാങ്ക് ഇന്ത്യ സീസണ്‍ 1ല്‍ 67 ബിസിനസുകളിലായി 42 കോടി രൂപയുടെ നിക്ഷേപമെത്തിയിരുന്നു

Update: 2023-02-22 05:45 GMT

യുഎസ് ടിവി ഷോകളില്‍ ഏറെ ശ്രദ്ധേയമായ സ്റ്റാര്‍ട്ട്അപ്പ് സീഡ് ഫണ്ടിംഗ് മത്സര പരിപാടിയുടെ ഇന്ത്യന്‍ രൂപമാണ് സോണി എന്റര്‍ടെന്‍മെന്റിന്റെ ജനപ്രിയ ടെലിവിഷന്‍ ഷോയായ ഷാര്‍ക്ക് ടാങ്ക് ഇന്ത്യ. മികച്ച ബിസിനസ് ആശയങ്ങള്‍ ഉള്ളവരുടെ ബിസിനസുകളില്‍ ഷാര്‍ക്കുകള്‍ എന്നറിയപ്പെടുന്ന നിക്ഷേപക സമിതി സീഡ് ഫണ്ടിങ് നടത്തും. വന്‍കിട സ്റ്റാര്‍ട്ടപ്പ് ബിസിനസുകളുടെ സ്ഥാപകരും ബിസിനസ് പ്രതിഭകളുമൊക്കെ ചേര്‍ന്ന് നയിക്കുന്ന ഷോയിലെ വിധികര്‍ത്താക്കള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുക പതിവാണ്.

ഷാര്‍ക്ക് ടാങ്ക് സീസണ്‍ ടു ജനുവരി രണ്ട് മുതല്‍ സംപ്രേഷണം ആരംഭിച്ചപ്പോള്‍ വിധികര്‍ത്താക്കളുടെ ആസ്തിയും ചര്‍ച്ചയായി. ഷോയുടെ രണ്ടാം സീസണിലെ ജഡ്ജ് പാനലില്‍ ഏഴ് അംഗങ്ങളുണ്ട്. പുതിയ അതിഥിയായ അമിത് ജെയിന്‍ കാര്‍ ദേഖോ ഡോട്ട് കോം എന്ന കമ്പനിയുടെ സഹസ്ഥാപകനാണ്. 1200 മില്യന്‍ ഡോളറാണ് ഈ കമ്പനിയുടെ ആസ്തി. അമിത് ജെയിന്റെ ആസ്തി എത്രയെന്നോ. 3,020.9 കോടി രൂപ. ഷോയിലെ ഏറ്റവും ധനികനും ഇദ്ദേഹം തന്നെ.

2021 ഡിസംബര്‍ മുതല്‍ 2022 ഫെബ്രുവരി വരെ നടന്ന ഷാര്‍ക്ക് ടാങ്ക് ഇന്ത്യ സീസണ്‍ 1ല്‍ 67 ബിസിനസുകളിലായി 42 കോടി രൂപയുടെ നിക്ഷേപമെത്തിയിരുന്നു. ജനപ്രീതിയിലും അവതരണത്തിലെ വ്യത്യസ്തതയിലും മുന്നിലാണ് ഷാര്‍ക്ക് ടാങ്ക്.

തുടക്കം സോഫ്റ്റ് വെയര്‍ ഔട്ട്സോഴ്സിംഗ് കമ്പനി

രാജസ്ഥാനിലെ ജയ്പൂര്‍ സ്വദേശിയായ ജെയിന്‍ ഡെല്‍ഹി ഐഐടി പൂര്‍വ്വവിദ്യാര്‍ഥിയാണ്. തന്റെ വീടിന്റെ ഗാരേജില്‍ സഹോദരനോടൊപ്പം ഒരു സോഫ്റ്റ് വെയര്‍ ഔട്ട്സോഴ്സിംഗ് കമ്പനി തുടങ്ങിക്കൊണ്ടായിരുന്നു ബിസിനസിലെ തുടക്കം. പിന്നീട് കാര്‍ ദേഖോ ഗ്രൂപ്പ്, ഇന്‍ഷുറന്‍സ് ദേഖോ തുടങ്ങിയ കമ്പനികള്‍ക്ക് രൂപംനല്‍കി.

കാര്‍ വില്‍പനയല്ല

കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ട് തുടങ്ങിയ ഓണ്‍ലൈന്‍ കമ്പനിയാണ് കാര്‍ ദേഖോ ഡോട്ട് കോം. ഉപയോക്താക്കള്‍ക്ക് ആവശ്യമായ കാറുകളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഓണ്‍ലൈനില്‍ അറിയാം. വിദഗ്ധരുടെ അവലോകനങ്ങളും വിലകളും മറ്റു വാഹനങ്ങളുമായുള്ള താരതമ്യങ്ങളും എല്ലാം അറിയാനാകും.

സ്റ്റാര്‍ട്ടപ്പ് തുടങ്ങുന്നു

ഐഐടിയിലെ പഠനം പൂര്‍ത്തിയാക്കി ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായി ജെയിന്‍ ജോലി ചെയ്തിരുന്നു. എന്നാല്‍ പിന്നീട് സ്വന്തം സംരംഭം എന്ന സ്വപ്നവുമായി മുന്നോട്ട് പോവുകയായിരുന്നു.

ഡല്‍ഹിയില്‍ നടന്ന ഒരു ഓട്ടോ എക്സ്പോയില്‍ പങ്കെടുത്തപ്പോഴാണ് കാര്‍ ദേഖോ തുടങ്ങാനുള്ള ആശയം ഉടലെടുത്തത്. വിപണിയില്‍ വേറിട്ട ഐഡന്റിറ്റി ഉണ്ടാക്കണമെന്ന ആഗ്രഹത്തോടെയാണ് സഹോദരനുമായി ചേര്‍ന്ന് കാര്‍ ദേഖോ വികസിപ്പിക്കാന്‍ തീരുമാനിക്കുന്നത്. അങ്ങനെ എല്ലാ കാര്‍ പ്രേമികള്‍ക്കും വേണ്ടി ജെയിന്‍ കാര്‍ദേഖോ അവതരിപ്പിക്കുകയായിരുന്നു.

നിക്ഷേപകരായി വന്‍കിടക്കാര്‍

തുടക്കം വീട്ടിലെ ഗാരേജില്‍ നിന്നായിരുന്നെങ്കിലും താമസിയാതെ 20 ജീവനക്കാരുടെ ഒരു സംഘം അവരോടൊപ്പം പ്രവര്‍ത്തിക്കാന്‍ തുടങ്ങി. കടമുണ്ടായിരുന്നെങ്കിലും മുന്നേറാനുള്ള മനോഭാവം കമ്പനിയെ ലാഭത്തിലേക്ക് നയിച്ചു. ഇപ്പോള്‍ വിവിധ ബിസിനസുകളില്‍ നിന്ന് ഈ 46കാരന്‍ നേടിയ വരുമാനം 3,020.9 കോടി രൂപയാണ്.

കമ്പനിക്ക് വെബ്സൈറ്റും ആപ്പുമുണ്ട്. നിക്ഷേപകരില്‍ ഗൂഗിള്‍ ക്യാപിറ്റല്‍, ടൈബോണ്‍ ക്യാപിറ്റല്‍, ഹില്‍ഹൗസ് ക്യാപിറ്റല്‍, സെക്വോയ ക്യാപിറ്റല്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, ടാറ്റ ഗ്രൂപ്പ് എന്നിവയും ഉള്‍പ്പെടുന്നു.

Tags:    

Similar News