വില്‍പനയില്‍ ചരിത്രം സൃഷ്ടിച്ച റീഡേഴ്സ് ഡൈജസ്റ്റിന്റെ കഥ

  • 1963ല്‍ ആണ് ഇന്ത്യന്‍ പതിപ്പ് പുറത്തിറക്കുന്നത്
  • എളിയ നിലയില്‍ തുടങ്ങിയ ഡൈജിസ്റ്റിന്റെ കഥ ഏറെ രസകരമാണ്
  • റീഡേഴ്സ് ഡൈജസ്റ്റ് പ്രതിവര്‍ഷം 900,000 ഡോളര്‍ മൊത്ത വരുമാനമുള്ള പ്രസ്ഥാനമായി മാറിയിരുന്നു

Update: 2023-07-25 05:57 GMT

വില്‍പനയില്‍ ചരിത്രം സൃഷ്ടിച്ച മാഗസിന്‍. 163 രാജ്യങ്ങളിലായി 100 ദശലക്ഷത്തിലധികം ആളുകളെ അതിശയിപ്പിച്ചൊരു പ്രസിദ്ധീകരണം അതാണ് റീഡേഴ്സ് ഡൈജസ്റ്റ്. 1922 ഫെബ്രുവരിയില്‍ ഡിവിറ്റ് വാലസ്, ലൈലാ അക്കിസന്‍ ദമ്പതികളാണിത് റീഡേഴ്‌സ് ഡൈജസ്റ്റ് എന്ന മാധ്യമ സ്ഥാപനം ആരംഭിച്ചത്.

വളരെ എളിയ നിലയില്‍ തുടങ്ങിയ ഡൈജിസ്റ്റിന്റെ കഥ ഏറെ രസകരമാണ്.

ഒന്നാം ലോകമഹായുദ്ധത്തില്‍ ഫ്രാന്‍സില്‍ സൈനിക സേവനത്തിലിരിക്കെ യുദ്ധത്തിലേര്‍പ്പെട്ട വാലസിന് കഠിനമായ മുറിവും ചതവും അനുഭവിക്കേണ്ടിവന്നു.

ഏറെക്കാലം ചികിത്സയിലുമായിരുന്നു. ആശുപത്രിവാസത്തിനിടയില്‍ അനേകം പത്രമാസികകള്‍ വായിച്ചുകൂട്ടി. അതിന്റെയെല്ലാം രത്നച്ചുരുക്കം കുറിച്ചുവച്ചിരുന്നു വാലസ്. ആ കുറിപ്പുകളെല്ലാം ഒന്നുകൂടി തേച്ചുമിനുക്കിയെടുത്ത് മാസികാരൂപത്തില്‍ പുറത്തിറക്കിയാല്‍ എങ്ങിനെയിരിക്കും..? ഒട്ടേറെപ്പേര്‍ക്ക് പ്രയോജനകരമാകുമെന്ന് ഡിവിറ്റ് വാലസിനു തോന്നി. ആശുപത്രി വിട്ടതോടെ എങ്ങിനേയും താന്‍ കുത്തിക്കുറിച്ചുണ്ടാക്കിയ കുറിപ്പുകളില്‍ നിന്നും ഒരു മാസിക തുടങ്ങാന്‍ കച്ചകെട്ടിയിറങ്ങി. അത് പൂര്‍ണ്ണതയിലെത്തിക്കാന്‍ വീണ്ടും സമയമെടുത്തു.

ജീവിതത്തിലെ നാലു സൗഭാഗ്യങ്ങള്‍

തനിക്ക് ജീവിതത്തില്‍ നാലു ഭാഗ്യങ്ങളാണ് ഉണ്ടായതെന്നും അതുകൊണ്ടാണ് റീഡേഴ്സ് ഡൈജസ്റ്റ് രൂപപ്പെട്ടതെന്നും വാലസ് തന്നെ പിന്നീട് എഴുതിയിരുന്നു. താന്‍ വിഭാവന ചെയ്യുന്ന മാസിക ആരംഭിക്കാനുള്ള പദ്ധതി ഒരു പ്രമുഖ പ്രസിദ്ധീകരണശാലയ്ക്ക് ആദ്യം സമര്‍പ്പിച്ചു. അവര്‍ക്കത് ഒരു തരത്തിലും സ്വീകാര്യമായില്ല. അവരുടെ നിരാകരണമാണ് വാലസിന്റെ പ്രഥമ ഭാഗ്യം..!

സൈന്യത്തില്‍ നിന്നും പിരിഞ്ഞ ശേഷം പെന്‍സില്‍വാനിയായിലുള്ള ഒരു സ്വകാര്യ സ്ഥാപനത്തിലെ സഹപ്രവര്‍ത്തകന്റെ പ്രോത്സാഹനം. ആ സുഹൃത്തിന്റെ അഭിപ്രായമായിരുന്നു തപാലില്‍ വരിക്കാരെ ചേര്‍ത്ത് ഈ മാസിക വിറ്റഴിക്കാന്‍ സാധിക്കുമെന്നത്.! ഇത് രണ്ടാമത്തെ ഭാഗ്യം.

വാലസ് സ്വന്തമായി ഒരു പ്രസിദ്ധീകരണം തുടങ്ങാന്‍ പോകുന്നുവെന്നറിഞ്ഞ സ്ഥാപന ഉടമ വാലസിനെ ഉടന്‍ ജോലിയില്‍ നിന്നും പിരിച്ചുവിട്ടത് മൂന്നാമത്തെ ഭാഗ്യം..! ലൈല അക്കിന്‍സിനെ പരിചയപ്പെട്ടതും വിവാഹം കഴിച്ചതും നാലാമത്തെ മഹത്തായ ഭാഗ്യമായിട്ടാണ് വാലസ് വിശ്വസിക്കുന്നത്.



ഡിവിറ്റ് വാലസ്, ലൈലാ അക്കിസന്‍

1920-ല്‍ വാലസ് സാമ്പിള്‍ കോപ്പി രൂപപ്പെടുത്തി: 64 പേജുകളിലായി 31 ലേഖനങ്ങള്‍. ഇതാണ് പ്രസാധകര്‍ക്ക് താല്‍പ്പര്യമില്ലായിരുന്നതിനാല്‍ തള്ളപ്പെട്ടത്. ഒരു വൈദികന്റെ മകളും കോളേജ് സുഹൃത്തിന്റെ സഹോദരിയുമായ ലൈല വധുവായി വാലസിന്റെ ജീവിതത്തിലേക്ക് പ്രവേശിച്ചതോടെ ഇരുവരും സ്വപ്നസാക്ഷ്ല്‍ക്കാരത്തിനുള്ള കഠിനശ്രമം തുടങ്ങി. വലിയ മൂലധനമില്ലാതെ തുടങ്ങിയ ആ പ്രസ്ഥാനത്തിന് സാമ്പത്തിക സ്ഥിരത നേടുംവരെ തങ്ങളുടെ ഓഫീസിനും വീടിനും വേണ്ട വാടക ഉണ്ടാക്കാനായി ലൈല ഒരു ജോലി കണ്ടെത്തി.

1921-ല്‍ റീഡേഴ്‌സ് ഡൈജസ്റ്റ് അസോസിയേഷന്‍ സ്ഥാപിച്ചു. കൃത്യമായി ഒരു വര്‍ഷത്തിനുശേഷം, 1922 ജനുവരിയില്‍, റീഡേഴ്‌സ് ഡൈജസ്റ്റിന്റെ ആദ്യ ലക്കം പിറന്നു. പ്രതീക്ഷിച്ചതിലും വലിയ സ്വീകാര്യത അതിന് ലഭിച്ചു. ഒന്നാം ലക്കം 5000 കോപ്പിയാണ് അച്ചടിച്ചത്. നാലുവര്‍ഷം കഴിഞ്ഞതോടെ പ്രചാരം 10 ഇരട്ടി വര്‍ദ്ധിച്ചു. മൂന്നു വര്‍ഷം കൂടി പിന്നിട്ടപ്പോള്‍ പ്രചാരം 2,28,000 കോപ്പിയിലെത്തി. പിന്നീട് വാലസ് ദമ്പതികള്‍ക്ക് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല.

1963ല്‍  ഇന്ത്യന്‍ പതിപ്പ് 

ഇതിനിടെ റീഡേഴ്സ് ഡൈജസ്റ്റ് പ്രതിവര്‍ഷം 900,000 ഡോളര്‍ മൊത്ത വരുമാനമുള്ള പ്രസ്ഥാനമായി മാറിയിരുന്നു. ആദ്യത്തെ അന്താരാഷ്ട്ര പതിപ്പ് 1938-ല്‍ ബ്രിട്ടണില്‍ നിന്നും അച്ചടിച്ചു. റീഡേഴ്‌സ് ഡൈജസ്റ്റിന്റെ 40-ാം വാര്‍ഷികമായപ്പോഴേക്കും ഇതിന് 13 ഭാഷകളിലും ബ്രെയിലിലുമായി 40 അന്താരാഷ്ട്ര പതിപ്പുകള്‍ ഉണ്ടായിരുന്നു.

റീഡേഴ്‌സ് ഡൈജസ്റ്റ് ഇന്ത്യയില്‍ 1954-ല്‍ പ്രചാരത്തിലായെങ്കിലും 1963ല്‍ ആണ് ഇന്ത്യന്‍ പതിപ്പ് പുറത്തിറക്കുന്നത്. തുടര്‍ന്ന് ഇതിന് ഹിന്ദി പതിപ്പും ഉണ്ടായി.

പിന്നീട് ഇതിന്റെ ആഗോള പതിപ്പുകള്‍ 21 ഭാഷകളിലായി 49 പതിപ്പുകളിലൂടെ 70-ലധികം രാജ്യങ്ങളിലായി 40 ദശലക്ഷം ആളുകളിലേക്ക് എത്തിച്ചേര്‍ന്നു.

അറിവിന്റെ വിവിധ മേഖലകളിലുള്ള ഒട്ടേറെ വിഷയങ്ങള്‍ ലളിതമായ ശൈലിയില്‍ ഡൈജസ്റ്റ് അവതരിപ്പിക്കുന്നു. വാര്‍ത്തകളുടെ സത്യസന്ധതയാണ് ഡൈജസ്റ്റിന്റെ മുഖമുദ്ര. വസ്തുനിഷ്ഠമായി വാര്‍ത്തകള്‍ അവതരിപ്പിക്കുന്ന ഡൈജസ്റ്റിന്റെ രീതിക്കൊരു ഉദാഹരണം എഴുതാം.


റീഡേഴ്‌സ് ഡൈജസ്റ്റിന്റെ ആദ്യ കോപ്പി

ചിത്രകലാരംഗത്തെ നിത്യവിസ്മയമായിരുന്ന മലയാളിയായ ക്ലിന്റിനെക്കുറിച്ച് ഒരു ലേഖനം തയ്യാറാക്കാന്‍ ഡൈജസ്റ്റിന്റെ അസിസ്റ്റന്‍ഡ് എഡിറ്റര്‍ മോഹന്‍ ശിവാനന്ദ് കൊച്ചിയിലെത്തി. ക്ലിന്റിന്റെ മാതാപിതാക്കളേയും അധ്യാപകരേയും ചികിത്സിച്ച ഡോക്ടറേയും നേരിട്ടുകണ്ടു സംസാരിച്ചു. ക്ലിന്റിന്റെ ചിത്രശേഖരം മുഴുവന്‍ പരിശോധിച്ചു, ക്ലിന്റിനെക്കുറിച്ച് അതുവരെ വന്ന പത്രറിപ്പോര്‍ട്ടുകളത്രയും അടിസ്ഥാനമാക്കിയാണ് അവര്‍ ലേഖനം തയ്യാറാക്കിയത്.

അങ്ങനെ റീഡേഴ്‌സ് ഡൈജസ്റ്റിന്റെ ഉത്തരവാദിത്വപ്പെട്ട ഒരു പ്രതിനിധി നേരിട്ടു തയ്യാറാക്കിയ ലേഖനമായിട്ടു പോലും ചീഫ് എഡിറ്റര്‍ ആ ലേഖനത്തില്‍ പരാമര്‍ശിക്കപ്പെട്ട എല്ലാവരുമായി കത്തുകള്‍ വഴി ബന്ധപ്പെട്ട് വസ്തുതകളുടെ നിജസ്ഥിതി ബോധ്യപ്പെട്ട ശേഷമാണ് അത് പ്രസിദ്ധീകരിച്ചത്.

വിവിധ ദേശങ്ങളിലുള്ള പത്രമാസികകളില്‍ വരുന്ന ലേഖനങ്ങളുടെ പുനപ്രകാശനമാണ് ഡൈജസ്റ്റ് മുഖ്യമായും നടത്തുന്നത്. ഇങ്ങനെ തിരഞ്ഞെടുക്കപ്പെടുന്ന ലേഖനങ്ങളുടെ നിജസ്ഥിതി നേരിട്ടുള്ള അന്വേഷണത്തിലൂടെ ബോധ്യപ്പെട്ടതിനു ശേഷം മാത്രമേ ഡൈജസ്റ്റ് അച്ചടിക്കുകയുള്ളു.

റീഡേഴ്‌സ് ഡൈജസ്റ്റ് ആരേയും വിശ്വസിക്കുന്നില്ല. എന്നാല്‍ റീഡേഴ്‌സ് ഡൈജസ്റ്റിനെ ആര്‍ക്കും വിശ്വസിക്കാം.

കവര്‍ ചിത്രം ഉണ്ടായിരുന്നില്ല

1955 വരെ പരസ്യങ്ങളൊന്നും റീഡേഴ്‌സ് ഡൈജസ്റ്റ് സ്വീകരിച്ചിരുന്നില്ല. എന്നാല്‍ ഉത്പാദനച്ചെലവ് ഏറിയതോടെ പരസ്യം ഇല്ലാതെ പിടിച്ചുനില്‍ക്കാനാവില്ലെന്നു ബോധ്യപ്പെട്ടു. തുടക്കത്തില്‍ പോസ്റ്റല്‍ വരിക്കാരെ മാത്രം ഉദ്ദേശിച്ചു തുടങ്ങിയതിനാല്‍ കവര്‍ ചിത്രം ഉണ്ടായിരുന്നില്ല. ഡൈജസ്റ്റിന്റെ ഉള്ളടക്കമാണ് കവറില്‍ കൊടുത്തിരുന്നത്.

1973 വരെ മാസികയുടെ കോ-ചെയര്‍പേഴ്സണായി സേവനമനുഷ്ഠിച്ച ലൈലാ വാലസ് ന്യൂയോര്‍ക്കിലെ മൗണ്ട് കിസ്‌കോയില്‍ വെച്ച് 94-ാം വയസ്സില്‍ ഹൃദയസ്തംഭനം മൂലം അന്തരിച്ചു. ഡിവിറ്റ് വാലസ് ആകട്ടെ 91-ാം വയസ്സില്‍ ന്യൂമോണിയ ബാധിച്ച് മൗണ്ട് കിസ്‌കോയിലെ വീട്ടില്‍ അന്ത്യശ്വാസം വലിച്ചു.

ഡൈജസ്റ്റ് 1998ല്‍ സമൂലമായൊരു അഴിച്ചുപണി നടത്തി. കവറില്‍ നിന്നും ഉള്ളടക്കത്തെ പുറത്താക്കി ആകര്‍ഷകമായ മുഖചിത്രത്തോടെ പ്രസിദ്ധീകരിക്കാന്‍ തുടങ്ങി. 75 വര്‍ഷത്തിനുശേഷമുള്ള ആ ഉടച്ചുവാര്‍ക്കല്‍ കൊണ്ടും രക്ഷകിട്ടിയില്ല. 2009ല്‍ ബെറ്റര്‍ ഹോംസ് & ഗാര്‍ഡന്‍സ് മാഗസിനു പിന്നിലാകുന്നതുവരെ, വര്‍ഷങ്ങളോളം, റീഡേഴ്‌സ് ഡൈജസ്റ്റ് അമേരിക്കയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ലൈഫ് സ്റ്റെയില്‍ മാസികയായി തുടര്‍ന്നിരുന്നു.

2010ല്‍, മാസികയുടെ യുഎസ് എഡിഷന്‍ അതിന്റെ പ്രസിദ്ധീകരണം മാസം തോറും എന്നത് വര്‍ഷത്തില്‍ 10 തവണയാക്കി ചുരുക്കി. ഇപ്പോള്‍ ഇതിന്റെ ഉടമസ്ഥാവകാശം

ദി റീഡേഴ്‌സ് ഡൈജസ്റ്റ് അസോസിയേഷന്‍ ഇന്‍കിനാണ്. ഇതിന്റെ ഇന്ത്യന്‍ പതിപ്പ് ഇന്ത്യാ ടുഡേ ഗ്രൂപ്പിന്റെ ഭാഗവുമായി.

Tags:    

Similar News