മുട്ടയില്ല; മലേഷ്യ ആശ്രയിക്കുന്നത് കേരളത്തേയും തമിഴ്നാടിനേയും

  • കൊച്ചിയില്‍ നിന്നുള്ള കയറ്റുമതി ജനുവരിയില്‍ 10.64 മെട്രിക് ടണ്‍ ആയിരുന്നത് ഫെബ്രുവരിയില്‍ 11.74 ടണ്‍ ആയി ഉയര്‍ന്നു

Update: 2023-03-21 09:30 GMT

മലേഷ്യയില്‍ മുട്ട ഉത്പാദനം കുറഞ്ഞതോടെ സംസ്ഥാനത്തുനിന്നും അവിടേക്കുള്ള മുട്ട കയറ്റുമതിയില്‍ വന്‍ വര്‍ധന. ജനുവരിയില്‍ 10.64 മെട്രിക് ടണ്‍ ആയിരുന്നത് ഫെബ്രുവരിയില്‍ 11.74 ടണ്‍ ആയാണ് വര്‍ധിച്ചതെന്ന് കേരള എക്സ്പോര്‍ട്ടേഴ്സ് ഫോറം റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് കഴിഞ്ഞ ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ യഥാക്രമം 2.3, 2.0 ടണ്‍ ആയിരുന്നു.

തമിഴ്നാട്ടില്‍ നിന്നാണ് മലേഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് മുട്ട കൂടുതലായി കയറ്റി അയക്കുന്നത്. ലോകകപ്പ് ഫുട്ബോളിന്റെ പശ്ചാത്തലത്തില്‍ ഖത്തറിലേക്ക് തമിഴ്നാട്ടിലെ നാമക്കലില്‍ നിന്ന് രണ്ടര കോടി മുട്ടകളാണ് കയറ്റുമതി ചെയ്യുന്നത്. മുന്‍ മാസമിത് ഒന്നര കോടിയായിരുന്നു.

തുര്‍ക്കി മുട്ടയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാണെന്നാണ് ഇന്ത്യന്‍ മുട്ടയ്ക്ക് വിദേശത്ത് ഡിമാന്‍ഡ് വര്‍ധിക്കാന്‍ കാരണം. കേരളത്തിലേക്കും കൂടുതലായി മുട്ട വരുന്നത് തമിഴ്നാട്ടില്‍ നിന്നാണ്. ഇവിടെ 40 ലക്ഷം മുട്ട ഉത്പാദിപ്പിക്കുമ്പോള്‍ ദിവസേന 1.2 കോടി മുട്ട തമിഴ്നാട്ടില്‍ നിന്ന് വരുന്നു.

റഷ്യ-ഉക്രൈയ്ന്‍ യുദ്ധം രൂക്ഷമായതോടെ കോഴിത്തീറ്റയ്ക്കു വില വര്‍ധിച്ചതാണ് മലേഷ്യയിലെ മുട്ട വ്യാപാരത്തെ സാരമായി ബാധിച്ചത്. നിലവില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നും മുട്ട ഇറക്കുമതി ചെയ്യുകയാണ് മലേഷ്യ.

കഴിഞ്ഞ ഡിസംബറില്‍ 50 ലക്ഷം മുട്ടയാണ് നാമക്കലില്‍ നിന്നും മലേഷ്യയിലേക്ക് കയറ്റിയയച്ചത്. ഇതാദ്യമായാണ് ഇത്രയധികം മുട്ടകള്‍ മലേഷ്യയിലേക്ക് കയറ്റിയയക്കുന്നത്. കര്‍ഷകര്‍ക്ക് സബ്സിഡി ഉള്‍പ്പെടെ ലഭ്യമാക്കി മുട്ട ഉല്‍പാദന മേഖലയ്ക്ക് ഊര്‍ജം പകരാനുള്ള ശ്രമത്തിലാണ് മലേഷ്യന്‍ സര്‍ക്കാര്‍.

കഴിഞ്ഞ ഏതാനും മാസങ്ങളായി ഒമാന്‍, ഖത്തര്‍, യു.എ.ഇ, കുവൈത്ത്, ബഹ്റൈന്‍ എന്നിവിടങ്ങളിലേക്കാണ് ഇന്ത്യയില്‍ നിന്നും ഏറ്റവുമധികം മുട്ട കയറ്റുമതി ചെയ്യുന്നത്. പ്രതിദിനം 15 ലക്ഷം മുട്ട. ഇതില്‍ കൂടുതലും നാമക്കലില്‍ നിന്നാണ്. ഇതുവരെ സിംഗപ്പൂരിലേക്കും മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലേക്കും വന്‍തോതില്‍ മുട്ട കയറ്റുമതി നടത്തിയിരുന്നത് മലേഷ്യയില്‍ നിന്നാണ്.

മലേഷ്യയിലെ മുട്ട ഉത്പാദനം കുറഞ്ഞത് കേരളത്തിലെയും തമിഴ്നാട്ടിലെയും കോഴി കര്‍ഷകര്‍ക്ക് അനുഗ്രഹമാവുകയായിരുന്നു. തമിഴ്നാട്ടിലെ നാമക്കലില്‍ പ്രതിദിനം അഞ്ചുകോടി മുട്ട ഉത്പാദിപ്പിക്കുന്നതില്‍ മൂന്നു ശതമാനമാണ് കയറ്റിയയക്കുന്നത്. ബാക്കി സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി സ്‌കൂളുകളിലേക്കും ഇതര സംസ്ഥാനങ്ങളിലേക്കുമാണ് കയറ്റിയയക്കുന്നത്.

Tags:    

Similar News