ലളിത് മോഡി ഇന്നിങ്‌സ് നിര്‍ത്തുന്നു; ഇനി മകന്റെ ഊഴം
- മകളുമായി കൂടിയാലോചിച്ചാണ് രുചിറിനെ പിന്‍ഗാമിയാക്കാന്‍ തീരുമാനിച്ചത്
- ഐ.പി.എല്ലിന്റെ ആദ്യ ചെയര്‍മാനായി ലളിത് മോദി.
- ഐ.പി.എല്ലിലൂടെ ലഭിക്കുന്ന വന്‍ തുക തന്ത്രപരമായി തന്റെ അക്കൗണ്ടിലേക്ക് വകമാറ്റിയതാണ് ലളിത് മോദിയെ കുരുക്കിയത്.
കോടികളുടെ താരലേലത്തിലൂടെ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ ആകര്‍ഷിച്ച ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍) സ്ഥാപകനായ ലളിത് മോദി...
കോടികളുടെ താരലേലത്തിലൂടെ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ ആകര്‍ഷിച്ച ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍) സ്ഥാപകനായ ലളിത് മോദി ബിസിനസ് ജീവിതത്തില്‍ നിന്ന് പാഡഴിക്കുകയാണ്. സാമ്പത്തിക തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട അദ്ദേഹം ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നാണ് മകനെ ബിസിനസ് സാമ്രാജ്യത്തിന്റെ ക്യാപ്റ്റനായി നിയമിച്ചിരിക്കുന്നത്.
മോദി കുടുംബ ട്രസ്റ്റിന്റെ തലപ്പത്തേക്ക് മകന്‍ രുചിര്‍ മോദിയുടെ പേര് പ്രഖ്യാപിച്ചിരിക്കുകയാണ് ഐ.പി.എല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോദി. കെ.കെ മോദി ഫാമിലി ട്രസ്റ്റിന്റെ (കെ.കെ.എം.എഫ്.ടി) പിന്‍ഗാമിയായായി മകനെ നിശ്ചയിക്കുകയാണെന്ന് ലളിത് ട്വീറ്റ് ചെയ്തു. ഇപ്പോള്‍ കടന്നുപോകുന്ന അവസ്ഥ കണക്കിലെടുത്ത് ട്രസ്റ്റിന്റെ കൈകാര്യകര്‍തൃത്വം ഇനി മക്കളെ ഏല്‍പ്പിക്കുകയാണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
'ഇപ്പോള്‍ ഞാന്‍ കടന്നുപോകുന്ന അവസ്ഥ കണക്കിലെടുത്താല്‍, വിരമിക്കാനും മക്കളെ പരിപാലിക്കാനുമുള്ള സമയമാണിത്. എല്ലാം ഞാന്‍ അവര്‍ക്ക് കൈമാറുകയാണ്', ലളിത് മോദി ട്വീറ്റ് ചെയ്തു. കൂടെ ഒരു കത്തിന്റെ ചിത്രവും ചേര്‍ത്തിട്ടുണ്ട്.
തന്റെ മരണാനന്തരം മക്കളായ രുചിറും ആലിയയുമായിരിക്കും കെ.കെ മോദി കുടുംബ ട്രസ്റ്റിന്റെ ഗുണഭോക്താക്കളെന്ന് കത്തില്‍ വ്യക്തമാക്കുന്നു. മകളുമായി കൂടിയാലോചിച്ചാണ് രുചിറിനെ പിന്‍ഗാമിയാക്കാന്‍ തീരുമാനിച്ചതെന്നും ലളിത് കത്തില്‍ പറയുന്നു.
രണ്ടാഴ്ചയ്ക്കിടെ രണ്ടു തവണ കൊവിഡ് ബാധിച്ചതായി നേരത്തെ ലളിത് മോദി അറിയിച്ചിരുന്നു. കൊവിഡിനൊപ്പം ന്യൂമോണിയയും കൂടി പിടികൂടിയതോടെ ആരോഗ്യനില വഷളായി. ഓക്‌സിജന്‍ സിലിണ്ടറിന്റെ സഹായത്തോടെയാണ് അദ്ദേഹം ഇപ്പോള്‍ കഴിയുന്നത്.
മകന്‍ രുചിര്‍ മോദി മോദി വെഞ്ചേഴ്‌സ് സി.ഇ.ഒയും സ്ഥാപകനുമാണ്. നിലവില്‍ പ്രമുഖ സിഗരറ്റ് നിര്‍മാണ കമ്പനിയായ ഗോഡ്‌ഫ്രെ ഫിലിപ്‌സ് ഇന്ത്യ ഉള്‍പ്പെടെ കെ.കെ മോദി ഗ്രൂപ്പിന്റെ കീഴിലുള്ള കമ്പനികളുടെ ഡയരക്ടറാണ്. ബ്രിട്ടനില്‍ നിന്ന് ബി.ബി.എ നേടിയ ഇദ്ദേഹം അച്ചനെ പോലെ ആഡംബരപ്രിയനാണ്.
ബ്രിട്ടനിലും തട്ടിപ്പു നടത്തി ലളിത് മോദി?
2010ലാണ് നികുതിവെട്ടിപ്പ് കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളില്‍ പ്രതിയായ ലളിത് മോദി ഇന്ത്യ വിട്ട് ബ്രിട്ടനിലേക്കു പോയത്. ഐ.പി.എല്ലുമായി ബന്ധപ്പെട്ടും തട്ടിപ്പു നടത്തിയ ഇദ്ദേഹത്തെ തിരികെ ലഭിക്കാനായി ഇന്ത്യ ശ്രമിച്ചുവരുകയാണ്. അതിനിടെയാണ് ബ്രിട്ടനിലും ലളിത് മോദി തട്ടിപ്പ് നടത്തിയ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
തന്നെ ലളിത് മോദി തെറ്റിദ്ധരിപ്പിച്ചത് മൂലം 7.5 ലക്ഷം പൗണ്ട് (ഏകദേശം 14.84 കോടി രൂപ) താന്‍ മോദിയുടെ അയോണ്‍ കെയര്‍ എന്ന കാന്‍സര്‍ കെയര്‍ കമ്പനിയില്‍ നിക്ഷേപിക്കാനിടയായി എന്നാണ് ഇന്ത്യന്‍ വംശജയും മുന്‍ മോഡലുമായ ഗുര്‍പ്രീറ്റ് ഗില്‍ മാഗും അവരുടെ കമ്പനിയായ ക്വാണ്ടം കെയറും മോദിക്കെതിരെ കേസ് നല്‍കിയത്.
വഞ്ചനാകുറ്റം ചുമത്തിയുള്ള കേസില്‍ പക്ഷെ ലളിത് മോദിക്ക് അനുകൂലമായിട്ടായിരുന്നു ലണ്ടന്‍ ഹൈക്കോടതിയുടെ വിധി വന്നത്. ഗുര്‍പ്രീതും അവരുടെ കമ്പനിയും ഈ വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീലിനു പോവുകയാണ്. സിംഗപ്പൂര്‍ ആസ്ഥാനമായി വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ രംഗത്തു പ്രവര്‍ത്തിക്കുന്ന ഗുര്‍പ്രീത് ഗില്‍ മാഗ് മോദിയില്‍ നിന്ന് 70 ലക്ഷം ഡോളര്‍ (ഏകദേശം 51.95 കോടി രൂപ) നഷ്ടപരിഹാരം തേടിയാണ് ഇംഗ്ലണ്ട് ഹൈക്കോടതിയെ സമീപിച്ചത്.
എലിസബത്ത് രാജ്ഞിയുടെ മകനായ ആന്‍ഡ്രൂ രാജകുമാരനും സ്‌പെയിനിലെ രാജാവും രാജ്ഞിയും ഉള്‍പ്പെടെ നിര്‍വധി ഉന്നതര്‍ തന്റെ കമ്പനിയുടെ രക്ഷാധികാരികളായി ഉണ്ടെന്ന് ലളിത് മോദി തെറ്റിദ്ധരിപ്പിച്ചു എന്നാണ് ഗുര്‍പ്രീത് കോടതിയില്‍ പറഞ്ഞത്. അതിനു പുറമെ ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ടെന്നീസ് താരം റോജര്‍ ഫെഡറര്‍ എന്നിവര്‍ അയോണ്‍ കെയറിന്റെ ബ്രാന്‍ഡ് അമ്പാസഡര്‍മാര്‍ ആയിരിക്കുമെന്നും മോദി തന്നെ വിശ്വസിപ്പിച്ചെന്ന് അവര്‍ കോടതിയില്‍ നല്‍കിയ മൊഴിയില്‍ പറഞ്ഞിരുന്നു.
അര്‍ബുദ രോഗബാധയെ തുടര്‍ന്നു മോദിയുടെ ഭാര്യ മിനാല്‍ 2018ല്‍ അന്തരിച്ചിരുന്നു. അവരില്‍ പരീക്ഷിച്ച ഒറ്റ ഡോസുള്ള റേഡിയോ തെറാപ്പി രീതി പിന്തുടരുന്ന അര്‍ബുദ ചികിത്സാകേന്ദ്രങ്ങളുടെ ആഗോള ശൃംഖലയാണ് അയോണ്‍ കെയര്‍ ലക്ഷ്യമിട്ടിരുന്നത്. നിര്‍ദിഷ്ട പദ്ധതി 2019 തുടക്കത്തില്‍ തന്നെ പരാജയപ്പെട്ടതോടെയാണു ഗില്‍ മാഗ് ഹൈക്കോടതിയെ സമീപിച്ചത്.
പഠനകാലത്ത് കൊക്കെയ്ന്‍ കടത്തിന് അറസ്റ്റില്‍
1963ല്‍ ജനിച്ച ലളിത് കുമാര്‍ മോദി ഇന്ത്യയിലെ ഒരു പ്രമുഖ വ്യവസായ കുടുംബത്തില്‍ നിന്നാണ് വരുന്നത്. മുത്തച്ഛന്‍ ഗുജര്‍മല്‍ മോദി 1933ല്‍ മോദി ഗ്രൂപ്പ് സ്ഥാപിച്ചു. അത് ഒരു പഞ്ചസാര മില്ലായി ആരംഭിച്ച് പിന്നീട് വിനോദം, ചായ, പാനീയങ്ങള്‍, വ്യക്തിഗത പരിചരണം, കാര്‍ഷിക രാസവസ്തുക്കള്‍, സിഗരറ്റ് നിര്‍മാണം തുടങ്ങി വിവിധ ബിസിനസുകളിലേക്ക് വ്യാപിച്ചു.
ലളിത് മോദി ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗും ബിസിനസ് അഡ്മിനിസ്‌ട്രേഷനും പഠിക്കാന്‍ അമേരിക്കയിലേക്ക് പോയി. കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. കൊക്കെയ്ന്‍ കടത്തലിനും തട്ടിക്കൊണ്ടുപോകലിനും അറസ്റ്റിലാവുകയും ചെയ്തു. അദ്ദേഹത്തെ 2 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. തുടര്‍ന്ന് തനിക്ക് അസുഖമാണെന്ന് പറഞ്ഞ് ഇന്ത്യയില്‍ തിരിച്ചെത്തി കുടുംബ ബിസിനസില്‍ ചേര്‍ന്നു.
മികച്ച ബിസിനസ് പാടവം; തട്ടിപ്പ് വിനയായി
1993ല്‍ അദ്ദേഹം മോദി എന്റര്‍ടൈന്‍മെന്റ് നെറ്റ് വർക്ക് തുടങ്ങി. ഇന്ത്യയില്‍ അന്താരാഷ്ട്ര പരിപാടികള്‍ ലൈവ് സ്ട്രീമിംഗ് ചെയ്യുന്നതിനും കാണുന്നതിനും സൗകര്യമൊരുക്കി. ക്രിക്കറ്റ് കളിയോടും വിദേശത്ത് താന്‍ കണ്ട സ്വകാര്യ സ്‌പോര്‍ട്‌സ് ലീഗുകളോടും ഇന്ത്യക്കാര്‍ക്കുള്ള സ്‌നേഹം മനസ്സിലാക്കിയാണ് അദ്ദേഹം ഐ.പി.എല്‍ എന്ന ആശയം വിഭാവനം ചെയ്തത്. ടെസ്റ്റ്, ഏകദിനം തുടങ്ങിയ ലോംഗ് ഫോര്‍മാറ്റ് ക്രിക്കറ്റ് ടൂര്‍ണമെന്റുകളില്‍ പ്രേക്ഷകരുടെ ശ്രദ്ധ കുറയുന്നത് കണക്കിലെടുത്ത് ടി20കള്‍ കൊണ്ടുവരുന്നതിനെ കുറിച്ച് അദ്ദേഹം ചിന്തിച്ചു. സ്‌പോണ്‍സര്‍മാരെ ലഭിക്കുന്നതിലൂടെ ഇത് ലാഭകരമാക്കാമെന്ന് അദ്ദേഹം മനസ്സിലാക്കി.
എന്നാല്‍ അദ്ദേഹത്തിന്റെ ആശയം ബി.സി.സി.ഐ നിരസിച്ചു. അതോടെ അദ്ദേഹം ക്രിക്കറ്റ് ബോര്‍ഡില്‍ ചേരാന്‍ തീരുമാനിച്ചു. ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷനില്‍ ചേര്‍ന്ന അദ്ദേഹം ക്രമേണ 2005ല്‍ ബി.സി.സി.ഐ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തി. 2008ല്‍ അദ്ദേഹം മറ്റ് ബോര്‍ഡ് അംഗങ്ങളുമായി ചേര്‍ന്ന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ആരംഭിച്ചു. ഐ.പി.എല്ലിന്റെ ആദ്യ ചെയര്‍മാനായി ലളിത് മോദി.
ഐ.പി.എല്ലിലൂടെ ലഭിക്കുന്ന വന്‍ തുക തന്ത്രപരമായി തന്റെ അക്കൗണ്ടിലേക്ക് വകമാറ്റിയതാണ് ലളിത് മോദിയെ കുരുക്കിയത്. ഐ.പി.എല്‍ സംപ്രേഷണം ചെയ്യാനുള്ള മാധ്യമാവകാശം വേള്‍ഡ് സ്‌പോര്‍ട്‌സ് ഗ്രൂപ്പിന് (ഡബ്ല്യു.എസ്.ജി) നല്‍കി. ഇതിലൂടെ 125 കോടി രൂപ ലളിത് മോദിയുടെ അക്കൗണ്ടിലേക്കാണ് എത്തിയതെന്ന് ഇ.ഡി കണ്ടെത്തി. ഐ.പി.എല്ലില്‍ നിന്ന് തന്റെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഫണ്ട് കൈമാറി, രഹസ്യമായി ടീമുകളുടെ ഉടമകളാക്കിയതിനും ലളിത് മോദിക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. മൗറീഷ്യസ് ആസ്ഥാനമായുള്ള സാങ്കല്‍പ്പിക കമ്പനി മുഖേന വന്‍ തുക വായ്പകള്‍ വാങ്ങിയും ലളിത് മോദി തട്ടിപ്പ് നടത്തി.
ഐ.പി.എല്ലിലേക്ക് രണ്ട് പുതിയ ടീമുകളെ ഉള്‍പ്പെടുത്തുമ്പോള്‍ അനുമതിയില്ലാതെ രണ്ട് നിബന്ധനകള്‍ ചേര്‍ത്തപ്പോള്‍ ലേലത്തില്‍ കൃത്രിമം കാണിച്ചതായും ലളിത് മോദിക്കെതിരെ ആരോപണമുണ്ട്. വീഡിയോകോണ്‍ ഗ്രൂപ്പിനും അദാനി ഗ്രൂപ്പിനും അനുകൂലമായാണ് ഈ വ്യവസ്ഥകള്‍ ചേര്‍ത്തത്.
2010 ഏപ്രിലില്‍ മോഡിയെ ഐ.പി.എല്‍ ചെയര്‍മാന്‍, കമ്മീഷണര്‍ സ്ഥാനത്തുനിന്നും സസ്‌പെന്‍ഡ് ചെയ്തു. 2013 സെപ്റ്റംബറില്‍ ബി.സി.സി.ഐ അച്ചടക്ക സമിതി, സാമ്പത്തിക ക്രമക്കേടുകള്‍ ഉള്‍പ്പെടെ എട്ട് കേസുകളില്‍ ലളിത് മോദി കുറ്റക്കാരനാണെന്ന് കണ്ടെത്തി.
2018ല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബി.സി.സി.ഐ, മുന്‍ ചെയര്‍മാന്‍ എന്‍.ശ്രീനിവാസന്‍, ലളിത് മോദി എന്നിവര്‍ക്ക് പിഴ ചുമത്തി. 2010 മുതലുള്ള സാമ്പത്തിക ക്രമക്കേടുകള്‍ക്കും നികുതി വെട്ടിപ്പ് കേസുകള്‍ക്കും ലളിത് മോദിയെ ഇന്ത്യന്‍ നിയമ നിര്‍വഹണ ഏജന്‍സികള്‍ അന്വേഷിക്കുകയാണ്.
എന്നാല്‍ 2010ല്‍ രാജ്യംവിട്ട ലളിത് മോദി ലണ്ടനില്‍ രാജകീയ ജീവിതം നയിക്കുകയായിരുന്നു. അധോലോകത്തില്‍ നിന്ന് ഭീഷണിയുണ്ടെന്ന് പറഞ്ഞാണ് ലളിത് മോദി ബ്രിട്ടനില്‍ അഭയം തേടാന്‍ രാജ്യംവിട്ടത്.
ഐ.പി.എല്‍ മാമാങ്കം
കോടികളുടെ കളിയാണ് ഐ.പി.എല്‍. ഓരോ വര്‍ഷവും കോടികളാണ് താരലേലത്തിനായി വാരിയെറിയുന്നത്. 20 ഓവര്‍ മാത്രമുള്ള മത്സരങ്ങളായതിനാല്‍ ഓള്‍റൗണ്ടര്‍മാര്‍ക്കാണ് ഡിമാന്‍ഡ്. ഈവര്‍ഷം 80 താരങ്ങളെ ലേലത്തില്‍ വാങ്ങാന്‍ ടീമുകള്‍ ചെലവിട്ടത് 167 കോടി രൂപയാണ്. ഇതില്‍ 29 താരങ്ങള്‍ വിദേശികളാണ്.
ബ്രിട്ടിഷ് ഓള്‍റൗണ്ടര്‍ സാം കുരനെയാണ് ഏറ്റവും ഉയര്‍ന്ന വിലയില്‍ ലേലംചെയ്തത്. പഞ്ചാബ് കിങ്‌സ് 18.50 കോടി രൂപയ്ക്കാണ് സാമിനെ സ്വന്തമാക്കിയത്. കാമറൂണ്‍ ഗ്രീനിനെ 17.50 കോടി രൂപയ്ക്കു മുംബൈ ഇന്ത്യന്‍സും ബെന്‍ സ്‌റ്റോകിനെ 16.25 കോടിക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സും വാങ്ങി. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ മായങ്ക് അഗര്‍വാളിന് ലഭിച്ചത് 8.25 കോടിയാണ്. സണ്‍റൈസസ് ഹൈദരാബാദാണ് താരത്തെ നേടിയത്.