60ാം വയസില്‍ 95 ലക്ഷം രൂപയുടെ സമ്പാദ്യവും 31,000 രൂപ മാസ പെന്‍ഷനും
- എന്‍പിഎസിന്റെ നിക്ഷേപ സാധ്യത അറിയാം
പെന്‍ഷന് വേണ്ടി തയ്യാറെടുക്കുന്നവര്‍ക്ക് അനുയോജ്യമായ പദ്ധതിയാണ് നാഷണല്‍ പെന്‍ഷന്‍ സ്‌കീം (എന്‍പിഎസ്). കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച എന്‍പിഎസ് നിയന്ത്രിക്കുന്നത് പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ഡവലപ്മെന്റ് അതോറിറ്റിയാണ്. മാസത്തില്‍ നിക്ഷേപിക്കുകയും 60ാം വയസില്‍ മാസ പെന്‍ഷന്‍ വാങ്ങാനും സാധിക്കുന്നൊരു രീതിയിലാണ് എന്‍പിഎസ് പ്രവര്‍ത്തിക്കുന്നത്.
60ാം വയസില്‍ കാലാവധിയെത്തുമ്പോള്‍ കുറഞ്ഞത് 40 ശതമാനം തുക ആന്യുറ്റിയിലേക്ക് മാറ്റണം. ബാക്കി 60 ശതമാനം തുക പിന്‍വലിക്കാം. താല്‍പര്യമുള്ളവര്‍ക്ക് 100 ശതമാനം തുകയും ആന്യുറ്റിയിലേക്ക് മാറ്റാം. ഇത് അനുസരിച്ച് മാസ പെന്‍ഷന്‍ ഉയരും.
ഇന്ന് 18 വയസ് മുതല്‍ 70 വയസ് വരെയുള്ളവര്‍ക്കാണ് എന്‍പിഎസില്‍ ചേരാന്‍ സാധിക്കുക. പരമാവധി 75 വയസുവരെ നിക്ഷേപിക്കാം. ടെയര്‍ 1, ടെയര്‍ 2 എന്നിങ്ങനെ 2 അക്കൗണ്ട് എന്‍പിഎസില്‍ ആരംഭിക്കാനാകും. പെന്‍ഷന്‍ ലഭിക്കേണ്ടവര്‍ക്ക് ടെയര്‍1 അക്കൗണ്ട് ആണ് ആരംഭിക്കേണ്ടത്. ഈ നിക്ഷേപം 60 വയസ് എത്തിയാല്‍ മാത്രമേ പിന്‍വലിക്കാന്‍ സാധിക്കുകയുള്ളൂ.
അക്കൗണ്ട് ആരംഭിക്കുമ്പോള്‍ കുറഞ്ഞത് 500 രൂപയുടെ നിക്ഷേപം നടത്തണം. വര്‍ഷത്തില്‍ ചുരുങ്ങിയത് 1,000 രൂപ നിക്ഷേപിക്കണം. നിക്ഷേപത്തിന് പരിധിയില്ല. ദേശസാത്കൃത ബാങ്ക്, പോസ്റ്റ് ഓഫീസ് എന്നിവിടങ്ങളിലെ പോയിന്റ് ഓഫ് പ്രസന്‍സ് സേവന കേന്ദ്രങ്ങള്‍ എന്‍പിഎസില്‍ ചേരാന്‍ സാഹായിക്കും. ഓണ്‍ലൈനായും എന്‍പിഎസില്‍ ചേരാം.
എന്‍പിഎസിലെ നിക്ഷേപത്തിന് നികുതി ഇളവുകള്‍ ലഭിക്കും. ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരമുള്ള 1.50 ലക്ഷം രൂപയുടെ നികുതി ഇളവ് നിക്ഷേപത്തിന് ലഭിക്കും. ഇതോടൊപ്പം ടെയര്‍1 അക്കൗണ്ടിലെ നിക്ഷേപത്തിന് ആദായ നികുതി നിയമം സെക്ഷന്‍ 80CCD (1B) പ്രകാരം 50,000 രൂപയുടെ നികുതി ഇളവും ലഭിക്കും. മൊത്തത്തില്‍ നിക്ഷേപിക്കുന്ന തുകയ്ക്ക് 2 ലക്ഷം രൂപ വരെ നികുതി ഇളവ് ലഭിക്കും. കാലാവധിയില്‍ പിന്‍വലിക്കുന്ന തുകയ്ക്ക് നികുതി നല്‍കേണ്ടതില്ല. എന്നാല്‍ ആന്യുറ്റിയായി വാങ്ങുന്ന തുകയ്ക്ക് നികുതി നല്‍കണം.
ഓഹരികളിലും കടപ്പത്രങ്ങളിലും നിക്ഷേപിച്ചാണ് എന്‍പിഎസ് ആദായം നല്‍കുന്നത്. ഏതൊക്കെ അസറ്റ് ക്ലാസുകളില്‍ നിക്ഷേപിക്കണമെന്ന് എന്‍പിഎസ് അക്കൗണ്ട് ഉടമയ്ക്ക് തീരുമാനിക്കാം. ആക്ടീവ്, ഓട്ടോ എന്നിങ്ങനെ 2 രീതിയില്‍ നിക്ഷേപം തീരുമാനിക്കാം. ആക്ടീവ് ചോയിസ് തിരഞ്ഞെടുത്താല്‍ 75 ശതമാനം ഇക്വിറ്റിയിലേക്ക് മാറ്റാന്‍ സാധിക്കും. ഇത് പ്രായ പരിധി അടിസ്ഥാനമാക്കിയാണ്. ഓട്ടോ ചോയിസില്‍ പ്രായം അനുസരിച്ചുള്ള ഓട്ടോമേറ്റഡ് അസറ്റ് അലോക്കേഷന്‍ ലഭിക്കും.
30 വയസുകാരന്‍ എന്‍പിഎസില്‍ ചേരുമ്പോള്‍ നിക്ഷേപിക്കാനായി മുന്നിലുള്ളത് 30 വര്‍ഷമാണ്. മാസത്തില്‍ 7,000 രൂപ വീതം നിക്ഷേപിക്കാന്‍ സാധിക്കുന്നൊരാള്‍ക്ക് എന്‍പിഎസ് ഫണ്ടില്‍ നിന്ന് 10 ശതമാനം ആദായം ലഭിച്ചാല്‍ 30 വര്‍ഷത്തിന് ശേഷം നിക്ഷേപം 1,59,55,278 രൂപയായി ഉയരും. ഇതില്‍ 60 ശതമാനം പിന്‍വലിച്ചാല്‍ 95,73,167 രൂപ ലഭിക്കും. 40 ശതമാനം ആന്യുറ്റിയിലേക്ക് മാറ്റുകയും 6 ശതമാനം ആന്യറ്റി നിരക്ക് ലഭിക്കുകയും ചെയ്താല്‍ മാസത്തില്‍ 31,911 രൂപ പെന്‍ഷനും നേടാം.