എനി ടൈം തട്ടിപ്പ്; നിക്ഷേപ തട്ടിപ്പുകള്‍ പെരുകുന്ന കേരളം
- എളുപ്പത്തില്‍ പണം ലഭിക്കുമെന്നു കേട്ടാല്‍ ഉടന്‍ തലവച്ചു കൊടുക്കുന്ന മലയാളിയുടെ ആര്‍ത്തിയാണ് തട്ടിപ്പുകാര്‍ മുതലെടുക്കുന്നത്
2015ല്‍ റിലീസായ മലയാള സിനിമയാണ് എടിഎം (എനി ടൈം മണി). ബോളിവുഡ് താരം ജാക്കി ഷറോഫ്, വിനായകന്‍ തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 2012ല്‍ ഹോളിവുഡിലും എടിഎം എന്ന പേരില്‍ സിനിമ വന്നിരുന്നു. എടിഎം കവര്‍ച്ചയായിരുന്നു ഇതിലെ പ്രമേയം. 2016 ജൂണില്‍ ബോളിവുഡിലും വന്നു മറ്റൊരു ചിത്രം. എനി ടൈം മണി എന്നായിരുന്നു പേര്. ഈ സിനിമകളൊന്നും വിജയിച്ചില്ലെങ്കിലും മൂന്ന് മലയാളികള്‍ ചേര്‍ന്നു നടത്തിയ എനി ടൈം മണി തട്ടിപ്പ് വന്‍ വിജയമായി. ബോക്സോഫിസിലല്ലെന്നു മാത്രം. കോടികളാണ് അവര്‍ക്ക് ലഭിച്ചത്. പക്ഷേ, ഏതു തട്ടിപ്പുകാരനും ഒരുനാള്‍ പിടിയിലാകുമെന്നാണല്ലോ. ഈ പെരുംകള്ളന്മാരും ഒടുവില്‍ പിടിയിലായി.
ഉയര്‍ന്ന പലിശ എന്നു കേട്ടാല്‍...
എളുപ്പത്തില്‍ പണം ലഭിക്കുമെന്നു കേട്ടാല്‍ ഉടന്‍ തലവച്ചു കൊടുക്കുന്ന മലയാളിയുടെ ആര്‍ത്തിയാണ് തട്ടിപ്പുകാര്‍ മുതലെടുക്കുന്നത്. ഇങ്ങനെ അനേകം തട്ടിപ്പുകള്‍ പല പേരില്‍ അരങ്ങേറിയെങ്കിലും ഇപ്പോഴും ചെന്നു ചാടാന്‍ തയാറായി കുറെ പേര്‍ കാത്തിരിക്കുന്നുണ്ട്. ഇത്തരക്കാരാണ് പണത്തട്ടിപ്പുകാരെ വളര്‍ത്തുന്നത്.
ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സമാഹരിച്ചാണ് എനി ടൈം മണി തട്ടിപ്പ് അരങ്ങേറിയത്. കണ്ണൂര്‍ അര്‍ബണ്‍ നിധി പ്രൈവറ്റ് ലിമിറ്റഡിന്റെ സഹോദര സ്ഥാപനമാണ് 2021 ജൂണില്‍ കോഴിക്കോട് പാലാഴിയില്‍ പ്രവര്‍ത്തനമാരംഭിച്ച എനി ടൈം മണി പ്രൈവറ്റ് ലിമിറ്റഡ്. ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപകരില്‍ നിന്ന് കോടികള്‍ തട്ടിയെടുക്കുകയാണ് കണ്ണൂര്‍ അര്‍ബണ്‍ നിധി ലിമിറ്റഡ് ചെയ്തത്. ശേഷം സ്ഥാപന ഉടമകള്‍ മുങ്ങി. അതേസമയം ജോലിക്കായി ലക്ഷങ്ങള്‍ നിക്ഷേപം സ്വീകരിച്ച് ജീവനക്കാരെ വഞ്ചിക്കുകയായിരുന്നു എനി ടൈം മണി കമ്പനി.
ഇരയായത് ജീവനക്കാര്‍
ഉയര്‍ന്ന ശമ്പളം ലഭിക്കുമെന്നു കേട്ടാല്‍ ചെറിയൊരു ഡെപ്പോസിറ്റ് നല്‍കാന്‍ തയാറാകാത്തവരില്ല. ജ്വല്ലറികളും മറ്റു ധനകാര്യ സ്ഥാപനങ്ങളും ജീവനക്കാര്‍ തട്ടിപ്പ് നടത്തില്ലെന്ന് ഉറപ്പാക്കാനായി ഇങ്ങനെ ചെയ്യാറുണ്ട്.
അരലക്ഷവും അതിലധികവും രൂപ ശമ്പളം നല്‍കിയാണ് എനി ടൈം മണി എന്ന സ്ഥാപനം ജീവനക്കാരെ നിയമിച്ചത്. ഇവര്‍ക്ക് 9 ശതമാനം പലിശ വാഗ്ദാനം ചെയ്തതോടെ ലക്ഷക്കണക്കിനു രൂപയാണ് നിക്ഷേപമായി വന്നത്. പലരും 15 ലക്ഷം രൂപ മുതല്‍ 20 ലക്ഷം വരെ എനി ടൈം മണിയില്‍ നിക്ഷേപിച്ചു. ഇങ്ങനെ ജീവനക്കാരില്‍ നിന്ന് മാത്രം 15 കോടിയോളം രൂപ കമ്പനിക്ക് ലഭിച്ചു. അതോടെ കമ്പനി ഉടമകള്‍ മുങ്ങുകയെന്ന പതിവ് ഇവിടെയും ആവര്‍ത്തിച്ചു.
ജോലി ലഭിക്കാന്‍ അരലക്ഷം രൂപ
180 ജീവനക്കാരാണ് കോഴിക്കോട് പാലാഴിയിലെ എനി ടൈം മണി ഓഫിസില്‍ ജോലി ചെയ്തിരുന്നത്. 50,000 രൂപ നല്‍കിയാണ് ഇവര്‍ ജോലിക്ക് കയറിയത്. ജോലി സ്ഥിരപ്പെടാന്‍ കണ്ണൂര്‍ അര്‍ബണ്‍ നിധി സ്ഥാപനത്തില്‍ പണം നിക്ഷേപിക്കണമെന്നായിരുന്നു നിബന്ധന. നിക്ഷേപത്തിന് ഉയര്‍ന്ന പലിശയും വാഗ്ദാനം ചെയ്തു.
കാലാവധി കഴിഞ്ഞിട്ടും പണം തിരികെ ലഭിക്കാതെ വന്നതോടെയാണ് നിക്ഷേപകര്‍ പരാതിയുമായി പൊലിസ് സ്റ്റേഷനിലെത്തിയത്. നിക്ഷേപ തട്ടിപ്പില്‍ പന്തീരാങ്കാവ് പൊലിസ് സ്റ്റേഷനില്‍ മാത്രം 18 കേസുകളാണ് ഇതിനകം രജിസ്റ്റര്‍ ചെയ്തത്. കൊയിലാണ്ടി, പന്നിയങ്കര സ്റ്റേഷനുകളിലും കേസുണ്ട്. ക്രൈംബ്രാഞ്ച് അസി.കമ്മിഷണര്‍ വി സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
തട്ടിപ്പ് നടത്തിയത് ഇവര്‍
വടക്കേകാട് നായരങ്ങാട് വെള്ളറവീട്ടില്‍ ആന്റണി സണ്ണിയിരുന്നു തട്ടിപ്പിന്റെ സൂത്രധാരന്‍. എനി ടൈം മണി ഡയരക്ടറാണ് ഇയാള്‍. ചങ്ങരംകുളം മേലേടത്ത് ഷൗക്കത്ത് എന്നയാളാണ് മറ്റൊരു ഡയരക്ടര്‍. മാതൃസ്ഥാപനമായ കണ്ണൂര്‍ അര്‍ബന്‍ നിധി ഡയരക്ടര്‍ തൃശൂര്‍ സ്വദേശി വരവൂര്‍ കുന്നത്തുപീടികയില്‍ കെ.എം ഗഫൂറും തട്ടിപ്പിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചു. കണ്ണൂര്‍ സ്വദേശിയായ ജീനയായിരുന്നു സ്ഥാപനത്തിന്റെ എച്ച്ആര്‍ മാനേജര്‍. ഇരു സ്ഥാപനങ്ങളിലെയും ഡയരക്ടര്‍മാരും ജീവനക്കാരുമടക്കം ഒമ്പതുപേരാണ് കേസിലെ പ്രതികള്‍. ഇവരെ എല്ലാവരെയും സമര്‍ഥമായ നീക്കത്തിലൂടെ പൊലിസ് അറസ്റ്റ് ചെയ്തു.
നാലു ജില്ലകളിലേക്കു നീണ്ട തട്ടിപ്പ്
ജീവനക്കാരുടെ പരാതിയില്‍ പന്തീരാങ്കാവ് പൊലിസ് ആദ്യം രണ്ട് കേസുകളായിരുന്നു രജിസ്റ്റര്‍ ചെയ്തത്. പിന്നീട് പന്നിയങ്കര, മുക്കം, കൊയിലാണ്ടി തുടങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് കൂടുതല്‍ പരാതികള്‍ എത്താന്‍ തുടങ്ങിയതോടെ കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. കോട്ടയം, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലായി തട്ടിപ്പിനിരയായവരുടെ പട്ടിക നീണ്ടു.
പന്തീരാങ്കാവ് പൊലിസ് സമാനമായ 20 പരാതികളിലായി 2.75 കോടി രൂപ നഷ്ടപ്പെട്ടതിന്റെ അന്വേഷണം നടത്തിവരുകയാണ്. കമ്പനിയുടെ പേരിലുള്ള വസ്തുവകകള്‍ കണ്ടുകെട്ടണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ജീവനക്കാര്‍.
400 കോടിയുടെ ജിബിജി നിധി തട്ടിപ്പ്
എനി ടൈം തട്ടിപ്പ് പോലെ നിക്ഷേപകരെ വഞ്ചിച്ച തട്ടിപ്പു സംഭവങ്ങള്‍ സംസ്ഥാനത്ത് ഏറെയുണ്ട്. അതില്‍ പെട്ടതാണ് 5,700 പേരില്‍ നിന്നായി കോടികള്‍ തട്ടിയ ജിബിജി നിധി തട്ടിപ്പ്. കാസര്‍കോട് കുണ്ടംകുഴി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജിബിജി നിധിയെന്ന സ്ഥാപനം കോടികള്‍ തട്ടിയെടുത്തത് ഒരു ലക്ഷം രൂപ നിക്ഷേപിക്കുന്നവര്‍ക്ക് പത്തുമാസം കൊണ്ട് 80,000 രൂപ പലിശ വാഗ്ദാനം ചെയ്താണ്. 2020 നവംബറില്‍ ആരംഭിച്ച സ്ഥാപനം ആദ്യകാലങ്ങളില്‍ വാഗ്ദാനം ചെയ്ത പലിശ കൃത്യമായി നല്‍കിയതോടെ കൂടുതല്‍ പേര്‍ ഇതില്‍ ആകൃഷ്ടരായി.
എന്നാല്‍ മാസങ്ങളായി പലിശ ലഭിക്കാതാവുകയും നിക്ഷേപിച്ച തുക തിരികെ കിട്ടാതെവരുകയും ചെയ്തതോടെയാണ് പരാതിയുമായി ആളുകള്‍ രംഗത്തെത്തിയത്. 5,700 നിക്ഷേപകര്‍ തട്ടിപ്പിനിരയായതാണ് പൊലീസിന്റ പ്രാഥമിക കണ്ടെത്തല്‍. എന്നാല്‍ 18 പേര്‍ മാത്രമാണ് പരാതി നല്‍കിയത്.
കാസര്‍കോടിന് പുറമേ കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ നിന്നുള്ളവരും ജിബിജി നിധിയില്‍ നിക്ഷേപിച്ചിട്ടുണ്ട്. ഇവരില്‍ നിന്നായി 400 കോടിയോളം രൂപ നിക്ഷേപമായി സ്വീകരിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. സ്ഥാപന ഉടമ വിനോദ് കുമാറിനെതിരേ ബേഡകം പൊലീസ് കേസെടുത്തിട്ടുണ്ട്. വിനോദ് കുമാര്‍ ഇതിനും മുമ്പും സാമ്പത്തിക ക്രമക്കേടില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നേരിട്ടയാളാണ്.
തൃശൂരിലെ 200 കോടിയുടെ തട്ടിപ്പ്
തൃശൂരില്‍ കോടിക്കണക്കിന് രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയത് ദമ്പതികളാണ്. തൃശൂര്‍ പോസ്റ്റ് ഓഫീസ് റോഡിലെ ധന വ്യവസായ ബേങ്കേഴ്സ് ഉടമ ജോയ് ഡി പാണഞ്ചേരിയും ഭാര്യ റാണി എന്ന കൊച്ചുറാണിയും. ഇതില്‍ ജോയ് കഴിഞ്ഞദിവസം പൊലിസില്‍ കീഴടങ്ങി. ഒളിവില്‍ പോയ മാനേജിങ് പാര്‍ട്ണര്‍ കൊച്ചുറാണിയെ കണ്ടെത്തിയിട്ടില്ല. ഇരുവര്‍ക്കും വേണ്ടി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
വാഗ്ദാനം 20 ശതമാനം വരെ പലിശ!
15 മുതല്‍ 20 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്താണ് ദമ്പതികള്‍ 200 കോടിയിലേറെ രൂപയുടെ നിക്ഷേപം സ്വീകരിച്ചത്. തൃശൂര്‍ പോസ്റ്റ് ഓഫീസ് റോഡിലെ ധന വ്യവസായ ബാങ്കേഴ്സ്, ധന വ്യവസായ സ്ഥാപനം എന്നീ പേരുകളിലുള്ള സ്വകാര്യ സ്ഥാപനത്തിന്റെ പേരിലായിരുന്നു തട്ടിപ്പ്. ഇരുന്നോളം നിക്ഷേപകരുള്ള സ്ഥാപനത്തില്‍ നൂറോളം പേര്‍ പരാതി നല്‍കിയിട്ടുണ്ട്. ദമ്പതികളും കമ്പനിയുടെ മറ്റു ഡയരക്ടര്‍മാരും സ്ഥാപനം പൂട്ടി ഒളിവില്‍ പോവുകയായിരുന്നു. വലപ്പാട് സ്റ്റേഷനില്‍ ജോയിയുടെ മകന്‍ ഡേവിഡിനെതിരെയും പരാതിയുണ്ട്.
നാല് മാസം മുന്‍പ് വരെ കൃത്യമായി മുതലും പലിശയും നല്‍കി കൂടുതല്‍ നിക്ഷേപകരെ സ്ഥാപനം ക്ഷണിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ഡിസംബറില്‍ പെട്ടെന്നൊരുനാള്‍ കമ്പനിയുടെ ഓഫിസുകള്‍ പൂട്ടി. ഇതോടെ പരിഭ്രാന്തരായ നിക്ഷേപകര്‍ കൂട്ടത്തോടെ പരാതിയുമായി പൊലിസിനെ സമീപിക്കുകയായിരുന്നു. വിവിധ സ്റ്റേഷനുകളിലായി 90ഓളം പരാതികളാണ് ഇവര്‍ക്കെതിരേയുള്ളത്. നിക്ഷേപകരില്‍ പലരും തട്ടിപ്പിനിരയായത് പുറത്തുപറയാന്‍ മടിക്കുകയാണ്. പരാതി നല്‍കിയ ഏതാനും പേരില്‍ നിന്നു മാത്രം 24.17 കോടി രൂപയാണ് തട്ടിയത്.
1946ല്‍ ആരംഭിച്ച ധന വ്യവസായ ബാങ്കേഴ്സ് 25 വര്‍ഷം മുമ്പാണ് പിതാവില്‍ നിന്ന് ജോയ് ഏറ്റെടുത്തത്. ബിസിനസ് അഭിവൃദ്ധിപ്പെട്ടതോടെ വന്‍തോതില്‍ നിക്ഷേപം സമാഹരിച്ചുതുടങ്ങി. കൊവിഡ് കാലത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായത് ബിസിനസ് തകര്‍ച്ചയ്ക്കിടയാക്കി. അതോടെ കമ്പനി പൂട്ടി. നിക്ഷേപകര്‍ തട്ടിപ്പിനിരയായെന്ന് തിരിച്ചറിയാന്‍ വൈകിയിരുന്നു.
സിനിമാക്കാര്‍ക്ക് ഐ ഫോണ്‍; തട്ടിപ്പിന്റെ സ്വാതി റഹിം സ്റ്റൈല്‍
ചലച്ചിത്ര താരങ്ങളുടെ വിശ്വസ്തനായിരുന്നു തൃശൂര്‍ സ്വദേശി സ്വാതി റഹിം. ഇയാള്‍ നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റിലായത് കഴിഞ്ഞ മാസമാണ്. ഓണ്‍ലൈന്‍ ലേല സ്ഥാപനമായ സേവ് ബോക്സിന്റെ ഉടമയാണ് സ്വാതി റഹിം. സേവ് ബോക്സിന്റെ ഫ്രാഞ്ചൈസി നല്‍കാമെന്ന് പറഞ്ഞ് ഒട്ടേറെ പേരില്‍ നിന്നായി നിക്ഷേപങ്ങള്‍ വാങ്ങി തട്ടിച്ചുവെന്നാണ് പരാതി.
പ്രതിമാസം വലിയൊരു തുക കിട്ടുമെന്ന് നിക്ഷേപകരെ വിശ്വസിപ്പിച്ചു. പക്ഷേ, ലാഭം കിട്ടിയില്ല. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ സ്വാതി റഹിമിന്റെ പേരില്‍ പരാതികളുണ്ട്. പലതും മധ്യസ്ഥം പറഞ്ഞ് തീര്‍ക്കാനായിരുന്നു ശ്രമം. തൃശൂര്‍ ഈസ്റ്റ് സ്റ്റേഷനില്‍ മാത്രം മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സേവ് ബോക്സിന്റെ ലോഞ്ചിങ് വലിയ പരിപാടിയായി തൃശൂരില്‍ നടത്തിയിരുന്നു. ഒട്ടേറെ സിനിമാ താരങ്ങള്‍ പങ്കെടുത്ത പരിപാടിയില്‍ പുതിയ ഐ ഫോണുകളെന്ന പേരില്‍ സിനിമാ താരങ്ങള്‍ക്ക് നല്‍കിയ സമ്മാനം തട്ടിപ്പായിരുന്നു.
ആളുകള്‍ ഉപേക്ഷിച്ച ഐ ഫോണുകള്‍ പൊടി തട്ടി പുതിയ കവറില്‍ നല്‍കിയാണ് അന്ന് ചലച്ചിത്ര താരങ്ങളെ പറ്റിച്ചത്. സേവ് ബോക്സിന്റെ പേര് പറഞ്ഞ് ഒട്ടേറെ സിനിമാ താരങ്ങളുമായി സ്വാതി ബന്ധം ഊട്ടിയുറപ്പിച്ചു. നിക്ഷേപ തട്ടിപ്പുകാരന്‍ പ്രവീണ്‍ റാണ സ്വാതിയുടെ പക്കല്‍ നിന്ന് അഞ്ചു ലക്ഷം രൂപ നിക്ഷേപമായി വാങ്ങിയിട്ടുണ്ട്. സ്വാതിയുടെ വാക്സാമര്‍ഥ്യത്തില്‍ വീണ് പണം നിക്ഷേപിച്ചവരാണ് ഭൂരിഭാഗവും.