ദാവീദും ഗോലിയാത്തും തമ്മിലുള്ള യുദ്ധം പോലെ മാറുകയാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള ശീതസമരം. മസില്‍ പവറിലും മണി പവറിലും ചൈന ബഹുകാതം മുമ്പിലാണ്. അപ്പോൾ ആ ഭീമനെ തളയ്ക്കാൻ ബുദ്ധികൊണ്ട് കളിക്കുകയേ രക്ഷയുള്ളൂ. ആ കളിയാണ് ഇന്ത്യ ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്.
ഇന്ത്യ ആരേയും മോഹിപ്പിക്കുന്ന, അതിവേഗം വളരുന്ന വിപണിയാണ്. നമ്മുടെ വാങ്ങൽ (ക്രയ) ശേഷി 13 ലക്ഷം കോടി ഡോളറാണ്. അത് രൂപയിൽ പറഞ്ഞാൽ 1075 ലക്ഷം കോടി. കേൾക്കുമ്പോൾ തന്നെ തല ചുറ്റും. നമ്മുടെ മുമ്പിൽ ചൈനയും യു എസും മാത്രമേ ഉള്ളു. യു കെ, ജർമ്മനി, ഫ്രാൻസ് എന്നിവയുടെ മൊത്തം ക്രയ ശേഷി, ഇന്ത്യയേക്കാൾ പിന്നിലാണ്. ഇതുകൊണ്ടു മാത്രമല്ല, ഇന്ത്യൻ വിപണിയുടെ നടുത്തുണ്ടം കിട്ടാൻ പല രാജ്യങ്ങളും ഇന്ത്യയുടെ മുമ്പിൽ പല വേഷം കെട്ടും നടത്തുന്നത്.
2015 -16 ൽ തുടങ്ങി 2020 - 2021 ൽ അവസാനിച്ച അഞ്ചുവര്‍ഷക്കാലം കൊണ്ട്, രാജ്യത്തെ ആകെയുള്ള കുടുംബങ്ങളിൽ ഓരോ വർഷവും 6 . 64 ശതമാനം കുടുംബബങ്ങൾ 5 ലക്ഷം മുതൽ 30 ലക്ഷംവരെ വാർഷിക കുടുംബവരുമാനമുള്ള മധ്യവർഗം (മിഡിൽ ക്‌ളാസ് ) ആയി മാറി . 2021 ലെ കണക്കാനനുസരിച്ച് ഇന്ത്യയിൽ 30 കോടി കുടുംബങ്ങളാണ് ഉള്ളത്. ഇതിൽ 9 കോടിയിൽ അധികം കുടുബങ്ങൾ മധ്യവർഗ്ഗമാണ്. ഏതാണ്ട് 25 വര്‍ഷം കഴിയുമ്പോൾ ഇന്ത്യൻ കുടുംബങ്ങളിൽ പകുതിയും മിഡിൽ ക്‌ളാസായി മാറിയിരിക്കും എന്നാണ് വിദഗ്‌ധരുടെ വിലയിരുത്തൽ.
ഇങ്ങനെ നവയവ്വനം വന്നു നാൾ തോറും വളരുന്ന ഇന്ത്യൻ വിപണിയെപോലെ ലോകത്തിൽ മറ്റൊന്നില്ല. എന്നാൽ ഇപ്പോൾ അവിടെ അര്‍മാദിക്കുന്നതാകട്ടെ ചൈനയും. യു എൻ കോംട്രേഡിന്‍റെ കണക്കനുസരിച്ചു 2022 - 23 ൽ ചൈന ഇന്ത്യയിലേക്ക് കയറ്റുമതിചെയ്തത് 11850 കോടി ഡോളറിന്റെ (979800 കോടി) ചരക്കുകളാണ് . ഇത് തലേ വർഷത്തേക്കാൾ 27 . 7 ശതമാനം കൂടുതലാണ്. ഇതേ വർഷം ഇന്ത്യ ചൈനയിലേക്ക് കയറ്റുമതി ചെയ്തതാകട്ടെ 1708 കോടി ഡോളറിന്റെ (141200 കോടി ) ചരക്കുകളും. ഇത് തലേ വർഷത്തേക്കാൾ 37 . 9 ശതമാനം കുറവായിരുന്നു. 2022 - 23 ൽ ഇന്ത്യയും ചൈനയും തമ്മിലെ കച്ചവടത്തിൽ, ചൈന നേടിയ വ്യാപാര മിച്ചം ( ട്രേഡ് സർപ്ലസ് ) 10142 കോടി ഡോളർ അഥവാ 834700 കോടി രൂപ.
ഇന്ത്യൻ ഇറക്കുമതിയുടെ സിംഹഭാഗവും എണ്ണയാണ്. ഏതാണ്ട് 25 - 30 ശതമാനം. അതുകഴിഞ്ഞാൽ ഏറ്റവും വലിയ ഇറക്കുമതി ചൈനയിൽ നിന്നാണ്. ഏതാണ്ട് 15 - 16 ശതമാനം. ചൈന കഴിഞ്ഞാൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യപാര പങ്കാളി യു എ ഇ ആണ്. അവിടെ നിന്നുള്ള ഇറക്കുമതി ചൈനയിൽ നിന്നുള്ളതിന്റെ പകുതിയിൽ താഴെയാണ്. 2021 - 22 ലെ കണക്കനുസരിച്ചു 6 . 7 ശതമാനം.
കുട്ടികളുടെ പ്ലാസ്റ്റിക് പീപ്പി മുതൽ ചിപ്പ് എന്ന് സാധാരണ പറയുന്ന ആധുനിക ഇലട്രോണിൿ സംവിധാനങ്ങളുടെ തലച്ചോറെന്നോ, ഹൃദയമെന്നോ പറയാവുന്ന സെമി -കണ്ടക്ടർ തുടങ്ങി, അമ്മയെയും, അച്ഛനെയും ഒഴിച്ച് എന്തും ചൈന ഇന്ത്യയിൽ വിറ്റഴിക്കുന്നു. നിങ്ങളുടെ വീട്ടിൽ വേണ്ട, മുറിയിലോന്നു തപ്പിയാൽ മതി നമ്മുടെ വീടുകളിലേക്കുള്ള ചൈനീസ് ഉത്പന്നങ്ങളുടെ കടന്നുകയറ്റം അറിയാൻ.
എങ്കിലും ഇലക്ട്രിക്കൽ സാധനങ്ങൾ, ഇലട്രോണിക്‌സ്, കമ്മ്യൂണിക്കേഷൻ ഉപകരണങ്ങൾ, ഓർഗാനിക് കെമിക്കൽസ്, പ്ലാസ്റ്റിക് , രാസവളം, ഇരുമ്പ് - ഉരുക്ക്, ഒപ്റ്റിക്കൽ, ടെക്ക്നിക്കൽ , മെഡിക്കൽ ഉപകരണങ്ങൾ , റെയിൽവേ എൻജിൻ ഒഴിച്ചുള്ള വാഹനങ്ങൾ എന്നിവയിലാണ് ചൈനയുടെ ഇന്ത്യയിലെ തേരോട്ടം. ഇന്ത്യയുടെ പ്രധാന വ്യവസായങ്ങൾ പലതും ചലിക്കുന്നത് ചൈനയിൽ നിന്നുള്ള അസംസ്കൃത വസ്തുക്കൾ കൊണ്ടാണ്. ചൈനയൊന്നു ചവിട്ടിപ്പിടിച്ചാൽ, ഇവയുടെ ചലനം നിലയ്ക്കും. ഉദാഹരണത്തിന്, ഏതാണ്ട് 5 ലക്ഷം കോടി രൂപ മൂല്യമുള്ള ഇന്ത്യയിലെ ഔഷധനിർമാണ മേഖല , ``ലോകത്തിന്റെ ഫാർമസി '' എന്നാണ് അറിയപ്പെടുന്നത്. എന്നാൽ ചൈനയിൽ നിന്ന് ബൾക്ക് ഡ്രഗ്സ് ( മരുന്ന് നിർമാണത്തിനുള്ള പ്രധാന വസ്തുക്കൾ) വന്നില്ലെങ്കിൽ ആ ഫാർമസിയിൽ മരുന്ന് ഉണ്ടാകില്ല. ശരിക്കും നമ്മുടെ തല ചൈനയുടെ കക്ഷത്തിലാണ്. നമ്മുടെ 5 ട്രില്യൺ ഇക്കോണമി സ്വപനമൊക്കെ ഊതികെടുത്താൻ ഇന്നത്തെ നിലക്ക് ചൈനക്ക് കഴിയും .
ശതകോടിൾ ഇന്ത്യയിൽ നിന്ന് കൊണ്ടുപോകുന്ന ആ ചൈനയാണ് നമ്മുടെ കൈയ്ക്കിട്ടു കടിച്ചിരിക്കുന്നത്. നമ്മുടെ ചുറ്റുമുള്ള ദുർബലരെ തല്ലിയും തലോടിയും വരുതിയിൽ കൊണ്ടുവരാനാണു ചൈന ശ്രമിക്കുന്നത് . ആ നമ്പറുകളാണ് നമ്മുടെ അടുത്തും അവർ എടുക്കാൻ നോക്കുന്നത് . അപ്പോൾ പിന്നെ നൈസായി തിരിച്ചുപണിയുകയേ മാർഗമുള്ളൂ. പണികിട്ടിക്കഴിഞ്ഞേ, പണികിട്ടിയെന്നറിയുള്ളൂ; ആ മാതിരിപ്പണിയാണ് കൊടുത്തുകൊണ്ടിരിക്കുന്നത്..
ചന്തയിൽ കയറ്റിയാലല്ലേ കച്ചവടം നടത്തനാകൂ. എങ്കിലല്ലേ മടി നിറച്ചു കാശുമായി പോകാൻ പറ്റു. അപ്പോൾ ചന്തയിൽ കയറ്റാതിരുന്നാൽ പോരേ ? അതാണ് തന്ത്രം. ചൈനീസ് ഉത്പന്നങ്ങളും അവിടെ നിർമ്മിക്കുന്ന വിദേശ ബ്രാൻഡുകളും പല കാരണങ്ങൾ പറഞ്ഞു പൂർണമായോ, ഭാഗികമായോ നിയന്ത്രിക്കുക. അതോടെ ചൈനയുടെ ഉത്പന്നങ്ങൾക്ക് ഇന്ത്യയിൽ ഒരു തീരുമാനമാകും. വിദേശ ബ്രാൻഡുകൾക്കു ഇന്ത്യൻ വിപണി നഷ്ടപ്പെടുന്നത് ആലോചിക്കാൻ പോലും സാധ്യമല്ല. അവർ ഇന്ത്യയുടെ കാലുപിടിക്കും. അപ്പോൾ അവരോടു ഇന്ത്യയിൽ സംയുക്തസംരംഭമമായി ഉത്പാദനം തുടങ്ങാൻ പറയും. കമ്പനിക്കു ചൈനയിൽ നിന്നുമാത്രം ലഭിക്കേണ്ട ക്രിട്ടിക്കൽ ഘടകവസ്തുക്കള്‍ ഉണ്ടങ്കിൽ അത് ഇന്ത്യൻ പങ്കാളികളിലൂടെ ചൈനയിൽ നിന്ന് വാങ്ങിക്കാൻ പറയും. ഇത് അധികകാലം കൊണ്ടുനടക്കാൻ പറ്റില്ലായെന്ന് ഇന്ത്യക്കും അറിയാം. എന്നാൽ ഈ ഘടകവസ്തുക്കള്‍ ഇന്ത്യയിൽ നിർമിക്കാൻ എടുക്കക്കുന്ന സമയം തരണം ചെയ്യാനുള്ള ഒരു തന്ത്രമാണിത് .
ഇലക്ട്രിക്ക് കാറിന്‍റെ കാര്യം തന്നെ എടുക്കുക. ചൈനയിലെ വമ്പൻ ഇലക്ട്രിക് കാർ നിർമാതാക്കളായ ബി വൈ ഡിയുടെ 100 കോടി ഡോളറിന്‍റെ സ൦യുക്ത സ൦ര൦ഭത്തിനുള്ള അപേക്ഷക്കുമേൽ കേന്ദ്രം ഇരിപ്പു തുടങ്ങിയിട്ട് നാളുകൾ വളരെയായി . സർക്കാരിന്റെ തീരുമാനം അനന്തമായി നീളുന്നതുകൊണ്ടു പദ്ധതി അടുത്തെങ്ങും തട്ടേൽ കേറാൻ സാധ്യത ഇല്ല. അതുകൊണ്ടു തന്നെ പദ്ധതി തട്ടേൽ വെച്ചിരിക്കുയാണെന്നു ചൈനീസ് കമ്പനി സ൦യുകത സംരംഭത്തിലെ പങ്കാളികളെ അറിയിച്ചിരിക്കുകയാണ്.
അതേസമയം, ഇന്ത്യയില്‍ ടെസ് ല കാർ നിർമിക്കാനായി എലോൺ മസ്കിനെ അങ്ങോട്ട് ചെന്ന് കാണുന്നു. സംയുകതസംരംഭത്തിനായുള്ള ചർച്ചകൾ അതിവേഗം പുരോഗമിക്കുന്നു. ചൈനീസ് ബാറ്ററി നിർമാതാക്കളെ കൂടി പങ്കാളികളാക്കാൻ മസ്ക് നിർബന്ധം പിടിക്കുന്നുണ്ട് . എങ്കിൽ മാത്രമേ, ഇന്ത്യയിൽ നിർമിക്കുന്ന കാർ 20 ലക്ഷത്തിനു വിൽക്കാൻ കഴിയുകയുള്ളു വെന്നാണ് മസ്കിന്റെ വാദം. കേന്ദ്രം ഒരുതരത്തിലും വഴങ്ങുന്നില്ല. കാറിന്റെ നിർമാണം തുടങ്ങുമ്പോഴേക്കും ഇന്ത്യയിൽ നിർമിക്കുന്ന ലിഥിയം അയോൺ ബാറ്ററികൾ വിപണിയിൽ എത്തി തുടങ്ങിയേക്കാം. ടാറ്റ കെമിക്കൽസ് , എക്സ് സൈഡ് ബാറ്ററീസ് തുടങ്ങി ഒരു ഡസൻ കമ്പനികൾ ലിഥിയം ബാറ്ററികളുടെ നിർമാണത്തിനുള്ള ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു.
മറ്റൊരു ചൈനീസ് കാർ നിർമാതാക്കളായ ഗ്രേറ്റ് വാൾ മോട്ടോഴ്സിന്റെ 100 കോടി ഡോളറിന്റെ സംയുക്ത സംരംഭത്തെ കുറിച്ചുള്ള തീരുമാനം സർക്കാർ താമസിപ്പിക്കുന്നത് കൊണ്ട്, കമ്പനി പദ്ധതി തന്നെ ഉപേക്ഷിച്ചു.
ലാപ്ടോപ്പ് തുടങ്ങിയ കമ്പ്യൂട്ടിങ് ഉപകരണങ്ങളുടെ ഇറക്കുമതി നിയന്ത്രണത്തോടെ ഇന്ത്യ യുദ്ധം പല മുഖങ്ങളിൽ തുറക്കുകയാണ്. 2023 ജൂൺ - ജൂലൈ മാസങ്ങളിൽ മാത്രം 19 .7 ബില്യൺ ഡോളറിന്റെ (163000 കോടിയുടെ) കമ്പ്യൂട്ടിങ് ഉപകരണങ്ങൾ ഉൾപ്പെടെയുള്ള ഇലട്രോണിൿ വസ്തുക്കളാണ് ഇന്ത്യ ഇറക്കുമതി ചെയ്തതത് . ഇതിൽ 90 ശതമാനത്തിനു മേൽ ചൈനയിൽ നിന്നാണ് വന്നത്. പണം കൊയ്യാവുന്ന ഇത്ര വലിയൊരു വിപണി ആരെങ്കിലും വേണ്ടാന്ന് വയ്ക്കുമോ. അപ്പോൾ ഇന്ത്യയിൽ ഏറ്റവും അധികം കമ്പ്യൂട്ടിങ് ഉപകാരങ്ങൾ വിൽക്കുന്ന ഡെല്ലും, എച്ച് പി യും, അസ്‌റും, സാംസങും, എൽജിയും, ആപ്പിളും എല്ലാം കൂടു കുടുക്കയുമായി ഇങ്ങോട്ടു ചേക്കേറും. അവർ പണി ഇവിടെ തുടങ്ങും. അതോടെ നമ്മൾ ചൈനയെ നമ്പുന്നതു വളരെ കുറയും. നാണക്കേടായി നിൽക്കുന്ന വ്യാപാര കമ്മിയിൽ കുറവ് വരും, ഇന്ത്യ ഒരു ഹാർഡ്‌വെയർ ഹബ്ബായി മാറും. ദശലക്ഷ കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും, സമ്പദ്ഘടന ഒന്ന് കൊഴുക്കും. ഒരു വെടിക്കു രണ്ടു പക്ഷി എന്നൊക്കെ കേട്ടിട്ടുണ്ട്. ഇതിപ്പോൾ ഒരു വെടിക്കു ശറപറാന്നു പക്ഷികള്‍ വീഴുന്ന ലക്ഷണമാണ് കാണുന്നത്.
ഇത് തുടക്കം മാത്രമാണ്. കളി ഇനിയും കൂടുതൽ മേഖലകളിൽ തുടങ്ങും. അതോടെ ചൈനയുടെ ചന്തയിലെ ആൾകൂട്ടം പിരിയും. ചുവന്ന വ്യാളിയുടെ തല നോക്കിയാണ് ഇന്ത്യ അടിക്കുന്നത്.
ഈ കളി ജയിക്കുമോയെന്നു സംശയമുള്ളവർ ഇന്ത്യയുടെ മൊബൈൽ ഫോൺ വിജയഗാഥ ഒന്ന് കേട്ടുനോക്കിയാൽ മതിയാകും. 2005 ൽ മൊബൈൽ ഫോണുകൾ പൂർണമായി ഇറക്കുമതി ചെയ്ത ഇന്ത്യ, ഇപ്പോൾ മൊബൈൽ ഫോൺ നിർമാണത്തിൽ രണ്ടാം സ്ഥാനത്താണ്.
മോദിയെ കളി പഠിപ്പിക്കേണ്ട. തന്ത്രങ്ങളുടെ കാര്യത്തിൽ ചാണക്യനും മോദിക്ക് ശിഷ്യപ്പെടും.
.