വീട്ടില്‍ എത്ര സ്വര്‍ണം സൂക്ഷിക്കാം, എങ്ങനെയാണ് നികുതി ഈടാക്കുന്നത്? അറിയേണ്ടതെല്ലാം

  • സ്വര്‍ണം സൂക്ഷിക്കാന്‍ നമ്മള്‍ ഇഷ്ടപ്പെടുന്നത് പോലെ തന്നെ, നമ്മില്‍ പലരെയും അലട്ടുന്ന ആശയക്കുഴപ്പം നിറഞ്ഞ ഒരു ചോദ്യമാണ് എത്രത്തോളം സ്വര്‍ണം നിയമപരമായി സൂക്ഷിക്കാം എന്നത്

Update: 2023-02-14 08:45 GMT

സിഎ എബ്രഹാം പിജെ

ഭാരതീയരെ സംബന്ധിച്ചിടത്തോളം, സ്വര്‍ണം എന്ന് പറയുന്നത് ഒരു മൂല്യമേറിയ ലോഹമോ നിക്ഷേപ മാര്‍ഗമോ അല്ല. പിന്നെയോ, പാരമ്പര്യം, ആചാരം, സ്‌നേഹം അങ്ങനെ പല വൈകാരികതയെ കൂടി അത് പ്രതിനിധാനം ചെയ്യുന്നു. സ്വര്‍ണം സൂക്ഷിക്കാന്‍ നമ്മള്‍ ഇഷ്ടപ്പെടുന്നത് പോലെ തന്നെ, നമ്മില്‍ പലരെയും അലട്ടുന്ന ആശയക്കുഴപ്പം നിറഞ്ഞ ഒരു ചോദ്യമാണ് എത്രത്തോളം സ്വര്‍ണം നിയമപരമായി സൂക്ഷിക്കാം എന്നത്.

സ്വര്‍ണം നമുക്ക് പല രീതിയില്‍ സൂക്ഷിക്കാം. ആഭരണങ്ങളായി, നാണയങ്ങളായി, കട്ടകളായി അങ്ങിനെ പല ഭൗതിക രൂപങ്ങളിലും നമുക്ക് സ്വര്‍ണം സൂക്ഷിക്കാന്‍ സാധിക്കും. അതോടൊപ്പം തന്നെ, നമുക്ക് സ്വര്‍ണം ഡിജിറ്റലായും, ബോണ്ടുകളായും, ഇടിഎഫ് ആയും, മ്യൂച്വല്‍ ഫണ്ടായും ഒക്കെ നമുക്ക് സ്വര്‍ണം സൂക്ഷിക്കാന്‍ സാധിക്കും. നിക്ഷേപങ്ങളുടെ സ്വഭാവം അനുസരിച്ച് അവയുടെ നികുതി സമ്പ്രദായത്തിലും വ്യത്യാസമുണ്ട്.

ആദ്യം തന്നെ പറയട്ടെ, ഒരാള്‍ക്ക് എത്ര സ്വര്‍ണം സൂക്ഷിക്കാം എന്നതിന് ഒരു പരിധി എവിടെയും നിശ്ചയിച്ചിട്ടില്ല. എന്നിരുന്നാലും, ഒരു പരിധിയില്‍ കൂടുതല്‍ ഭൗതീക സ്വര്‍ണം ആഭരണ രൂപത്തില്‍ കൈവശം വെച്ചാല്‍, അത് നികുതി അടച്ച വരുമാനത്തിലൂടെ സമ്പാദിച്ചതാണെന്ന് തെളിയിക്കേണ്ട ബാധ്യത നമ്മുടേതാണ്.

എന്നിരുന്നാലും പാരമ്പര്യമായോ സമ്മാനമായോ ലഭിച്ച സ്വര്‍ണ ആഭരണങ്ങള്‍ ഈ പരിധിയില്‍ വരുന്നതല്ല. പാരമ്പര്യമായി ലഭിച്ച സ്വര്‍ണം, അത് തെളിയിക്കാനായി അവകാശ പത്രം സൂക്ഷിക്കുന്നത് നന്നായിരിക്കും. അതുപോലെ സമ്മാനമായി ലഭിക്കുകയാണെങ്കില്‍ ഒരു സമ്മാന്‍ ഉടമ്പടി തയ്യാറാക്കി വെക്കുന്നതും നന്നായിരിക്കും.

ഇനി എന്താണ് ഈ പറഞ്ഞ പരിധി എന്ന് കൂടി നമുക്ക് നോക്കാം. ഒരു വ്യക്തിക്ക് ഉറവിടം വ്യക്തമാക്കാതെ കൈവശം വെക്കാവുന്ന സ്വര്‍ണത്തിന്റെ അളവ് ഇപ്രകാരമാണ്. വിവാഹിതയായ സ്ത്രീ-500gm; അവിവാഹിതയായ സ്ത്രീ-250gm; വിവാഹിതനോ അവിവാഹിതനോ ആയ ആണ്‍- 100gm.

നാണയമായോ കട്ടയായോ സൂക്ഷിക്കുന്ന സ്വര്‍ണം ഈ പരിധിയില്‍ വരുന്നില്ല. അവ സൂക്ഷിക്കണമെങ്കില്‍ അവ വാങ്ങിയ പണത്തിന്റെ ഉറവിടം തെളിയിക്കുന്ന രേഖകളും വാങ്ങിയ ബില്ലും സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്.

ആദായ നികുതി വകുപ്പിന്റെ റൈഡ് നടക്കുമ്പോള്‍ ഇപ്രകാരം, പരിധിയില്‍ കൂടുതലുള്ള, സ്രോതസ്സ് വെളിപ്പെടുത്താന്‍ സാധിക്കാത്ത സ്വര്‍ണം, കണ്ടു കെട്ടി കൊണ്ടു പോകാനുള്ള അവകാശം ഉദ്യോഗസ്ഥര്‍ക്കുണ്ടായിരിക്കും.

നിയമാനുസൃത സ്രോതസ്സില്‍ നിന്നുള്ള വരുമാനം ഉപയോഗിച്ചാണ് ഡിജിറ്റല്‍ ഗോള്‍ഡ്, ബോണ്ട്, ഇടിഎഫ്, മ്യൂച്വല്‍ ഫണ്ട് എന്നിവ വാങ്ങുന്നതെങ്കില്‍, അതിന് പ്രത്യേക പരിധികളൊന്നും നിശ്ചയിച്ചിട്ടില്ല. ഡിജിറ്റല്‍ ഗോള്‍ഡ് വില്പന നടത്തുമ്പോള്‍ മൂല്യവര്‍ധന നികുതി നിയമനങ്ങള്‍ ബാധകമായിരിക്കും.

സോവെറിന്‍ ഗോള്‍ഡ് ബോണ്ടിന്റെ കാലാവധി എട്ട് വര്‍ഷമാണ്. ഈ കാലയളവില്‍ 2.5 ശതമാനം വാര്‍ഷിക പലിശ ലഭിക്കും. ഈ പലിശ അതാത് വര്‍ഷങ്ങളില്‍ നികുതി വിധേയമാണ്. എന്നിരുന്നാലും, ബോണ്ടിന്റെ കാലാവധി എത്തുമ്പോള്‍ ലാഭം ഉള്‍പ്പെടെ കിട്ടുന്ന തുക പൂര്‍ണമായും നികുതി രഹിതമാണ്.

ഇടിഎഫ്, മ്യൂച്വല്‍ ഫണ്ട് തുടങ്ങിയവ സാധാരണ സെക്യൂരിറ്റി ഇടപാടുകള്‍ നടത്തുന്നത് പോലെ തന്നെ നടത്താവുന്നതും, അതേ രീതിയില്‍ തന്നെ നികുതി വിധേയവുമാണ്.

സ്വര്‍ണം അല്ലെങ്കില്‍ ഇവിടെ പ്രതിപാദിച്ചിട്ടുള്ള അവയുടെ വകഭേദങ്ങള്‍ വില്‍ക്കുമ്പോള്‍ കിട്ടുന്ന ദീര്‍ഘകാല മൂല്യവര്‍ധന ലാഭത്തിന്മേലുള്ള നികുതി, അവ വിറ്റുകിട്ടിയ മുഴുവന്‍ തുകയും താമസ യോഗ്യമായ വീട് വാങ്ങുന്നതിലൂടെയോ ടാക്‌സ് സേവിംഗ്‌സ് ബോണ്ട് വാങ്ങുന്നതിലൂടെയോ ഒഴിവാക്കാന്‍ സാധിക്കും.

ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായ ലേഖകന്‍ ജെഎകെഎസ് ആന്‍ഡ് അസോസിയേറ്റ്‌സിന്റെ പാട്ണറാണ്.

Tags:    

Similar News