പെട്രോള്‍ പണം ലാഭിക്കാന്‍ ഫ്യൂവല്‍ ക്രെഡിറ്റ് കാര്‍ഡ്; നേട്ടങ്ങള്‍ അറിയാം
- 6.5% വരെ നേട്ടം എച്ച്പിസിഎല്‍ പമ്പുകളില്‍ ലഭിക്കും.
- കാർഡിന് 199 രൂപ വാര്‍ഷിക ഫീസ്
ഇന്ധന വില എല്ലാവര്‍ക്കും ഇപ്പോള്‍ ഒരു തലവേദനയാണ്. നമ്മുടെ കുടുംബ ബജറ്റിനെ പോലും താളംതെറ്റിക്കും വിധത്തിലാണ് ഓരോ ദിവസവും പെട്രോള്‍ ,ഡീസല്‍ വില ഉയര്‍ന്നു കൊണ്ടിരിക്കുന്നത്. മുന്‍കൂട്ടി സാമ്പത്തിക പ്ലാനിങ് നടത്തുന്നവര്‍ക്ക് പോലും ഇന്ധന ചാര്‍ജ് എത്രമാത്രം വേണ്ടി വരുമെന്ന് പറയാന്‍ സാധിക്കുന്നില്ല. പണം കൈയ്യിലില്ലാത്ത അവസരങ്ങളില്‍ നമ്മൾക്ക് പമ്പുകളില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് ബില്ല് അടക്കേണ്ടി വരിക. അപ്പോഴാണെങ്കില്‍ ഒരു ശതമാനം മുതല്‍ സര്‍ചാര്‍ജും നല്‍കേണ്ടി വരും. പെട്രോള്‍ പമ്പുകളില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നതിന് പകരം ഫ്യൂവല്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുകയാണെങ്കില്‍ പലവിധ നേട്ടങ്ങളുണ്ട്. സര്‍ചാര്‍ജ് ഡിസ്‌കൗണ്ടുകളും റിബേറ്റ് പോയിന്റുകളും അടക്കം പലവിധ ആനുകൂല്യങ്ങള്‍ നല്‍കുന്ന ഈ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാവുന്നതാണ്.
എന്താണ് ഫ്യൂവല്‍ ക്രെഡിറ്റ് കാര്‍ഡ്
പെട്രോള്‍ പമ്പുകളിലെ പര്‍ച്ചേസുകളില്‍ പണം ലാഭിക്കാനായി ഉദ്ദേശിച്ച് ധനകാര്യസ്ഥാപനങ്ങള്‍ നല്‍കുന്ന ക്രെഡിറ്റ് കാര്‍ഡാണ് ഫ്യൂവല്‍ ക്രെഡിറ്റ് കാര്‍ഡ്. ബാങ്കുകള്‍ പോലുള്ള ധനകാര്യ സ്ഥാപനങ്ങളാണ് ഇത് അനുവദിക്കുന്നത്. സാധാരണ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇന്ധനം വാങ്ങുമ്പോള്‍ വിലക്ക് പുറമേ നിശ്ചിത ശതമാനം സര്‍ചാര്‍ജ് നല്‍കേണ്ടി വരുന്നുണ്ട്. എന്നാല്‍ ഇത്തരം കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള വാങ്ങലുകള്‍ക്ക് ക്യാഷ്ബാക്ക്,റിവാര്‍ഡ് പോയിന്റുകള്‍ തുടങ്ങി നിരവധി ആനുകൂല്യങ്ങള്‍ ലഭിക്കും. ഇത് ഇന്ധന വിലയില്‍ നിന്ന് പണം ലാഭിക്കാന്‍ സഹായിക്കും. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാങ്ങുമ്പോള്‍ 1% മുതല്‍ 2.5 %വരെ സര്‍ചാര്‍ജ് നല്‍കേണ്ടി വരും. ഇതിന്റെ നിശ്ചിത ശതമാനം ഒഴിവാക്കി കിട്ടാനും ഫ്യൂവല്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ സാധിക്കും. ഇന്ധനചെലവ് ഗണ്യമായി കുറയ്ക്കാം.
ഈ ക്രെഡിറ്റ് കാര്‍ഡുകളില്‍ ഭൂരിഭാഗവും ഇന്ധനചെലവിന്റെ 5% ന് തുല്യമായ ക്യാഷ്ബാക്ക് അല്ലെങ്കില്‍ റിവാര്‍ഡ് പോയിന്റുകള്‍ നല്‍കുന്നു. 1% സര്‍ചാര്‍ജ് എഴുതിത്തള്ളുന്നതോടെ ഒരു ശതമാനം അധിക ആനുകൂല്യമുണ്ട്. ഓരോ പര്‍ച്ചേസിലും ഇത് മൊത്തം 6% ആനുകൂല്യം നല്‍കുന്നു. അതിനാല്‍ ഇന്ധന കാര്‍ഡ് ഉപയോഗിച്ച് പെട്രോളോ ഡീസലോ വാങ്ങുന്നതാണ് നല്ലത്.
എച്ച്പിസിഎല്‍-ഐഡിഎഫ്‌സി ഫസ്റ്റ്ബാങ്ക് ഫ്യുവല്‍ ക്രെഡിറ്റ്കാര്‍ഡ്
ഇക്കഴിഞ്ഞ ദിവസമാണ് ഐഡിഎഫ്‌സി ബാങ്ക് ഇന്ധന വിതരണ കമ്പനി എച്ച്പിസിഎല്‍,റുപേ എന്നി സ്ഥാപനങ്ങളുമായി സഹകരിച്ച് പുതിയൊരു ഫ്യൂവല്‍ ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിച്ചത്. എച്ച്പി പേ ആപ്പ് വഴിയുള്ള ഓരോ പര്‍ച്ചേസുകള്‍ക്കും പരമാവധി 6.5% ലാഭിക്കാം. സര്‍ചാര്‍ജുകള്‍ ഒഴിവാക്കല്‍, വാല്യൂബാക്ക് , 1.5% ക്യാഷ്ബാക്ക് എന്നിവയൊക്കെ എച്ച്പിസിഎല്‍ അനുവദിക്കും. ഇത് എല്ലാം കൂടി ഇന്ധന ചെലവിന്റെ 6.5% ലാഭിക്കാന്‍ ഉപഭോക്താക്കളെ സഹായിക്കും. ഈ എച്ച്പിസിഎല്‍-ഐഡിഎഫ്‌സി ഫസ്റ്റ്ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് എച്ച്പിസിഎല്ലിന്റെ 20,000 ത്തോളം പമ്പുകളില്‍ ഉപയോഗിക്കാം. ഈ കാര്‍ഡ് ഉപയോഗിച്ച് എച്ച്പി പേ ആപ്പിലൂടെയാണ് പേയ്‌മെന്റ് നടത്തുക. റൂപേ നെറ്റ്‌വര്‍ക്കിലാണ് ഈ കാര്‍ഡുള്ളത്. ഫ്യൂവല്‍ ,ലൈഫ്‌സ്റ്റൈല്‍ വിഭാഗങ്ങളിലായി ആകര്‍ഷകമായ മര്‍ച്ചന്റ് ഓഫറുകളും ഉണ്ടാകും.
രണ്ട് വിധത്തിലുള്ള ഫ്യൂവല്‍ ക്രെഡിറ്റ് കാര്‍ഡുകളാണ് ബാങ്ക് പുറത്തിറക്കിയത്. 'ഫസ്റ്റ് പവര്‍,ഫസ്റ്റ് പവര്‍ പ്ലസ് എന്നിവയാണവ. ഈ കാര്‍ഡുകള്‍ ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിന്റെ ബ്രാഞ്ചുകളിലോ എച്ച്പിസിഎല്‍ പമ്പുകളിലോ സന്ദര്‍ശിക്കാം. ബാങ്കിന്റെ വെബ്‌സൈറ്റിലും മൊബൈല്‍ ആപ്പിലും കാര്‍ഡിനായി അപേക്ഷിക്കാവുന്നതാണ്.
ആനുകൂല്യങ്ങള്‍
ഫസ്റ്റ് പവര്‍ കാര്‍ഡിനുള്ള വാര്‍ഷിക ഫീസ് 199 രൂപയാണ് ഫസ്റ്റ് പവര്‍ പ്ലസിനാണെങ്കില്‍ 499 രൂപ നല്‍കണം. രണ്ട് കാര്‍ഡുകളിലെയും ഓഫറുകള്‍ വ്യത്യസ്തമാണ്. കാര്‍ഡിന്റെ ലോഞ്ച് പ്രമാണിച്ച് ജോയിനിങ് ഫീസ് ഒഴിവാക്കിയിട്ടുണ്ട്. വാര്‍ഷിക ചെലവ് പരിധി പാലിക്കുന്ന ഉപഭോക്താക്കള്‍ക്ക് വാര്‍ഷിക ഫീസ് ഒഴിവാക്കി നല്‍കുമെന്ന് ബാങ്ക് അറിയിച്ചു. 9% താഴെയാണ് പലിശ നിരക്ക്. റിവാര്‍ഡ് പോയിന്റുകളുടെ കാലാവധി തീരില്ല. എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാം.
ഫസ്റ്റ് പവര്‍ കാര്‍ഡിന്റെ ഉപഭോക്താക്കള്‍ക്ക് ഇന്ധന ,എല്‍പിജി പര്‍ച്ചേസുകള്‍ക്കും ഫാസ്റ്റ്ടാഗ് ടോപ്-അപ്,ഗ്രോസറി,യൂട്ടിലിറ്റി പര്‍ച്ചേസുകള്‍ക്കും 2.5% ആണ് റിവാര്‍ഡ് പോയിന്റുകള്‍ ലഭിക്കുക. മറ്റ് ചിലവഴിക്കലുകള്‍ക്ക് ഫസ്റ്റ് കാര്‍ഡിന് രണ്ട് മടങ്ങാണ് റിവാര്‍ഡ്. ഫസ്റ്റ് പവര്‍ പ്ലസിന്റെ ഉപഭോക്താക്കള്‍ക്ക് എല്‍പിജിയോ ഇന്ധനമോ വാങ്ങുന്നതിന് 4%വരെ റിവാര്‍ഡ് പോയിന്റുകള്‍ ലഭിക്കും. ഫാസ്റ്റ്ടാഗ് ടോപ് അപ്പ്, ഗ്രോസറി,യൂട്ടിലിറ്റി പര്‍ച്ചേസുകള്‍ക്ക് മൂന്ന് മടങ്ങാണ് റിവാര്‍ഡ് .
എയര്‍പോര്‍ട്ട് ലോഞ്ച് ആക്‌സസും സിനിമ കാണുന്നതിന് ഡിസ്‌കൗണ്ടും ഫസ്റ്റ് പവര്‍ പ്ലസ് കാര്‍ഡുള്ളവര്‍ക്ക് ലഭിക്കും. എല്ലാ ഉപഭോക്താക്കള്‍ക്കും 1399 രൂപയുടെ കോംപ്ലിമെന്ററി റോഡ്‌സൈഡ് അസിസ്റ്റന്‍സും ഇന്‍ഷൂറന്‍സ് കവറേജും ഈ കാര്‍ഡുകള്‍ ഓഫര്‍ ചെയ്യുന്നു.