ഭൂകമ്പം കവര്‍ന്നത് തുര്‍ക്കി ജിഡിപിയുടെ 2%

  • യൂറോപ്പിലെ രോഗിയായി അറിയപ്പെട്ടിരുന്ന തുര്‍ക്കി സാമ്പത്തിക തിരിച്ചുവരവ് നടത്തുന്നതിനിടയിലാണ് ഭൂകമ്പം രാജ്യത്തെ തകര്‍ത്ത് തരിപ്പണമാക്കിയിരിക്കുന്നത്

Update: 2023-02-07 11:45 GMT
trueasdfstory

തുര്‍ക്കിയെ പിടിച്ചുലച്ച ഭൂകമ്പമുണ്ടാക്കിയ നാശനഷ്ടങ്ങളുടെ പൂര്‍ണമായ കണക്ക് ഇനിയും പുറത്തുവന്നിട്ടില്ല. എന്നാലത് ഏകദേശം...

തുര്‍ക്കിയെ പിടിച്ചുലച്ച ഭൂകമ്പമുണ്ടാക്കിയ നാശനഷ്ടങ്ങളുടെ പൂര്‍ണമായ കണക്ക് ഇനിയും പുറത്തുവന്നിട്ടില്ല. എന്നാലത് ഏകദേശം രാജ്യത്തിന്റെ ജിഡിപിയുടെ 2 ശതമാനം വരുമെന്നാണ് യുഎസ് ജിയോളജിക്കല്‍ സര്‍വേ കണക്കാക്കുന്നത്. യൂറോപ്പിലെ രോഗിയായി അറിയപ്പെട്ടിരുന്ന തുര്‍ക്കി സാമ്പത്തിക തിരിച്ചുവരവ് നടത്തുന്നതിനിടയിലാണ് ഭൂകമ്പം രാജ്യത്തെ തകര്‍ത്ത് തരിപ്പണമാക്കിയിരിക്കുന്നത്.

ജിഡിപി 85,348.7 കോടി ഡോളര്‍

ലോകത്തെ സാമ്പത്തിക ശക്തികളുടെ പട്ടികയില്‍ ഒന്നാമത് യുഎസും തൊട്ടു പിന്നാലെ ചൈനയുമാണല്ലോ. അഞ്ചാം സ്ഥാനത്താണ് നമ്മുടെ രാജ്യം. 18ാം സ്ഥാനത്ത് സൗദി അറേബ്യ. രണ്ടു പടി താഴെയായി 20 ാം സ്ഥാനത്താണ് തുര്‍ക്കി. 85,348.7 കോടി ഡോളറായിരുന്നു 2022ല്‍ തുര്‍ക്കിയുടെ ജി.ഡി.പി. ഇസ്രായേല്‍, യുഎഇ, ഖത്തര്‍ എന്നിവയെല്ലാം തുര്‍ക്കിയുടെ എത്രയോ താഴെ. 2020ല്‍ ജിഡിപി 72,029 കോടി ഡോളറായിരുന്നത് 2021ല്‍ 81,904 കോടി ഡോളറായി.

ഈ വര്‍ഷം 94,200 കോടി ഡോളറിന്റെ ജിഡിപിയാണ് പ്രതീക്ഷിച്ചിരുന്നത്. അതിനിടെയാണ് ഭൂകമ്പം സകല സ്വപ്നങ്ങളും തകര്‍ത്തത്. ഇനി തുര്‍ക്കി തലയുയര്‍ത്തി നില്‍ക്കണമെങ്കില്‍ വന്‍ശക്തി രാജ്യങ്ങളുടെ സഹായവും പിന്തുണയും കൂടിയേ തീരൂ. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

ജിഡിപി പരിഗണിച്ച് ലോകബാങ്ക് അപ്പര്‍-മിഡില്‍ ഇന്‍കം രാജ്യമായി തുര്‍ക്കിയെ എണ്ണിയിരുന്നു. സിഐഎയുടെ വേള്‍ഡ് ഫാക്റ്റ് ബുക് വികസിത രാജ്യങ്ങളുടെ പട്ടികയിലാണ് തുര്‍ക്കിയെ പെടുത്തിയിരുന്നത്. അത്തരമൊരു രാജ്യത്തെയാണ് ഭൂകമ്പം ഒന്നുമല്ലാതാക്കിയിരിക്കുന്നത്.

ജി20 അംഗം

ലോക സമ്പദ്വ്യവസ്ഥയുടെ 0.37 ശതമാനം തുര്‍ക്കിയില്‍ നിന്നാണ്. ലോകബാങ്കിന്റെ ഔദ്യോഗിക ഡാറ്റകള്‍ പ്രകാരം 81,904 കോടി ഡോളറാണ് 2021ലെ തുര്‍ക്കിയുടെ ജിഡിപി. 1960-2021 കാലയളവില്‍ ഏറ്റവും മികച്ച സാമ്പത്തികസ്ഥിതി തുര്‍ക്കി കൈവരിച്ചത് 2013ലായിരുന്നു. അന്ന് 95,778 കോടി ഡോളറായിരുന്നു ജിഡിപി. ഇത് 2015ല്‍ കുറഞ്ഞു. 2016ല്‍ വീണ്ടും തിരിച്ചുകയറിയെങ്കിലും 2017ല്‍ ഇടിവു വന്നു.

2018ല്‍ 77,847 കോടി ഡോളറായും 2020ല്‍ 72,029 കോടി ഡോളറായും ഇടിഞ്ഞു. എന്നാല്‍ 2021ല്‍ 81,904 കോടി ഡോളറായി ഉയര്‍ന്നു. ഈവര്‍ഷം 2016ലെ വളര്‍ച്ച കൈവരിക്കുമെന്നാണ് കരുതിയിരുന്നത്. ജി20 രാജ്യങ്ങളില്‍ കൊവിഡിനെ അതിജീവിച്ച് 2020ല്‍ വളര്‍ച്ച നേടിയ ചുരുക്കം എണ്ണത്തില്‍ തുര്‍ക്കി ഉള്‍പ്പെടുന്നു. അപ്പോഴാണ് ഭൂകമ്പത്തിന്റെ രൂപത്തില്‍ ദുരന്തമെത്തിയത്.

ലിറയുടെ തകര്‍ച്ച

തുര്‍ക്കി കറന്‍സിയായ ലിറ ഭൂകമ്പമുണ്ടായതോടെ ഡോളറിന് 18.85 എന്ന നിലയിലേക്ക് ഇടിഞ്ഞു. രാജ്യത്തെ പ്രധാന ഓഹരി സൂചികകള്‍ 3.4-5 ശതമാനം ഇടിവ് രേഖപ്പെടുത്തി. നിരവധി കമ്പനികള്‍ ഓഹരി വ്യാപാരത്തില്‍ നിന്ന് പുറത്തായി. പണപ്പെരുപ്പം കുത്തനെ ഉയര്‍ന്നു.

അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ന്നു

തുര്‍ക്കിയിലും സിറിയന്‍ പ്രവിശ്യകളിലുമായുണ്ടായ ഭൂകമ്പത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 5000ത്തോടടുക്കുകയാണ്. ഇതിനു മുമ്പ് 1939ലാണ് ഇത്രയും ഭീകരമായ ഭൂകമ്പം തുര്‍ക്കിയിലുണ്ടായത്. അന്ന് 33,000 പേരാണ് കൊല്ലപ്പെട്ടത്.

1999ലെ ഭൂകമ്പത്തില്‍ 17,000 പേര്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ചയുണ്ടായ 300 കിലോമീറ്റര്‍ പ്രദേശത്തെ ഭൂകമ്പം ബാധിച്ചു. നഗരങ്ങളും ഗ്രാമങ്ങളും തകര്‍ന്നടിഞ്ഞു. റോഡുകള്‍, ബഹുനില കെട്ടിടങ്ങള്‍, വീടുകള്‍, പാലങ്ങള്‍, വൈദ്യുതിബന്ധം, കുടിവെള്ള സംവിധാനം എന്നിവയെല്ലാം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.

ഭൂകമ്പ മേഖലയിലെ രാജ്യം

ലോകത്തെ ഏറ്റവുമേറെ ഭൂകമ്പസാധ്യതയുള്ള മേഖലയിലാണ് തുര്‍ക്കിയുള്ളത്. സിറിയയിലെ ആഭ്യന്തരയുദ്ധത്തെ തുടര്‍ന്ന് അഭയംതേടി തുര്‍ക്കിയിലെത്തിയ ദശലക്ഷക്കണക്കിനു പേര്‍ ഭൂകമ്പത്തിനിരയായി. തുര്‍ക്കി കടുത്ത ശൈത്യം നേരിടുന്നതിനിടയിലാണ് ഭൂകമ്പമുണ്ടായത്. കൊടും തണുപ്പ് രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. അനുബന്ധ പ്രകമ്പനങ്ങള്‍ മാസങ്ങളോളം തുടരാനിടയുണ്ടെന്നു വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു. അതിനു ശേഷമേ അടിസ്ഥാന സൗകര്യ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനാകൂ.

അതേസമയം ലോകത്ത് ഏറ്റവുമധികം പ്രകൃതിദുരന്തങ്ങള്‍ നേരിടുന്ന രാജ്യം തുര്‍ക്കിയല്ല. യു.എസില്‍ ഓരോ വര്‍ഷവും ഒന്നിനു പിറകെ ഒന്നായി ചുഴലിക്കൊടുങ്കാറ്റുകള്‍ സംഹാരം വിതക്കാറുണ്ടെങ്കിലും ജീവനാശം കുറവാണ്. അവര്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നു എന്നതാണ് കാരണം.

വ്യാവസായിക രാജ്യം

കാര്‍ഷികോത്പന്നങ്ങള്‍ തുര്‍ക്കിയുടെ പ്രധാന വരുമാന മാര്‍ഗമാണ്. ടെക്സ്‌റ്റൈല്‍, മോട്ടോര്‍ വാഹനങ്ങള്‍, ഗതാഗത ഉപകരണങ്ങള്‍, നിര്‍മാണ സാമഗ്രികള്‍, ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, വീട്ടുപകരണങ്ങള്‍ എന്നിവയുടെ നിര്‍മാണത്തിലൂടെയും രാജ്യം വിദേശനാണ്യം നേടുന്നു.

2021ല്‍ ജി.ഡി.പിയുടെ 5.54 ശതമാനം കൃഷിയിലൂടെയായിരുന്നു. അതേസമയം വ്യവസായ മേഖലയിലൂടെ 31.11 ശതമാനവും സേവന മേഖലയിലൂടെ ജിഡിപിയുടെ 52.75 ശതമാനവും നേടി. 21.98 ശതമാനം നിര്‍മാണ മേഖലയിലൂടെയായിരുന്നു. രാജ്യത്തെ തൊഴില്‍ മേഖലയില്‍ 25 ശതമാനവും കാര്‍ഷിക വൃത്തിയില്‍ നിന്നാണ്. 13.38 ശതമാനമാണ് തൊഴിലില്ലായ്മ.

ജര്‍മനി, റഷ്യ, ചൈന എന്നിവയാണ് പ്രധാന വ്യാപാര പങ്കാളികള്‍. സാധന-സേവന ഇറക്കുമതി 2021ല്‍ 29,200.6 കോടി ഡോളറിന്റെ ഇറക്കുമതിയാണ് നടത്തിയത്. 28,857 കോടി ഡോളറിന്റെ കയറ്റുമതിയും നടന്നു.

Tags:    

Similar News