കയ്യില്‍ കാശ് നില്‍ക്കുന്നില്ലേ? പുതിയ സാമ്പത്തിക വര്‍ഷത്തില്‍ ഈ തന്ത്രങ്ങള്‍ നോക്കിയാലോ
- ചെലവുകളുടെ കണക്ക് സൂക്ഷിക്കാം
- ഉയര്‍ന്ന പലിശയുള്ള വായ്പകള്‍ അടയ്ക്കുന്നതിന് മുന്‍ഗണന
- കുറഞ്ഞത് 3-6 മാസത്തെ ചെലവിന് അനുസൃതമായ തുക എമര്‍ജന്‍സി ഫണ്ടായി വേണം
സാമ്പത്തിക സ്ഥിരത ഉറപ്പുവരുത്തുന്നതിനും ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും കയ്യില്‍ പണം നില്‍ക്കേണ്ടതുണ്ട്. അമിത ചെലവാക്കലും കൃത്യമായ രീതിയില്‍ പണം ഉപയോഗിക്കാത്തവരും ഒക്കെയാണെങ്കില്‍ മാസാവസാനത്തില്‍ കയ്യില്‍ പണമില്ലാത്ത സ്ഥിതിയാകും.
പണം ചെലവാക്കുന്ന കാര്യത്തില്‍ അച്ചടക്കം ശീലമാക്കാന്‍ സാധിച്ചാല്‍ ഈ പ്രശ്‌നത്തെ പരിഹരിക്കാന്‍ സാധിക്കും. ഇത്തരത്തില്‍ പണം കയ്യില്‍ നില്‍കാത്തവര്‍ ശീലിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം.
ചെലവുകള്‍ പിന്തുടരുക
സ്വന്തം പണം അനാവശ്യമായി ചെലവായി പോയി എന്ന് തോന്നുന്നുണ്ടെങ്കില്‍ നിയന്ത്രിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട ഘട്ടങ്ങളിലൊന്ന് ചെലവുകൾ മനസിലാക്കുക എന്നത്. പതിവ് ബില്ലുകള്‍, വായ്പ തിരിച്ചടവ്, മറ്റ് ചെലവുകള്‍ എന്നിവയുള്‍പ്പെടെ എല്ലാ വരുമാനത്തിന്റെയും ചെലവിന്റെയും വിശദമായ റെക്കോര്‍ഡ് സൂക്ഷിക്കണം.
ചെലവുകളുടെ കണക്ക് സൂക്ഷിക്കുന്നതിലൂടെ എവിടെയാണ് ചെലവഴിക്കുന്നതെന്ന് അറിയാനും നിസാര ചെലവുകള്‍ കുറയ്ക്കാന്‍ സഹായിക്കും. ഇത് നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ വേഗത്തില്‍ കൈവരിക്കാന്‍ സഹായിക്കും.
ഉയര്‍ന്ന പലിശയുള്ള വായ്പകള്‍ അടച്ചുതീര്‍ക്കുക
കയ്യില്‍ പണം നില്‍ക്കാത്തതിന്റെ മറ്റൊരു കാരണം വായ്പകളാണ്. ഒന്നിലധികം വായ്പകളുടെ തിരിച്ചടവുള്ളവരാകും ഭൂരിഭാഗവും. ഇക്കൂട്ടത്തില്‍ ഉയര്‍ന്ന പലിശയുള്ള വായ്പകള്‍ അടയ്ക്കുന്നതിന് മുന്‍ഗണന നല്‍കണം. ഇതിലൂടെ പലിശ നിരക്കുകളില്‍ പണം ലാഭിക്കാനും മൊത്തത്തിലുള്ള വായ്പ ഭാരം കുറയ്ക്കാനും സഹായിക്കും.
എമര്‍ജന്‍സി ഫണ്ട്
സാമ്പത്തിക സ്ഥിരത കൈവരിക്കാന്‍ കയ്യില്‍ എമര്‍ജന്‍സി ഫണ്ട് ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. മെഡിക്കല്‍ അത്യാഹിതങ്ങള്‍, തൊഴില്‍ നഷ്ടം അല്ലെങ്കില്‍ മറ്റ് അപ്രതീക്ഷിത സംഭവങ്ങള്‍ എന്നിവ പോലെയുള്ള ചെലവുകള്‍ക്കായി എമര്‍ജന്‍സി ഫണ്ട് ഉപയോഗിക്കാം. കുറഞ്ഞത് 3-6 മാസത്തെ ചെലവിന് അനുസൃതമായ തുക എമര്‍ജന്‍സി ഫണ്ടായി വേണം.
അടിയന്തിര സാഹചര്യങ്ങളില്‍ ക്രെഡിറ്റ് കാര്‍ഡുകളെയോ ലോണുകളെയോ ആശ്രയിക്കുന്നത് ഒഴിവാക്കാന്‍ ഇത് സഹായിക്കും. പ്രായവും വരുമാന നിലവാരവും പരിഗണിക്കാതെ എമര്‍ജന്‍സി ഫണ്ട് തയ്യാറാക്കുന്നതിന് മുന്‍ഗണന നല്‍കണം.
വരുമാനം ഉണ്ടാക്കുന്ന നിക്ഷേപങ്ങള്‍
സ്‌റ്റോക്കുകള്‍, ബോണ്ടുകള്‍ അല്ലെങ്കില്‍ റിയല്‍ എസ്‌റ്റേറ്റ് പോലുള്ള വരുമാനം ഉണ്ടാക്കുന്ന ആസ്തികളില്‍ നിക്ഷേപിക്കുന്നത് നിങ്ങളുടെ പണമൊഴുക്ക് മെച്ചപ്പെടുത്തുന്നതിനും നിങ്ങളുടെ ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുമുള്ള മികച്ച മാര്‍ഗമാണ്.
ഈ അസറ്റുകള്‍ക്ക് നിങ്ങളുടെ പണമൊഴുക്ക് ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ സഹായിക്കുന്ന ഒരു സ്ഥിരമായ വരുമാനം നല്‍കാന്‍ കഴിയും. എന്നിരുന്നാലും, ഏതെങ്കിലും ആസ്തിയില്‍ നിക്ഷേപിക്കുന്നതിന് മുമ്പ് നിങ്ങളുടെ ഗവേഷണം നടത്തുകയും പ്രൊഫഷണല്‍ ഉപദേശം തേടുകയും ചെയ്യണം.