ബിസിനസ് ചെയ്യാന്‍ പ്ലാനുണ്ടോ? എങ്കില്‍ വേണം മികച്ചൊരു ബിസിനസ് പ്ലാന്‍ - പാര്‍ട്ട് 1

  • നന്നായി തയ്യാറാക്കിയതും സമഗ്രവുമായ ഒരു ബിസിനസ് പ്ലാന്‍ ഫണ്ടിംഗ് സുരക്ഷിതമാക്കുന്നതിനും നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനും ഒരു ബിസിനസ്സിന്റെ ദീര്‍ഘകാല വിജയം ഉറപ്പാക്കുന്നതിനും നിര്‍ണായകമാണ്

Update: 2023-02-27 07:15 GMT

അച്യുത് ബി മോഹന്‍ദാസ്

ഒരു സംരംഭം തുടങ്ങാന്‍ ഏറ്റവും ആദ്യം എന്താണ് വേണ്ടത് എന്നുചോദിച്ചാല്‍ പലര്‍ക്കും പല അഭിപ്രായമായിരിക്കും; മുതല്‍മുടക്കാന്‍ പണം, സംരംഭം തുടങ്ങാനുള്ള ലൈസന്‍സ്, രാഷ്ട്രീയ പിന്തുണ എന്നിങ്ങനെ പല ഉത്തരങ്ങള്‍ ഉണ്ടായേക്കാം. എന്നിരുന്നാലും ഏതൊരു സംരംഭത്തിനും ആദ്യം വേണ്ടത് ഒരു ഐഡിയയാണ് എന്നതില്‍ ആര്‍ക്കും എതിര്‍പ്പുണ്ടാവില്ല. പക്ഷേ ഈ ഐഡിയ മാത്രം മതിയോ? അതെങ്ങനെ നടപ്പിലാക്കുമെന്നും, അതിനുപിന്നിലെ തന്ത്രങ്ങളും സാമ്പത്തികവശങ്ങളുമൊക്കെ പേപ്പറിലാക്കണ്ടേ? ഇങ്ങനെ പേപ്പറിലാക്കിയ ബിസിനസ് ഐഡിയയുടെ സംക്ഷിപ്ത രൂപത്തെ ഏറ്റക്കുറച്ചിലുകളോടെ ബിസിനസ് പ്ലാന്‍ എന്നോ പ്രോജക്ട് റിപ്പോര്‍ട്ട് എന്നോ വിളിക്കാം.

ഒരു സംരംഭം തുടങ്ങുമ്പോഴോ അത് വിപുലീകരിക്കുമ്പോഴോ പലര്‍ക്കും നേരിടേണ്ടിവരുന്നൊരു അവസ്ഥയാണ് ബാങ്കില്‍നിന്നും ഒരു ബിസിനസ് ലോണെടുക്കുക, അല്ലെങ്കില്‍ ഒരു നിക്ഷേപകനെക്കൊണ്ട് കുറച്ച് പണം ഈ ബിസിനസില്‍ നിക്ഷേപിപ്പിക്കുക എന്നത്. പക്ഷേ, ഈ കടമ്പ കടക്കുക അത്ര എളുപ്പമല്ല. ഇത്തരത്തില്‍ ഒരു ബാങ്കിനെയോ നിക്ഷേപകനെയോ സമീപിച്ചാല്‍ അവര്‍ ആദ്യം ചോദിക്കുക ഇതുമായി ബന്ധപ്പെട്ട രേഖകളായിരിക്കും. ആ സമയത്ത് വിയറ്റ്നാം കോളനി എന്ന സിനിമയില്‍ ശങ്കരാടി കാണിക്കുന്നതുപോലെ കൈരേഖ കാണിച്ചാല്‍ മതിയാകില്ലല്ലോ, അതിന് ഒരു കൃത്യമായ ബിസിനസ് രേഖ എന്നനിലയില്‍ ഒരു ബിസിനസ് പ്ലാന്‍ / പ്രോജക്റ്റ് റിപ്പോര്‍ട്ട് കൈവശം വേണ്ടിവരും.

എന്താണ് ബിസിനസ് പ്ലാന്‍

ബിസിനസ് പ്ലാനുകള്‍ അല്ലെങ്കില്‍ പ്രോജക്ട് റിപ്പോര്‍ട്ടുകള്‍ ബിസിനസ്സ് ലോകത്ത് ഇന്ന് ഏറ്റവും വ്യാപകമായി ഉപയോഗിക്കപ്പെടുന്ന പ്രധാനപ്പെട്ട ബിസിനസ് രേഖകളാണ്, എന്നാല്‍ അവ ഏറെക്കുറേ ഒരേ ഉദ്ദേശ്യങ്ങള്‍ നിറവേറ്റുകയും സമാന ഫോര്‍മാറ്റുകളില്‍ ഉള്ളവയുമാണ് എന്ന് നമ്മള്‍ ആദ്യമേതന്നെ മനസ്സിലാക്കണം. ബിസിനസിന്റെ ആവശ്യമനുസരിച്ച് ഇവയില്‍ വിവരങ്ങളും വിവരണങ്ങളും കൂടിയും കുറഞ്ഞുമിരിക്കാം.

ഒരു ബിസിനസ്സ് പ്ലാന്‍ എന്നത് ഒരു ബിസിനസ്സിന്റെ മൊത്തത്തിലുള്ള തന്ത്രങ്ങളും ലക്ഷ്യങ്ങളും വിശദീകരിക്കുന്ന ഒരു സമഗ്രമായ രേഖയാണ്. വിപണി, എതിരാളികള്‍, മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍, സെയില്‍സ് തന്ത്രങ്ങള്‍, സംരംഭത്തിന്റെ ഘടന, മാനേജ്‌മെന്റ് ടീം, സാമ്പത്തിക പ്രവചനങ്ങള്‍ എന്നിവയും അതിലേറെയും സംബന്ധിച്ച വിവരങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. മൂലധനം സ്വരൂപിക്കുന്നതിനോ, നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനോ, ഒരു പുതിയ ബിസിനസ് നടപ്പാക്കുന്നതിനോ സാധാരണയായി ഒരു ബിസിനസ് പ്ലാന്‍ ഉപയോഗിക്കാം. ഇതോടൊപ്പം തന്നെ സംരംഭത്തിന്റെ ലക്ഷ്യങ്ങള്‍, വ്യാപ്തി, ടൈംലൈന്‍, ബജറ്റ്, അപകടസാധ്യതകള്‍, സ്‌പോണ്‍സര്‍മാര്‍, ടീം അംഗങ്ങള്‍, ക്ലയന്റുകള്‍ എന്നിവയെ കുറിച്ചുള്ള വിവരങ്ങള്‍ ഇതില്‍ സാധാരണയായി ഉള്‍പ്പെടുത്തുന്നതുവഴി പുരോഗതിയും ഫലങ്ങളും ആശയവിനിമയം നടത്താന്‍ എളുപ്പത്തില്‍ സാധിക്കുന്നു. വായിക്കുന്ന ഏതൊരാള്‍ക്കും നിങ്ങളുടെ മനസ്സിലെ ഐഡിയ വ്യക്തവും സ്പഷ്ടവുമായി മനസ്സിലായെങ്കില്‍ ആ ബിസിനസ് പ്ലാന്‍ ഒരുപരിധിവരെ വിജയിച്ചു എന്നുതന്നെ പറയാം.

ഒരു മികച്ച ബിസിനസ് പ്ലാനിന്റെ ഘടകങ്ങള്‍

ഏതൊരു സംരംഭകനും അല്ലെങ്കില്‍ ബിസിനസ്സ് ഉടമയ്ക്കും അവരുടെ ബിസിനസ്സ് ആരംഭിക്കാനോ വളര്‍ത്താനോ വികസിപ്പിക്കാനോ ആഗ്രഹിക്കുമ്പോള്‍ അവര്‍ ഉപയോഗിക്കേണ്ട ഏറ്റവും പ്രധാന ആയുധമാണ് ബിസിനസ് പ്ലാന്‍. അതുകൊണ്ടുതന്നെ ആ ആയുധം മികച്ചതും മൂര്‍ച്ചയേറിയതുമായിരിക്കേണ്ടതുണ്ട്. ബിസിനസ്സിന്റെ മൊത്തത്തിലുള്ള തന്ത്രവും ലക്ഷ്യങ്ങളും രൂപപ്പെടുത്തുകയും, ഒരു തീരുമാനമെടുക്കല്‍ പ്രക്രിയയെ നയിക്കുകയും ചെയ്യുന്ന ഒരു റോഡ്മാപ്പായി ഇത് പ്രവര്‍ത്തിക്കുന്നു. നന്നായി തയ്യാറാക്കിയതും സമഗ്രവുമായ ഒരു ബിസിനസ് പ്ലാന്‍ ഫണ്ടിംഗ് സുരക്ഷിതമാക്കുന്നതിനും നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനും ഒരു ബിസിനസ്സിന്റെ ദീര്‍ഘകാല വിജയം ഉറപ്പാക്കുന്നതിനും നിര്‍ണായകമാണ്. ചെറുതും വലുതുമായ പല ഘടകങ്ങള്‍ അടങ്ങിയ ബിസിനസ് പ്ലാനിലെ ചില പ്രധാന ഘടകങ്ങള്‍ ഇവിടെക്കുറിക്കാം.

നിര്‍വാഹക സംഗ്രഹം (Executive Summary): നിര്‍വാഹക സംഗ്രഹം അഥവാ എക്‌സിക്യൂട്ടീവ് സംഗ്രഹം ബിസിനസ് പ്ലാനിന്റെ ആദ്യ ഭാഗമാണ്. അത് ആ ഡോക്യുമെന്റിന്റെ ആമുഖമായി പ്രവര്‍ത്തിക്കുന്നു. ബിസിനസ് പ്ലാനിലെ പ്രധാന പോയിന്റുകള്‍ എടുത്തുകാണിച്ചുകൊണ്ട് ബിസിനസ്സിന്റെ ഒരു ഹ്രസ്വ അവലോകനം നല്‍കാന്‍ ഇതിലൂടെ കഴിയണം. ഈ ഭാഗം സംക്ഷിപ്തവും ശ്രദ്ധ പിടിച്ചുപറ്റുന്നതുമായിരിക്കണം, കാരണം ആ സംരംഭത്തെക്കുറിച്ചുള്ള ആകാംക്ഷ ജനിപ്പിക്കാന്‍ ഈ ചെറിയ അവലോകനം കൊണ്ടുതന്നെ സാധിക്കണം എന്നതാണ് ഇതിന്റെ ഉദ്ദേശ്യ ലക്ഷ്യം..

സംരംഭ വിവരണം (Business Description): സംരംഭ വിവരണം എന്ന ഭാഗത്തില്‍ ബിസിനസിനെക്കുറിച്ചുള്ള വിശദമായ അവലോകനം നല്‍കണം. കമ്പനിയുടെ ചരിത്രം, മാനേജ്‌മെന്റ് ടീം, നിയമ ഘടന, വാഗ്ദാനം ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ അല്ലെങ്കില്‍ സേവനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം. ഈ വിഭാഗം കമ്പനിയുടെ മത്സരാധിഷ്ഠിത നേട്ടങ്ങളും, ലക്ഷ്യം വയ്ക്കുന്ന വിപണിയെയും ഉപഭോക്താക്കളേയും ഉയര്‍ത്തിക്കാട്ടണം.

വിപണി വിശകലനം (Market Analysis): മാര്‍ക്കറ്റ് വിശകലനം ചെയ്യുമ്പോള്‍ സംരംഭം ഉന്നംവയ്ക്കുന്ന ടാര്‍ഗെറ്റ് മാര്‍ക്കറ്റിന്റെയും, ടാര്‍ഗറ്റ് ഓഡിയന്‍സിനെയും കുറിച്ചുള്ള വിശദമായ അവലോകനം നല്‍കാന്‍ ശ്രദ്ധിക്കണം. വിപണിയുടെ വലുപ്പം, പ്രധാന ട്രെന്‍ഡുകള്‍, പ്രധാന എതിരാളികള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. ഡെമോഗ്രഫിക്, ജിയോഗ്രാഫിക്, സൈക്കോഗ്രാഫിക് സവിശേഷതകള്‍ ഉള്‍പ്പെടെയുള്ള എല്ലാവിവരങ്ങളും ഉള്‍പ്പെടുത്തി വിപണിയില്‍ തങ്ങള്‍ക്ക് എത്തരത്തിലുള്ള ചലനമുണ്ടാക്കാന്‍ കഴിയുമെന്ന് പ്രസ്താവിക്കുകയാണ് ഈ ഭാഗത്തിന്റെ ലക്ഷ്യം.

മത്സര വിശകലനം (Competition Analysis): ഏതൊരു സംരംഭവും വിപണിയിലെത്തുമ്പോള്‍ ഒരു മത്സരം അനുഭവപ്പെട്ടേക്കാം. അത്തരം മത്സരത്തിനെ മനസ്സിലാക്കുക, നമ്മുടെ മേല്‍ക്കൈ ഉറപ്പിക്കുക എന്ന ലക്ഷ്യങ്ങളാണ് മത്സര വിശകലനത്തില്‍ ഉള്‍പ്പെടുത്തേണ്ടത്. മത്സരത്തിന്റെ വിശദമായ അവലോകനം, വ്യവസായത്തിലെ പ്രധാന എതിരാളികള്‍, അവരുടെ ശക്തിയും ബലഹീനതയും, നമ്മുടെ ശക്തിയും ബലഹീനതയും, വിപണി വിഹിതം എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ അതില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തണം. നമ്മുടെ സംരംഭം ഈ കിടമത്സരത്തില്‍ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നതും ഈ ഭാഗത്തില്‍ ഉയര്‍ത്തിക്കാട്ടേണ്ട ഒന്നാണ്.

മാര്‍ക്കറ്റിംഗ്, സെയില്‍സ് സ്ട്രാറ്റജി: മാര്‍ക്കറ്റിംഗും വില്പനയുമാണ് ഏതൊരു ബിസിനസിന്റെയും ആണിക്കല്ല്. അത് നമ്മുടെ ബിസിനസില്‍ എങ്ങനെ പ്രയോഗിക്കുന്നു എന്നതിന്റെ വിവരണം ഈ ഭാഗത്ത് നല്‍കണം. ടാര്‍ഗെറ്റ് മാര്‍ക്കറ്റ്, ടാര്‍ഗെറ്റ് ഓഡിയന്‍സ്, മാര്‍ക്കറ്റിംഗ് ചാനലുകള്‍, വില്‍പ്പന പ്രക്രിയ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തണം. കൂടാതെ നമ്മുടെ മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയില്‍സ് പ്ലാനിന്റെ വിജയം അളക്കാന്‍ ഉപയോഗിക്കുന്ന പ്രധാന പ്രകടന സൂചകങ്ങളും (Key Performance Indicators, KPI) ഈ ഭാഗത്തില്‍ വ്യക്തമാക്കണം.

പ്രവര്‍ത്തന പദ്ധതി (Action Plan): ബിസിനസ്സിന്റെ ആകെയുള്ള പ്രവര്‍ത്തന പ്രക്രിയകളുടെ വിശദമായ അവലോകനമാണ് ഈ ഭാഗത്തില്‍ വ്യക്തമാക്കേണ്ടത്. ഉത്പ്പാദന പ്രക്രിയ, വിതരണ ശൃംഖല, പ്രധാന പ്രവര്‍ത്തന സൂചകങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തണം. ബിസിനസ്സ് അഭിമുഖീകരിക്കാനിടയുള്ള പ്രധാന അപകടസാധ്യതകളും വെല്ലുവിളികളും അവ ലഘൂകരിക്കാന്‍ ഉപയോഗിക്കുന്ന തന്ത്രങ്ങളും ഈ ഭാഗം ഉയര്‍ത്തിക്കാട്ടണം.

സാമ്പത്തിക പദ്ധതി (Financial Plan): സാമ്പത്തിക പദ്ധതിയെപ്പറ്റി വിവരിക്കുന്ന ഭാഗത്ത് ബിസിനസ്സിനായുള്ള സാമ്പത്തിക പ്രവചനങ്ങളുടെ വിശദമായ അവലോകനം നല്‍കേണ്ടത് ആവശ്യമാണ്. വരവ് - ചെലവ് പ്രവചനങ്ങള്‍, പണമൊഴുക്ക് പ്രവചനങ്ങള്‍, ലാഭക്ഷമത പ്രവചനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തണം; വരുമാനത്തിന്റെ ഉപയോഗവും നിക്ഷേപത്തില്‍ പ്രതീക്ഷിക്കുന്ന വരുമാനവും (Return On Investment, ROI) ഉള്‍പ്പെടെ. ബിസിനസിനായുള്ള ഫണ്ടിംഗ് ആവശ്യകതകളെക്കുറിച്ചുള്ള വിവരങ്ങളും ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നത് ലോണിനോ മറ്റോ അപേക്ഷിക്കാന്‍ നേരം കൂടുതല്‍ ഉപയോഗപ്രദമാകും.

ഒരു ബിസിനസിന് യോജിച്ച ബിസിനസ് പ്ലാനിന്റെ പ്രധാന ഘടകങ്ങളെക്കുറിച്ച് നമ്മള്‍ സംസാരിച്ചു. ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിലൂടെ, സംരംഭകര്‍ക്കും ബിസിനസ്സ് ഉടമകള്‍ക്കും അവരുടെ ബിസിനസിനെ വിജയത്തിലേക്ക് നയിക്കുന്ന ഒരു കാര്യക്ഷമമായ റോഡ്മാപ്പ് സൃഷ്ടിക്കാന്‍ കഴിയും. ഇനി എങ്ങനെയൊക്കെ ഒരു ബിസിനസ് പ്ലാന്‍ തയ്യാറാക്കാം, അതിനുള്ള വിദഗ്ധ സേവനം എങ്ങിനെ ലഭ്യമാക്കാം എന്നതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അടുത്ത പാര്‍ട്ടില്‍ വായിക്കാം.

Tags:    

Similar News